
ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മേളയായ കാരിട്ടൂണ്‍ മെയ് അഞ്ചു മുതല്‍ എട്ടു വരെ കൊച്ചിയില്‍ അഞ്ചു വേദികളില്‍ നടക്കുകയാണ്. ലോക കാര്‍ട്ടൂണ്‍ ദിനമായ മെയ് അഞ്ച് മുതല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണു കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഉത്സവമായ കാരിട്ടൂണ്‍ തുടങ്ങുന്നത്. ലോക കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കു വിശേഷപ്പെട്ട രചനാവൈഭവമുണ്ട്. ശക്തമായ വരകളും, നര്‍മ്മവും അവര്‍ക്കു കൈമുതലായുമുണ്ട്. കാര്‍ട്ടൂണ്‍ കലയെയും കാര്‍ട്ടൂണിസ്റ്റുകളെയും പ്രോത്സാഹിപ്പിക്കാന്‍ അമേരിക്കയിലെ നാഷ്ണല്‍ കാര്‍ട്ടൂണ്‍ സൊസൈറ്റിയാണ്, 1990 മുതൽ മെയ് അഞ്ച് കാര്‍ട്ടൂണിസ്റ്റുകളുടെ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1895 മെയ് അഞ്ചിനാണ് അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളില്‍ യെല്ലോ കിഡിന്റെ കളര്‍ കാര്‍ട്ടൂണിന്റെ ആരംഭം. അമേരിക്കയില്‍ തുടക്കം കുറിച്ച ആഘോഷമാണു ലോകത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ചത്. ഈ ദിവസം കൂടി ഉള്‍പ്പെടുത്തിയാണു കേരള കാർട്ടൂൺ അക്കാദമി കാരിട്ടൂണ്‍ ഒരുക്കിയിരിക്കുന്നത്. മേളയ്ക്ക് മുന്നോടിയായി ആദ്യ മലയാള കാര്‍ട്ടൂണ്‍ പിറന്ന കൊല്ലത്ത് കേരളത്തിന്റെ സാംസ്കാരിക മന്ത്രി സജി ചെറിയാന് കാരിട്ടൂണ്‍ പതാക കൈമാറിയതോടെ ഉത്സവത്തിനു തുടക്കമായി.
ഹാസ്യത്തിനു പ്രാധാന്യം കൊടുക്കുന്ന ചിത്രകലയിലെ രണ്ട് വിഭാഗങ്ങളാണ് കാരിക്കേച്ചറും കാര്‍ട്ടൂണും.
വ്യക്തികളെ പരിഹാസരൂപേണ ചിത്രീകരിക്കുന്ന കലാരൂപമാണു കാരിക്കേച്ചർ. ആദ്യകാലങ്ങളില്‍ ഹാസ്യചിത്രങ്ങളെ ഒന്നാകെ കാരിക്കേച്ചറുകള്‍ എന്നാണു വിളിച്ചിരുന്നത്. കാര്‍ട്ടൂണുകൾക്കും സമാന വിശേഷണമായിരുന്നു. ഓരോ വ്യക്തികൾക്കും ചിരിപ്പിക്കത്തക്കവണ്ണം രൂപ ഭാവ സ്വഭാവ വിശേഷണങ്ങള്‍ ഉണ്ടാകും. അതിനെ പര്‍വ്വതീകരിച്ച്, ചിത്രീകരിക്കുന്ന കലാരൂപമാണു കാരിക്കേച്ചര്‍. മനുഷ്യന്റെ മുഖത്തിനോടു സാദ്യശ്യമുള്ള വിധം മൃഗങ്ങളേയോ, പക്ഷിയേയോ, ഫലങ്ങളേയോ ചിത്രീകരിക്കുന്നതിനെയാണ് ആദ്യ കാലങ്ങളില്‍ ഇറ്റലിയില്‍ കാരിക്കേച്ചര്‍ എന്നു പറഞ്ഞിരുന്നത്. മനുഷ്യന്റെ പ്രവര്‍ത്തികളിലെ മറ്റു വിശേഷണങ്ങളും കാരിക്കേച്ചറുകളില്‍ ഉള്‍പ്പെടുത്താറുണ്ട്.
ഇന്നു ലോക ചിരി ദിനമാണ്. എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണു ലോക ചിരി ദിനമായി ആചരിക്കുന്നത്. 1998 ജനുവരി 11-ന് ഇന്ത്യയില്‍ മുംബൈയിലാണ് ആദ്യമായി ലോക ചിരി ദിനത്തിന്റെ ആഘോഷം നടത്തിയത്. ഈ ചടങ്ങ് സംഘടിപ്പിച്ചതു ഡോ: മദന്‍ കടാരിയയാണ്. ഡോ. മദൻ കടാരിയ 1998-ലാണു ലോകവ്യാപകമായി ചിരി യോഗാ പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. ചിരിയിലൂടെ ലോകത്ത് ശാന്തിയും സമാധാനവും സാഹോദര്യവും വളര്‍ത്തുക എന്നതാണു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മുംബൈയിൽ രൂപം കൊണ്ട ഈ പ്രസ്ഥാനത്തിന് ഇന്നു ലോകം മുഴുവൻ സ്വാധീനമുണ്ട്. കാരിട്ടൂണിന്റെ ഒരു ദിനം ചിരിക്കായി മാറ്റിവെച്ചിട്ടുണ്ട്.
ആരോഗ്യത്തിനു ചിരി മികച്ചതാണെന്നും ഒറ്റമൂലിയാണെന്നും ആരോഗ്യശാസ്ത്രം തന്നെ പറയുന്നുണ്ട്. മനസറിഞ്ഞു ചിരിക്കുന്നവരില്‍ രോഗങ്ങളും കുറവായി കാണുന്നു. ചിരി മനുഷ്യന്റെ നെഞ്ച് വിരിവിന് നല്ല വ്യായാമം ആണെന്നും, ശ്വാസകോശങ്ങള്‍ക്കും, ഞരമ്പുകള്‍ക്കും, രക്ത ഓട്ടത്തിനും ഗുണം ചെയ്യുമെന്നും പറയുന്നു. പൊട്ടിച്ചിരിക്കുമ്പോള്‍ ശ്വാസകേശത്തിന്റെ മുക്കിലും മൂലയിലുമുള്ള ദുഷിച്ച വായു പുറം തള്ളപ്പെടുകയും തല്‍സ്ഥാനത്ത് ശുദ്ധവായു കടന്ന് ചെല്ലുകയും ചെയ്യുന്നു. ചിരി മെഡിക്കൽ സ്റ്റോറിൽ ലഭിക്കുന്ന ഉൽപന്നം ആയിരുന്നെങ്കിൽ ഡോക്ടർമാർ ഏറ്റവും കൂടുതൽ നിര്‍ദ്ദേശിക്കുന്നത് ചിരി ടാബ്ലറ്റോ, സിറപ്പോ ആയിരുന്നേനെ!
ഒരു കുഞ്ഞ് ജനിക്കുന്നതു കരഞ്ഞു കൊണ്ടാണ്. എന്നാൽ കുഞ്ഞിന്റെ വേണ്ടപ്പെട്ടവരൊക്കെ ആ കരച്ചില് കേട്ടു ചിരിക്കും. സന്തോഷത്തിന്റെ പ്രതിഫലനമാണു ചിരി. പിറന്ന് വീഴുന്ന കുട്ടി പിന്നീട് ചിരിച്ചു വളരുന്നതും നാം കാണുന്നു. മനുഷ്യന് ജനിക്കുന്ന അവസരത്തില്‍ തന്നെ ചിരിയും കരച്ചിലും കൂടെയുണ്ട്. ചിരി പ്രീതിയുടേയും ആനന്ദത്തിന്റേയും ലക്ഷണമായും, കരച്ചില് അപ്രീതിയുടേയും വേദനയുടേയും ലക്ഷണമായും കണക്കാക്കപ്പെടുന്നു. ജനനം മുതല്‍ മരണം വരെ ചിരിയും കരച്ചിലും മനുഷ്യരില്‍ മാറി മാറി വന്നുകൊണ്ടേയിരിക്കും. ആനന്ദത്തിന്റെ ലക്ഷണമായ ചിരിക്ക് ജീവിത വിജയത്തില്‍ വലിയ പങ്കുണ്ട്. ചിരി തന്നെ പല തരത്തിലുണ്ട്. ശത്രുവിനെ മലര്‍ത്തി അടിച്ച് വിജയം ആഘോഷിക്കാന്‍ ചിരിക്കുന്ന ചിരി വേറിട്ടു നില്ക്കും. അതിനെ അട്ടഹസിച്ച് ചിരിക്കുക എന്നു നാടന്‍ ഭാഷയില്‍ പറയും. രാക്ഷസന്മാരുടെ ചിരി ഈ ഗണത്തില്‍ പെടും. കുട്ടികള്‍ പരസ്പരം തമാശ പറഞ്ഞ് ചിരിക്കുന്നതും, മത്സരത്തില്‍ വിജയം ലഭിക്കുന്ന അവസരത്തില്‍ മുഖത്ത് വിരിയുന്ന ചിരിയും, സുഹൃത്തുക്കളോ, കുടുംബാംഗങ്ങളോ നാളുകള്‍ക്ക് ശേഷം കണ്ടു മുട്ടുന്ന അവസരത്തില്‍ ചിരിക്കുന്ന ചിരിയും വേറിട്ടതല്ലേ...? കാമുകനും കാമുകിയും, ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചിരിക്കുന്ന ചിരിയും, നാണം കുണുങ്ങിയുള്ള ചിലരുടെ ചിരിയും വ്യത്യസ്തമാണ്. ശബ്ദമില്ലാതെ ചിരിക്കുന്നവരുണ്ട്. പല്ല് കാണിക്കാതെ ചിരിക്കുന്നവരുണ്ട്. ഇതിന്റെ ഒക്കെ വിപരീതമായി വളരെ ഉച്ചത്തിലും പല്ല് മുഴുവന്‍ കാണിച്ചും ചിലര്‍ ചിരിക്കുന്നു.
ഹാസ്യ ചിത്രകലയെ വിശേഷിപ്പിക്കുന്ന ഇംഗ്ലീഷ് പദമാണ് കാര്‍ട്ടൂണ്‍. വ്യക്തികളെ എന്നതു പോലെ സംഭവങ്ങളെയും, വിഷയങ്ങളേയും കാർട്ടൂൺ പരിഹാസരൂപേണ ചിത്രീകരിക്കുന്നു. മറ്റൊരാളെ പരിഹസിക്കുക എന്നതു മനുഷ്യന്റെ വാസനയാണ്. അതിന് അവനോളം തന്നെ പഴക്കമുണ്ട്. പരിഹാസം എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല. അതു കൊണ്ട് തന്നെ കാര്‍ട്ടൂണ്‍ രചനയെ ഒരു കാലത്ത് വെറുക്കപ്പെടുകയും ഭ്രഷ്ട് കല്പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പിന്നീട് കാർട്ടൂൺ ചിത്രകലയുടെ ഭാഗമായി മാറി. വിനോദത്തിനും വിമര്‍ശനത്തിനുമുള്ള ശക്തമായ മാധ്യമരൂപമായി കാര്ട്ടൂണുകള് ഇന്നു മാറിക്കഴിഞ്ഞു.
ആദ്യകാലങ്ങളിൽ കാരിക്കേച്ചർ എന്നായിരുന്നു കാർട്ടൂണിനെയും വിളിച്ചിരുന്നത്. ഒന്നിലേറെ കാരിക്കേച്ചറുകള്‍ ഒരു കാന്‍വാസില്‍ വരയ്ക്കുകയും, രസകരമായ കമന്റുകള്‍ ചേര്‍ക്കുകയും ചെയ്തതോടെ കാര്ട്ടൂണുകള് സാവകാശം രൂപം കൊള്ളുകയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും കാരിക്കേച്ചറും, കാര്‍ട്ടൂണും സാവകാശം വികസിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ലോകത്തിലെ ആദ്യ കാരിക്കേച്ചര്‍ എന്നോ, കാര്ട്ടൂണെന്നോ വിശേഷിപ്പിക്കുന്നതില്‍ എത്രമാത്രം സത്യം ഉണ്ടെന്നത് ഉറപ്പില്ല.
ഇന്ത്യയില്‍ മാധ്യമങ്ങളില്‍ കാര്ട്ടൂണുകള് പ്രത്യക്ഷപ്പെട്ടു തുടങ്ങിയതു 1850 മുതലാണ് എന്ന് സസക്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും കലാ ചരിത്ര ഗവേഷകനുമായ പാര്‍ത്ഥാ മിറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാര്ട്ടൂണുകള് ആദ്യമായി പ്രസിദ്ധീകരിച്ചത് ഡല്‍ഹി സ്കെച്ച് ബുക്കിലാണെന്നും അവകാശപ്പെടുന്നു. ഇന്ത്യയിലെ കാര്‍ട്ടൂണ്‍ ചരിത്രം വടക്കേ ഇന്ത്യയില്‍ നിന്നാണ് ആരംഭിക്കുന്നത്. അവിടെയായിരുന്നു പ്രിന്റിങ് രംഗം മുമ്പേ പുരോഗമിച്ചിരുന്നത്. ഉറുദു ഹാസ്യസാഹിത്യ ക്യതികള്‍ക്ക് ഹാസ്യ ചിത്രീകരണം നടത്തിയാണ് ഇതിനു തുടക്കമായത്. പിന്നീട് കാര്‍ട്ടൂണ്‍ സ്വതന്ത്രമായി പുരോഗമിച്ചു. ബ്രിട്ടീഷുകാരാണ് കാര്‍ട്ടൂണ്‍ കലയെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയത്. പഞ്ച് മാസികയിലൂടെ ഇന്ത്യയില്‍ അവര്‍ ഹാസ്യചിത്രങ്ങൾ അവതരിപ്പിച്ചു. വടക്കേ ഇന്ത്യയില്‍ പഞ്ചിന്റെ ചുവട് പിടിച്ച് ഹാസ്യ ചിത്രരചന നടന്നിരുന്നെങ്കിലും ലക്ഷണമൊത്ത കാര്‍ട്ടൂണുകള്‍ക്ക് തുടക്കം കുറിച്ചതു കേരളത്തിലാണ്. അതിനു കാരണമായതു കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ സംഭാവനകളാണെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. നമ്മുടെ പത്രങ്ങള്‍ വളരെ വൈകി മാത്രമാണു കാര്‍ട്ടൂണുകള്‍ക്ക് സ്ഥാനം നല്‍കിയത്. അതിന് കാരണം ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സാങ്കേതികവിദ്യ എത്തി ചേരാത്തതും, ഭാരിച്ച ചെലവുമാണെന്ന് പറയാതെ വയ്യ.
ഇന്ത്യയിലെ മാധ്യമങ്ങള്‍ വിദേശ കാര്ട്ടൂണുകള് പ്രാദേശിക ഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്ന രീതിക്കാണു ആദ്യം തുടക്കം കുറിച്ചത്. ദി ഹിന്ദു പത്രത്തില്‍ 1933 ആഗസ്റ്റ് 15 മുതല്‍ ഡേവിഡ് ലോയുടെ കാര്ട്ടൂണുകള് പ്രസിദ്ധീകരിച്ചു തുടങ്ങി. ഇന്ത്യന്‍ രാഷ്ട്രീയമല്ലായിരുന്നു കാര്‍ട്ടൂണുകളുടെ വിഷയം എന്നത് മാത്രമായിരുന്നു പോരായ്മ. മദ്രാസില്‍ ഇറങ്ങുന്ന ദി ഹിന്ദു പത്രം ഒരു ദിവസം കഴിഞ്ഞു മാത്രമേ അക്കാലത്ത് കേരളത്തില്‍ ലഭിച്ചിരുന്നുള്ളൂ. ഇന്ത്യയിലെ ഒട്ടുമിക്ക ഹാസ്യ ചിത്രകാരന്മാരേയും ഡേവിഡ് ലോയുടെ ശൈലി സ്വാധീനിച്ചു എന്നതു സത്യമാണ്. ശങ്കര്‍, വാസു, അഹമ്മദ്, ആര് കെ ലക്ഷമണ്, ബാല്‍ താക്കറെ തുടങ്ങിയ ആദ്യകാല ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ രചനയും ഡേവിഡ് ലോയുടെ രചനയും താരതമ്യം ചെയ്യാവുന്നതാണ്.
ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗം ശ്രദ്ധിക്കപ്പെടുന്നതു ശങ്കറിന്റെ വരവോടെയാണ്. ശങ്കറിന്റെ ഹിന്ദുസ്ഥാന്‍ ടൈംസിലെ കാര്ട്ടൂണുകള് സ്വാതന്ത്ര്യസമരത്തിനു വീറും വാശിയും കൂട്ടുന്നതിനു സഹായിച്ചു. കേരളത്തില്‍ കൊല്ലം ജില്ലയില്‍ കായംകുളത്ത് 1902 ജൂലൈ 31ന് ജനിച്ച് ലോക പ്രശസ്തനായി മാറിയ കാര്ട്ടൂണിസ്റ്റാണു ശങ്കര്‍ എന്ന ഇല്ലിക്കുളത്ത് കേശവപിള്ള ശങ്കരപിള്ള. ശങ്കറിനെ പരാമര്‍ശിക്കാതെ ഇന്ത്യന്‍ കാര്‍ട്ടൂണ്‍ ചരിത്രത്തിനു തുടങ്ങാന്‍ കഴിയില്ല. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നാണ് അദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്.
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടക്കം കുറിച്ച ശങ്കേഴ്സ് വീക്കിലി കാര്‍ട്ടൂണ്‍ കലയുടെ സര്‍വകലാശാല തന്നെയായിരുന്നു. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യന്മാരായ ഒട്ടുമിക്കപേരും പില്ക്കാലത്തു പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായി മാറിയതാണു ചരിത്രം. അതില്‍ ഭൂരിപക്ഷവും മലയാളികളാണ്. കേരളം കേര വ്യക്ഷങ്ങളുടെ നാടുപോലെ കാര്‍ട്ടൂണിസ്റ്റുകളുടെ നാട് കൂടിയാണ്. കാര്‍ട്ടൂണ്‍ കലയെ വളര്‍ത്തുവാന്‍ രാജ്യത്തെ പലയിടത്തും സംഘടനകള്‍ ഉണ്ടെങ്കിലും ഏറ്റവും ശക്തമായ സംഘടനയും കേരളത്തിലെ കേരള കാര്‍ട്ടൂണ്‍ അക്കാദമി തന്നെയാണ്. അനിമേഷന്‍ രംഗത്ത് മലയാളികള്‍ നല്കുന്ന സംഭാവനകള്‍ ശ്രദ്ധേയമാണ്. ഇതൊക്കെ കൊണ്ട് തന്നെ കൊച്ചിയില്‍ നടക്കുന്ന കാരിട്ടൂണ്‍ എന്ന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഉത്സവത്തിനു പ്രസക്തിയേറെയാണ്.