The Principles of Uncertainty
The Principles of Uncertainty

പശ്ചാത്താപവും കലയും

അനിശ്ചിതത്വത്തിന്‍റെ തത്ത്വങ്ങൾ; കലയിലെ പശ്ചാത്താപനിരീക്ഷണം

അക്ഷരജാലകം | എം.കെ. ഹരികുമാർ

ഏകപക്ഷീയമായ, ഏകശിലാരൂപമായ, ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കുന്ന, ക്ലിപ്തമായ, ചിട്ടപ്പെടുത്തിയ ഒരു ലോകവീക്ഷണത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ട നൂറ്റാണ്ടാണിത്. ഒരാൾ വിശദീകരിച്ച ലോകത്തെ മാത്രം ആശ്രയിച്ചു ചുറ്റിത്തിരിയുന്ന അനുഭവമില്ല. ചരിത്രത്തിൽ വിസ്മയകരമായി ജീവിച്ച ഒരാളായിത്തീരാൻ വേണ്ടി നാം ശ്രമിക്കേണ്ട. അത് അസാധ്യമാണ്. ഗാന്ധിജിയാകാൻ ശ്രമിക്കേണ്ട. അങ്ങനെചെയ്താൽ ഒരു രാഷ്‌ട്രീയ നേതാവാകാൻ പോലും സാധിക്കില്ല. രാഷ്‌ട്രീയനേതാക്കൾ ഗാന്ധിജിയാകാൻ ശ്രമിക്കുന്നില്ലല്ലോ. അത് നല്ലതാണ്.

ഗാന്ധിജി അദ്ദേഹത്തിന്‍റെ മാത്രം ഒരു അളവുകോലാണ്. എന്തെന്നാൽ അദ്ദേഹം എത്ര ത്യാഗവും പീഡനവും സഹിച്ചാണ് തന്‍റെ ശരീരത്തെയും മനസ്സിനെയും ഗാന്ധിയനാക്കി മാറ്റിയത്! അതിൽ ഒരു ഞാണിന്മേൽ നടത്തമുണ്ട്. മോഹൻദാസ് കരംചന്ദിൽ നിന്ന് ഗാന്ധിജിയിലേക്ക് ഒരു കഠിനമായ യാത്രയാണ്. അത് ഗാന്ധി സൃഷ്ടിച്ചതാണ്. നാം സൃഷ്ടിച്ചതല്ല. നമ്മൾ ഗാന്ധിജിയാകേണ്ടതില്ല. നമുക്ക് ഗാന്ധിജിയിൽ നിന്ന് എന്ത് സ്വീകരിക്കാം എന്ന് നോക്കിയാൽ മതി; സ്വീകരിക്കണമെന്ന് പോലുമില്ല, മനസ്സിലാക്കിയാൽ മതി. കാരണം, നമ്മൾ ഗാന്ധിജിയാകാൻ വേണ്ടിയല്ലല്ലോ ഗാന്ധിജി ജീവിച്ചത്.

ഏകശിലാമുഖമല്ല നമ്മൾ

നമ്മുടേത് കൃത്യമായി നിശ്ചയിക്കപ്പെട്ട, മുൻകൂട്ടി അറിയാവുന്ന ഒരു യാത്രയല്ല. നമ്മൾ അനുഭവിച്ചും ചിന്തിച്ചുമാണ് ഓരോന്നും അറിയുന്നത്. ഈ പരീക്ഷണഘട്ടം നമുക്ക് മാത്രമുള്ളതാണ്. അത്തരമൊരവസ്ഥയിൽ മറ്റൊരാളുടെ ജീവിതത്തെ നാം എങ്ങനെയാണ് ആദർശവത്കരിക്കുന്നത്, നമ്മുടേത് ഏറ്റവും ദുർഘടമായ ഒരു മാർഗമായി തുടരുന്നിടത്തോളം? നമുക്കാവശ്യം റെയിൽപ്പാളം പോലെ നീണ്ടുപോകുന്ന ഏകമുഖിയായ ലോകവീക്ഷണമല്ല; വ്യത്യസ്തവും വിപുലവും സംശയാസ്പദവും വൈരുദ്ധ്യം നിറഞ്ഞതും അബദ്ധങ്ങൾ ചേർന്നതുമായ ഒരു പാതയാണ്. കാരണം, നമ്മൾ അങ്ങനെയുള്ള വ്യക്തികളാണ്. നമുക്ക് തെറ്റുപറ്റാതിരിക്കാനാവില്ലല്ലോ.നമ്മൾ തെറ്റുകൾ ചെയ്താണ് ശരി ചെയ്യുന്നത്.തെറ്റ് എന്താണെന്ന് അറിയാത്തവന് ശരി മാത്രം ചെയ്തുകൊണ്ടിരിക്കാനാവില്ല. ഏറ്റവും കൂടുതൽ ശരി ചെയ്യുന്നവൻ ഏറ്റവും കൂടുതൽ തെറ്റുകളെക്കുറിച്ച് മനസ്സിലാക്കിയവനാണ്.

ലോകപ്രശസ്ത അമെരിക്കൻ ഡിസൈനറും കുട്ടികളുടെ പുസ്തകരചയിതാവും ചിത്രകാരിയും എഴുത്തുകാരിയും ബ്ളോഗറുമായ മിയ കൽമാൻ ന്യൂയോർക്ക് ടൈംസിൽ എഴുതിയ 'സ്കെച്ച്ബുക്ക്' ഇപ്പോൾ 'ദ് പ്രിൻസിപ്പൽ ഓഫ് അൺസേർട്ടൻറ്റി' (അനിശ്ചിതത്വത്തിന്‍റെ തത്ത്വങ്ങൾ) എന്ന പേരിൽ പുസ്തകമായിരിക്കുന്നു. ഒരു കലാകാരി എന്ന നിലയിൽ അവർ ജീവിതത്തെ ഒരു കണ്ണാടിയിൽ എന്നപോലെ നിരീക്ഷിക്കുന്നു. സന്തോഷത്തിന്‍റെയും മരണത്തിന്‍റെയും രഹസ്യങ്ങൾ ആരായുന്നു. ഒരു കുരുക്ക് അഴിക്കുകയാണവർ. സാധാരണ ദിവസങ്ങളിലെ സംഭവങ്ങളെയും തോന്നലുകളെയും ഉത്തരമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റാൻ അവർക്ക് പ്രത്യേക സിദ്ധിയുണ്ട്. കൽമാൻ വരച്ച ചിത്രങ്ങളും കുറിപ്പും അടങ്ങിയതാണ് സ്കെച്ച്ബുക്ക്. കവിയും ചിത്രകാരിയും യാത്രക്കാരിയുമായി വേഷം മാറാൻ അവർക്ക് നിമിഷം നേരം മതി. അവർ ഒരു പ്രത്യേക ശാഖയിൽ മാത്രമായി ഒതുങ്ങുന്നില്ല. തന്നിലേക്ക് വരുന്നതിനെ പ്രതിബിംബിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.

എഴുത്തുകാരനോ വിമർശകനോ മറ്റൊരാളാകാൻ ശ്രമിക്കരുത്. ഏതൊരു വ്യക്തിക്കും അതുതന്നെയാണ് അഭികാമ്യം. നമ്മുടെ ജീവിതമേ നമുക്ക് ജീവിക്കാനാകൂ. മഹാപ്രതിഭാശാലിയുടെ ജീവിതത്തെക്കാൾ മൂല്യമുള്ളത് നമ്മുടെ ദു:ഖങ്ങൾക്കാണ്. നമ്മുടെ ശരീരം വേദനിച്ചാൽ അത് നമുക്ക് മാത്രമേ അറിയാനാവൂ.നിശ്ചലദൃശ്യങ്ങളിൽ താൻ പശ്ചാത്താപമാണ് അനുഭവിക്കുന്നതെന്ന് കൽമാൻ പറയുന്നുണ്ട്. പാത്രത്തിൽ വച്ചിരിക്കുന്ന ആപ്പിൾ ഒരു ചിത്രമായി മുന്നിൽ വരുമ്പോൾ അത് മനുഷ്യാത്മാവിന്‍റെ തീവ്രപശ്ചാത്താപത്തെയാണ് പകർത്തുന്നത്. ജീവിതത്തിന്‍റെ വിചിത്രമായ തുറസുകളിൽ ജീവിക്കുക തന്നെയാണ് കുരുക്ക് അഴിക്കാനുള്ള പോംവഴി എന്ന്, കൽമാന്‍റെ 'സ്റ്റിൽലൈഫ് വിത്ത് റിമോഴ്സ്' എന്ന പുസ്തകത്തിലെ വാചകം ഉദ്ധരിച്ച് പ്രമുഖ ബ്ലോഗറും കലാകാരിയും ഗ്രന്ഥകാരിയുമായ മരിയ പൊപോവ പറയുന്നുണ്ട്. അവർ എഴുതുന്നു:'നമ്മൾ മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വയം ഉയർത്തിക്കാണിക്കാറുണ്ട്. മനുഷ്യന് മാത്രമായി ചില സിദ്ധികളുണ്ട്; അല്ലെങ്കിൽ നമുക്ക് കുറേക്കൂടി വിനയമുള്ളവരാകാൻ കഴിയുമായിരുന്നു. ഭാഷ, ശരിക്കും നമുക്ക് മാത്രമുള്ളതല്ല. ഉപകരണങ്ങൾ, സംഗീതം തുടങ്ങിയവയും നമ്മുടേത് മാത്രമെന്ന് പറയാനാവില്ല. ആനകൾ കഠിനമായി ദു:ഖിക്കാറുണ്ട്. ഒക്ടോപ്പസിനു ഓർക്കാനും പ്രവചിക്കാനും കഴിയുമത്രേ. കാക്കകൾക്ക് പക തീർക്കാനറിയാം.'

പശ്ചാത്താപം ഒരു കുതിപ്പ്

Maira Kalman
Maira Kalman

മനുഷ്യാത്മാവ് വിഷാദത്തിലായിരിക്കാറുണ്ട്. തീവ്ര പശ്ചാത്താപത്തെ സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കുള്ള ഒരു രാസത്വരകമായി മാറ്റാനാവുമോ? തീർച്ചയായും കലാകാരന്മാരിൽ അങ്ങനെയൊരു ഘടകമുണ്ട്. കവി ഇടപ്പള്ളിയും ചങ്ങമ്പുഴയും എഴുതിയ കവിതകളിൽ ഈ പശ്ചാത്താപത്തെ കണ്ടെത്താനാവുമോ? അവരെ മുന്നോട്ടു നയിച്ചത് അതായിരിക്കുമല്ലോ. അവർ എന്തെങ്കിലും കുറ്റം ചെയ്തതു കൊണ്ടല്ല ഇത് സംഭവിക്കുന്നത്. ദാർശനികമായ ഒരു അവസ്ഥയാണിത്. ഇതിന്‍റെ തീവ്രതയിൽ മരണാഭിമുഖ്യം തോന്നാം. ഇടപ്പള്ളിയിൽ മരണ വാസനയുണ്ടായിരുന്നു.

പൊപോവ നിരീക്ഷിക്കുന്നു: 'ഈ പുസ്തകത്തിലൂടെ കടന്നുപോയപ്പോൾ എനിക്ക് തോന്നിയത് ഓർമ്മകൾ ജീവിതത്തിന്‍റെ നിശ്ചലദൃശ്യമാകുന്നു എന്നാണ്. നമ്മുടെ ഓർമ്മച്ചിത്രങ്ങളെ അസ്വസ്ഥപ്പെടുത്താൻ തീവ്രപശ്ചാത്താപത്തിന് ശേഷിയുണ്ട്. അതിലൂടെ സഞ്ചരിക്കുന്നത് സൗന്ദര്യത്തെ കണ്ടുമുട്ടാനുള്ള അവസരമാണ്. സർഗാത്മകമായ ശക്തിയും സന്തോഷവും അവിടെത്തന്നെയാണ്.ടോൾസ്റ്റോയിയുടെ 'അന്നാകരേനിന'യിലെ പ്രശസ്തമായ വാക്യം ഓർക്കുമല്ലോ : 'സന്തോഷമുള്ള കുടുംബങ്ങളെല്ലാം ഒരുപോലെയാണ് ;അസന്തുഷ്ടമായ കുടുംബങ്ങൾ ഓരോന്നും അസന്തുഷ്ടമായിരിക്കുന്നത് ഓരോ രീതിയിലാണ്.'എത്ര അസന്തുഷ്ടിയിലും ജീവിതത്തെ ജീവിതയോഗ്യമാക്കുന്നത് എന്താണ്? കൽമാന്‍റെ കവിത നോക്കൂ:

'നിങ്ങളുടെ കുടുംബം

എന്‍റെ കുടുംബം

നിങ്ങളുടെ ദുഃഖം

എന്‍റെ ദു:ഖം

എല്ലാം ഒരുപോലെയല്ലേ?

വലിയ ആകാശം നിറയെ

വിഷാദമാണ്

വിഷാദത്തിന്‍റെ സമുദ്രങ്ങൾ

മതിയാവോളം.

അവിടെ സന്തോഷമുണ്ട്.

ആഹ്ലാദപ്രകടനമുണ്ട്

ഉല്ലാസമുണ്ട്

...

വിഷാദമുണ്ടെങ്കിൽ അതിനൊരു പരിധിയുണ്ട്

വർദ്ധിച്ചഭാരത്തെ

കുടഞ്ഞു കളയാനൊരു മാർഗ്ഗം.

എന്നാൽ ഇതെങ്ങനെ സാധ്യമാകും?

എന്തു ചെയ്യണം?

ഇരുട്ടാണ് ജീവിതം

വസന്തം ഇവിടെയാണ്

പക്ഷികൾ പാടുന്നു

ജീവിതത്തിന്‍റെ വിചിത്രമായ കാഴ്ചയിൽ ജീവിക്കാം.'

ജീവിതം അതിന്‍റെ വഴി തനിയെ കണ്ടെത്തുകയാണ്.ആരെങ്കിലും മുൻകൂട്ടി തീരുമാനിച്ചതുപോലെയല്ല. ഇന്നലെകൾക്ക് മാത്രമേ സ്ഥിരതയുള്ളു. ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞു:' ഇന്നലെ നിങ്ങൾക്ക് സന്തോഷകരമായ ഒരു അവസരമുണ്ടായി. അത് നാളെയും സംഭവിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. ചിന്ത ഓർമ്മയായി അത് സൂക്ഷിക്കുകയാണ്. ചിന്ത ആ അനുഭവം പിറ്റേ ദിവസവും ആവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. അതാണ് സെക്സിന്‍റെ കാര്യത്തിലും നിങ്ങൾ ചെയ്യുന്നത് - ഇന്നലെത്തെ അനുഭവം നാളെയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ചിന്തയാണ് ഇന്നലെയെയും നാളെയെയും സൃഷ്ടിക്കുന്നത്. എന്നാൽ നാളെയെക്കുറിച്ച് പ്രവചിക്കാനാവില്ല. നാളെ വ്യത്യസ്തമായ അനുഭവമാകാം. ചിന്തയ്ക്ക് അറിയാവുന്നത് ഇന്നലെയെക്കുറിച്ച് മാത്രമാണ്. അതുകൊണ്ട് ചിന്ത ഇന്നലെയുടേതാണ്; ചിന്ത പഴയതാണ്. അത് ഒരിക്കലും പുതിയതല്ല.'

ഇന്നലെകൾ എല്ലാം നിർവ്വചിച്ചിരിക്കുന്നു

നമുക്ക് എന്താണ് ചെയ്യാനാകുക? ചിന്തിക്കുന്നതോടെ നാം ഇന്നലെയുടെ വഴിയിൽ അമരുകയാണ്. ഇന്നലെയെ സൃഷ്ടിച്ചതെന്തോ അത് നമ്മെയും സൃഷ്ടിക്കുന്നു. ചിന്ത എങ്ങനെ നമ്മെ ഗതാനുഗതികത്വത്തിലും നിശ്ചലതയിലും എത്തിക്കുന്നു? പല അക്കാദമിക് ചിന്തകന്മാരിലും എഴുത്തുകാരിലും ഈ 'ഇന്നലെ' പ്രവർത്തിക്കുന്നു. അവരുടെ ഇന്നലെകൾക്ക് അവരെ പൂർണമായി നിർവ്വചിക്കാൻ കഴിഞ്ഞിരിക്കുന്നു. അവർ മറ്റൊരു ഘടനയിലേക്ക് അറിയാതെ ചെന്ന് ചേരുകയാണ്. ഇന്നലെകളിൽ നാം നമ്മുടേതല്ലായിരുന്നു. നാളെയും അങ്ങനെ തന്നെ തുടരും. നമ്മുടെ കഴുത്തിൽ കിടക്കുന്ന തുടൽ പൊട്ടിച്ച് മാറ്റാൻ ശക്തിയില്ലാത്തതുകൊണ്ട് നാം ഇന്നലെ കണ്ടതും പരിചയപ്പെട്ടതുമായ ദൂരം ഓടിയ ശേഷം തിരിച്ചു തുടങ്ങിയ സ്ഥാനത്ത് തന്നെ തിരിച്ചെത്തുന്നു. മറ്റൊരാളാകാൻ പരിശ്രമിക്കുന്നവർ അവരെത്തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ വലിയ മനുഷ്യരെപ്പോലെയാകാൻ എനിക്കാവില്ല. ഞാൻ എനിക്കാവുന്ന വേഗത്തിലാണ് ഓടുന്നത്. എനിക്ക് മറ്റെല്ലാ ഓട്ടങ്ങളും സ്വപ്നമോ വ്യർത്ഥതയോ ആണ്. മറ്റൊരാളെക്കുറിച്ച് എഴുതുന്നത് അവർ ആയിത്തീരാനല്ല. അവരെ മനസിലാക്കാനും സംവദിക്കാനുമാണ്. ഒരു വീക്ഷണത്തെ എതിരിടുന്നതും ജീവിതമാണ്. ഉറച്ചതും ബോക്സോഫീസിൽ ഓടുന്നതുമായ ചിന്തകളെ മറ്റൊരു അഭിപ്രായം കൊണ്ട് എയ്തു വീഴ്ത്തുന്നത് ചരിത്രത്തിനു വേണ്ടിയാണ്. പുതിയൊരു വീക്ഷണം ഉണ്ടാകുന്നത് വേറിടലാണ്. ചരിത്രത്തിന് വേണ്ടത് പുതിയ മനുഷ്യരെയാണ്, പുതിയ ആലോചനകളെയാണ്.

ഉത്തരരേഖകൾ

Q

സാഹിത്യോത്സവങ്ങൾ ജില്ലകൾ തോറും ഉണരുകയാണ്. എന്താണ് ഇപ്പോഴത്തെ ഉണർവ്വിനു കാരണം?

A

മുൻകാലങ്ങളേക്കാൾ പണത്തിനു സ്വാധീനം ഏറിയിരിക്കുകയാണ്. ഒരു സാഹിത്യകാരനായിരിക്കാൻ സാമ്പത്തികമായ വലിയ പിൻബലം അത്യാവശ്യമായിരിക്കുന്നു. നമ്മുടെ സാഹിത്യോത്സവങ്ങൾ പൊതുവെ പറഞ്ഞാൽ രാഷ്‌ട്രീയപ്രേരിതമാണ്. രാഷ്‌ട്രീയോത്സവങ്ങൾ എന്നു വിളിക്കാം. എഴുത്തുകാരെ തഴഞ്ഞിട്ട്, രാഷ്‌ട്രീയക്കാരുമായാണ് സംവാദം. ഇത്തരം സംവാദങ്ങൾ നമ്മുടെ സാഹിത്യസംസ്കാരത്തെയോ വായനയെയോ ഒരുതരത്തിലും സമ്പന്നമാക്കില്ലെന്ന് ആർക്കാണ് അറിയാത്തത്?എഴുത്തുകാർ പുറത്താവുകയും രാഷ്‌ട്രീയനേതാക്കൾ ആ സ്ഥാനത്ത് വരുകയും ചെയ്യുന്നു.

Q

ജീവിതത്തെക്കുറിച്ച് ഏറ്റവും ചിന്തിപ്പിക്കുന്ന ഒരു പ്രസ്താവന വായിച്ചത് ഓർക്കുന്നുണ്ടോ?

A

ഫ്രഞ്ച് കഥാകൃത്ത് മോപ്പസാങ് എഴുതിയത് ഓർക്കുകയാണ്. "ജീവിതം ഒരു ചരിവാണ്. മുകളിലേക്ക് പോകുന്തോറും നിങ്ങൾക്ക് സന്തോഷം തോന്നും. ഏറ്റവും ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ നിങ്ങൾക്ക് കാണാനാകും, താഴേക്കു കുത്തനെയുള്ള പാത; മരണമാണ് അതിന്‍റെ അറ്റത്ത്. മുകളിലേക്ക് കയറുന്നത് സാവധാനമാണ്. എന്നാൽ താഴേക്കുള്ള പതനം വളരെ വേഗമാണ്.'ജീവിതസത്യം ഇതിലുണ്ട്. എല്ലാ ബന്ധങ്ങളിലും പ്രതീക്ഷകളിലും ഇത് അദൃശ്യമായി പിന്നാലെയുണ്ട്.

Q

കവിയുടെ ഭാഷയെ അനൈഹികമാക്കുന്നത് പുതിയ രചനാരീതിയാണോ?

A

കവിത മനുഷ്യമനസിന് അപ്രാപ്യമാകരുത്. കൃത്രിമമായി എഴുതിയാൽ ശിക്ഷണമുള്ള വായനക്കാർക്ക് പോലും കവിതയിൽ പ്രവേശനം നിഷേധിക്കപ്പെടും.പി.എ.നാസിമുദ്ദീൻ എഴുതിയ 'ദൈനംദിന രാഗതാളങ്ങൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 18, 2024))എന്ന കവിത നോക്കൂ:

'പറങ്കിമാവുകൾക്കിടയിൽ വളഞ്ഞുപുളഞ്ഞു പോകുന്ന

ചെറുറോഡിൽ

ശങ്കരാഭരണത്തിൽ

ഇരമ്പിക്കൊണ്ട്

ശ്രദ്ധയും വാത്സല്യവും നിറച്ച്

സ്കൂൾ ബസ് നീങ്ങുന്നു '

കുട്ടികൾ സൃഷ്ടിക്കുന്ന ശബ്ദങ്ങളെ ശങ്കരാഭരണമായി കവി കാണുന്നു. ഇത്തരം നിരീക്ഷണങ്ങൾ കവിതയിൽ വളരെ പഴയതാണ്. മറ്റൊരിടത്ത് കവി ഉടയുന്ന പാത്രങ്ങളുടെ തബല, അടക്കിയ വിതുമ്പലുകളുടെ ഹാർമോണിയം എന്നൊക്കെ എഴുതുന്നു. ഒരു കൗതുകം എന്നതിനപ്പുറം മറ്റൊന്നും തരാൻ ഇത്തരം പ്രയോഗങ്ങൾക്ക് ഇന്ന് ശേഷിയില്ല എന്നറിയിക്കട്ടെ.

Q

നല്ല വായനക്കാർ ഇപ്പോഴും നിലവിലുണ്ടോ?

A

നല്ല കുറെ വായനക്കാരുണ്ട്. അവരാണ് ഇപ്പോഴും രാഷ്‌ട്രീയഭേദമെന്യേ, ജാതിഭേദമെന്യേ മികച്ച രചനകളെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നത്. ഈ വായനക്കാർ നല്ല രചനകൾക്കായി കാത്തിരിക്കുന്നു; കാണാതെ വന്നാൽ അന്വേഷിക്കും. അവർ തങ്ങൾക്ക് ഇഷ്ടമുള്ള എഴുത്തുകാരന്‍റെ കൃതികൾ എവിടെയാണുള്ളതെന്ന് തിരക്കിക്കൊണ്ടിരിക്കും. അവർ അത് കിട്ടിയില്ലെങ്കിൽ അലയും. അവർ പവിത്രമായാണ് വായനയെ സമീപിക്കുന്നത്. എന്നാൽ ഈ വായനക്കാർ വാരികകളിൽ കത്തെഴുതാനോ, പരിപാലിക്കാനോ സംഘത്തിൽ ചേർന്ന് പുകഴ്ത്താനോ താൽപര്യം കാണിക്കുകയില്ല.

Q

സിനിമാനടൻ ധ്യാൻ ശീനിവാസൻ ഒരു വേദിയിൽ എഴുത്തുകാർ പൊതുവേ അഹങ്കാരികളാണെന്ന് പറഞ്ഞതിനെ എങ്ങനെ കാണുന്നു?

A

അഹങ്കാരം സർഗാത്മകതയുടെ ഘടകമാണ്. താനാരുമല്ല എന്ന് ചിന്തിച്ചാൽ ഷേക്സ്പിയർക്ക് ഒന്നും എഴുതാനാവില്ല; പിൻബഞ്ചിൽ ഇരിക്കാം. എഴുത്തുകാരൻ ഇൻഷുറൻസ് ഏജന്‍റിനെ പോലെ പെരുമാറണമെന്നില്ല. അയാൾ തന്‍റെ വിചിത്രമായ ചിന്തകളെ ഒരു നിയോജകമണ്ഡലത്തിലും നിർത്തി മത്സരിപ്പിക്കുന്നില്ലല്ലോ. അയാൾക്ക് മരണത്തിന്‍റെ മുമ്പിൽ പൊട്ടിച്ചിരിക്കാനാവില്ല. അയാൾ ഒറ്റയ്ക്കാണ്. കുറേപ്പേരുടെ പ്രവർത്തനഫലമായല്ല അയാൾ എഴുതുന്നത്. അതുകൊണ്ട് മുറിവേൽക്കുമ്പോൾ അയാൾ മാത്രമാണ് മുറിപ്പെടുന്നത്. അയാളുടെ ജീവിതത്തെ ഒളിപ്പിച്ച് തമാശ പറയുന്നത് സത്യസന്ധതയുടെ ലക്ഷണമല്ലോ.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com