സമദ് പനയപ്പിള്ളി: കഥാലോകത്തെ അര നൂറ്റാണ്ട്

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ കഥയെഴുത്ത് അമ്പത് വർഷത്തിൽ എത്തിനിൽക്കുകയാണ് സമദ് പനയപ്പിള്ളിക്ക്. അദ്ദേഹത്തിന്‍റെ എഴുത്തുവഴികളിലൂടെ...
Samad Panayappilly 50 years in literature

സമദ് പനയപ്പിള്ളി

Updated on

സമദ് പനയപ്പിള്ളി ആദ്യമായൊരു കഥയെഴുതുന്നത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. എഴുത്ത് തുടങ്ങിയിട്ട് ഇപ്പോൾ വർഷം അമ്പത്. വരകളുടെയും വർണങ്ങളുടെയും കലാലോകത്തുനിന്നാണ് കഥാലോകത്തേക്കുള്ള പറിച്ചുനടീൽ. ശങ്കേഴ്സ് ഇന്‍റർനാഷണൽ പെയ്ന്‍റിങ് കോമ്പറ്റീഷന്‍റേത് ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രകാരൻ. 'ഉഷസ്സ് ' എന്ന പേരിലൊരു കൈയെഴുത്ത് മാസിക സ്വന്തമായി ചിത്രങ്ങൾ വരച്ചും എഴുതിയും പ്രസിദ്ധീകരിച്ച എഡിറ്റർ.

പക്ഷേ, പഠിക്കുന്ന കാലത്ത് സ്വന്തമായി നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ അരങ്ങനുഭവം. മലയാളം അധ്യാപകനായിരുന്ന അബ്ദു മാഷ് എഴുതി സംവിധാനം ചെയ്ത 'സമരം' എന്ന നാടകത്തിലെ അഭിനയമായിരുന്നു അത്. ഒഴിയാൻ ആവത് ശ്രമിച്ചെങ്കിലും മാഷിന്‍റെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി സ്റ്റേജിൽ കയറി. പക്ഷേ, തന്‍റെ വഴി ഇതൊന്നുമല്ലെന്ന് സമദ് ഒരുപക്ഷേ അന്നു തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. അതുകൊണ്ടാവണമല്ലോ, ഒരു നോട്ട്ബുക്ക് നിറയെ നാടകമെഴുതി പ്രധാന അധ്യാപകനായിരുന്ന കുമാരൻ കല്ലൂമഠം മാഷെ വിസ്മയിപ്പിക്കാൻ ആ കൊച്ചു വിദ്യാർഥിക്കു സാധിച്ചത്. നാടകത്തിൽ അഭിനയിക്കുമ്പോൾ ചമത്കാരം നിർവഹിച്ചിരുന്നത് ചിദംബരൻ മാഷാണ്. ഈ അധ്യാപകരൊന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും ഓർമകളിൽ അവരെന്നും മരണാതീതരാണ്.

നാടകത്തിൽ നിന്നു ചെറുകഥയിലേക്കുള്ള പരിവർത്തനവും സമദിന് സ്കൂളിൽ തന്നെ സംഭവിച്ചിരുന്നു. പഠിച്ച സ്കൂളിൽ ആദ്യമായൊരു ചെറുകഥാ രചനാ മത്സരം സംഘടിപ്പിക്കപ്പെട്ടപ്പോൾ അതിൽ ഒന്നാം സമ്മാനം നേടി. 1990-ൽ കൊച്ചി മൗലാന ആസാദ് സോഷ്യോ കൾച്ചറൽ സെന്‍റർ ലൈബ്രറി പ്രസിദ്ധീകരിച്ച 'ഒരു ടി വി ദുരന്ത'മാണ് ആദ്യ കഥാ സമാഹാരം. ഈ സമാഹാരത്തിന് അവതാരിക കുറിച്ചത് പ്രശസ്ത നിരൂപകൻ സി.പി. ശ്രീധരനായിരുന്നു. പ്രശസ്ത എഴുത്തുകാരനായ സേതുവാണ് ഈ സമാഹാരം പ്രകാശനം ചെയ്തത്. പിന്നീടിറങ്ങിയ മലയാളത്തിലെ പ്രമുഖ പ്രസാധകരിലൂടെ പതിനഞ്ചോളം പുസ്തകങ്ങൾ.

കൂട്ടത്തിൽ കഥേതരമായത് 'സ്നേഹ മരങ്ങൾക്ക് തീ പിടിക്കുമ്പോൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ച ഓർമക്കുറിപ്പുകളാണ്. പത്രത്തിൽ ആഴ്ച തോറും എഴുതിയിരുന്ന 'കാഴ്ച' എന്ന പംക്തിയിൽ വന്ന കുറിപ്പുകളാണ് ഈ പേരിൽ പുസ്തകരൂപത്തിലാക്കിയത്. ഏറെ വായിക്കപ്പെട്ട കൃതിയാണിത്.

വല്യച്ഛന്‍റെ വീട്ടിലെ പുസ്തകശേഖരമായിരുന്നു സമദിന്‍റെ എഴുത്തുവഴികളിലെ ആദ്യ ഇന്ധനം. അദ്ദേഹം വരുത്തിയിരുന്ന ആനുകാലികങ്ങളും സ്ഥിരമായി വായിച്ചു. വളരെ ആധുനികനായി രുന്നു വല്യച്ഛൻ. വല്യച്ഛന്‍റെ മക്കളാണ് ശുദ്ധ സംഗീതത്തേയും നവസിനിമയെയുമൊക്കെ പരിചയപ്പെടുത്തിയത്.

എഴുത്ത് പോലെ തന്നെ പ്രിയപ്പെട്ടതാണ് സമദിന് അഭിനയവും. പ്രശസ്ത ചലച്ചിത്രകാരനായിരുന്ന പി.എ. ബക്കറിന്‍റെ 'ചാരം' എന്ന സിനിമയിൽ പള്ളി വികാരിയായി അഭിനയിക്കേണ്ടതായിരുന്നെങ്കിലും അതു നടന്നില്ല. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ വിപിൻ പള്ളുരുത്തി നിർമിച്ച്, മാധ്യമ പ്രവർത്തകൻ ഇഖ്ബാൽ സംവിധാനം ചെയ്ത 'ഭയം'; നിരൂപകനുമായ മണിലാൽ പള്ളുരുത്തി നിർമ്മിച്ച്, മറ്റൊരു മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ ജയ മോഹൻ സംവിധാനം 'കാറ്റ്'; വിജയൻ കുത്തിയതോട് നിർമിച്ച 'നിയോഗം' തുടങ്ങിയ സിനിമകളിൽ സമദ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരക്കഥാകൃത്തായ റഫീഖ് സീലാട്ട് ആദ്യമായി സംവിധാനം ചെയ്ത 'ജാക്കി ഷെരീഫ്' എന്ന സിനിമയിലും സമദ് പ്രധാന വേഷത്തിലെത്തി. സമദ് കഥയെഴുതി ജയമോഹൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും.

<div class="paragraphs"><p><em>സമദ് പനയപ്പിള്ളിയുടെ ആദ്യ കഥാസമാഹാരം- ഒരു ടിവി ദുരന്തം</em></p></div>

സമദ് പനയപ്പിള്ളിയുടെ ആദ്യ കഥാസമാഹാരം- ഒരു ടിവി ദുരന്തം

ഇന്ന് മലയാള സാഹിത്യത്തിൽ പ്രഗൽഭരായ ചിലരുടെയെങ്കിലും ആദ്യ കാല കൃതികൾ പ്രസിദ്ധീകരിച്ചത് സമദിന്‍റെ ഉഷസ്സ് മാസികയിലായിരുന്നു. വിളി, പരസ്പരം, തണൽ തുടങ്ങിയ ലിറ്റിൽ മാഗസിനുകളുടെ ലിറ്ററി എഡിറ്ററായും പ്രവർത്തിച്ചു. പ്രിയംവദ, ഇ. ദർശനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

ഈ തിരക്കുകൾക്കെല്ലാമിടയിലും സമദിന്‍റെ കഥകൾ മലയാളത്തിലെ ചെറുതും വലുതുമായ ആനുകാലികങ്ങളിലും വാരാന്ത്യങ്ങളിലുമെല്ലാം പ്രസിദ്ധീകരിച്ചുപോന്നു. എല്ലാ അംഗീകാരങ്ങൾക്കും മേലെയാണ് വായനക്കാരുടെ അംഗീകാരമെന്നാണ് സമദിലെ എഴുത്തുകാരൻ വിശ്വസിക്കുന്നത്.

ചേർത്തല കുത്തിയതോട് സ്വദേശിയായ സാലിഹയാണ് സമദ് പനയപ്പിള്ളിയുടെ ഭാര്യ. മകൻ സഫീർ സമദ്. പനയപ്പിള്ളി എംഎംഒഎച്ച്എസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകരിൽ പ്രമുഖനും ദീർഘകാലം സ്കൂൾ മാനെജറുമായിരുന്ന പരേതനായ പി.ബി. മൊയ്തീനാണ് സമദിന്‍റെ പിതാവ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com