MK Harikumar Aksharajalakam literary review MT Vasudevan Nair
MT Vasudevan Nair

ഈ കഥയിൽ എംടി സ്പന്ദിക്കുന്നു

''ഒരു എഴുത്തുകാരനു താൻ എഴുതാൻ പോകുന്നതിനെപ്പറ്റി പൂർണമായ ധാരണയുണ്ടെങ്കിൽ അത് ഒഴിവാക്കുകയാണു വേണ്ടത്''

അക്ഷരജാലകം | എംകെ. ഹരികുമാർ

ഇപ്പോഴും ഭൂരിപക്ഷംഎഴുത്തുകാരും മനസിലാക്കാൻ വിസമ്മതിക്കുന്ന ഒരു കാര്യമാണ് ഏണസ്റ്റ് ഹെമിങ്‌വേ പറഞ്ഞത്: ''ഒരു എഴുത്തുകാരനു താൻ എഴുതാൻ പോകുന്നതിനെപ്പറ്റി പൂർണമായ ധാരണയുണ്ടെങ്കിൽ അത് ഒഴിവാക്കുകയാണു വേണ്ടത്. എന്നാൽ സത്യസന്ധമായി എഴുതുകയാണെങ്കിൽ, അത് വായനക്കാരനിൽ തത്തുല്യമായ അനുഭൂതി സൃഷ്ടിക്കും. അത് എഴുത്തുകാരന്‍റെ വികാരത്തിനൊപ്പമായിരിക്കും''.

അദ്ദേഹം അർഥമാക്കിയത് ഇങ്ങനെ സംഗ്രഹിക്കാം: ''നിങ്ങൾക്ക് അറിയാവുന്നത് എഴുതരുത്''. എന്തൊക്കെയാണ് അറിയാവുന്നത്? എല്ലാവർക്കും അറിവുള്ള സത്യങ്ങൾ. ഒരിടത്ത് ഒരാൾ ജീവിക്കുന്നു. അയാൾ ജോലി ചെയ്യുന്നു. അയാൾക്ക് കുടുംബമുണ്ട്. ആ വ്യക്തി അവർക്കായി കഷ്ടപ്പെടുന്നു. അതിനിടയിൽ എല്ലാ ദിവസവും സൂര്യനുദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. അമ്മയുണ്ട്, അച്ഛനുണ്ട്, അവരെ സ്നേഹിക്കുന്നു. ഭാര്യയുണ്ട്, അവർക്കിടയിൽ ചെറിയ പിണക്കങ്ങളും അതിനേക്കാൾ ഇണക്കങ്ങളുമുണ്ട്. മക്കളെ അവർ സ്നേഹിക്കുന്നു. ആ ജീവിതത്തിൽ രാത്രികളുണ്ട്, പൂർണചന്ദ്രന്മാരുണ്ട്, അമാവാസികളുണ്ട്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. ഒരു ഫീച്ചർ എഴുത്തുകാരനു താൻ എന്താണ് എഴുതുന്നതെന്നറിയാം. അയാളുടെ മനസിലുള്ളത് മുഴുവൻ എഴുതി വയ്ക്കുകയാണ്. അതിലുള്ള വിവരങ്ങളാണ് പ്രധാനം. അതിനു വേണ്ടതായ ഒരു പഞ്ചസാര ഭാഷയുണ്ടായാൽ മതി.

എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതുകയാണെങ്കിൽ അത് നിങ്ങളുടേതാക്കി മാറ്റണം. മറ്റാർക്കും കാണാനാവാത്ത വിധത്തിലുള്ള ഒരു നോട്ടമായിരിക്കണം. "യാഥാർഥ്യം വേശ്യയാണെ'ന്ന് ലാറ്റിനമെരിക്കൻ എഴുത്തുകാരൻ റോബർട്ട് ബൊലാനോ പറഞ്ഞത് ഈ രീതിയിൽ വായിക്കാം. ഒരു പുതിയ പരിപ്രേക്ഷ്യം ഏതൊരു വസ്തുവിലും സൃഷ്ടിക്കാൻ കഴിയണം. വ്യക്തിഗതമായി നേടിയ അറിവുകൾ സാഹിത്യത്തിൽ രണ്ടാം തരമാണ്. ഗൂഗിളിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ സാഹിത്യ രചനയിൽ ഉപയോഗിച്ചാൽ അത് വ്യക്തിവിവരങ്ങളായി മാറും. എന്നാൽ ജീവിതമാണ് എഴുതേണ്ടത്. സത്യമാണ് എഴുതേണ്ടത്. ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് വളരെ സ്വകാര്യമായി എന്തു ധാരണ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നാണ് നോക്കേണ്ടത്. അറിഞ്ഞതല്ല, അറിയാത്തതിനെക്കുറിച്ചുള്ള ആധിയാണ് എഴുതാൻ പ്രേരിപ്പിക്കേണ്ടത്. എം.ടി. വാസുദേവൻ നായരുടെ "പന്ത്രണ്ട് വർഷം ഉറങ്ങുന്ന പൂക്കൾ' എന്ന കഥ വായിച്ചാലറിയാം ഈ വസ്തുത എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന്.

1. അകാരണമായ ദുഃഖം

ആ കഥയിലെ നായകൻ ഒരു സ്ത്രീയുമൊത്ത് 12 വർഷത്തിൽ ഒരിക്കൽ വിടരുന്ന പൂക്കൾ കാണാൻ ഒരു മലമുകളിൽ എത്തിയിരിക്കുകയാണ്. അന്വേഷിച്ചിട്ട് ആ പൂക്കൾ കണ്ടില്ല. കുറെക്കൂടി അലയണം. അയാൾ പെൺസുഹൃത്തുമൊത്ത് മുറിയിൽ വരുന്നു. അയാളെ മഥിക്കുന്നതെന്തോ ഉള്ളതായി തോന്നും. ആ വ്യക്തി അസ്വസ്ഥനാണ്. അകാരണമായ ദുഃഖത്തിലാണ്. ആരും സമാധാനിപ്പിക്കുന്നില്ല. പെൺസുഹൃത്തിന് ആ ചിന്തകളുമായി ഒത്തുചേർന്നു പോകാനാവുന്നില്ല. അവർക്കിടയിൽ ഒരു താദാത്മ്യമില്ല. അവർക്കിടയിലുള്ള അകൽച്ച പ്രകടമാണ്. പിന്നെ ഇങ്ങനെയാണ് ഇവർ സുഹൃത്തുക്കളായത്? സൗഹൃദം അഭിനയമാണോ? ആഴം കുറഞ്ഞ സൗഹൃദങ്ങൾ ശാരീരികം മാത്രമാണോ?

യാത്രയ്ക്കിടയിൽ അയാൾ ചില കഥകൾ പറയുന്നു. എന്നാൽ ഈ കഥകളിലൊന്നും അവൾ താത്പര്യം പ്രകടിപ്പിക്കുന്നില്ല. കഥകൾ പറയുന്നത് എന്തിനു വേണ്ടിയാണെന്ന് വ്യക്തമല്ല; ഒരുപക്ഷേ തനിക്കു വേണ്ടി മാത്രം അയാൾ പറയുന്നതാകാം. അത് ആസ്വദിക്കുകയല്ല, അതിനുള്ളിലെ വൈരുധ്യം ചൂണ്ടിക്കാണിക്കുകയാവാം. ആ കഥകളിലെ നായകൻ തീരെ ദയയില്ലാത്തവനും പരുക്കനുമാണ്. അയാൾ പലതും മറക്കുന്നു. സ്നേഹം പോലും ആവശ്യമില്ല. ആരെയും സ്നേഹിക്കുന്നില്ല. ആ സ്ത്രീയുമായി ദൃഢമായ ബന്ധം ഇല്ലാതിരുന്നിട്ടും അവർ യാത്ര ചെയ്യുന്നു. അയാൾക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെടുന്നു. പറഞ്ഞ കഥകളിലെ പ്രധാന കഥാപാത്രങ്ങൾക്ക് അയാളുമായി സാദൃശ്യമുണ്ടെന്നത് വായനക്കാരന്‍റെ അനുമാനമാണ്. അത് ശരിയായിരിക്കാം.

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട പോലെയാണ് അയാൾ മുറിയുടെ താക്കോൽ സത്രം സൂക്ഷിപ്പുകാരനെ ഏൽപ്പിച്ച് പെൺസുഹൃത്തിനെ ഉറങ്ങാൻ വിട്ട്, രാത്രിയിൽ അവിടെ നിന്ന് ഉയരത്തിലുള്ള ഒരു പാറക്കെട്ടിലേക്കു യാത്ര തിരിക്കുന്നത്. താൻ അവിടെയുണ്ടെന്ന് അവളോടു പറഞ്ഞാൽ മതിയത്രേ.

"പ്രഭാതത്തിൽ പന്ത്രണ്ടു വർഷം കഴിഞ്ഞ് വിടർന്ന പൂക്കളെ അന്വേഷിച്ചുവന്ന മനുഷ്യനെ തേടി ഒരു സുന്ദരി വരും. അപ്പോൾ ചന്ദ്രൻ പറയേണ്ടത് ഇത്ര മാത്രം. അദ്ദേഹം കയറിപ്പോയ വഴി ഇതിലേ ഇതിലേ'.

ഇത് കഥയുടെ അവസാനം ഭാഗമാണ്. തിടുക്കപ്പെട്ട്, എന്തിന് അയാൾ ആ പാറക്കെട്ടുകളിലേക്കു പോകുന്നു? അവിടെ പൂക്കൾ വിരിഞ്ഞിട്ടുണ്ടെങ്കിൽ അത് കാണാൻ അവളും വരില്ലേ? അതിനു വേണ്ടി അയാൾ കാത്തുനിൽക്കുന്നില്ല. ഒരുപക്ഷേ അവൾക്ക് പൂക്കൾ കാണാൻ താൽപര്യമില്ലെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാകണം.

കുട്ട്യേടത്തി, ഇരുട്ടിന്‍റെ ആത്മാവ്, വളർത്തുമൃഗങ്ങൾ, ഡാർ എസ് സലാം തുടങ്ങിയ കഥകൾ വളരെ പ്രശസ്തമാണെങ്കിലും എം.ടിയുടെ ആത്മാവ് സ്പന്ദിക്കുന്നത് ഈ കഥയിലാണ്. തനിക്ക് അറിവുള്ള വിഷയമല്ല കഥാകൃത്ത് ഇവിടെ എഴുതുന്നത്. അറിയപ്പെടാത്ത ഏതോ താഴ്വരയിൽ യാദൃച്ഛികമായി എത്തിപ്പെട്ടിരിക്കുന്നു എന്ന പ്രതീതി കഥയിലുടനീളം കഥാനായകനെ ചൂഴുന്നുണ്ട്. അത് കഥാകൃത്തെന്ന നിലയിൽ എം.ടിയുടെയും പ്രശ്നമാണ്.

ഒരു കഥാകൃത്ത് താൻ എന്താണോ എഴുതുന്നത്, അതിന്‍റെ സൗന്ദര്യാത്മക, അസ്തിത്വ പ്രശ്നങ്ങളിൽ അവിഭാജ്യമായി തുടരുന്നുണ്ട്. കഥയിലൂടെ ഉയർത്തിക്കൊണ്ടുവരുന്ന ജീവിതചിന്ത അഥവാ അലട്ടൽ കഥാകൃത്തിന്‍റേതാണ്. കഥാകൃത്തിന് അതിൽ നിന്ന് മോചനമില്ല. കഥാകൃത്തിന്‍റെ വിതാനമാണത്. അയാൾ അവിടെയാണു ജീവിക്കുന്നത്. കഥയിൽ നിറയുന്ന സംശയവും ഉത്തരമില്ലാത്ത അസ്വസ്ഥതകളും ഓർമകളും തീരാവ്യാധി പോലെ കഥാനായകനെ പിടികൂടിയിരിക്കുകയാണ്. അയാൾ അതിൽ നിന്ന് എങ്ങോട്ടാണ് രക്ഷപ്പെടേണ്ടത്? എവിടെപ്പോയാലും തന്‍റെ ഓർമകൾ ആയിരമായി ഇരട്ടിച്ച് പിന്തുടർന്നുകൊണ്ടിരിക്കും. അതുകൊണ്ട് ഒരു നരകം അയാൾ അറിഞ്ഞുകൊണ്ട് ചുമക്കുകയാണ്. ഉണങ്ങാത്ത മുറിവുകൾ അയാളിലുണ്ട്. അതിന് അയാൾ തന്നെ കാവലിരിക്കുന്നു.

2. അന്യൻ

അതിൽ നിന്നു രക്ഷപ്പെടാൻ ഒന്നും ചെയ്യാനില്ല. എന്നാൽ പ്രണയമോ സ്നേഹമോ എന്ന് വേർതിരിക്കാനാവാത്ത വികാരം മനസിലൂടെ കടന്നു പോകുന്നു. അപ്പോൾ അയാളിലെ യുക്തിവാദി എല്ലാ മൃദുല വികാരങ്ങളെയും കശക്കുന്നു. എന്തുകൊണ്ടാണ് അയാൾക്ക് മറ്റൊരു മനുഷ്യമനസുമായി സംവേദനം സാധ്യമാകാത്തത്? അയാൾ അതിൽ പരാജയപ്പെട്ടിരിക്കുന്നു. അയാൾ ഒരു അന്യനാണ്. ഈ സമൂഹത്തിൽ തന്‍റെ സൗഹൃദങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നത് അപസ്വരങ്ങളാകുന്നതിൽ ആ മനുഷ്യന് ഖേദമില്ല. ഒരു വിജയഭാവം തന്നിലുള്ളത് മറച്ചുവയ്ക്കുന്നില്ല. സാഹിത്യ കൃതികളിലും സംഗീതത്തിലും തന്‍റെ മനസ് എന്ന ഇന്ദ്രിയം പ്രവർത്തനക്ഷമമാണ്. ചില സന്ദർഭങ്ങളിൽ അതിന്‍റെ സൂചന കൊടുക്കുന്നു. ആരോടും സ്നേഹബന്ധത്തിൽ ഏർപ്പെടാനാകുന്നില്ല. സ്വയം അന്യവത്ക്കരിച്ചതു കൊണ്ട് അതിന്‍റെ പേരിൽ ദുഃഖിക്കേണ്ടതില്ല. വളരെ ഒറ്റപ്പെടുന്നതും എന്നാൽ അനുരഞ്ജനപ്പെടാൻ വിസമ്മതിക്കുന്നതുമായ മാനസികാവസ്ഥയാണത്.

കഠിനഹൃദയരുടെ അല്ലെങ്കിൽ അതാര്യമായ മനസുള്ളവരുടെ അടിയേറ്റ് ചുളുങ്ങിയ ഭിത്തികളാണ് അയാളുടെ മനസിനുള്ളത്. അവിടെ മൃദുലവികാരങ്ങൾക്ക് ഇടമില്ല. മനസ് സ്വയം പുറംലോകവുമായുള്ള സംവാദം അവസാനിപ്പിച്ചിരിക്കുന്നു. ഒരിടത്തും ഇരുപ്പുറയ്ക്കാത്ത ജീവിയാണയാൾ. സമൂഹം അകലെ. അതിന്‍റെ അനുരണങ്ങൾ വരുന്നത് ഓർമകളായാണ്. അതിന്‍റെ പ്രത്യക്ഷമായ തെളിവാണ് യാത്രയ്ക്കിടയിൽ പറയുന്ന കഥകൾ.

കഥകളിലൂടെയും ഓർമകളിലൂടെയുമാണ് ആ നായകൻ ബാഹ്യലോകത്തെ അറിയുന്നത്. നേർക്കുനേർ കാണുന്നവരിൽ ആ വ്യക്തി മറ്റാരെയോ തേടുന്നു. താൻ തേടിയത് മറ്റാരെയോ ആണ് എന്നത് അബോധ ചിന്തയാണ്. അതിന്‍റെ അടിത്തറയിൽ നേർക്കുനേർ വരുന്നവരെ ഒഴിവാക്കുന്നു. അവരോട് ഒന്നും പറയാനില്ല. പറയാനുള്ളതെല്ലാം മാറ്റിവച്ചിരിക്കയാണ്. എന്നാൽ അതിന് പറ്റിയ മനസുകൾ എവിടെയുമില്ല. ഈ അന്യവത്ക്കരണവും അതിന്‍റെ പ്രക്ഷുബ്ധമായ തലത്തിലുള്ള പലായനവുമാണ് എം.ടി കഥകളുടെ മുഖമുദ്ര. അദ്ദേഹം തന്‍റെ ഗ്രാമമായ കൂടല്ലൂരിനെക്കുറിച്ചും തറവാടിനെക്കുറിച്ചുമൊക്കെ എഴുതിയിട്ടുണ്ടെങ്കിലും സ്വയം ആവിഷ്കരിക്കുന്നത് "പന്ത്രണ്ട് വർഷം ഉറങ്ങിയ പൂക്കളി'ലാണ്. എല്ലാ കഥകളിലും നോവലുകളിലും ഒളിഞ്ഞോ തെളിഞ്ഞോ കാണപ്പെടുന്ന എം.ടിയൻ സ്വഭാവ വൈചിത്രം ഇതാണ്.

എഴുതി തീർക്കുകയല്ല എം.ടി; ചിലതെല്ലാം ബാക്കി വയ്ക്കുന്നു. ഒരു എം.ടിയൻ കഥാപാത്രത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാമെന്ന ചിന്തയില്ല, അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിൽ തുടരെ പരാജയപ്പെടുകയും ചെയ്യുന്നു. അറിയാവുന്ന കാര്യങ്ങളെക്കുറിച്ചല്ല, ജീവിതത്തിന്‍റെ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ തന്നെ മുറിപ്പെടുത്തുന്നതിനെക്കുറിച്ചാണ് കഥാകൃത്ത് എഴുതുന്നത്. അതുകൊണ്ട് അത് എത്ര വിശദീകരിച്ചാലും പൂർണമാകില്ല. വ്യക്തതയില്ലാത്ത ജീവാതാനുഭവങ്ങൾ അലോസരപ്പെടുത്തുന്നു. എല്ലാം അറിയാമായിരുന്നെങ്കിൽ അതനുസരിച്ച് ജീവിക്കാമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്തതു കൊണ്ട് കഥാപാത്രത്തിന് നിസഹായാവസ്ഥയുണ്ട്. അത് ചടുലമായി, ഭ്രാന്തമായി പെരുമാറാൻ പ്രേരിപ്പിക്കുന്നു.

3. ആത്മാവിന്‍റെ നിവേദനങ്ങൾ

സത്യസന്ധതയാണ് ഈ എഴുത്തിന്‍റെ പ്രത്യേകത. ഹെമിങ്‌വേ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. "നല്ല സാഹിത്യ രചന സത്യസന്ധമായ രചനയാണ്. ഒരാൾ ഒരു കഥ എഴുതുമ്പോൾ ജീവിതത്തെക്കുറിച്ചുള്ള അയാളുടെ അറിവും മനഃസാക്ഷിയും തമ്മിൽ നല്ല അനുപാതത്തിലായിരിക്കും. അതുകൊണ്ട് എഴുതുമ്പോൾ സത്യസന്ധമായി വായനക്കാർക്ക് അനുഭവപ്പെടും'.

"പന്ത്രണ്ട് വർഷം ഉറങ്ങാത്ത പൂക്കൾ' എം.ടിയുടെ മനസിൽ ഉറങ്ങാതിരിക്കുന്ന മനഃസാക്ഷിയുടെ ഉണർത്തുപാട്ടാണ്. അതിൽ നിസങ്കോചം തന്‍റെ ആത്മാവിന്‍റെ നിവേദനങ്ങൾക്ക് കാതു കൊടുത്ത് സഞ്ചരിക്കുന്ന ഒരാളെ കാണാം. ആ അപസ്വരങ്ങളും വ്യർഥചലനങ്ങളും നിറഞ്ഞ ചുറ്റുപാടുകളിൽ നിന്ന് ആത്മരക്ഷാർഥം ശൂന്യതയിലേക്ക് ഓടി രക്ഷപ്പെടുന്ന ഏകാകിയെ അവിടെ കാണാം.

ഒന്നിനോടും വിധേയപ്പെടാതെ സ്വയം നിറയുകയാണ് ചിലരുടെ രീതി. അവർ ഒരു നന്മയും പ്രതീക്ഷിക്കുന്നില്ല. എത്രയൊക്കെ ആവർത്തിച്ചാലും ചില വാക്കുകൾ ഫലം തരില്ല. അത് ആവർത്തിക്കപ്പെടുന്നതിൽ വിരസത അനുഭവിക്കുന്നവരുണ്ട്. അവർ ഒരു സംഘർഷം ഒഴിവാക്കാൻ മൗനത്തിലേക്കു പ്രവേശിക്കും. ആ മൗനം ഏകാന്ത സഞ്ചാരങ്ങളുടെ ഈണമാണ്. അയാളുടെ വെളിമ്പുറങ്ങൾ ശൂന്യമാണ്. അവിടെ സായാഹ്നപ്പക്ഷികൾ എങ്ങോട്ടെന്നില്ലാതെ പറക്കുന്നു. അവ പോയ ദിക്കു നോക്കിയിട്ട് കാര്യമില്ല. അവർ പറന്നകലാൻ വേണ്ടി മാത്രം പറക്കുന്നതാണ്. എം.ടിയൻ കഥകളുടെ അടിസ്ഥാന സ്വഭാവങ്ങളുടെയെല്ലാം ആകത്തുകയായ "പന്ത്രണ്ട് വർഷം ഉറങ്ങിയ പൂക്കൾ' സമൂഹത്തിൽ ഒരന്യൻ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് സൂചിപ്പിക്കുന്നു. സംവേദനക്ഷമമാകാത്ത വസ്തുക്കൾക്കിടയിൽ സ്വഭാവം നഷ്ടപ്പെടുകയാണ്. ലോകം ഇതിനോടു പ്രതികരിക്കുന്നതു നിർവികാരതയോടെയാണ്. പ്രതിഷേധിക്കുകയാണ് അയാൾ. ഓരോ നിമിഷവും അയാൾ പ്രതിഷേധിക്കുന്നു. ഒരു സ്ഥാപനത്തോടോ വ്യക്തിയോടോ പാർട്ടിയോടോ അല്ല; ഒന്നും നേരെയാക്കാൻ കഴിയാത്ത ലോകത്തിന്‍റെ വിമുഖതയോടുള്ള, മൗനത്തോടുള്ള പ്രതിഷേധമാണത്.

ഈ കഥയിൽ മാതൃകാപരമായ ഒരു പെരുമാറ്റവുമില്ല. നായകന്‍റെ പ്രവൃത്തിയിൽ ആദർശമോ അനുകമ്പയോ ഇല്ല. എന്നാൽ ക്രൂരത പ്രകടമാണ്. സ്വയം അന്വേഷിക്കുന്നവന് അനുകമ്പയുണ്ടാകില്ല. അവൻ തന്‍റെയുള്ളിലെ അഗ്നിയിൽ നിന്ന് രക്ഷപ്പെടാൻ ഓടുകയാണ്. അർഥശൂന്യ ആരവങ്ങൾ ആവർത്തിക്കുകയാണ്. അതിന് ചെവി കൊടുക്കാതിരിക്കാൻ ശ്രമിച്ചാലും അതുതന്നെ കേൾക്കേണ്ടിവരും.

4. വെളിപ്പെടുത്തലുകൾ

യാത്രയ്ക്കിടയിൽ അയാൾ ആ സുഹൃത്തിനോട് ഇങ്ങനെ പറയുന്നു: "ഇതു മാത്രം ചിന്തിക്കൂ. പൂക്കൾ ഉറങ്ങുകയായിരുന്നു. ഒരിക്കൽ അവ കണ്ണു തുറക്കുന്നു. കാടിന്‍റെ പച്ചപ്പിൽ കാലം വരച്ച ആയിരമായിരം നീലക്കണ്ണുകൾ'. ആ യാത്രികന് യാതൊന്നും ആർദ്രമായി തോന്നുന്നില്ല. എന്നാൽ കാല്പനികമായ ചില ചിത്രങ്ങൾ മനസിൽ കെടാതെ ബാക്കി നിൽക്കുന്നു. നീലക്കുറിഞ്ഞിയെ നീലക്കണ്ണുകളായി അയാൾ ഭാവന ചെയ്യുന്നു. മനുഷ്യരുടെ ബഹളവും സമ്മർദവും നിറഞ്ഞ ലോകത്തിനപ്പുറമാണ് ആ നീലക്കണ്ണുകളെ കാണുന്നത്. അത് വിസ്മയം മാത്രമല്ല, ദുരൂഹമായ പ്രത്യക്ഷതയുമാണ്.

എന്തെഴുതണമെന്നു തീരുമാനിക്കാൻ, സത്യസന്ധമായി പറയുകയാണെങ്കിൽ, ഒരു ജീവിതകാലം തന്നെ വേണമെന്ന് ഹെമിങ്‌വേ പറഞ്ഞു. എങ്ങനെ എഴുതണമെന്ന് അറിയില്ല. മനുഷ്യാവസ്ഥയെക്കുറിച്ച് സത്യസന്ധമായ ഗദ്യം സൃഷ്ടിക്കാനാണ് ഏറ്റവും ബദ്ധപ്പാട്. എം.ടി ഉറങ്ങുന്ന പൂക്കൾ ചൂണ്ടിക്കാണിച്ച് മനുഷ്യാവസ്ഥയെക്കുറിച്ച് പരമാവധി സത്യസന്ധതയിൽ ചിലതു വെളിപ്പെടുത്തുന്നു.

5. രജത രേഖകൾ

1) കെ.എ. സെബാസ്റ്റ്യന്‍റെ "തീർന്നിട്ടില്ല' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 2) എന്ന കഥ വളരെ പഴകിയ ശൈലിയിലും ഭാഷയിലും എഴുതിയതാണ്. പുതിയ കാഴ്ചകളോ സംഭവങ്ങളോ ഇല്ല. എഴുത്തിന്‍റെ പ്രാഥമികമായ കാര്യം പോലും ഇവിടെ തകർക്കപ്പെട്ടു. ഒരു കഥാകൃത്ത് എല്ലാം അറിഞ്ഞവനാണെന്ന് ഭാവിക്കരുത് എന്നതാണത്. പള്ളിയിൽ പ്രാർഥിക്കാൻ വരുന്നവരെക്കുറിച്ച് അദ്ദേഹം ഇങ്ങനെ കുറിക്കുന്നു: "പലരും വെറും വയറ്റിലാകും പള്ളിയിൽ വരുന്നത്. കിടക്കറക്കാപ്പി കുടിച്ചവർ പോലും വിരലിലെണ്ണാവുന്നവരേ കാണൂ'. കഥാകൃത്ത് എങ്ങനെയറിഞ്ഞു ഈ രഹസ്യം? ഓരോരുത്തരുടെയും വീട്ടിൽ പോയി നോക്കിയോ? ഇങ്ങനെയൊന്നും എഴുതാൻ പാടില്ല. കഥയിൽ സെമിത്തേരി എന്നതിനു ശിമത്തേരി എന്ന് എഴുതിയിരിക്കുന്നു!

2) സർക്കാരിന്‍റെ കേരള അവാർഡുകൾ എഴുത്തുകാരെ വല്ലാതെ നിരാശപ്പെടുത്തി! ഇതിന്‍റെ ജഡ്ജിങ് കമ്മിറ്റി തീരെ ദുർബലമായിരുന്നു. ഒരു തട്ടിക്കൂട്ട് കമ്മിറ്റിയെ വച്ചല്ല ഇത് ചെയ്യേണ്ടത്. ഈ പുരസ്കാരം കിട്ടുമെന്ന് കരുതി ഇടതുപക്ഷത്തിനും സർക്കാരിനും വേണ്ടി സ്ഥാനത്തും അസ്ഥാനത്തും പ്രസംഗിച്ചവരൊക്കെ അപഹാസ്യരായി! സർക്കാർ തങ്ങളെ പിന്തുണയ്ക്കുമെന്ന് കരുതിയവർ അത് ഉറപ്പിക്കാൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടെങ്കിലും അതെല്ലാം വൃഥാവിലായി. ചിലർ ഇതിനു വേണ്ടി ഇടതുപക്ഷത്തെപ്രകീർത്തിച്ച് കുറിപ്പെഴുതി, ആണയിട്ടു. പക്ഷേ സർക്കാർ നോക്കുന്നത് നൃത്തം ചെയ്യുന്നവരെയും എടയ്ക്കൽ ഗുഹയെക്കുറിച്ച് പഠിക്കുന്നവരെയുമൊക്കെ!

3) യിദ്ദിഷ് സാഹിത്യകാരനായ ഐസക് ബാഷേവിസ് സിംഗർ എഴുതിയ "അമെരിക്കയിലെ മകൻ' (പ്രഭാത രശ്മി, സെപ്റ്റംബർ) ഈ കാലഘട്ടത്തിന്‍റെ വർധിച്ചു വരുന്ന ധനമോഹത്തെയും അമിതാവേശത്തെയും നന്നായി പരുക്കേല്പിക്കുന്നു. സമ്പന്നനായ മകൻ അമെരിക്കയിൽ നിന്നെത്തി. എന്നാൽ അവന്‍റെ മാതാപിതാക്കൾ പഴയ ഗ്രാമത്തിൽ ഒരു ചെറിയ കുടിലിൽ തന്നെ താമസിക്കുകയാണ്. അവൻ അയച്ചുകൊടുത്ത പണം അവർ തൊട്ടിട്ടേയില്ല. അവർക്ക് വലിയ മോഹങ്ങൾ ഒന്നുമില്ല. ആടും കോഴികളും പറമ്പും കൂടി അവരുടെ ആശകൾ നിറവേറ്റും. മകന്‍റെ പണത്തിന് അവിടെ യാതൊരു ഉപയോഗവുമില്ലായിരുന്നു. മനുഷ്യൻ അവന്‍റെ എളിമയിലും സത്യത്തിലും സ്നേഹത്തിലുമാണ് യഥാർഥമായി തീരുന്നത്. അവൻ പണത്തിന്‍റെയും സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും കുപ്പായങ്ങളിലായിരിക്കുമ്പോൾ മറ്റെന്തോ അവനെ പ്രതിനിധീകരിക്കുന്നു. ഈ കാലത്തിന്‍റെ മറുപടിയായി രചിക്കപ്പെട്ട കഥയാണിത്.

4) ശ്രീനാരായണ ഗുരുവിന്‍റെ കവിതകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തെപ്പറ്റി ഡോ. എം.എം. ബഷീർ എഴുതിയ ലേഖനത്തിൽ (പ്രഭാത രശ്മി, സെപ്റ്റംബർ) ഈ ഉദ്യമം കഠിനമാണെന്ന് അഭിപ്രായപ്പെടുന്നു. "നാരായണ ഗുരു- എ ക്രൈ ഇൻ ദ് വൈൽഡർനസ് ' എന്ന പേരിൽ ഈ പരിഭാഷ നിർവഹിച്ചത് വിനയചൈതന്യയാണ്. ഗുരുവിന്‍റെ കവിതകൾ പുതുതലമുറയെ ആകർഷിക്കും വിധം സമഗ്രമായി വ്യാഖ്യാനിച്ച് ആധ്യാത്മിക കാവ്യലോകത്ത് ആ കവിതകൾക്കുള്ള പ്രാധാന്യം വിലയിരുത്തുന്ന കൃതികൾ ഇനിയും ഉണ്ടാകണമെന്നാണ് ബഷീർ എഴുതുന്നത്.

5) കളമശേരി തൃക്കാക്കര കേസരി സ്മാരക സഹൃദയ ലൈബ്രറിയിൽ ഡോ. എം. ലീലാവതിയുടെ പേരിലുള്ള ബുക്ക് കോർണർ ആരംഭിച്ചത് അഭിമാനകരമാണ്. ടീച്ചറുടെ അപാരമായ വിജ്ഞാനസാമ്രാജ്യത്തിന്‍റെ അതിരുകൾ കണ്ടെത്തുക എളുപ്പമല്ല.

6) കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിരിക്കുന്നു. ഇതോടെ മത്സര പരീക്ഷകളിൽ കുട്ടികൾ ഉത്തരം നല്കേണ്ട ഒരു പേരാണ് ഉദയം ചെയ്യുന്നത്. ആ കവിതകൾ പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്യാം, എന്നാൽ ആ പേര് പഠിച്ചിരിക്കണം.

7) കഴിഞ്ഞ ദിവസം സാഹിത്യത്തിന് രണ്ട് ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. ഒന്ന്, ഷാജിൽ ആന്ത്രു എഡിറ്റ് ചെയ്യുന്ന "ലിറ്ററേച്ചർ റീഡിഫൈനിങ് വേൾഡ് '. മറ്റൊന്ന് കഥാകൃത്ത് ഇളവൂർ ശ്രീകുമാർ എഡിറ്റ് ചെയ്യുന്ന "നെപ്ട്യൂൺ വെബ് മാഗസിൻ'.

അമിതമായ വ്യവസായവത്ക്കരണവും നഗരവത്ക്കരണവും സാഹിത്യത്തെ പിന്നിലേക്ക് ഒതുക്കും. അതുകൊണ്ട് അമർത്തപ്പെടുന്ന ശബ്ദങ്ങൾക്കു വേണ്ടി സാഹിത്യത്തിന്‍റെ ഇടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കണം.

സാഹിത്യത്തെയും അതിന്‍റെ രാഷ്‌ട്രീയത്തെയും കുറിച്ച് 70കളിൽ ഉണ്ടായതുപോലെ നിശിതമായ ആലോചനകൾ വേണം, പരീക്ഷണങ്ങൾ വേണം. വ്യവസ്ഥാപിതമാകാനല്ല, സ്വയം നിർണയിക്കാനാണ് മാഗസിനുകൾ ശ്രമിക്കേണ്ടത്. മുഖ്യധാരയുടെ ചതുപ്പു നിലങ്ങൾക്കു ബദലായി, വിട്ടുപോയ കണ്ണികളെ യോജിപ്പിക്കണം. എന്നാൽ, പകരം രണ്ടു മാഗസിനിലും ആദ്യ ഇനമായി പ്രസിദ്ധീകരിച്ചത് സച്ചിദാനന്ദന്‍റെ ലേഖനമാണ്. സച്ചിദാനന്ദൻ ഇപ്പോൾ വ്യവസ്ഥാപിതത്വന്‍റെ, രാഷ്‌ട്രീയ അനുരഞ്ജനത്തിന്‍റെ പ്രതീകമാണ്.

8) ചില എഴുത്തുകാർ ഓരോ സ്ഥലത്തു യാത്ര പോകുമ്പോൾ ഹോട്ടലിൽ കയറി ഭക്ഷണം വരുത്തി വച്ചശേഷം ഫോട്ടൊയെടുത്ത് ഫെയ്സ്ബുക്കിൽ ഇടുകയാണ്. അവരുടെ ചിന്ത മരവിച്ചിരിക്കയാണ്. അവർ നമ്മെ പിന്നിലേക്ക് പിടിച്ചു വലിക്കുകയാണ്. അവരിൽ നിന്നും നമുക്ക് ഒന്നും ലഭിക്കാനില്ല. വി.പി. ശിവകുമാര്‍, ജയനാരായണൻ, യു.പി. ജയരാജ് എന്നീ കഥാകൃത്തുക്കൾ ജീവിച്ചിരുന്നെങ്കിൽ അവർ ഒരിക്കലും തങ്ങൾ തിന്നാൻ പോകുന്ന ഭക്ഷണത്തിന്‍റെ ഫോട്ടൊയെടുത്ത് പ്രദർശിപ്പിക്കുകയില്ലായിരുന്നു! എം. സുകുമാരനോ പട്ടത്തുവിള കരുണാകരനോ വൈലോപ്പിള്ളിയോ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ രാഷ്‌ട്രീയ നേതാക്കളോടൊപ്പം ട്രെയ്‌നിൽ സഞ്ചരിച്ച ശേഷം ആ ഫോട്ടോ ഫെയ്സ്ബുക്കിൽ ഇടില്ലായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com