

ഷാർജ രാജ്യാന്തര പുസ്തക മേളക്ക് തുടക്കം: അതിഥികളായി സച്ചിദാനന്ദനും മീരയും സന്തോഷ്‌കുമാറും
ഷാർജ: 44-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ബുധനാഴ്ച തുടക്കമാകും.നിങ്ങളും പുസ്തകവും തമ്മിൽ എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്‍ററിലാണ് പുസ്തകോത്സവം നടക്കുന്നത്. രാവിലെ ഔപചാരിക ഉദ്ഘാടനം നടക്കും. ഉച്ചയ്ക്ക് ശേഷം മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. 12 ദിവസം നീണ്ടുനിൽക്കുന്ന ഈ സാംസ്കാരിക മഹോത്സവത്തിൽ ഇന്ത്യയടക്കം 66 രാജ്യങ്ങളിൽ നിന്ന് 250ൽ ഏറെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. ഇവർ 1,200ൽ അധികം കലാ-സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകും. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഈ മാസം 16 വരെയാണ് പുസ്തക മേള.
കഴിഞ്ഞ വർഷത്തെ ബുക്കർ പ്രൈസ് ജേതാവ് കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖ്, മുംബൈയിലെ ക്രൈം റിപ്പോർട്ടറും ത്രില്ലർ നോവലുകളുടെ എഴുത്തുകാരനുമായ ഹുസൈൻ സെയ്ദി, പ്രശസ്ത കവി സച്ചിദാനന്ദൻ, മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരും വയലാർ അവാർഡ് ജേതാക്കളുമായ കെ.ആർ. മീര, ഇ. സന്തോഷ് കുമാർ എന്നിവർ ഇത്തവണത്തെ മേളയിൽ ഔദ്യോഗിക അതിഥികളായി പങ്കെടുക്കും.
ഭാനുവിന്‍റെ ബുക്കർ നേടിയ കഥാസമാഹാരം 'ഹാർട്ട് ലാംപ്' മേളയിലെ പ്രധാന ആകർഷണമാകും. ഡിജിറ്റൽ ലോകത്തെ ശ്രദ്ധേയ എഴുത്തുകാരായ ഇന്ത്യയിൽ നിന്നുള്ള പ്രജക്ത കോലി (മോസ്റ്റ്ലി സെയിൻ), പായൽ അറോറ, എന്നിവരും സാന്നിധ്യമറിയിക്കും.
നൈജീരിയൻ സാഹിത്യകാരി ചിമാമണ്ട എൻഗോസി അഡിച്ചി ഇത്തവണ ഷാർജയിൽ അരങ്ങേറ്റം കുറിക്കും. 'ഡ്രീം കൗണ്ട്' എന്ന ഏറ്റവും പുതിയ നോവലുമായാണ് ചിമാമണ്ട എത്തുന്നത്.
ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനും ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനുമായ പ്രഫ. കാർലോ റോവെല്ലിയും അതിഥിയായെത്തും.
സിനിമ ലോകത്തെ ഇതിഹാസ താരമായ വിൽ സ്മിത്തിന്‍റെ സാന്നിധ്യമാണ് ഇപ്രാവശ്യത്തെ ഏറ്റവും വലിയ ആകർഷണം. 14ന് നടക്കുന്ന സെഷനിൽ അദ്ദേഹം തന്‍റെ മൂന്ന് പതിറ്റാണ്ടുകാലത്തെ സിനിമാ, സംഗീത, സംരംഭകത്വ അനുഭവങ്ങൾ പങ്കുവയ്ക്കും.
2023ലെ ബുക്കർ സമ്മാനം നേടിയ ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചും ഷാർജ പുസ്തകമേളയിൽ എത്തും.
ഇവർക്ക് പുറമെ, ബ്രിട്ടിഷ് മനഃശാസ്ത്രജ്ഞനും ആഗോള സോഷ്യൽ മീഡിയ താരവുമായ ഡോ. ജൂലി സ്മിത്ത്, അമേരിക്കൻ ത്രില്ലർ എഴുത്തുകാരൻ ക്രിസ് പാവോൺ എന്നിവരും സാന്നിധ്യമറിയിക്കും.
മേളയിൽ 2,350ൽ ഏറെ പ്രസാധകരാണ് അണിനിരക്കുന്നത്. ഇതിൽ 1,224 അറബ് പ്രസാധകരും 1,126 രാജ്യാന്തര പ്രസാധകരും ഉൾപ്പെടുന്നു.
ഈ വർഷത്തെ അതിഥി രാജ്യം ഗ്രീസ് ആണ്. 58 ഗ്രീക്ക് പ്രസാധകരും 70 ഗ്രീക്ക് പ്രതിഭകളും പരിപാടികളിൽ സജീവമാകും. ഗ്രീക്ക് പവിലിയനിൽ 'ഗ്രീക്ക് സാഹിത്യം: ദ് ലോങ് ജേണി' എന്ന പേരിൽ ഒരു പ്രദർശനവുമുണ്ടാകും. അറബ് ലോകത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മികച്ച സംഭാവനകൾ നൽകിയ ഈജിപ്ഷ്യൻ എഴുത്തുകാരൻ മുഹമ്മദ് സൽമാവിയെയാണ് 44-ാം എഡിഷനിൽ സാംസ്കാരിക വ്യക്തിത്വമായി ആദരിക്കുന്നത്.
750 ശിൽപശാലകളും 35 ലൈവ് കുക്കിങ് സെഷനുകളും മേളയുടെ ആകർഷണങ്ങളാണ്.