ഷാർജ രാജ്യാന്തര പുസ്തക മേള നവംബർ 6 മുതൽ

ഇന്ത്യയിൽ നിന്ന് 52 പ്രസാധകർ മലയാളത്തിൽ നിന്ന് കവി റഫീഖ് അഹമ്മദ്, മൊറോക്കോ അതിഥി രാജ്യം
Sharjah International Book Fair, SIBF 2024
ഷാർജ രാജ്യാന്തര പുസ്തക മേള നവംബർ 6 മുതൽ
Updated on

ഷാർജ: ഷാർജ ബുക്ക് അഥോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രശസ്തമായ ഷാർജ അന്തർദേശീയ പുസ്തകോത്സവത്തിന് നവംബർ ആറിന് തുടക്കമാവും. നവംബർ 17 വരെ ഷാർജ എക്‌സ്‌പോ സെന്‍ററിലാണ് മേളയുടെ നാൽപ്പത്തിമൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്.

112 രാജ്യങ്ങളിൽ നിന്നുള്ള 2,520 പ്രസാധകർ ഇത്തവണ പങ്കെടുക്കും. 'ഇറ്റ് സ്റ്റാർട്ട്സ് വിത്ത് എ ബുക്ക്' എന്നതാണ് ഈ വർഷത്തെ പുസ്തകമേളയുടെ പ്രമേയമെന്ന് ഷാർജ ബുക്ക് അഥോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ ആമിരിയും എസ്ഐബിഎഫ് ജനറൽ കോഓർഡിനേറ്റർ ഖൗല അൽ മുജൈനിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൊറോക്കോയാണ് ഈ വർഷത്തെ അതിഥി രാജ്യം. മൊറോക്കോയുടെ സമ്പന്നമായ സാഹിത്യ, സാംസ്കാരിക പൈതൃകം ഈ മേളയിൽ സവിശേഷമായി പ്രദർശിപ്പിക്കും. 63 രാജ്യങ്ങളിൽ നിന്നുള്ള 250 അതിഥികൾ 1,357 ആക്ടിവിറ്റികൾക്ക് നേതൃത്വം നൽകും. 400 എഴുത്തുകാർ അവരുടെ ഏറ്റവും പുതിയ കൃതികളിൽ പ്രകാശനം ചെയ്യും.

എസ്ഐബിഎഫ് എല്ലാ പ്രായക്കാർക്കുമായി 600 ശിൽപ്പശാലകളാണ് ഇത്തവണ നടത്തുന്നത്. സർഗ രചനാ രംഗത്തെ ആഗോള വിദഗ്ധരുടെ നേതൃത്വത്തിൽ മുൻകൂട്ടി ബുക്ക് ചെയ്‌ത പ്രത്യേക ശിൽപ്പശാലകളാണുണ്ടാവുക.

ഈ വർഷം 2,522 പ്രസാധകരും പ്രദർശകരുമാണുണ്ടാവുക. ഇതിൽ 835 അറബ്, 264 വിദേശി പ്രസാധകരാണ്. 234 അറബ് പങ്കാളികളിൽ ഈജിപ്ത് 172, ലബനാൻ 88, സിറിയ 58. അന്താരാഷ്ട്ര തലത്തിൽ 81 പ്രസാധകരുമായി യുകയാണ് മുന്നിൽ. 52 പ്രസാധകരുമായി ഇന്ത്യ തൊട്ടു പിന്നിൽ നിൽക്കുന്നു.

കാവ്യസന്ധ്യകൾ

43-ാം പതിപ്പിന്‍റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് 7 മണിക്ക് കാവ്യ സന്ധ്യകളുണ്ടാവും. അറബി, ഇംഗ്ലീഷ്, ഉർദു, പഞ്ചാബി, മലയാളം, തഗലോഗ് എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിൽ തങ്ങളുടെ കൃതികൾ അവതരിപ്പിക്കാൻ ലോകമെമ്പാടുമുള്ള പ്രമുഖ കവികളെ ഒരുമിച്ച് കൊണ്ടുവരുന്നു. കവിതയ്‌ക്കൊപ്പം തത്സമയ സംഗീത പ്രകടനങ്ങളും ഉണ്ട്. സാംസ്കാരികവും കലാപരവുമായ വൈവിധ്യങ്ങൾ ആഘോഷിക്കാനായാണ് ഇത്തരമൊരു പരിപാടി ഒരുക്കുന്നത്.

യുകെയിൽ നിന്നുള്ള ജാനിസ് തോമസ്, പാക്കിസ്ഥാനി വാസി ഷാ, മലയാളത്തിൽ നിന്നും റഫീഖ് അഹമ്മദ്, ഫിലിപ്പീൻസിൽ നിന്നുള്ള എസ്തർ വർഗാസ് കാസ്റ്റിലോ തുടങ്ങിയ പ്രമുഖ അന്തർദേശീയ കവികൾ പങ്കെടുക്കും. കവികളായ ഡോ. മിഷാൽ ഹമദ്, ഇബാ അൽ ഖത്തീബ്, ആദം ഫാത്തി, നാസർ അൽ ഉബൈർ എന്നിവർ അറബ് ലോകത്തെ പ്രതിനിധീകരിക്കുന്നു.

500 സാംസ്കാരിക പ്രവർത്തനങ്ങൾ, 134 അതിഥികൾ

പ്രമുഖ അറബ്, അന്തർദേശീയ പുരസ്‌കാര ജേതാക്കൾ ഉൾപ്പെടെയുള്ള എഴുത്തുകാരുടെയും ചിന്തകരുടെയും ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും സംഗമമാണ് 43-ാം പതിപ്പിലുണ്ടാവുക. 14 രാജ്യങ്ങളിൽ നിന്നുള്ള 134 അതിഥികൾ, 49 അന്തർദേശീയ പ്രഭാഷകർ, 17 രാജ്യങ്ങളിൽ നിന്നുള്ള 45 അറബ് അതിഥികളും കൂടാതെ 40 പ്രമുഖ എമിറാത്തി പ്രഭാഷകരും ഉൾപ്പെടും. പാനൽ ചർച്ചകളും വായനകളും മുതൽ വൈവിധ്യമാർന്ന കലാരൂപങ്ങളിലും സാഹിത്യ വിഭാഗങ്ങളിലും സൃഷ്ടിപരമായ അനുഭവങ്ങൾ പങ്കുവെക്കുന്ന വർക്ക് ഷോപ്പുകളും സെഷനുകളും വരെയുള്ള 500 സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഈ പ്രശസ്ത ചിന്തകർ നേതൃത്വം നൽകും.

എസ്.ബി.എ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ യു.എ.ഇയിലെ മൊറോക്കൻ അംബാസഡർ അഹമ്മദ് അൽ താസി, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയരക്ടർ ജനറൽ മുഹമ്മദ് ഹസൻ ഖലാഫ്, ഷാർജ രാജ്യാന്തര പുസ്തക മേളയുടെ പ്രൊഫഷണൽ കോൺഫറൻസുകളുടെ ജനറൽ കോഡിനേറ്റർ മൻസൂർ അൽ ഹസ്സനി എന്നിവരും പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com