ലൈബ്രറികൾക്ക് പുസ്തകം വാങ്ങാൻ 11 കോടി രൂപ അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്ന് പുതിയ പുസ്തകങ്ങൾ വാങ്ങി എമിറേറ്റിലെ പൊതു, സർക്കാർ ഗ്രന്ഥശാലകളെ സമ്പന്നമാക്കും.
Sharjah ruler grants money to buy books for libraries

ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അന്താരാഷ്ട്ര പുസ്തകോത്സ വേദിയിൽ.

Updated on: 

ഷാർജ: എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്ന് പുതിയ പുസ്തകങ്ങൾ വാങ്ങി എമിറേറ്റിലെ പൊതു, സർക്കാർ ഗ്രന്ഥശാലകളെ സമ്പന്നമാക്കുന്നതിനായി 11 കോടിയിലേറെ രൂപ (45 ലക്ഷം ദിർഹം) അനുവദിക്കാൻ യുഎഇ പരമോന്നത കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലാണ് (എസ് ഐ ബി എഫ് 2026) ഈ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തുക. 126 രാജ്യങ്ങളിൽ നിന്നുള്ള 3,212 പ്രസാധകരും എക്സിബിറ്റർമാരുമാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. സയൻസ്, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ 17 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

വായനക്കാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പുതിയ അറിവുകൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഗ്രന്ഥശാലകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും ഈ ഗ്രാൻഡ് സഹായിക്കുമെന്ന് ഷാർജ ബുക്ക് അഥോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ബൊദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.