കിനാവള്ളികൾ | കഥ - ശ്രീമൂലനഗരം പൊന്നൻ
കിനാവള്ളികൾ | കഥ - ശ്രീമൂലനഗരം പൊന്നൻPaintings: Subhash Kalloor

കിനാവള്ളികൾ | കഥ

വായിക്കാം..., ശ്രീമൂലനഗരം പൊന്നൻ എഴുതിയ കഥ, കിനാവള്ളികൾ

ശ്രീമൂലനഗരം പൊന്നൻ

നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷമാണീവഴി വരുന്നത്. ഇത്രയും കാലം, ഒരിക്കൽക്കൂടി വരണമെന്ന് ഒരുപാട് മോഹിച്ചത്, ഈ ജംഗ്ഷനിലെത്താനാണ്. ഇവിടെയാണ് ശരവണൻ കാത്തിരിക്കാമെന്ന് പറഞ്ഞത്. അർദ്ധപട്ടിണിക്കാലത്ത്, തീവ്രവിപ്ലവചിന്തകളാൽ പനിച്ചും വിശപ്പറിയാതേയും നടന്ന തന്‍റെ ദേശത്തെ നാട്ടിടവഴികൾ അയാളോർത്തു. നഷ്ടപ്പെട്ട യൗവനമോർത്തു. വായനശാലയും നാടകദിനങ്ങളുമോർത്തു. പാട്ടും മുദ്രാവാക്യങ്ങളും തുടരെത്തുടരെ എഴുതിക്കൂട്ടിപ്പേരെടുത്ത സായംസന്ധ്യകളോർത്തു. വെളുക്കുവോളം വിശ്രമമില്ലാതെ, വസന്തംമോഹിച്ച് ഉറക്കമൊഴിച്ച വിപ്ലവനാടകരാവുകളോർത്തു. എവിടെയാണ് പിഴച്ചത്? സഖാവ് ചെല്ലപ്പന്‍റെ മരണത്തിനാരാണുത്തരവാദി? മരിക്കും മുമ്പ് ചെല്ലപ്പൻ അർദ്ധബോധാവസ്ഥയിൽ പിറുപിറുത്തത് തന്‍റെ പേരായതെങ്ങനെ?

എവിടെയാണ് പിഴച്ചത്? സഖാവ് ചെല്ലപ്പന്‍റെ മരണത്തിനാരാണുത്തരവാദി? മരിക്കും മുമ്പ് ചെല്ലപ്പൻ അർദ്ധബോധാവസ്ഥയിൽ പിറുപിറുത്തത് തന്‍റെ പേരായതെങ്ങനെ?

നാടകത്തിലെ വിപ്ലവഗാനങ്ങളെല്ലാം സംഗീതം ചെയ്തു തരുമായിരുന്ന പ്രിയപ്പെട്ട സഖാവിന്‍റെ മകന് രാത്രിയിൽ പാമ്പുകടിയേറ്റതറിഞ്ഞാണ് ആദ്യമായി ആ പുരയിലേയ്ക്ക് ഓടിച്ചെന്നത്. ആശുപത്രിയിലേയ്ക്ക് എടുത്തോണ്ടോടിയതും താൻ തന്നെ. ആ പയ്യന്‍റെ വിഷംപാഞ്ഞ, തളർന്ന കാലുകളും അമ്പരപ്പിൽ തിളങ്ങിയ കണ്ണുകളും മറക്കാൻ വയ്യ. പയ്യൻ രക്ഷപ്പെട്ടതിൽപ്പിന്നെ വൈകുന്നേരങ്ങളിൽ മിക്കവാറും അവിടെപ്പോകുമായിരുന്നു. കട്ടൻചായയും രണ്ടുകഷണം കപ്പയും പൊള്ളുന്ന പാർട്ടിച്ചർച്ചകളും പ്രതീക്ഷകളും കടന്ന് രാത്രിയിലായിരുന്നൂ മിക്കവാറും മടക്കം. അതുകൊണ്ടൊക്കെയാവാം പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കാമരണത്തിൽ പങ്കുണ്ടെന്ന് നാട്ടുകാരും പോലീസും എന്തിന് പാർട്ടിപോലും വിശ്വസിച്ചത്. സഹിക്കാനാവാഞ്ഞത് സഖാവിന്‍റെ ഭാര്യയുടേയും മകന്‍റേയും മൗനവും സംശയം പൂണ്ട നോട്ടങ്ങളുമാണ്. ഒളിച്ചോടുകയേ രക്ഷയുണ്ടായിരുന്നുള്ളൂ. തന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടത് തന്‍റെ മാത്രം ബാധ്യതയാവുകയും പോലീസിനും നാട്ടുകാർക്കും ഒരു കുറ്റവാളിയെ കണ്ടെത്തി കേസവസാനിപ്പിച്ചാൽ മാത്രം മതിയെന്ന് മനസിലാവുകയും ചെയ്തപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. നാടകീയമായി ഒരു ഒളിച്ചോട്ടം.

കസ്റ്റഡിയിൽ വച്ച് താൻ കൊല്ലപ്പെട്ടുവെന്നു൦ മൃതദേഹം പോലീസ് ഇരുചെവിയറിയാതെ കത്തിച്ചു കളഞ്ഞുവെന്നു൦ നാട്ടിലൊരു കഥ പരന്നതായി ഒരിക്കൽ റഹീമിക്ക പറഞ്ഞ് താനു൦ കേട്ടിട്ടുണ്ട്. കോടതിയിലേക്ക് കൊണ്ടു പോകു൦ വഴിയാണ് ഓടി രക്ഷപ്പെടാനായത്. പോലീസുകാർ പിറകേ ഓടിവന്നെങ്കിലു൦ ഒളിക്കാനൊരിട൦ കിട്ടി. ഒരു സർക്കസ് വണ്ടി. ഗ്രാമത്തിലെ പ്രദർശനം കഴിഞ്ഞ് മറ്റൊരു നാട്ടിലേയ്ക്ക് യാത്രതിരിച്ച സർക്കസ് വണ്ടിയിലേയ്ക്ക് ഓടിക്കയറി. മൃഗങ്ങളെ കയറ്റിയ ഇരുമ്പു കൂടുകൾക്കുള്ളിൽ മറഞ്ഞിരുന്നു. മൃഗങ്ങൾ എന്തോ ഒച്ച വച്ചില്ല. അവ തീർത്തു൦ അവശരായിരുന്നു. ഒരു ഹോട്ടലിനു മുമ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വണ്ടികൾ.
ഊണുകഴിഞ്ഞ് സർക്കസുകാർ ഹോട്ടലുകാർക്ക് ടാറ്റയു൦ കൊടുത്ത് വണ്ടികളിൽ വന്നുകയറി. മൃഗങ്ങളെ കയറ്റിയ ലോറിയിലേയ്ക്ക് കയറിവന്നത്, മൂന്നു നാലു കുള്ളന്മാരായിരുന്നു. ഭക്ഷണം കഴിച്ചതിന്‍റെ തൃപ്തിയിൽ, കയറിയപാടേ ചാക്കുകളിലു൦ വൈക്കോൽ കെട്ടുകൾക്കിടയിലുമായി അവർ കിടന്ന് ഉറക്കമായി. പക്ഷേ... വൃദ്ധനൊരാൾ തന്നെക്കണ്ടു. എന്താണെന്നറിയില്ല. അയാൾ ഒച്ച വച്ചില്ല. നിസ൦ഗഭാവത്തിൽ നോക്കിയിരുന്നു.

ഞാനിവരേയുംകൊണ്ട് കുളിക്കാൻ പോകും. തിരിച്ചു വരുമ്പോൾ നീ... നിന്നെക്കാണരുതിവിടെ...

പിന്നീട്

"എന്തായിവിടെ...?"

എന്ന അർത്ഥത്തിൽ ആംഗ്യത്താൽ ചോദിച്ചു. താനാമനുഷ്യന്‍റെ കാൽക്കലേയ്ക്ക് ഇഴഞ്ഞു ചെന്ന്, കൈകളിലെ വിലങ്ങു കാട്ടിപ്പറഞ്ഞു.

"പോലീസിനെ വെട്ടിച്ചു മുങ്ങീതാ.പക്ഷേ ഞാൻ കുറ്റവാളിയല്ല. ഒരാളെക്കൊല്ലാൻമാത്രം വിപ്ലവമൊന്നും എന്‍റെ തലയ്ക്കകത്തില്ലമ്മാവാ. എന്നെ വിശ്വസിക്കണം..."

നിറകണ്ണുകളോടെ തൊണ്ടയിടറിപ്പറഞ്ഞതു കേട്ടിട്ടാവാം അയാൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്കു നോക്കി കുറേനേരമിരുന്നു. ഒടുവിൽ ചോദിച്ചു.

"ഇനിയെന്താ പ്ലാൻ?"

"ഇവിടന്നെങ്ങോട്ടെങ്കിലും രക്ഷപ്പെടണം. എനിക്കു ജീവിക്കണം."

"ഒളിച്ചു കഴിയാനോ...? എന്നുവരെ?"

"എനിക്കാവും വരെ. ചിലപ്പോൾ മരണം വരെ എന്‍റെ നിരപരാധിത്വം തെളിയിക്കപ്പെടില്ല. എന്നെയാരും സഹായിക്കില്ല."

by Subhash Kalloor

ഈ വിലങ്ങോ? അതെങ്ങനെ നീ ഈരിയെറിയും? അതിനാര് സഹായിക്കും?"

തനിയ്ക്കുത്തരമില്ലായിരുന്നു. പക്ഷേ വൃദ്ധൻ കോട്ടിന്‍റെ പോക്കറ്റിൽ നിന്ന് വളപോലെ ചുരുട്ടിവച്ച ഒരു നൂൽക്കമ്പിയെടുത്ത് നിവർത്തിയിട്ട് തന്നോട് കണ്ണടയ്ക്കാനാവശ്യപ്പെട്ടു. താൻ അനുസരിച്ചു. കണ്ണു തുറന്നോളാൻ പറഞ്ഞപ്പോൾ കണ്ടത് ; വിലങ്ങ് നിഷ്പ്രയാസം അയാൾ അഴിച്ചിരിക്കുന്നു. മടിയിൽ വീണ വെള്ളി വിലങ്ങ് എടുത്ത് അയാൾ തിരിച്ചും മറിച്ചും നോക്കി. പിന്നീടെന്തോ ഓർത്തു മന്ദഹസിച്ചു. ആ മനസിലന്നേരം എന്തായിരിക്കുമെന്നോർത്തിട്ട് ഒരു പിടിയും കിട്ടിയില്ല. പക്ഷേ അയാൾ പറഞ്ഞു.

"എനിക്കിതു വേണം. ഞാൻ പറയുന്നിടത്ത് നീ ഇറങ്ങിപ്പൊയ്ക്കൊള്ളണം."

തലയാട്ടി സമ്മതിച്ചു. രണ്ടു മണിക്കൂറിനുശേഷം അടുത്ത ഗ്രാമത്തിലേയ്ക്കുള്ള പാതയിൽ വണ്ടി നിർത്തി. എല്ലാവരും അടുത്തുകണ്ട പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കുള്ളന്മാരെ കുലുക്കിയുണർത്തുംമുമ്പ് അയാൾ പറഞ്ഞു.

"ഞാനിവരേയുംകൊണ്ട് കുളിക്കാൻ പോകും. തിരിച്ചു വരുമ്പോൾ നീ... നിന്നെക്കാണരുതിവിടെ."

അതും സമ്മതിച്ച് തലയാട്ടി. ചോദിക്കാതിരിക്കാനായില്ല.

"അമ്മാവന്‍റെ പേരെന്താണ്?"

"യാത്രക്കാരൻ"

അയാൾ കറുത്ത പുഴുപ്പല്ലുകാട്ടി മെല്ലെ ചിരിച്ചു.

"നിന്നേപ്പോലൊരു യാത്രക്കാരൻ. വേറെ വല്ലതും അറിയണോ?"

"വേണ്ടാ"

ഇത് ആനച്ചാലാ... ഇതിലേ നടന്നാൽ കൊമ്പന്‍റെ മുമ്പീപ്പെടും...

തന്‍റെ കൈയിൽ കുറേ മുഷിഞ്ഞ നോട്ടുകളും ചില്ലറയും വച്ചുതന്ന്, അയാൾ ആ മൂന്ന് കുള്ളൻ കൂട്ടുകാരുമായി ഇറങ്ങിപ്പോയി. വിജനമായ ആ പ്രദേശത്തിറങ്ങി, താനും ലക്ഷ്യമില്ലാതെ നടന്നു. എങ്ങോട്ടും പോകാവുന്ന സ്വാതന്ത്ര്യം. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നൂ അത്ര വലിയ അളവിൽ അതനുഭവിച്ചത്. കുറേ നടന്നിരിക്കണം. കിഴക്കോട്ടോ പടിഞ്ഞാട്ടോ എന്ന് തിട്ടമുണ്ടായിരുന്നില്ല. വടക്കോട്ടോ തെക്കോട്ടോ ആയിരിക്കാം. മണിക്കൂറുകൾ നീണ്ട നടത്തത്തിനു ശേഷം ഒരു വനാതിർത്തി പോലുള്ള സ്ഥലത്തെത്തിയപ്പോൾ ഒന്നു ഭയന്നു. ഇനി എങ്ങോട്ട്? ഈ പ്രദേശത്തേക്കൊന്നും ഇതിനുമുമ്പ് വന്നിട്ടേയില്ല. തന്‍റെ ഗ്രാമമായിരുന്നൂ തന്‍റെ ലോകം. ഇനി പറഞ്ഞിട്ടെന്ത്? അതു നഷ്ടപ്പെട്ടു കഴിഞ്ഞു. ഒരു പക്ഷേ എന്നെന്നേയ്ക്കുമായി. കഴിഞ്ഞ ജന്മത്തിലെ സംഭവങ്ങൾ പോലെ, മറന്നുകളയുക മാത്രേ വഴിയുള്ളൂ. ഓർത്തെടുത്തിട്ടെന്തിന്? പക്ഷേ സുമിത്ര? അമ്മ? അവരെക്കുറിച്ചോർത്തില്ലല്ലോ! പതിനാലു വയസേയുള്ളൂ സുമിക്ക്. നിവർന്നു നിന്നു ശ്വാസം വിടാൻ പോലും കഴിയാത്ത ആസ്ത്മാരോഗിണിയായ അമ്മ! തിരിച്ചു പോയാലോ? എങ്ങോട്ട്? നിയമത്തിന്‍റെ അഴിയെണ്ണാനോ? അല്ലെങ്കിൽ പോലീസിന്‍റേയോ വർഗ്ഗ ശത്രുക്കളുടേയോ കൈയിൽ ഞെരിഞ്ഞമരാനോ? പക്ഷേ അമ്മയും സുമിയും? പീതാംബരനുണ്ടാവും, എന്തിനും. അതാണൊരാശ്വാസം. ആകെ അവനുണ്ടായിരുന്ന തള്ളയും മരിച്ചതോടെ അവന്‍റെ കൂരവിട്ട് തന്നോടൊപ്പം വന്നവനാ. മൂന്നാംക്ലാസു വരെയേ പഠിച്ചിട്ടുള്ളൂ. പിന്നെ കൊപ്രാക്കളത്തിലെ പണിക്കുപോയി. ആഴ്ചേല് രണ്ടു ദിവസം ; ശനീം ഞായറും, ഇഷ്ടികക്കളത്തിലും. അവനു തിന്നാനുള്ള വക അങ്ങനെ കിട്ടും. ബാക്കിയുള്ള സമയം അമ്മേടേം സുമീടേം കൂടെ, വീട്ടിലേയും പറമ്പിലേയും സഹായിയാവും . കടയിൽപ്പോയി പലചരക്കും കഷായത്തിനുള്ള മരുന്നും, റേഷനും വാങ്ങി ത്തരും. പാർട്ടിക്ലാസ്സുകൾ കഴിഞ്ഞ് രാത്രി കേറി വരുമ്പോൾ ഇറയത്ത് ചാക്കും വിരിച്ചു കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നുണ്ടാകും പീതാംബരനും അവന്‍റെ വെളുത്ത പട്ടി അമലുവും. പീതാംബരനവിടെ ഉണ്ടെന്നുള്ള ആശ്വാസം ഒരു വലിയ നിധി കിട്ടുന്നതിനേക്കാൾ വലുതായിത്തോന്നി. അപ്പോൾ ഇരുളാൻ തുടങ്ങിയിരുന്നു. മടിച്ചില്ല. ആ രാത്രി തന്നെ വനം കയറി. കൂരിരുട്ടിൽ ഭാഗ്യപരീക്ഷണം പോലെ നടന്നു. കാട്ടിലന്നേരം എന്നിട്ടും വെളിച്ചമുണ്ടായിരുന്നു. പൂർണ്ണ ചന്ദ്രനുദിച്ചുനിന്ന ഏതോ ഒരു രാത്രിയായിരുന്നിരിക്കണം. ഒരുദ്ദേശ്യവുമില്ലാതെ... രണ്ടും കല്പിച്ചുള്ള നടപ്പ്. ഇടയ്ക്കേതോ മൃഗങ്ങളുടെ മുരൾച്ചയും കരച്ചിലും ദൂരെക്കേട്ടു. മരിക്കാൻ ഒട്ടും ഭയം തോന്നിയില്ല. മൃഗങ്ങൾ ആക്രമിക്കില്ലെന്നാരോ സ്വകാര്യം പറഞ്ഞുകൊണ്ടിരുന്ന പോലെ ഒരു ധൈര്യം. ശരിയായിരുന്നു. ഒരു വഴിച്ചാൽ കണ്ടെത്തിയതിലൂടെ ശ്രദ്ധിച്ച് സൂക്ഷിച്ചു നടന്നു. കുറേയങ്ങ് ചെന്നപ്പോ വെളുപ്പാൻ കാലത്ത് ആ വഴിച്ചാൽ മുടക്കി ഒരാൾ നിന്നിരുന്നു. മലപോലെ തോന്നിച്ച ദേഹമുള്ള ഒരു കൊമ്പൻമീശക്കാരൻ. ആകെ വിറച്ചു പോയി. തനിക്ക് മൃഗങ്ങളെക്കാൾ മനുഷ്യനെയാണ് പേടിയെന്ന് തീർച്ച തോന്നി. അയാൾ ചോദിച്ചു.

"ആരാടാ നീ?"

വിശപ്പും ദാഹവും ക്ഷീണവും മൂലമാകാം സംസാരിക്കാൻ ശബ്ദം കിട്ടിയില്ല. ആ പാരവശ്യമറിഞ്ഞ് അയാൾ തണുത്തു. അടക്കിപ്പിടിച്ച് അയാൾ ഒന്നുകൂടി മുരണ്ടു.

"പോലീസാ?"

"അല്ല"

"പിന്നെ?"

"പ്രതിയാ"

അറിയാതെ കരഞ്ഞു പോയി. അയാൾ ഒന്നു ചിരിച്ചു. ചിരപരിചിതനോടെന്നപോലെ, സ്നേഹത്തോടെ. പിന്നെപ്പറഞ്ഞു.

"ഇത് ആനച്ചാലാ... ഇതിലേ നടന്നാൽ കൊമ്പന്‍റെ മുമ്പീപ്പെടും."

അയാൾ കാട്ടിയ വഴിയേ നടന്നു. ഏതോ മലഞ്ചെരുവിലെ ഒരു കുടിലിലെത്തി. ഉൾക്കാടിനടുത്തെങ്ങോ ആണ്. അതിനുമപ്പുറം ഒരു പാറക്കുന്നുണ്ടത്രേ. 'കങ്കാണിപ്പാറ'യെന്നാ ആദിവാസികൾ പറയുക. അതിനിടയിൽ അയാളോട് ഒന്നും പറയരുതെന്നു ചിന്തിച്ചു കൊണ്ടുതന്നെ എല്ലാ വിവരങ്ങളും തുറന്നു പറഞ്ഞു പോയി.

"എന്നെക്കിട്ടിയാ അവര് കൊല്ലും."

അതിനയാൾ മറുപടി പറഞ്ഞത് അതിശയിപ്പിച്ചു.

"ഒന്നു ചുമ്മാതിരിക്കെടാ. നീ കൊല്ലാത്ത ഒരുത്തനു വേണ്ടി നിന്നെയാരുമീക്കാട്ടില് കൊല്ലത്തില്ല. കൊല്ലാൻ മൂപ്പര് സമ്മതിക്കത്തില്ല."

"ആര്?"

ആരാണാവോ ഈ മൂപ്പര്?

"പടച്ചോൻ"

by Subhash Kalloor

അതു നേരണെന്നും അങ്ങനെ ഒരാൾ ഉണ്ടെന്നും ആദ്യമായി തോന്നിച്ച നിമിഷം,അതായിരുന്നു. റഹീമിക്ക കാഴ്ചയിലേ ഭീകരനായിരുന്നുള്ളൂ. അലിവുള്ള മനസ്സായിരുന്നു. ദൂരെയുള്ള ഏതോ സേഠിന്‍റെ ഇഞ്ചികൃഷി നോക്കി നടത്തലായിരുന്നൂ കാടിനകത്ത് റഹീമിക്കയുടെ പണി. പിന്നെ, അല്പം ചാരായവാറ്റും. അത് വില്ക്കുന്നത് ചില പോലീസുകാർക്കും ഫോറസ്റ്റുകാർക്കും. രണ്ടാദിവാസികൾ കുടിലിനപ്പുറത്തിരുന്ന് മെനക്കെട്ട് ചാരായം വാറ്റും. വൃദ്ധനായൊരു കാണിയും അവന്‍റെ മകൻ ശരവണനും.

"കഞ്ചാവ് കൃഷികൂടിത്തൊടങ്ങടാന്ന് ഏമാന്മാര് പറഞ്ഞതാ. പക്ഷേ എനിക്കു ധൈര്യം പോരാ. ഒറ്റുകാരുള്ളതാ. ഈ കുടിലുപോലും പുറത്താർക്കും അത്ര തിട്ടം പോരാ. ഏതായാലും നീയെനിക്കൊരു സഹായിയായി ഇവിടെ കൂടിക്കോ. മടുക്കുമ്പോ തിരിച്ചു പൊയ്ക്കോ. മിണ്ടാനും പറയാനും ഒരാളില്ലാഞ്ഞിട്ട് എനിക്കും മടുത്തു.

"റഹീമിക്കായ്ക്ക്... നാട്ടിലാരാ?"

"നാടോ...? അതൊക്കെ ഞാനെന്നേ മറന്ന്. സേഠ്‌ജി വരുമ്പോ ചിലപ്പോൾ മൂപ്പർക്കൊപ്പം ഒന്നു തമിഴ് നാട് വരെപ്പോകും. അത്ര തന്നെ."

"അല്ലാ... കുടുംബം.?"

റഹീമിക്ക കുറേനേരമിരുന്ന് ചിരിച്ചു. പിന്നെ അടക്കിയ ശബ്ദത്തിൽ പറഞ്ഞു.

"തെരുവിലെത്തിയതെങ്ങനെയാണന്നു പോലും ഓർമ്മയില്ലാ മോനേ. റഹീമേന്നൊരു വിളി ഒരാളു വിളിച്ചപ്പോ; ഞാൻ അറിയാതെ വിളികേട്ട്. എടക്കെടയ്ക്ക് ബസ് സ്റ്റാന്‍റില് വന്നിറങ്ങി എനിക്ക് ചായേം മിഠായീമൊക്കെ മേടിച്ചു തരും. ചെലപ്പോ ... പത്തു പതിനഞ്ചു രൂപയും തരുമായിരുന്ന് മൂപ്പര്. കോഴിക്കോട്ട്ന്ന് എത്തണ ബസ്സില് വല്ല്യ പള്ളിയിലോട്ട് വരണ ഒര് മൊല്ലാക്കാ. അങ്ങേര് റഹീമേന്നു വിളിക്കണതു വരെ എന്നെയാരും പേരുവിളിച്ചിട്ടില്ലാ. 'എടാ'..ന്നോ 'പോത്തേ'...ന്നോ ഒക്കെ കുറേ വിളികളേ ചെവീലുണ്ടാരുന്നൊള്ളൂ. അതോണ്ട് റഹീമെന്നുള്ള പേര് വല്ലാണ്ടങ്ങട് ഇഷ്ടായി. ഒരുകൊല്ലം പള്ളിപ്പെരുന്നാളിന് മുമ്പ് മൂപ്പര് വന്ന്കെട്ടിപ്പിടിച്ചിട്ട്,ഒരു നൂറ് ഉറുപ്യേം കുറേ അലുവേം ഒരു പുത്തനുടുപ്പും തന്നിട്ട്പറഞ്ഞ്; തീരെ ബയ്യാറൈമേ..ഇനിയിക്കൊല്ലം പെരുന്നാളിന് ഞമ്മളീബയി ബരാൻ ബയീല്ലാടാ...ന്ന്. നീ നല്ല കുട്ട്യാണ്. നിനക്കെല്ലാ റഹ്മത്തും പടച്ചോൻ തരൂന്നും. ഞാൻ തലയാട്ടി. പതിവില്ലാണ്ട് അന്നു നെറ്റീല് കുറേ മുത്തോം തന്നിട്ടാണ് മൂപ്പര് പോയത്. പിന്നെ കണ്ടിട്ടില്ല. കുറേക്കാലം മൂപ്പരെയോർത്ത് ഞാൻ കരഞ്ഞ്. എന്നാലും എടക്കെടയ്ക്ക് മൂപ്പര് സ്വപ്നത്തില് വരും. ചെല കാര്യങ്ങള് പറയും ഉപദേശിക്കും നീ വരണകാര്യവും മൂപ്പര് പറഞ്ഞാ ഞാനറിഞ്ഞേ. വഴിതെറ്റി കൊമ്പന്‍റെ മുമ്പീച്ചെന്നു ചാടണ്ടാന്നു കരുതിയാ,ആ രാത്രി ആനച്ചാലുവഴിതന്നെ നിന്നെത്തെരഞ്ഞു ഞാൻ വന്നേ."

"ങ്ങേ...?"

അതത്ര വിശ്വാസമായില്ലെങ്കിലും റഹീമിക്കയെ വിശ്വസിക്കാനായിരുന്നു ഇഷ്ടം. മുന്നു വർഷമാണ് പുറംലോകം കാണാതാക്കാട്ടിൽ ആ കുടിലിൽ കഴിഞ്ഞത്. ലോകം എങ്ങോട്ടാണ് വളർന്നതെന്ന് ഒരു പിടിയും കിട്ടിയില്ല. ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം അമ്മയും സുമിയും ഓർമ്മയിൽ വരും. റഹീമിക്കയെക്കാണാൻ മൊല്ലാക്കാ വരുന്നത് സ്വപ്നത്തിലല്ലേ?പക്ഷേ അമ്മയും സുമിയും പീതാംബരനും ഒരിക്കലും സ്വപ്നത്തിൽ വന്നില്ല.ഉറക്കത്തിനുമുമ്പ് അവരുവരും. പറയാനുള്ളതും നിർദ്ദേശിക്കാനുള്ളതുമൊക്കെ വിസ്തരിച്ചവരോട് പറയും. അവരത് തികഞ്ഞ ഗൗരവത്തോടെ സ്വീകരിച്ച് മടങ്ങിപ്പോകും. ആ ആശ്വാസത്തിലായിരുന്നൂ എന്നുമുറക്കം. ഒരു രാത്രി. പതിവില്ലാത്ത വിധം കൊമ്പന്‍റെ ചിഹ്നം വിളി കേട്ടാണ് ഉണർന്നത്. മണ്ണെണ്ണ വിളക്ക് കത്തിച്ചു നോക്കുമ്പോ റഹീമിക്കയെ പായേല് കാണാനില്ല. അവരൊക്കെക്കൂടി എവിടെപ്പോയി? ആകെ പരിഭ്രമിച്ചു നിന്നു. നേരം കുറേക്കഴിഞ്ഞു. വെട്ടം വച്ചു തുടങ്ങീപ്പോ മേലാകെ ചോരയുമായി റഹീമിക്ക വന്നു. കുറേ നോട്ടുകെട്ടുകൾ ഒരു തോർത്തിൽക്കെട്ടി തോളിൽ തൂക്കിയിട്ടുണ്ടായിരുന്നു. രക്തക്കറ പിടിച്ച പുത്തൻ നോട്ടുകെട്ടുകൾ.തോർത്തഴിച്ച് വച്ച് റഹീമിക്ക പറഞ്ഞു.

"ആവശ്യമുള്ളതെടുത്തോണ്ട് നീയിവിടം വിട്ടോ. സേഠ്‌ജി പോകുമ്പോ ഞാനും പോകും.പിന്നെയിങ്ങോട്ട് വരവുണ്ടാവൂല്ലാ."

"വരാതെ...?"

"എനിക്കറിയില്ല. സേഠ്ജി പറയുമ്പോലെ ചെയ്യും. ഇവിടം വിടാൻ സേഠ്ജി പറഞ്ഞു."

"സേഠ്ജി എവിടെ?"

കുറേക്കാലംകൂടി എങ്ങനേങ്കിലും ഒളിച്ചും പാത്തും നടക്ക്. അതിനിടേല്, കിട്ടുന്ന ഏതു പണിക്കും പോയി നാലുകാശൂടെ ഒണ്ടാക്ക്...

"സേഠ്‌ജി ഈ മൂന്നു കൊല്ലക്കാലത്തിനിടയ്ക്ക് നാലു തവണ സേഠ്‌ജി വന്നപ്പോഴും താനുറക്കമായിരുന്നല്ലോ എന്ന് കുറ്റബോധത്തോടെ ഓർത്തു.

"എന്നെ വിളിക്കാമായിരുന്നില്ലേ ഇക്കാ. എനിക്കു കൂടി കാണണമായിരുന്നു."

"വേണ്ടാ... സേഠ്‌ജി വരുന്നത്, മറ്റാരും കാണുന്നത് മൂപ്പർക്കിഷ്ടമല്ലാ. അതോണ്ടാ. നീ ഉടൻ യാത്രയാവ്. ശരവണൻ ഇപ്പോ വരും. നിന്നെ കാടു കടത്തിത്തരും."

അതു കേട്ടു കണ്ണു നിറഞ്ഞു. ഹൃദയം വല്ലാതെ നോവുന്നു.

"എന്നേക്കൂടി കൊണ്ടുപോ...റഹീമിക്കാ. എനിക്കാരൂല്ലാ..."

കരഞ്ഞു പോയി. റഹീമിക്ക ആശ്വസിപ്പിച്ചു.

"ഇതാണെടാ പൊട്ടാ...ജീവിതം. നിനക്കു നാടില്ലേ?

നാട്ടിലമ്മേംപെങ്ങളുമില്ലേ? കുറേക്കാലംകൂടി എങ്ങനേങ്കിലും ഒളിച്ചും പാത്തും നടക്ക്. അതിനിടേല്, കിട്ടുന്ന ഏതു പണിക്കും പോയി നാലുകാശൂടെ ഒണ്ടാക്ക്. എവിടേങ്കിലും സ്വന്തമായൊരു കൂര കെട്ടിപ്പൊക്ക്. ഓർക്കാപ്പുറത്ത് നാട്ടീച്ചെന്ന് അവരേംകൂട്ടി തിരിച്ചു പോരണം. പിന്നെ ആരറിയാൻ? ഇപ്പോത്തന്നെ നിന്നെക്കണ്ടാ പെററമ്മ പോലും തിരിച്ചറിയൂല്ലാ."

റഹീമിക്ക പതിവില്ലാതെ പൊട്ടിച്ചിരിച്ചു. ആ ചിരികണ്ട് വല്ലാത്ത ഭയംതോന്നി.

"ഇതെന്താ കുപ്പായത്തിലീ രക്തക്കറ?" എന്നു ചോദിച്ചപ്പഴാ മൂപ്പര് ചിരി നിർത്തീത്. പിന്നെ ധൃതീല് വസ്ത്രം മാറി. ചോരക്കറ പിടിച്ച തുണിയെടുത്ത് അടുപ്പിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. കത്തിത്തീരും വരെ മിണ്ടാതങ്ങനെ.........എന്നിട്ട് എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.

"അവസാനത്തെ ആനവേട്ട കഴിഞ്ഞു. കൊമ്പും പല്ലും നഖോമൊക്കെ പായ്ക്ക് ചെയ്തു. ഇനിയിവിടം സേയ്ഫല്ലാ. അതോണ്ട് മിക്കവാറും, നമ്മളിനി ഒരിക്കലും കാണൂല്ല."

റഹീമിക്ക പോയിക്കഴിഞ്ഞ് ഇറയത്ത് തളർന്നിരുന്നപ്പോ ശരവണൻ വന്നു. അവനാകെ പരിഭ്രമിച്ച മട്ടുണ്ടായിരുന്നു.

"വാ...പോകാം."

അവൻ മുരണ്ടു. കുടിലടച്ചിട്ട് അവനോടൊപ്പമിറങ്ങി. കാട് കടക്കുംവരെ അവനൊന്നും മിണ്ടിയില്ല.

"ഇനി ചേട്ടനെയെന്നാ കാണുന്നേ?

അവന്‍റെ കണ്ണുകൾ നിറയുന്നോ? കുറച്ചു പണമെടുത്ത് അവനു നേരെ നീട്ടി. അവൻ വാങ്ങിയില്ലാ.

"വേണ്ടാ ചേട്ടാ. ഇത് നല്ല കാശല്ലാ. എനിക്കു വേണ്ടാ."

"എന്തു പറ്റീ? ഇത് നല്ല പുത്തൻ നോട്ടാണ് ശരവണാ.നീ നോക്ക്..."

"വേണ്ടാ... അതില് ചോരക്കറയുണ്ട് ചേട്ടാ. സേഠ്‌ജിയുടെ ചോര."

"ങ്ങേ?"

"റഹീമിക്കയും സേഠ്‌ജിയുടെ ഭാര്യയും കൂടാ കൊന്നത്. അവരിപ്പോ സ്ഥലം വിട്ടുകാണും. ചേട്ടനും രക്ഷപ്പെട്ടോ."

"അപ്പോ കൊമ്പൻ..?"

"ങ്ഹും. കൊമ്പൻ! കൊമ്പൻ വരണ വഴിച്ചാലിലാ.. സേഠ്‌ജിയെ കൊന്നിട്ടത്. കൊമ്പൻ ചതിച്ച പോലാക്കിയാ ഇട്ടിരിക്കുന്നേ. പോലീസേമാന്മാരും കൂട്ടിനുണ്ടായിരുന്ന്."

ഒരക്ഷരം ചിന്തിക്കാനോ പറയാനോ കഴിയാതെ വിറങ്ങലിച്ചു നിന്നപ്പോൾ അവനൊരു താക്കോല് നീട്ടി.

"ചേട്ടനിതു വച്ചോ... ഉപകാരപ്പെടും."

"എന്തായിത്? എന്തിന്‍റെ താക്കോലാ?"

"അതൊന്നും ഇപ്പോ അറിയണ്ടാ. നിധി പോലെ സൂക്ഷിച്ചു വയ്ക്ക്. ഒരഞ്ചുകൊല്ലം കൂടി കഴിഞ്ഞിട്ട് ഇതേ ദിവസം ഇതുംകൊണ്ട് ഇതുവഴി വാ. അന്നീ ജംഗ്ഷനില് ദാ... ഇവിടെത്തന്നേ ഞാൻ കാത്തു നില്ക്കുന്നുണ്ടാവും. യോഗമുണ്ടേല് അന്ന് ചേട്ടൻ രക്ഷപ്പെടും."

"നീയെന്തൊക്കെയാ ശരവണാ ഈ പറയുന്നേ? എനിക്കൊന്നും മനസിലാകുന്നില്ല."

ഉള്ളിലെ സംഭ്രമം വാക്കുകളിൽ വിറയലായി. അതുകൊണ്ടാകാം. ഉറച്ച ശബ്ദത്തിൽ ശരവണൻ പറഞ്ഞു.

"നിധിയുടെ താക്കോലാ ചേട്ടാ ഇത്. നിധികൾ നല്ലവർക്കുള്ളതാ."

അവൻ താക്കോൽ ബലമായി കൈയിലേൽപ്പിച്ച് തിരിഞ്ഞോടി. ഒന്നും മനസിലാവാതെ, ഒരു പൊട്ടനേപ്പോലെ ഏറെനേരം ആ ജംഗ്ഷനിൽ തന്നെ നിന്നു. പിന്നീട് പഴയപോലെ ലക്ഷ്യമില്ലാതെ മുന്നോട്ടു നടന്നു. അത് പുതിയൊരു ജീവിതത്തിലേയ്ക്ക് കൊണ്ടെത്തിക്കുകയായിരുന്നു. നെല്ലും പതിരും ചികയാതെ ആർക്കോ വേണ്ടിയെന്ന പോലെ കിട്ടുന്ന തൊഴിലുചെയ്ത് ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ, മറ്റൊരു പേരും മരവിച്ച മനസിമായി നീണ്ട അഞ്ചു വർഷം ജീവിച്ചു. അപ്പോഴെല്ലാം ചിന്തകൾ ചേക്കേറിയിരുന്നത് അഞ്ചു വർഷത്തിനു ശേഷം ശരവണൻ കാത്തിരിക്കുമെന്ന് പറഞ്ഞ ഈ ജംഗ്ഷനിലേയ്ക്കായിരുന്നു. വർഷങ്ങൾക്കു ശേഷമാണീ വഴി വരുന്നത്. ഒരിക്കൽക്കൂടി വരണമെന്ന് ഒരുപാട് മോഹിച്ച് വന്നെത്തുകയായിരുന്നു. ഇത്രയും കാലം ഒരു ചിരന്തനസ്മരണയായിരുന്നു ഈ ജംഗ്ഷൻ. ഇവിടെ വന്നെത്തലായിരുന്നു മുഖ്യം. വന്നിറങ്ങിയപ്പോൾ നേരുമിരുട്ടി. ജംഗ്ഷനിൽ ആളുകൾ കുറഞ്ഞു. അഞ്ചു വർഷം കൊണ്ട് ജംഗ്ഷനാകെ മാറിയിരുന്നു. നിറയെ കടകൾ നിരത്തിനിരുവശത്തും. ശരവണൻ തന്നെ യാത്രയാക്കിയ ഇടത്തിൽ, ഫോറസ്റ്റ് ഗാർഡിന്‍റെ ഒരു സെക്യൂരിറ്റി ഒാഫീസുണ്ടിപ്പോൾ. എവിടെ ശരവണൻ? അഞ്ചു വർഷം അവനെ ഒരു പാട് മാറ്റിക്കാണുമോ? ഇല്ല. ആരുമില്ല. ഫോറസ്റ്റ് ഗാർഡ്സ് രണ്ടു പേർ, സെക്യൂരിറ്റി ഓഫീസിന്‍റെ വരാന്തയിലിരുന്ന് തന്നെ നോക്കുന്നുണ്ടോ? തോന്നലാകും. കൂടുതൽ അങ്ങോട്ടു ശ്രദ്ധിക്കാതിരുന്നാൽ മതി. അടുത്തുകണ്ട ഒരു തട്ടു കടയിൽ നിന്നും ഒരു ചായയും തണുത്തു മരവിച്ച ഒരു സമൂസയും വാങ്ങി. തികച്ചും സാധാരണ മട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കുന്ന വേഷത്തിൽത്തന്നെയാണ് താൻ വന്നിരിക്കുന്നതെന്ന് സ്വയമൊന്നു വിലയിരുത്തി. പോക്കറ്റിൽ ആ താക്കോലില്ലേ?തപ്പിനോക്കി. ഉണ്ട് എന്നുറപ്പു വരുത്തി. പക്ഷേ ശരവണനെ മാത്രം കാണുന്നില്ല. പകലു മുഴുവൻ കാത്തിരുന്നിട്ട് മടുപ്പോടെ മടങ്ങിയിരിക്കുമോ? ഇല്ല. അവന്‍റെ വാക്കുകൾക്ക് അഞ്ചു വർഷത്തിനപ്പുറത്ത് അത്രയ്ക്കു ബലമുണ്ടായിരുന്നല്ലോ! ഏതായാലും കാത്തിരിക്കാം. പകലിവിടെ എത്താൻ കണക്കിന് വരുണമായിരുന്നു. ച്ഛേ! അല്പം പോലും വീണ്ടുവിചാരമില്ലാതായിരിക്കുന്നു. ശരവണൻ വളരെ നേരത്തേ തന്നെ വന്ന്, കാത്തിരുന്ന് കാത്തിരുന്ന്, മടുത്ത് മടങ്ങിപ്പോയിക്കാണും.

അവൻ വീണ്ടും നടന്നു. അവന്‍റെ നിഴലായ് കൂടെ നടന്നു. എന്തായാലും ശരവണൻ വരട്ടെ. എന്നിട്ടാവാം ബാക്കി ചിന്തകൾ...

അതാ... ചിലർ കടകളടയ്ക്കാൻ തുടങ്ങിയിരിക്കുന്നു. തോളിലെ സഞ്ചി കണ്ടിട്ടാകാം, തട്ടുകടക്കാരൻ ചോദിച്ചു.

"ഗുരുവായൂരപ്പൻ പോയല്ലോ സാറേ. വടക്കോട്ടാണോ?"

"മനസിലായില്ല.?"

"അല്ലാ... ലാസ്റ്റുബസ്സേ.. യ്. അതിന്നിച്ചിരി നേരത്തേ പോയി. ഒന്നാമത് ഇച്ചിരി നേരം കൂടുതൽ കിടന്നാലും ആരും വടക്കോട്ടു പോകാനില്ല. കുറേ ആദിവാസികളേം കേറ്റി അതുപോയിക്കഴിഞ്ഞാ സാറ് വന്നത്. വടക്കോട്ടല്ലേ?"

"അല്ല. എനിക്കൊരാളെ കാണാനുണ്ടായിരുന്നു. ഇവിടെ വരാമെന്നു പറഞ്ഞിട്ടുണ്ട്."

"ഓ അതു ശരി. വേറെ വല്ലതും വേണോ സാറേ? പൂവമ്പഴം ഒണ്ട് നാടനാ.

"വേണ്ടാ"

അല്പം കഴിഞ്ഞ് അയാളും കടയടച്ചു. ഇനി..? രാത്രി ഫോറസ്റ്റ് സെക്യൂരിറ്റി ഓഫീസ് മാത്രമേ ഇവിടെ തുറന്നിരിക്കുകയുള്ളൂത്രേ. മറ്റെല്ലാ കടകളുമടച്ചാൽ, ഇവിടെ നിന്നാൽ 'പണി'യാകും. അവർ ഇപ്പോഴും തന്നെത്തന്നേയാണ് ശ്രദ്ധിക്കുന്നത്; ആ സെക്യൂരിറ്റി ഗാർഡുകൾ. ആരോ ഇങ്ങോട്ടു വരുന്നുണ്ടല്ലോ! ഓ... ഒരാദിവാസിച്ചെക്കനാ. ഇരുട്ടിൽ നിന്നും പിറന്നപോലെ. അവനെവിടെനിന്ന് വരുന്നു?

"ശരവണനെ കാത്തുനില്ക്കുവാന്നോ?"

അടുത്തെത്തിയപ്പോൾ തിളങ്ങുന്ന കണ്ണുകളോടെ അവൻ ചോദിച്ചു.

"ങാ... അതേ."

അറിയാതെ, ഒന്നുമാലോചിക്കാതെ പറഞ്ഞു പോയി.

"ങ്ങാ.. വാ.."

അവൻ തിരിഞ്ഞു നടന്നു. കൂടെ പോകണോ? എവിടേക്ക്..? ശരവണനെന്താ വരാഞ്ഞത്..? അവനീരഹസ്യം ഇവനോട് പറഞ്ഞതെന്തിന്? ഇവനാരാണ്? താൻ വലിയൊരു കുരുക്കിലേയ്ക്കാണോ നടന്നടുക്കുന്നത്...? മല കയറിയിറങ്ങി വന്നു പുൽകുന്ന കാറ്റിന് വല്ലാത്ത കുളിര്!

"ശരവണനെവിടെ?"

"അതൊക്കെ മൂപ്പൻ പറയും"

അവൻ തിരിഞ്ഞു നോക്കാതെ, നടന്നുകൊണ്ട്തന്നെ പറഞ്ഞു.

പിറകേ നടക്കുകയേ നിവൃത്തിയുള്ളൂ. ഏതായാലും ആ ഫോറസ്റ്റ് ഗാർഡുകളിൽനിന്നും രക്ഷപ്പെട്ടല്ലോ. അത്രയുമാശ്വാസം. ശരവണൻ വല്ല പനിയും പിടിച്ചു കിടപ്പിലായിരിക്കും. സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. കാട്ടിലേയ്ക്കു കയറുംമുന്നേ അവനൊന്ന് തിരിഞ്ഞു നോക്കി. എന്നിട്ട് പറഞ്ഞു.

"സാറാ ബാഗിങ്ങു തന്നേയ്ക്ക്. ഞാൻ തോളത്തു തൂക്കാം. അതുംതൂക്കി നടക്കാനിനി ബുദ്ധിമുട്ടാകും."

"ഇല്ല. ഇതിനു വെയ്റ്റില്ല." ബാഗ് കൊടുത്തില്ല. പക്ഷേ അവൻ പറഞ്ഞു." കിതച്ചാ തന്നേരെ. ഞാൻ ചുമന്നോളാം."

അവൻ വീണ്ടും നടന്നു. അവന്‍റെ നിഴലായ് കൂടെ നടന്നു. എന്തായാലും ശരവണൻ വരട്ടെ. എന്നിട്ടാവാം ബാക്കി ചിന്തകൾ....! അല്ലെങ്കിൽ മനസ്സും വെറുതേ കാടുകയറും.

സാറേ... വെളക്ക് തെളിക്കല്ലേ. എന്‍റെ കണ്ണിലിരുട്ട് കേറും...

അഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും കാടിന്നു വലിയമാറ്റമില്ല. ഭാഗ്യം. കാടുകൾ അങ്ങനെയാവും. ഏതോ മഹാതപസ്സിലെന്നോണം ഇടതിങ്ങി വളർന്ന്, ധ്യാനം പൂണ്ട പോലെ നിശ്ചലം നില്ക്കുന്ന വന്മരങ്ങൾ! ഭയം കൊണ്ട ചിന്തകൾ പോലെ അതിൽ പടർന്നേറിയിരിക്കുന്ന നീളൻ വള്ളികൾ! ഇലപ്പടർപ്പുകളിൽ മറഞ്ഞിരുന്ന് മന്ത്രോച്ചാരണങ്ങൾ പോലെ ആരോഹണാവരോഹണത്തോടെ ശബ്ദിച്ചുകൊണ്ടിരിക്കുന്ന മലഞ്ചീവീടുകൾ. കാടുകൾ തപസിലാണ്ട മഹർഷിമാർ തന്നെ.. ഏറെനേരം നടന്നിട്ടും എങ്ങുമെത്തുന്നില്ല. ഇരുട്ടായി. അക്ഷമയോടെ ചോദിച്ചു.

"ഇതെങ്ങോട്ടാണ്?"

"മുന്നോട്ട് "

തർക്കുത്തരത്തിന് നടുവിനൊരൊറ്റച്ചവിട്ടായിരുന്നൂ മറുപടി കൊടുക്കേണ്ടിയിരുന്നത്. ചെയ്തില്ല. ശരവണനെ കണ്ടിട്ടു വേണം ഇവനോട് 'രണ്ടു വർത്തമാനം' പറയാൻ. അരിശമടക്കിക്കൊണ്ട് കൂടെ നടന്നു. ഇരുട്ട് കൂടി വന്നപ്പോൾ തോൾസഞ്ചിയിൽ നിന്നും ടോർച്ച് എടുത്ത് തെളിച്ചു. അതോടെ അവൻ തിരിഞ്ഞു നിന്നു. ആ കണ്ണുകൾ തിളങ്ങി.

"സാറേ... വെളക്ക് തെളിക്കല്ലേ. എന്‍റെ കണ്ണിലിരുട്ട് കേറും. ടോർച്ചോഫാക്കി സഞ്ചിയിലേയ്ക്കു തിരിച്ചു വച്ചു. ശരിയാവും. കാട്ടിലുള്ളോർക്ക് ഇരുട്ടിലാവും വഴികൾ നിശ്ചയം കിട്ടുക. ആർക്കറിയാം. ചീവീടുകൾ ഇടയ്ക്ക് നിശബ്ദരാകുമ്പോൾ ഒരു കച്ചേരി കഴിഞ്ഞ പോലെ. കാടിന്‍റെ നിശബ്ദതയ്ക്ക് എത്ര മുഴക്കം! കുറച്ചു കയറ്റം കഴിഞ്ഞപ്പോഴേയ്ക്കും വല്ലാതെ തളർന്നു. തോളിലെ ബാഗ് അവനെത്തന്നേ ഏൽപ്പിക്കേണ്ടിവന്നു. ഒരു പുച്ഛരസത്തിലുള്ള ചിരി മുഖത്തു തെളിയുമെന്ന് പ്രതീക്ഷിച്ചതും വെറുതെയായി. അവൻ അഗാധചിന്തകളിലാണെന്ന് മുഖത്തു വീണ അരണ്ട നിലാവെട്ടം കാട്ടിത്തന്നു. എന്നിട്ടും കണ്ണുകളിലെ തിളക്കം കുറഞ്ഞിട്ടില്ല. ങ്ങേ.... ഇന്നു പൗർണ്ണമിയോ? നല്ല നിലാവുദിക്കുന്നല്ലോ! അല്ലെങ്കിൽ കാടിനകത്തിത്ര വെളിച്ചം കിട്ടുന്നതെങ്ങനെ? ശരിയാണ്; ടോർച്ച് തെളിച്ചാൽ ഈ വെളിച്ചം നഷ്ടപ്പെടും. ടോർച്ചിന്‍റെ വെളിച്ചം ഇക്കാണുന്ന കാട്ടുവെളിച്ചത്തെ കൊല്ലും. വെളിച്ചം വെളിച്ചത്തെ കൊല്ലുമോ?നാട്ടുവാസിയായ മനുഷ്യനുണ്ടാക്കിയെടുത്ത താൽക്കാലിക വെളിച്ചം കാടകത്തെ നിത്യവെളിച്ചത്തെക്കെടുത്തുമെന്നോ? ഇല്ല. കൊടുത്തില്ല. കെട്ടുപോകുമെന്ന് നമുക്കു തോന്നുന്നതാണ്. പക്ഷേ നാമന്ധരാവും. നാട്ടു വെളിച്ചത്താൽ നാമന്ധരാകും. അത് തീർച്ച.

"നീ... ശരവണന്‍റെയാരാണ്?"

അവൻ അതുകേട്ടില്ലെന്നു തോന്നി. പിന്നീടൊന്നും ചോദിച്ചില്ല. നിമിഷങ്ങൾക്കുള്ളിൽ ആനച്ചാലിൽ പ്രവേശിച്ചു. നടക്കാൻ എളുപ്പം തോന്നിയെങ്കിലും ഒരു ഭയം ആവേശിച്ചു. കൊമ്പനെങ്ങാനും...

"ആനച്ചാലാ... പെട്ടെന്നു നടന്നോ..."

അവൻ മുരണ്ടു. അവന്‍റെ ധൃതിക്കൊപ്പം കാലുകളെത്തുന്നില്ല. പറയേണ്ടി വന്നു.

"ഒന്നു പതുക്കെ നടക്ക് ചങ്ങാതീ..."

അവൻ നിന്നു. പിന്നെ തിരിഞ്ഞു നിന്ന് പറഞ്ഞു.

"അടുത്തെത്താറായി."

ശരിയാണ്. ഇത് റഹീമിക്കയുടെ കുടിലിലേയ്ക്കുള്ള വഴിയാണ്. അല്ലേ? ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. താനിവിടെ പുതിയ ആളാണെന്ന് തന്നെ തോന്നിയാൽ മതി. അല്പസമയത്തിനുള്ളിൽ കുടിലിനു മുന്നിലെത്തി. മുറ്റത്ത് ഒരു മരക്കുറ്റിയിൽ കുന്തുകാലിലിരിക്കുന്നു ' കാണി'. ശരവണന്‍റെ അപ്പൻ. എന്തത്ഭുതം! അയാൾക്ക് കുറേക്കൂടി ചെറുപ്പമായപോലെ! താനയാളേക്കാൾ പ്രായമുള്ളവനായോ എന്നൊരു തോന്നലും ഉള്ളിലുണ്ടായി. തന്നെക്കണ്ട് 'കാണി' ചിരിച്ചു. ചിതം വന്ന ചിരി. ചിരപരിചിതനോടെന്നപോലെ തിരിച്ച്, ഉള്ളിലെ പരിഭ്രമം മറയ്ക്കാനായി ചോദിച്ചു.

"കാണി അറിയുവോ?"

കാണി എഴുന്നേറ്റു കൊണ്ടു പറഞ്ഞു.

"അറിയാതെങ്ങനാ ചേട്ടാ. നമ്മളൊക്കെ ഇവിടെക്കൂടിയിരുന്നോരല്ലേ?"

ശരിയാ

ഒരഞ്ചു വർഷമല്ലേ ആയിട്ടുള്ളൂ പിരിഞ്ഞിട്ട്. പക്ഷേ...

"ശരവണനെവിടെ?"

by Subhash Kalloor

കാണി ദീർഘമായൊന്ന് നിശ്വസിച്ചു. ആ ചോദ്യത്തിനുത്തരം അയാൾ പറയില്ലെന്ന് തീർച്ച തോന്നി. മുഖത്തു വല്ലാത്ത ഗൗരവം നിറഞ്ഞു. ഉഗ്രശാസനംപോലെ...ഉറച്ച ശബ്ദത്തിൽ അയാൾ വഴികാട്ടിച്ചെക്കനെ നോക്കിപ്പറഞ്ഞു.

"നീ.. പൊയ്ക്കോടാ. ഞാൻ തിരിച്ചു കൊണ്ടു വിട്ടോളാം"

അവൻ അതു കേൾക്കേ, യാത്രപോലും പറയാതെ റോബോട്ടിനെപ്പോലെ മടങ്ങി. ഒന്നു സമ്മതം ഭാവിച്ച് തലയാട്ടുകയോ പോകുംമുമ്പ് തന്നെ ഒന്നു നോക്കുകയോ ചെയ്തില്ല. അലവലാതി.

"അവനേതാ?"

കാണി വായിലിട്ടു ചവച്ച കഞ്ചാവുചണ്ടി തുപ്പിയിട്ട് ഒന്നു ചിറികോട്ടിപ്പറഞ്ഞു.

"കാടനല്ലാ. ചേട്ടനേപ്പോലെ കാടുകേറിയ നാടനാ. തന്തേക്കൊന്നോനെ തിരക്കിയിറങ്ങിച്ചാവേറു പോന്നോനാ. തന്തയൊര് വിപ്ലവപ്പാട്ടുകാരനായിരുന്നേ...

സഖാവാ സഖാവ്. ആരോ തീർത്തുകളഞ്ഞതാ ചേട്ടാ. .ങ്ങാ...സഖാവ്ചെല്ലപ്പൻ...ചെല്ലപ്പൻ!" തലയ്ക്കാരോ കൂടംകൊണ്ടടിച്ച മരവിപ്പ്...!പാമ്പുകടിയേറ്റ തളർന്ന ചെറിയ കാലുകൾ...പകച്ച കണ്ണുകളിലെ വിഷം പാഞ്ഞ തിളക്കം..! ഓർമ്മകളിലെ കാടേറ്റം..!തലപെരുക്കുമ്പോലെ...

അവൻ പോയിക്കഴിഞ്ഞിരുന്നു. ഇറയത്ത് ഇറക്കിവച്ച എന്‍റെ ബാഗിലേയ്ക്കു ചൂണ്ടി കാണി ചോദിച്ചു.

"ആ താക്കോലിതിലുണ്ടോ ചേട്ടാ?"

ഒരു നടുക്കത്തോടെ, എന്നാലതു മറയ്ക്കാനുള്ള സാമർത്ഥ്യം നഷ്ടപ്പെട്ട്, പോക്കറ്റിൽ കൈയിട്ട് താക്കോലെടുത്തു നീട്ടി. പിന്നെ ഉള്ളിലെ സംഭ്രമം മറയ്ക്കാൻ ശ്രമിച്ച് ചോദിച്ചു.

"ശരവണനെവിടെ?"

"അവൻ ചത്തു പോയി ചേട്ടാ. കൊറോണ കൊണ്ടുപോയതാ. ചാവാൻ നേരത്ത് ശ്വാസം കിട്ടാതെ പിടയ്ക്കുമ്പോ അവൻ എന്നോട് ചേട്ടൻ ഇന്നു വരുമെന്ന കാര്യം പറഞ്ഞു. ഈ താക്കോലുതരുമെന്നും. ഞാൻ അന്നുമൊതല് കാത്തിരിക്കുന്നതാ."

"മറ്റൊന്നും പറഞ്ഞില്ലേ...?"

"നിധിയെക്കുറിച്ചാണോ..?"

ഞെട്ടിപ്പോയി. സന്തോഷവും തോന്നി.

"ങ്ങേ...? ങ്ങാ...അതേ."

പറഞ്ഞപ്പോൾ പരുങ്ങലായോ?

അഞ്ചു വർഷം കൊണ്ടുനടന്ന വലിയ ഭാരമിറക്കിവയ്ക്കാൻ ഒരത്താണിയാണിപ്പോൾ കാണി.

"ചേട്ടന് നിധി കിട്ടാൻ യോഗമുണ്ടെങ്കിൽ മലങ്കാളി കൊണ്ടത്തരും. നിധികള് നല്ലവർക്കുള്ളതാ ചേട്ടാ."

അയാൾ താക്കോലുമായി കുടിലിനകത്തേയ്ക്കു പോയി. ഈ കുടിലിന്നകത്താവുമോ അയാൾ നിധി കുഴിച്ചിട്ടിരിക്കുന്നത്? വല്ല പെട്ടിയിലോ ഭരണിയിലോ മറ്റോ ആവുമോ? ങാ..., പോയിട്ട് വരട്ടെ. അത് കൊതിച്ച് ചെന്നെന്നു വരണ്ടാ. അയാൾ പുറത്തു വരുമ്പോൾ കാണാമല്ലോ! ഇറയത്തെ നീർത്തിയിട്ട പനമ്പിന്‍റെ ഓരത്തിരുന്നു. നടന്നു വിയർത്തു വന്നതിന്‍റെ വല്ലാത്ത ക്ഷീണം . കുടിക്കാൻ കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ... ! അതാ... ഇറയത്തെ മൂലയ്ക്ക് ഒരു മൺകൂജ. ഭാഗ്യം. ചോലയിൽ നിന്ന് തെളിനീര്... കൊണ്ടുവച്ചിട്ടുണ്ട്. തണുത്ത കൂജതുറന്ന് 'മടമടാ'കുടിച്ചു. ദാഹം ശമിച്ചു. വല്ലാത്ത തളർച്ച. ഇറയത്തേയ്ക്ക് നല്ല തണുപ്പുള്ള കാറ്റു വീശി. പനമ്പിലൊന്ന് കിടന്നാലോ? ഉറങ്ങിപ്പോയെങ്കിലോ? വേണ്ടാ. ചുമര് ചാരിയിരുന്നു. അപ്പോൾ ചിന്തിച്ചത് നാടിനെക്കുറിച്ചായിരുന്നു. അമ്മ...! സുമിത്ര...!പീതാംബരൻ! സുമിയ്ക്കിപ്പോൾ ഇരുപത്തൊന്നു വയസായിട്ടുണ്ട്. അവൾ പഠിക്കുന്നുണ്ടോ? പഠിക്കാൻ മിടുക്കിയായിരുന്നു. അമ്മയുടെ അസുഖം കുറഞ്ഞുകാണുമോ? പീതാംബരൻ അവരുടെ സഹായത്തിനുണ്ടാവില്ലേ? അവന്‍റെ വെളുത്ത പട്ടി അമലു? നാട്ടിലൊന്നെത്താൻ വല്ലാത്ത കൊതി തോന്നി. കഴിഞ്ഞ അഞ്ചു വർഷവും തോന്നാത്ത ഒരു കൊതി. ഒരാധി.

നടുമുറിയിൽ ചോരക്കളം. നടുക്ക് അർദ്ധനഗ്നയായൊരു പെണ്ണ്. അവളുടെ ശരീരം നിറയെ രക്തമൊലിക്കുന്ന മുറിവുകൾ...

അപ്പോഴാണയാളുടെ കരച്ചിൽ കേട്ടത്. പിടഞ്ഞെണീറ്റ് അകത്തേക്കോടിച്ചെന്നു. നടുങ്ങിപ്പോയി. നടുമുറിയിൽ ചോരക്കളം. നടുക്ക് അർദ്ധനഗ്നയായൊരു പെണ്ണ്. അവളുടെ ശരീരം നിറയെ രക്തമൊലിക്കുന്ന മുറിവുകൾ. കാലിൽ ഒരു ഇരുമ്പു ചങ്ങല. അത് കുടിലിന്‍റെ നടുത്തൂണിൽ ബന്ധിച്ചിരുന്നു. മെലിത്ത കൈകളിൽ ഒരു മുളങ്കുറ്റി. അതുകൊണ്ടാണവൾ കാണിയെ കുത്തിയിരിക്കുന്നത്. തന്നെക്കണ്ടതും അയാൾ പിടഞ്ഞു തീർന്നു. ആ പെണ്ണിന്‍റെ മുഖത്ത് ഉന്മാദം കൊണ്ടൊരാനന്ദം. ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച പോലവൾ തന്നെ നോക്കിയൊന്ന് ചിരിച്ചു. ചോരയിൽകുതിർന്ന ചിരി. ചുവന്ന പല്ലുകൾ! എങ്കിലുമവൾക്കെന്തു ചന്തം. കറുത്ത രാത്രിയിൽ പൂർണ്ണ ചന്ദ്രിക തെളിഞ്ഞ പോലെ. തിളങ്ങുന്ന മുഖം. ചോര ചത്തു കിടന്ന,തളർന്ന വലിയ കണ്ണുകൾ.

"സാറേ.. ഒടുവിൽ സാറെത്തി. അല്ലേ?"

അവൾ പഴയ പരിചയക്കാരനോടെന്ന പോലെ തിരക്കി. പിന്നീട് മുഖംകുനിച്ചിരുന്ന് ചുമച്ചു. കുറച്ചധികനേരം പിടിവിട്ട് ഓക്കാനിച്ചു. ഒന്നും മിണ്ടാനോ ഒന്നനങ്ങാൻ പോലുമോ ആകാതെ നില്ക്കുകയായിരുന്നു താൻ. അവൾ അല്പം കഴിഞ്ഞ് മുഖമുയർത്തിച്ചോദിച്ചു.

"റഹീമിന്‍റെ കൂടെ പണ്ടിവിടെ ഉണ്ടായിരുന്ന ആളല്ലേ സാറ്?"

സമ്മതിച്ച് തലയാട്ടി. ശബ്ദിക്കാനാവാത്ത വിസ്മയത്തിലായിരുന്നു. അതറിഞ്ഞിട്ടാകണം അവൾ അലസമായൊരു ചോരച്ചിരിയോടെ പറഞ്ഞു.

"ശരവണൻ പറഞ്ഞറിയാം."

"ശരവണനെവിടെ?"

പതർച്ചയോടെയെങ്കിലും ശബ്ദം തിരിച്ചു കിട്ടി. "അവനെ ഇയാൾ കൊന്നു"

"ങേ... കാണിയോ?"

"ഇയാൾ അവന്‍റെ അപ്പനല്ലാ സാറേ... അവന്‍റെ കാർന്നോമ്മാര് മലമ്പനി വന്നു ചത്തപ്പോ എടുത്തു വളർത്തിയെന്നാ അവൻ പറഞ്ഞത്."

മിണ്ടാനായില്ല. ചലിക്കാനും . ആ മരവിപ്പുകണ്ടവൾ ധൃതിപ്പെട്ടു.

"സാറിയാടെ മടീന്നാ താക്കോലെടുക്ക്. എന്നിട്ടെന്‍റെയീ ചങ്ങലേമൊന്നഴിച്ചുതാ. നിധി ഞാൻ കാട്ടിത്തരാം."

അവൾ പറഞ്ഞപോലെ ചെയ്തു. താക്കോലെടുത്ത് അവൾക്കു നേരെ നീട്ടിയപ്പോൾ അവൾ പറഞ്ഞു.

"എനിക്കു നിധി വേണ്ടാ സാറേ... ഈ കുടിലിനകത്ത് നിന്ന് ഒന്നു രക്ഷിച്ചു വിട്ടാമതി. ഒക്കുവോ?"

"നീയാരാണ്?"

"സേഠ്‌ജിയെക്കൊല്ലാൻ കൂട്ടുനിന്ന ഭാര്യ."

"ങേ... അപ്പോൾ റഹീമിക്ക..?"

"ങ്ഹും. ആ തെണ്ടി പിറ്റേന്നെന്നെ വിറ്റു. മൂന്നു തമിഴന്മാർക്ക്. ഞാൻ നിധിയുടെ കഥ പറഞ്ഞ് അവരെ പാട്ടിലാക്കി. റഹീമിനെ അവരന്നുതന്നെ കോയമ്പത്തൂർ റെയിൽവേപ്പാളത്തില് ട്രെയിനിനു മുന്നിലേയ്ക്കു തള്ളിയിട്ട് കൊന്നു."

"ഹോ നിനക്കിതെങ്ങനെ ഇത്ര നിസാരമായിട്ട് എന്നോട് പറയാൻ കഴിയുന്നൂ..? നീയെന്തിന് സേഠ്‌ജിയെ വഞ്ചിച്ചു?"

"സാറിനെന്തറിയാം. ഞാൻ ശരവണന്‍റെ പെണ്ണാ. ശരവണൻ കെട്ടാനിരുന്ന ഈ കാട്ടിലെപ്പെണ്ണ്. വള്ളി."

"..ങേ?"

"ആ കഥയൊക്കെ പിന്നെപ്പറയാം. സാറിപ്പോ പറാ. എന്നെ രക്ഷിക്കാവോ? അവരിപ്പോ വഴി കണ്ടുപിടിച്ചിങ്ങു വരും. ; എന്നെക്കൊണ്ടുനടക്കണ ആ തമിഴന്മാര്. നിധിയെനിക്കു വേണ്ടാ. സാറെടുത്തോ. എന്നെ ഇവന്മാരീന്നൊന്ന് രക്ഷിച്ചാ മതി. ഒക്കുവോ?"

"വരൂ"

അവളേയും കൊണ്ട് കുടിലുവിട്ടിറങ്ങി. ആകെ അറിയാവുന്നത് ഈ കുടിലും ചുറ്റുപാടുകളും മാത്രാ. കുറേക്കാലം ഇവിടെ കഴിഞ്ഞിട്ടും കാടിനകത്ത് അലഞ്ഞു നടന്ന് മനസിലാക്കിയിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് വല്ലാതെ അപരിചിതനാവുകയും ചെയ്തു. എവിടെ ഒളിക്കും? പെട്ടെന്നാണ് 'കങ്കാണിപ്പാറ'യെപ്പറ്റി ഓർത്തത്. ഉൾക്കാടിനകത്തെ പാറക്കുന്ന്. ആനവേട്ട കഴിഞ്ഞുവന്ന് ആ പാറമുകളിൽ നിന്നാണ് ആനയുടെ അവശിഷ്ടങ്ങൾ റഹീമിക്കയൊന്നിച്ച് താഴെകൊക്കയിലേയ്ക്ക് എറിയാറ്. കാട്ടുവാസികൾക്കു പോലും കടന്നു ചെല്ലാൻ മടിയുള്ള മുൾക്കാടിനകത്തെ 'കങ്കാണിപ്പാറ'യുടെ കഥകൾ പലതും വള്ളിയും കേട്ടിരിക്കുന്നു. പക്ഷേ... അങ്ങോട്ടുള്ള രഹസ്യ വഴിച്ചാല് കൃത്യമായോർമ്മ വരുന്നുമില്ല. ഏറെ നേരത്തെ ചുറ്റിത്തിരിയലിനു ശേഷം ആ പാറമുകളിലേയ്ക്കാകണം വള്ളിയേയും കൊണ്ട് വലിഞ്ഞു കയറി. രാവുപുലരുംവരെ... ഇനിയിവിടെ മനുഷ്യരെ ഭയക്കാതെ കഴിയാം. ഈ ഇരുട്ടിൽ കാടിറങ്ങാനാവില്ല. വല്ലജന്തുക്കളുടേയും കണ്ണിൽപ്പെടും. അവളും ആ അഭിപ്രായത്തിനെതിരു പറഞ്ഞില്ല. ഏതാണ്ട് അരമുക്കാൽമണിക്കൂറുകൊണ്ട് പാറപ്പുറത്ത് കയറിപ്പറ്റി. മുകളിൽ എത്തിയപ്പോഴേയ്ക്കും വല്ലാതെ വിയർക്കുകയും വിറയ്ക്കുകയും ചെയ്തൂ രണ്ടു പേരും. നല്ല തണുപ്പും,ചുളുചുളാ കുത്തുന്ന കാറ്റും. തണുപ്പു സഹിക്കാതെ അവശയായി അവൾ പറഞ്ഞു.

"എന്നെയൊന്ന് കെട്ടിപ്പിടിക്കാവോ...ഇല്ലങ്കി നേരം വെളുക്കുമ്പോഴേയ്ക്കും ഞാൻ ചത്തുപോകും സാറേ? ഇന്നലെ രാത്രി മുതലീനേരം വരെ ഞാനൊന്നും കഴിച്ചിട്ടില്ലാ..."

അനങ്ങിയില്ലാ.പക്ഷേ ആ മൗനം അനുവാദമായെടുത്ത് അവൾ നിരങ്ങി വന്ന് ചേർന്നിരുന്നു. പിന്നീട് ശരീരത്തോട് ചാരിയിരുന്ന് ദുർബലമായ കൈകൾ കൊണ്ട് കെട്ടിപ്പിടിച്ചു. പെണ്ണിന്‍റെ മണം. ഇന്നോളം തോന്നാത്തൊരു വികാരം. ഉള്ളിൽ ചുളുചുളെ കുത്തിത്തുടങ്ങുന്നു. എപ്പോഴോ അവളെ ചേർത്തു പിടിച്ചു. എല്ലാ ദുഃഖങ്ങളും മറക്കാൻ ആ കാതിൽ മെല്ലെ മന്ത്രിച്ചു. അവൾ തേങ്ങിക്കരഞ്ഞു. ഏറെനേരമങ്ങനെയിരുന്നു. കാറ്റും തണുപ്പും കൂടുന്നു. ഇപ്പോൾ അവളൊന്നും മിണ്ടുന്നില്ല. തീർത്തും നിശബ്ദയായി, തളർന്നുറങ്ങിയപോലെ... അവളെ മെല്ലെ നിലത്തേക്കു കിടത്തി. ഒരു കൊച്ചു കുഞ്ഞിനെ പുതപ്പിക്കും പോലെ അവളെ പൊതിഞ്ഞു കിടന്നു. ഏറെനേരം ആ കിടപ്പു കിടന്നു. അവൾക്കെന്തുചൂടാണ്; പനിക്കുന്നപോലെ. പക്ഷേ മുഖത്തു മുഖമുരഞ്ഞപ്പോൾ ചോരയുടെ മുഷിഞ്ഞ മണം. ഉറങ്ങാനാവുന്നില്ല. എങ്കിലും ശരീരത്തിന്‍റെ സർവ്വ തന്തുക്കളിലും ഉണർവുമാത്രം. ക്ഷീണം ഓടിയകന്നു പോകുന്നു.

"നീയുറങ്ങുകയാണോ?"

പാതി മയക്കത്തിലാവും അവൾ എന്തോ മന്ത്രിച്ചു. അകലെയെങ്ങോ കൂമൻ മൂളുന്നു. പാതി രാത്രിയിലെ കാടിന്‍റെ സംഗീതം. ചീവീടുകളുടെ വയലിൻ കച്ചേരി വേലിയേറ്റവേലിയിറക്കങ്ങളിലാറാടുന്നു. ഇടയ്ക്ക് പേരറിയാജീവികളുടെ കുറുകലും കൂവലും... അതൊരു സിംഫണി പോലെ...ചുറ്റും തിരമാലകളായി...ഇരുട്ടിന്‍റെ തിറയാട്ടഭേരി...! പെട്ടെന്നവൾ ഞെട്ടിയുണർന്നു. പിടഞ്ഞെണീറ്റ് ചുറ്റും നോക്കി. പറഞ്ഞു നിർത്തിയയിടത്തെ തുടർച്ച പോലെ പറഞ്ഞു.

"സാറേ... ശരവണനെന്നെ കെട്ടിയേനെ. ഞങ്ങളു തമ്മിലിഷ്ടത്തിലായിരുന്നു. അതിനെടേലാ... അവന്‍റപ്പനെന്നെ ഒറ്റയ്ക്കൊന്നു കാണണമെന്നു പറഞ്ഞത്. കല്യാണക്കാര്യം പറയാൻ വിളിച്ചതാണെന്നാ ഞാൻ കരുതിയേ... പക്ഷേ... ആ കാലനെന്നെ ചതിച്ചതാ . അയാളാ എന്നെ സേഠ്‌ജിക്കു വിറ്റത്. അതാരുമറിഞ്ഞില്ലാ. ഞാൻ കാടുവിട്ട് നാട്ടുവാസികൾക്കൊപ്പം ഒളിച്ചോടിപ്പോയെന്നും എന്നെ പുലിപിടിച്ചതാണെന്നുമൊക്കെ പറച്ചിലൊണ്ടായി. എന്നെക്കാണാതെന്‍റെ ശരവണൻ ചങ്കുകലങ്ങി നടന്ന്, രണ്ടു കൊല്ലം. അത്രയുംകാലം ഞാൻ സേഠ്‌ജിയുടെ കൈയിലെ കളിപ്പാവയായിരുന്ന്. ഒരുപാട് സഹിച്ചു. വീണ്ടും ഈ കാട്ടില് വന്ന് ശരവണനെക്കണ്ടപ്പോ ഒളിച്ചോടാൻ ഞങ്ങളു തീരുമാനിച്ചതാ സാറേ. ആതെണ്ടിയാ എല്ലാം തകർത്തത്. സാറിന്‍റെ റഹീമിക്കാ. സേഠ്‌ജിയെക്കൊന്ന് എന്നേയും കൊണ്ടു രക്ഷപ്പെടാൻ നോക്കിയതാ, മണ്ടൻ. അതിനിടയ്ക്ക് അവന്മാര് കേറി ഇടപെട്ടു. സേഠ്‌ജിയുടെ സകലസമ്പാദ്യവും സ്വർണ്ണക്കട്ടികളാക്കി ഈ കാടിനകത്തെവിടെയോ കുഴിച്ചിട്ടിട്ടുണ്ട്. ഈ കാടിനകത്ത് ഭൂമിക്കടിയില് സേഠ്‌ജി പണിത ഒരു രഹസ്യഅറയുണ്ട്..! രഹസ്യ അറ.! അതിന്‍റെ താക്കോലാ സാറിന്‍റെ കൈയിലൊള്ളത്. ശരവണനാ സ്ഥലം എനിക്കു കാണിച്ചു തന്നില്ല. അതിനു മുന്നേയവനെ ആ ദുഷ്ടൻ കൊന്നു. അവന്‍റപ്പൻ... കള്ളക്കാണി....."

അവളിരുന്ന് തേങ്ങി.പെട്ടെന്ന് ദൂരെയൊരു വെളിച്ചം മിന്നി. ഇലച്ചാർത്തുകളുടെ അനക്കം.; തെല്ല് വ്യക്തമായി കേട്ടു. ആരോ നടന്നെത്തുന്നുണ്ടെന്നു തോന്നി. ദൈവമേ..! പാറയുടെ മുകളിൽ നിന്നു നോക്കുമ്പോൾ...അവരുടെ സെർച്ച് ലൈറ്റുകളുടെ മിന്നായം കാണാം. അവരായിരിക്കുമോ? ആ തമിഴർ? അവളും ആ വെട്ടം കണ്ടമ്പരന്നു.

"എന്നെ അവർക്കു കൊടുക്കരുത് സാറേ..."

വള്ളി ഭീതിയോടെ പൊട്ടിക്കരഞ്ഞു. ഭയന്നുവിറയ്ക്കുന്ന അവളുടെ ചുണ്ടിലെ മുറിവിൽ ചോരക്കറ തിളങ്ങി. അവരീപ്പാറയ്ക്കരികിലെത്തും മുന്നേ രക്ഷപ്പെടണം. ഇവളെ കൂടെ കൂട്ടി ഇനിയെങ്ങനെ യാത്ര തുടരും? പക്ഷേ... ഇനിയിവളെ ഉപേക്ഷിക്കാൻ വയ്യ. ശരവണനതു പൊറുക്കില്ല. ആലോചിച്ചു നില്ക്കാനും നേരമില്ലാ. താഴെ ഇടതു വശത്ത്... അതേ... ഇടതുവശത്തേയ്ക്ക്... പാറമടക്കിനപ്പുറത്തേയ്ക്കൊരു വഴി കണ്ടിട്ടുണ്ട്. നിറയെ വള്ളികൾ നിറഞ്ഞു തൂങ്ങി നിൽക്കുന്ന ഒരിടുങ്ങിയ ചെറുവഴി. ആനച്ചാലുപോലെ നേർത്തൊരിടവഴി. അതെവിടേയ്ക്കെന്ന് നിശ്ചയമില്ല. ഏതു പുലിമടയിലെത്തിപ്പെടുമെന്ന് ചിന്തിക്കുന്നതിലർത്ഥമില്ല. തൽക്ഷണം ഇവിടന്നു രക്ഷപ്പെടലാണാവശ്യം. ഏതു വഴിക്കും രക്ഷപ്പെട്ടേ പറ്റൂ. പിന്നെചിന്തിച്ചില്ല. വള്ളിയുടെ കൈയും പിടിച്ച് കാട്ടുവള്ളികളിൽ വിശ്വാസമർപ്പിച്ച് ആ ഇടുങ്ങിയ പാതയിലേയ്ക്കിറങ്ങി. രണ്ടും കല്പിച്ച് അവളെ ചേർത്തണച്ച് വള്ളികളിലൂടെ താഴോട്ട് മെല്ലെ മെല്ലെ ഊർന്നിറങ്ങി. ഇത് എങ്ങോട്ടാണ്? യാത്രയുടെ തുടക്കമോ ഒടുക്കമോ? ആവോ? പുലിമടയിലേയ്ക്കോ ഭൂമിയുടെ അപ്പുറത്തേയ്ക്കോ? തെല്ലകലെ ഏതോ കാട്ടു മൃഗത്തിന്‍റെ മുരൾച്ച. എന്തുമാവട്ടെ. വരുന്നതെന്തും നേരിടുക തന്നെ. ദൂരെ ആകാശത്ത് മലമുഴക്കിപ്പക്ഷികൾ ആർത്തു ചിലയ്ക്കുംപോലുള്ള ശബ്ദം. എങ്ങോട്ടെന്നില്ലാതെ അവളേയും കൊണ്ട് പാറമടക്കിനപ്പുറത്തെ കനത്ത ഇരുട്ടിന്‍റെ നാളിയിലേയ്ക്കിറങ്ങിക്കൊണ്ടിരുന്നു. ആഴങ്ങളിലേയ്ക്ക് എത്തുന്നതിന്‍റെ തെളിവു പോലെ മരവിപ്പിക്കുന്ന തണുപ്പ്. അടിയിൽ ജലമൂറുന്ന ശബ്ദം കേൾക്കുന്നോ? കാട്ടുചോലയുടെ, നീരുറവയുടെ, അഗാധതകളിലേയ്ക്കോ ഈ യാത്ര...? അവൾ ക്ഷീണിതയാണ്. ഭാരംകൂടിക്കൂടി വരുന്നു. അവൾ പിടിച്ചു തൂങ്ങിയാടുന്ന വള്ളി പെട്ടെന്നു പൊട്ടിപ്പോയി. അതോടെ അവൾ ഒരു മറിച്ചിലിൽ എങ്ങനെയോ തന്‍റെ കഴുത്തിലൂടെ കൈയിട്ട് പുറത്തു തൂങ്ങിപ്പിടിച്ചു. ഭാരം ഇരട്ടിയായി. ദൈവമേ... ഇനിയെനിക്കു താങ്ങാനാവില്ല. ഈ ഭാരം കൊണ്ടിറങ്ങാനാവാത്ത വിധം കൈ കഴച്ചു തുടങ്ങി. താഴെ എത്തുന്നുമില്ലല്ലോ. ഇതേതോ കൊക്കയിലേയ്ക്കുള്ള ദൂരമാണോ?ഉള്ളിലൊരു നടുക്കം. ആഴമുള്ള കിണറിലേയ്ക്കിറങ്ങും പോലെ തണുപ്പ് അധികരിച്ചു. അടിയിൽ നിന്നും കോടമഞ്ഞിന്‍റെ അലകൾ പൊങ്ങി വരുന്നു.

"വള്ളീ..."

"ങൂം..? "

"എനിക്കു കൈ തളരുന്നു."

പറഞ്ഞു നാവെടുക്കുംമുന്നേ... പിടി വിട്ടു പോയി. മതിലിടിഞ്ഞു വീഴുംപോലെ വള്ളിയുടെ കാറിക്കരച്ചിലോടെ താഴേയ്ക്കു താഴേയ്ക്കു വീണു. എന്നിട്ടും പ്രതീക്ഷിക്കാത്ത ആഴത്തിലേയ്ക്ക് ചെന്നു പതിക്കാൻ ഉദ്ദേശിച്ചതിലും സമയമെടുത്തു. ഇനിയൊരിക്കലും തിരിച്ചു കയറാനാകാത്തത്ര ആഴത്തിലാണ് ചെന്നു വീണത്.

"വള്ളീ.."

അവളുടെ ശബ്ദം കേൾക്കുന്നില്ല. ഒന്നും കാണാൻ വയ്യ. ഏതോ പൊന്തക്കാട്ടിലാണവസാനിച്ചത്. കാട്ടുവള്ളികളിൽ കുരുങ്ങിപ്പിണഞ്ഞ്... നിലത്തവസാനിച്ചപ്പോഴേയ്ക്കും... ദേഹത്തെ തൊലിയെല്ലാം ഉരഞ്ഞുതീർന്നു. ഏതോ മരച്ചില്ലയിൽ തലയിടിച്ചതിന്‍റെ മരവിപ്പ്. നടുതല്ലിയാണുവീണത്. എഴുന്നേൽക്കാനാവുന്നില്ല. അവളെവിടെയാണ്? കനത്ത മൂടൽമഞ്ഞ്, വെളുത്ത ഇരുട്ടായിരിക്കുന്നു. കിതപ്പിലും തളർച്ചയിലും വഴിയറിയാതെ ഏറെനേരം...തപ്പിത്തടഞ്ഞു. നിലത്താകെ ചതുപ്പു പോലെ ചളിയാണ്. അതാവും മരിക്കാതിരുന്നത്. കൈയിലെന്തോ തടഞ്ഞല്ലോ...ഹോ...അതവളാണ്. ചൂടു മാറാത്ത അവളുടെ ശരീരം ചേർത്തു പിടിച്ചു.

"വള്ളീ..."

"ങൂംം.."

അവളുണർന്നു. ഭയന്നുകരയുംമുന്നേ ചുണ്ടുകളിലേയ്ക്കു ചുണ്ടുകൾ ചേർത്തു വച്ചു. തെല്ലുനേരം...അങ്ങനെ കിടന്നു. പിന്നെ... ചളിപൊതിഞ്ഞ കാതിൽപ്പറഞ്ഞു.

"കരയരുത്. ഒച്ചവയ്ക്കരുത്."

അവൾ അനുസരിക്കുംപോലെ ചുണ്ടുകൾ തുറക്കാതെ വിമ്മിക്കരഞ്ഞു. അല്പനേരംകൂടി അവളെയാകെ തലോടി ധൈര്യപ്പെടുത്തി. ഭാഗ്യം. അവൾ വിതുമ്പലുകൾ നിർത്തിയിരിക്കുന്നു. അവൾ മെല്ലെ എഴുന്നേറ്റിരുന്നു. ചുറ്റുമൊന്നും കണ്ടുകൂടാ. പക്ഷേ ഇടയ്ക്കു തണുപ്പു കുറയുമ്പോലെ. അവളേയും ചേർത്തു വലിച്ച് മുന്നോട്ടു നീങ്ങി. മെല്ലെ വളരെ സാവധാനത്തിൽ, തീർത്തും ഒച്ച കേൾപ്പിക്കാതെ.

കുറേനേരം അതേമട്ടിൽ മുന്നോട്ടു നിരങ്ങി നീങ്ങിയപ്പോൾ തണുപ്പു തീരെ കുറഞ്ഞു. ഒന്നുരണ്ടു സെക്കന്‍റുകൾ വിശ്രമിച്ച ശേഷം വീണ്ടും മുന്നോട്ടു നീങ്ങിയപ്പോഴേയ്ക്കും കോട കുറഞ്ഞിരുന്നു. അരണ്ട വെട്ടത്തിൽ ചുറ്റുപാടുകൾ ഏതാണ്ടൊക്കെ ദൃശ്യമായി. ഏതോ കുറ്റിക്കാട് പോലെ... അതോ പുലിമട തന്നെയോ? പെട്ടെന്നു തലയൊരു പാറയിലിടിച്ചു നിന്നു. മുന്നിൽ ഏതോ പാറക്കെട്ടാണെന്നു തപ്പിത്തടഞ്ഞു മനസിലാക്കി. പക്ഷേ അകത്തേയ്ക്കൊരു വഴിയുണ്ടോ? ഗുഹ പോലെ? ദൈവമേ... ഞങ്ങളെവിടെയാണ്? സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ ഈ കവാടം? ഒച്ചവയ്ക്കാനിനിയും പേടി തോന്നുന്നു. പക്ഷേ വള്ളി കിതയ്ക്കുന്നത് വ്യക്തമായും കേൾക്കാം. അവൾ ശ്വാസസ്വരത്തിൽ ചോദിച്ചു.

അവളെവിടെയാണ്? കനത്ത മൂടൽമഞ്ഞ്, വെളുത്ത ഇരുട്ടായിരിക്കുന്നു...

"നമ്മളെവിടാ"

എന്തുപറയും. എന്‍റെ പെണ്ണേ... നമ്മൾ ജീവിതത്തിന്‍റെ ഏതോ വഴിത്തിരിവിലാണ്. ഇരകളെപ്പോലെ, ജനിച്ചു വീണ പിഞ്ചുകുഞ്ഞുങ്ങളേപ്പോലെ, ഇനിയെന്തെന്നറിയാത്ത അനിശ്ചിതത്തിന്‍റെ വാതിൽപ്പാളികൾക്കുമുന്നിൽ. എന്നൊക്കെ അവളോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ... പെട്ടെന്ന് തൊട്ടുമുന്നിലൊരു നിഴലനങ്ങിയോ? വള്ളിയുടെ ശ്വാസവും കിതപ്പുമല്ലാതെ... മുരൾച്ചയടക്കി ക്കിതയ്ക്കുന്ന മറ്റൊരു ശബ്ദം കൂടി ശ്രദ്ധിച്ചാൽ കേൾക്കാം. പക്ഷേ വെളിച്ചം കിട്ടുന്നില്ല. ഒരു മൂടലല്ലാതെ ഒന്നും വ്യക്തമായി കാണാൻ വയ്യ. എന്നിട്ടും കണ്ണുകളുടെ തിളക്കം പോലെന്തോ കാണുന്നില്ലേ? കരടിയോ, പുലിയോ ഒറ്റയാനോ? അതോ....?

ഭയം കൊണ്ട് ആകെ വിറയ്ക്കുന്നു. കണ്ണുകൾ തുറന്നുപിടിക്കാൻ പോലും കഴിയുന്നില്ല. എന്നിട്ടും അടുത്ത നിമിഷമൊരു ആക്രമണം കാത്ത്, നിശ്ചലരായി, ശ്വാസം പിടിച്ചു നിന്നുപോയി. അപ്പോഴും ചോര കിനിയുന്ന കാതിൽ ചുണ്ടുമുട്ടിച്ച് മെല്ലെ... തീരെ ശബ്ദം കേൾപ്പിക്കാതെ ശ്വാസസ്വരത്തിൽ വള്ളി മന്ത്രിച്ചു.

"സാറേ... ആ... താക്കോൽ.. പോക്കറ്റിലില്ലേ?"

ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ നാവുപൊന്തിയില്ല. എന്നിട്ടും പോക്കറ്റിലേയ്ക്ക് കൈ നീണ്ടതു സത്യം. പക്ഷേ...ഉടലാകെ പടരുന്ന ഉള്ളുലച്ച ഒരു നടുക്കത്തിന്‍റെ പ്രകമ്പനങ്ങൾ അവളറിഞ്ഞു കാണുമോ?

ശ്രീമൂലനഗരം പൊന്നൻ

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com