ദുബായ്: ദുബായ് മെഹ്ഫിൽ ഇന്‍റർനാഷണൽ നടത്തിയ ചെറുകഥാ മത്സരത്തിൽ ഹുസ്‌ന റാഫിയുടെ 'ചുഴലി കൂവ' ഒന്നാം സ്ഥാനം നേടി. റസീന ഹൈദറിന്‍റെ 'ഇസഡ്', മനോജ് കോടിയത്തിന്‍റെ 'പതക്കറ്റ' എന്നീ കഥകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
അഞ്ചു കഥകൾ പ്രത്യേക ജൂറി പരാമർശം നേടി- പഗ്മാർക്ക് (അനൂപ് കുമ്പനാട്), പാറ്റ (റസീന കെ.പി.), കഥാതന്തു (ജാസ്മിൻ അമ്പലത്തിലകത്ത്), ചുവന്ന ലോകം (ആരതി നായർ), ദേശാടന പക്ഷികൾ ഉറങ്ങാറില്ല (വൈ.എ. സാജിദ).
രമേഷ് പെരുമ്പിലാവ്, ഷാനവാസ് കണ്ണഞ്ചേരി എന്നിവർ തെരഞ്ഞെടുത്ത പത്തു കഥകളിൽ നിന്ന് തിരക്കഥാകൃത്തും സംവിധായകനുമായ പി.ജി. ജോൺസണാണ് സമ്മാനാർഹമായ മികച്ച കഥകൾ കണ്ടെത്തിയത്. മെഹ്ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റിൽ വെച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.