പുലിപ്പാറയിലെ പുപ്പുലി
പുലിപ്പാറയിലെ പുപ്പുലിSketch: Subhash Kalloor

പുലിപ്പാറയിലെ പുപ്പുലി | കഥ

''എനിക്കൊന്നും അറിയില്ലമ്മേ, അദ്ദേഹം ഇങ്ങനെയൊന്നും ആയിരുന്നില്ല. കുറച്ചുനാളു കൊണ്ടാണ് ഈ മാറ്റങ്ങളൊക്കെ...' മാനസി ഒരു വിതുമ്പലോടെ അമ്മയുടെ മാറിലേക്ക് തല ചായ്ച്ചു... | മധു തൃപ്പെരുന്തുറ എഴുതിയ ചെറുകഥ

മധു തൃപ്പെരുന്തുറ

അന്‍പതിന് ശേഷം പൊടുന്നനെ ഈ ലോകത്തിന്‍റെ കുതിപ്പില്‍ നിന്നും പിടഞ്ഞുമാറി കാറ്റോ വെളിച്ചമോ കയറ്റിറക്കങ്ങളില്ലാത്ത ഒറ്റമുറിയിലേക്ക് ഉള്‍വലിയുകയായിരുന്നു ജീവന്‍. മനസ്സിനെ വരുതിയിലാക്കാന്‍ ഡോക്ടര്‍ കുറിച്ചിട്ട മരുന്നിന്‍റെ ശക്തിയില്‍ മിക്കപ്പോഴും മയങ്ങിക്കിടപ്പ് പതിവാണ്. ദുഃസ്വപ്നങ്ങളുടെ തടവറയില്‍ ചുറ്റുമുള്ള ശബ്ദങ്ങളാല്‍ അലോസരപ്പെട്ട് ഇടക്കൊക്കെ ഒന്ന് കണ്ണു തുറക്കും. മാനസിയുടെ നിര്‍ബന്ധത്തിനു വഴങ്ങി, ഭക്ഷണത്തിന്‍റെ മുന്‍പില്‍ ചെന്നിരുന്ന് അതില്‍ വിരൽ കൊണ്ടിളക്കി അഞ്ചാറ് വറ്റ് കഴിച്ചെന്നു വരുത്തും. തിടുക്കപ്പെട്ട് കട്ടിലിലേക്ക് തന്നെ മടങ്ങും.

ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അന്വേഷിച്ചു വരാറുണ്ടെങ്കിലും ജീവന്‍റെ മുറി ആര്‍ക്കു മുന്‍പിലും തുറക്കപ്പെട്ടില്ല. മനസ് ദുര്‍ബലപ്പെട്ട് ആളുകളെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലതെ സ്വയം വരിച്ച ഏകാന്തതയുടെ തടവുകാരനായി.

''എനിക്കൊന്നും അറിയില്ലമ്മേ, അദ്ദേഹം ഇങ്ങനെയൊന്നും ആയിരുന്നില്ല. കുറച്ചുനാളു കൊണ്ടാണ് ഈ മാറ്റങ്ങളക്കൊക്കെ...' മാനസി ഒരു വിതുമ്പലോടെ അമ്മയുടെ മാറിലേക്ക് തല ചായ്ച്ചു.

ഒരു വര്‍ഷം മുന്‍പാണ് സുപ്രണ്ടു പണിയില്‍ നിന്ന് ജീവന്‍ വാളണ്ടറി റിട്ടയര്‍മെന്‍റ് എടുത്തത്. നാലഞ്ചു വര്‍ഷം നെടുനീളത്തില്‍ കിടക്കുമ്പോള്‍ നട്ടപ്രാന്തെന്ന് പലരും പരിഹസിച്ചു. മേലാഫീസര്‍ ജോസഫ് ഫയല്‍ ഒപ്പിടും മുന്‍പ് തീരുമാനം വെട്ടിത്തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ജീവനെ വിളിപ്പിച്ചു. രണ്ടുദിവസം മുന്‍പ് സമയമാണ് ജീവിതമെന്ന് ജീവന്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസിട്ടത് ഓഫീസറുടെ ശ്രദ്ധയിലും പെട്ടിരുന്നു. ഒരു ട്രഷറി ജീവനക്കാരന്‍ മറ്റെന്തിനെക്കാളും പാലിക്കേണ്ടത് സമയനിഷ്ഠയാണെന്ന് വിശ്വസിക്കുന്ന ജോസഫിന് കീഴാഫീസറോടുള്ള മതിപ്പ് കൂടിയെന്നല്ലാതെ കുറഞ്ഞില്ല.

ജീവനോട് കസേരയില്‍ ഇരിക്കാന്‍ അദ്ദേഹം ആംഗ്യസൂചന നല്‍കി.

''ഒരു ശമ്പള പരിഷ്‌കരണം കൂടി വരാനിരിക്കുന്നു. ബേസിക്കിലും പെന്‍ഷനിലും വലിയ മാറ്റമുണ്ടാവും. ചെറിയ ജോലിയെങ്കിലും കിട്ടാന്‍ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ കിട്ടിയ സൗഭാഗ്യത്തെ വലിച്ചെറിയുന്ന നിങ്ങള്‍ക്കിത് എന്തിന്‍റെ കേടാണ്?'' മൊബൈല്‍ കാല്‍ക്കുലേറ്ററില്‍ വിരല്‍കുത്തി പെരുപ്പിച്ച അക്കങ്ങളെ ജീവനിലേക്ക് തള്ളിവെച്ചുകൊണ്ട് ട്രഷറി ഓഫീസര്‍ ചോദിച്ചു.

''സാറേ, ജീവിതവും ഫയലുകളും ഒരേപോലാ. അപ്രതീക്ഷിതമായ ചില വെട്ടിത്തിരുത്തലുകള്‍ വേണ്ടിവന്നേക്കും.'' ഒറ്റവരിക്കപ്പുറം കടക്കാതെ തന്‍റെ നിലപാടയാള്‍ വ്യക്തമാക്കി.

കുറച്ചുകാലമായി ജീവന്‍ സമയത്തെക്കുറിച്ച് അതിന്ധനം ജ്വലിപ്പിക്കുന്ന കാലത്തെക്കുറിച്ച് ജീവിതമെന്ന പ്രഹേളികയെക്കുറിച്ച് ചിന്തിച്ചുചിന്തിച്ച് അശാന്തിയുടെ തോഴനായിട്ട്. ഫയലുകളില്‍ ചൂഴ്ന്ന് ഇരിക്കുമ്പോഴും ചുവര്‍ക്ലോക്കിലെ സമയസൂചിയുടെ കുതിപ്പിനൊപ്പം ഓടിയെത്താന്‍ കഴിയുമോ എന്ന ആശങ്കയില്‍ മിക്കപ്പോഴും ഉലഞ്ഞു.

ഫ്‌ളാപ് വെച്ച പേജുകള്‍ നിരന്തരം മാറിപ്പോവുന്നു. കീഴ് ജീവനക്കാരോട് അകാരണമായി പൊട്ടിത്തെറിക്കുന്നു. ഏകാഗ്രതയില്ലാതെ ധൃതിപ്പെട്ട് ഫയലുകളില്‍ ഒപ്പു വെയ്ക്കുന്നു. ഒരിക്കല്‍ പറഞ്ഞത് പിന്നീട് മാറ്റിപ്പറഞ്ഞത് പിന്നേയും മാറ്റിപ്പറയുന്നു. ജീവനെപ്പറ്റി പരാതികളുടെ പ്രളയമൊഴുകി. എന്നാല്‍ കുഴപ്പം തനിക്കല്ല, മറ്റുള്ളവര്‍ക്ക് ആണെന്ന് ജീവന്‍ വിശ്വസിക്കുകയും അവിശ്വാസികളോട് നിരന്തരം തര്‍ക്കിക്കുകയും ചെയ്തു.

വര്‍ത്തമാനകാലം മിഥ്യയാണെന്നും മനുഷ്യന്‍ ഓര്‍മ്മകളുടെ തുരുത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട വെറും ചാണകപ്പുഴുക്കളാണന്നും ഭര്‍ത്താവ് മരിച്ച സുധാമണിയുടെ പെന്‍ഷന്‍ ബുക്കില്‍ പച്ചമഷിക്കുറിപ്പ് വീണതോടെ അതുവരെ സംരക്ഷണ കവചം ഒരുക്കിയിരുന്ന ഓഫീസറും നിസ്സഹായനായി. സഹപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ജീവനെ കാണുമമ്പോഴൊക്കെ അപകടകാരിയായ വന്യജീവിയോടെന്ന പോലെ അകലം പാലിച്ചു. ഇടവേളകളില്‍ പറഞ്ഞ് ചിരിക്കാനും ഉച്ചഭക്ഷണ സമയത്ത് ചവച്ചരയ്ക്കാനും അവര്‍ക്ക് കിട്ടിയ സ്വാദേറിയ വിഭവമായി ജീവന്‍.

തഹസീല്‍ദാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതിന്‍റെ നാലാമത്തെ ദിവസമാണ് മാനസിയോട് ഒരുവാക്ക് ചോദിക്കാതെ വാളണ്ടറി റിട്ടയര്‍മെന്‍റിന് അപേക്ഷ കൊടുത്തത്.

Sketch: Subhash Kalloor

ഉറക്കമില്ലാത്ത രാത്രികളില്‍ കുതിരയുടെ കുളമ്പടിയൊച്ചപോലെ ഒന്ന് ജീവന്‍ കേട്ടു. കാലത്തിന്‍റെ പ്രയാണം എന്ന് അയാള്‍ ഉറപ്പിച്ചപ്പോള്‍, നിങ്ങളെപ്പറ്റിയുള്ള എന്‍റെ നെഞ്ചിടിപ്പാണതെന്ന് മാനസി വേദനവിങ്ങിയ ഫലിതം പറഞ്ഞു. കിടപ്പാടം മകന്‍റെ പേരില്‍ എഴുതി വെച്ചപ്പോഴും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അവളുടെ പേരില്‍ ട്രഷറിയില്‍ നിക്ഷേപിച്ചപ്പോഴും ചില്ലറ പന്തികേടുകള്‍ തോന്നിച്ചിരുന്നു. വല്ലാത്തൊരു തിടുക്കവും വ്യഗ്രതയുമുണ്ടായിരുന്നു ഓരോ ചുവടുവെയ്പിലും.

പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ആത്മഹത്യ ചെയ്ത ജീവന്‍റെ അച്ഛന്‍ ശിവശങ്കരനെക്കുറിച്ച്, ജീവന്‍റെ ചെറിയമ്മ മരിക്കുന്നതിന് മുന്‍പ് മാനസിയോട് പറഞ്ഞിരുന്നു. നിലവറയില്‍ വെളിച്ചത്തെ ഭയന്ന് ഏറെക്കാലം ഒളിച്ചിരുന്ന ശിവശങ്കരന്‍, ഓരോണക്കാലത്ത് ഊഞ്ഞാലിന് കെട്ടിയ കയറഴിച്ച് അതേ മരക്കൊമ്പില്‍ ജീവനൊടുക്കുകയായിരുന്നു. ജീവനെ കാണുമ്പോഴൊക്കെ 'അച്ഛനെ വാര്‍ത്തു വെച്ചപോലെ'യെന്ന് ബന്ധുക്കള്‍ മേനി പറയാറുണ്ടെങ്കിലും ഒരു നെരിപ്പോട് അപ്പോഴൊക്കെ അവളുടെ ഉള്ളില്‍ പുകഞ്ഞു തുടങ്ങും.

ഭര്‍ത്താവിനെ തിരിച്ചുപിടിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാനസി ആവുന്നതെല്ലാം ചെയ്തു. പഴയ പാട്ടുകളോടുള്ള ജീവന്‍റെ പ്രണയം മനസ്സിലാക്കി മ്യൂസിക് പ്ലെയര്‍ പൊടിതട്ടിയെടുത്ത് വീടിനെ സംഗീതസാന്ദ്രമാക്കി. യേശുദാസും ജയചന്ദ്രനും ജാനകിയുമെല്ലാം അടുക്കളയിലും പൂജാമുറിയിലും കിടപ്പറയിലും പാടിത്തകര്‍ത്തു. റീഡിംഗ് തെറാപ്പിയിലും അവള്‍ ഒരു കൈ പയറ്റാതിരുന്നില്ല. മനസ്സിന് ശാന്തത കിട്ടുന്ന പുസ്തകങ്ങള്‍ സംഘടിപ്പിച്ചു. ബുദ്ധന്‍റെ ജീവിതവും ദര്‍ശനവുമായി ബന്ധപ്പെട്ടവയായിരുന്നു കൂടുതലും.

അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്തു. ഒരര്‍ദ്ധരാത്രി ഉറങ്ങിക്കിടന്ന ഭാര്യയെയും ഏകമകനെയും ഉപേക്ഷിച്ച് ജീവന്‍ വീടുവിട്ടിറങ്ങി. യാത്രയ്ക്ക് മുന്‍പ് മാനസിയുടെ കിടപ്പറയില്‍ കയറി പ്രിയപ്പെട്ടവരെ ഒരുനോക്ക് കണ്ടു. വശം ചരിഞ്ഞു കിടക്കുന്ന മാനസിയെ നോക്കിനിന്നപ്പോള്‍ നിയന്ത്രണണച്ചരടുകളറ്റ് വല്ലാതെ വികരാധീനനായി. പുതച്ചുറങ്ങുന്ന നകുലന്‍റെ മുഖം ഒരുനോക്ക് കാണാന്‍ കൊതിച്ചെങ്കിലും മാനസി ഉണര്‍ന്നാലോ എന്ന ഭയത്താല്‍ മുതിര്‍ന്നില്ല.

കാര്‍പോര്‍ച്ചിലിരുന്ന ഹെര്‍ക്കുലീസിന്‍റെ സൈക്കിളെടുത്ത് നാലഞ്ച് കിലോമീറ്റര്‍ അകലെയുള്ള പുലിപ്പാറയെ ലക്ഷ്യമാക്കി ചവുട്ടി. ചെറിയ കയറ്റങ്ങളില്‍ ചവുട്ടിക്കേറിയും വലിയ കയറ്റങ്ങളില്‍ സൈക്കിളുന്തിയും ലക്ഷ്യസ്ഥാനത്തെത്തി. ക്യാരിയര്‍ പൊന്തിച്ച് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്ന് അഡ്രസ്സ് എഴുതിയ പേപ്പര്‍ അതില്‍ വെച്ചു. നിയോണ്‍ ലൈറ്റിന്‍റെ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്ന പുലിപ്പാറയുടെ മുതുകില്‍ സൈക്കിള്‍ ചാരി, പടവുകള്‍ വെട്ടിയ പാറയുടെ മുകളിലേക്ക് കയറി.

തന്‍റെ ചലനങ്ങളെല്ലാം വീക്ഷിച്ച് പാറപ്പുറത്തിരിക്കുന്ന ആളെ ജീവന്‍ അപ്പോഴാണ് കണ്ടത്...

തന്‍റെ ചലനങ്ങളെല്ലാം വീക്ഷിച്ച് പാറപ്പുറത്തിരിക്കുന്ന ആളെ ജീവന്‍ അപ്പോഴാണ് കണ്ടത്. കൃത്യനിര്‍വഹണത്തിന് ഇയാള്‍ തടസ്സം നിന്നേക്കുമോ? ജീവന്‍ അടുത്തേക്ക് ചെന്നു.

അര്‍ദ്ധരാത്രിയില്‍ ഒരപരിചിതനെ ഇങ്ങനത്തെ സാഹചര്യത്തില്‍ കാണുമ്പോള്‍ ഉണ്ടായേക്കാവുന്ന വേവലാതിയൊന്നും അയാളില്‍ കണ്ടില്ല. എന്തിന് മുന്നില്‍ ഒരാള്‍ നില്‍പ്പുണ്ട് എന്ന ഭാവം പോലുമില്ല.

സമയം വിലപ്പെട്ടതാണ്. എത്രയും പെട്ടെന്ന് കൊക്കയിലേക്ക് ചാടണം. വെറുതെ നേരം പോകുന്നതോര്‍ത്ത് ജീവന്‍ അസ്വസ്ഥനായി.

''ആത്മഹത്യ ചെയ്യാന്‍ വന്നതായിരിക്കും,'' അപരന്‍ മുഖമുയര്‍ത്താതെ ചോദിച്ചു.

''എങ്ങനെ മനസ്സിലായി?

''അതിന് ത്രികാലജ്ഞാനമൊന്നും വേണ്ടല്ലോ. അല്ലാതെ ഒരാള്‍ ഈ നട്ടപ്പാതിരയ്ക്ക് പുലിപ്പാറ കയറിവരില്ല. ആട്ടെ നിങ്ങളുടെ പേര്?''

''ജീവന്‍.''

''മരണശേഷം എന്തു വിളിക്കും?''

'എന്തും വിളിക്കാം. ജഡം, ശവം, മയ്യത്ത്, പിണം, ചാവ് അങ്ങനെ എന്തും.''

''ഇരിക്കൂ...... ഞാന്‍ ഏകലവ്യന്‍. നമുക്കിരുന്ന് സംസാരിക്കാം.''

ജീവന്‍ അയാളുടെ അടുത്തിരുന്നു.

''എന്തിനാണ് അത്മഹത്യ ചെയ്യുന്നത്?''

''ഏറെ നാളായി ചില സമസ്യകള്‍ എന്നെ അലട്ടാന്‍ തുടങ്ങിയിട്ട്? ഞാന്‍ ആരാണ്? ഈ ജീവിതത്തിന്‍റെ അര്‍ത്ഥം എന്താണ്? മരണത്തിന് അപ്പുറം എന്താണ്? ദുഖങ്ങള്‍ക്ക് കാരണമെന്താണ്? ചിന്തിച്ചു ചിന്തിച്ച് മനസമാധാനവും ഉറക്കവും നഷ്ടമായി. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണെന്ന് കരുതി.

''ഏകലവ്യന് ചിരി അടക്കാനായില്ല, ആ ചിരിയുടെ മുഴക്കം ജീവനെ ഉലച്ചു.

''വീട്ടില്‍ ആരൊക്കയുണ്ട്?''

''ഭാര്യ, ഒരു മകന്‍.''

''ഭാര്യ കാണാനെങ്ങനെ? സുന്ദരിയാണോ?''

''അതെ, ഞങ്ങള്‍ തമ്മില്‍ നല്ല പ്രായവ്യത്യാസവും ഉണ്ട്.''

''നിങ്ങള്‍ ആത്മഹത്യ ചെയ്താല്‍ അവരെങ്ങനെ ജീവിക്കും?''

''അവര്‍ക്ക് ജീവിക്കാന്‍ വേണ്ടതൊക്കെ ഞാന്‍ കരുതി വെച്ചിട്ടുണ്ട്.''

Sketch: Subhash Kalloor

ഒരു നിമിഷം ഏകലവ്യന്‍ എന്തോ ആലോചിച്ചു നിന്നു. പിന്നെ ശാന്തനായി പ്രതിവചിച്ചു

''മരണത്തിനപ്പുറം എന്താണെന്നറിയാന്‍ മരിക്കണമെന്നില്ല. നേരെ കിഴക്കോട്ട് പോവുക. അതിര്‍ത്തിയില്‍ ഒരു ബുദ്ധവിഹാരം കാണാം. അവിടെ അളന്നു കുറിച്ച് നൂറ്റിയൊന്ന് ആല്‍മരങ്ങള്‍ നട്ടു വളര്‍ത്തിയിരിക്കുന്നു. എല്ലാ മരങ്ങള്‍ക്കുചുറ്റും സമചതുരാകൃതിയില്‍ ഭംഗിയായി കെട്ടിയ ആല്‍ത്തറയുമുണ്ട്. ആല്‍ത്തറയില്‍ ഇരുന്ന് ധ്യാനിക്കുന്ന ബുദ്ധഭിക്ഷുക്കളും ജീവിതത്തിന്‍റെ സമസ്യകള്‍ തന്നെയാണ് അന്വേഷിക്കുന്നത്. ബോധോദയം ഉണ്ടാകുന്നതുവരെ അവിടെയിരുന്ന് ധ്യാനിക്കാം, എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടും.''

ശരിയാണല്ലോ, ജീവിച്ചിരുന്നാലല്ലേ മരണത്തിന് അപ്പുറം എന്താണെന്ന് അറിയാന്‍ കഴിയൂ. ഇരുട്ടില്‍ ഒരു വഴി തെളിഞ്ഞു വന്നിരിക്കുന്നു. വഴികാണിച്ചു തന്ന ഗുരുവാണ് തൊട്ടപ്പുറത്ത് പാറമേല്‍ തണുത്ത കാറ്റും കൊണ്ടിരിക്കുന്നത്!

''ഇത്ര ജ്ഞാനിയായ അങ്ങ് എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്?''

നിഷ്‌കളങ്കമായ ചോദ്യം ഏകലവ്യനെ പിന്നെയും ചിരിപ്പിച്ചു.

''അത്മഹത്യ ചെയ്യാനോ? ആരു പറഞ്ഞു? എന്‍റെ വീട് വളരെ അടുത്താണ്. രാത്രി രണ്ടെണ്ണം വിട്ട് ഞാനീ പാറപ്പുറത്ത് വന്നിരിക്കും. മുന്‍പ് ആകാശത്ത് ചന്ദ്രന്‍ചേട്ടനിട്ട ബള്‍ബ് മാത്രമേ ഉണ്ടായിരുന്നുള്ളു. ബ്ലോക്ക് മെമ്പര്‍ ഏലിയാസ് പരുന്തുംപാറയാണ് രണ്ടാമത്തെ ബള്‍ബിട്ടത്. താമസിയാതെ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്ന് അയാള്‍ പറയുന്നു. ഇരുട്ടത്തിരിക്കാനുള്ള ഇഷ്ടം കൊണ്ട് പലതവണ ഞാന്‍ ബള്‍ബ് എറിഞ്ഞുടച്ചു, അതിന്‍റെ പേരില്‍ എനിക്കെതിരെ നാലു പോലീസ് കേസ് നിലവിലുണ്ട്. ഒരു പക്ഷെ ഏതെങ്കിലും ഒരു പാറയിടുക്കില്‍ തെളിവുണ്ടാക്കാന്‍ മൊബൈല്‍ കാമറ ഓണ്‍ചെയ്ത് പരുന്തും പാറ പതുങ്ങിയിരുപ്പുണ്ടോ എന്നുപോലും ഞാന്‍ സംശയിക്കുന്നു.''

''ഗുരോ, സമയത്തെക്കുറിച്ച് ഞാന്‍ ആകുലചിത്തനാണ്. ശുഭസ്യ ശീഘ്രം എന്നാണല്ലോ. യാത്രാനുമതി ഏകിയാലും. ഇനിയുള്ള എന്‍റെ യാത്ര നഗ്‌നപാദനായിട്ട്. ഭൂതകാലവും അതിന്‍റെ ദുരിതം പിടിച്ച ഓര്‍മ്മകളും ഇവിടെ ഉപേക്ഷിക്കുന്നു. അങ്ങെനിക്ക് ഒരുപകാരം കൂടി ചെയ്യണം. എന്‍റെ ഭാതികവസ്തുക്കള്‍, അതായത് ഈ റാലി സൈക്കിളും പാരഗണ്‍ പാദുകവും ഭദ്രമായി മാനസിയെ ഏല്‍പ്പിക്കണം. അഡ്രസ്സ് ക്യാരിയറില്‍ എഴുതി വെച്ചിട്ടുണ്ട്. ''

ജീവന്‍ എകലവ്യന്‍റെ കാല്‍തൊട്ട് വണങ്ങി.

സൈക്കിളുമായി അങ്ങയുടെ ഭവനേ എത്തി, ഭവതിയെ കാര്യങ്ങള്‍ പറഞ്ഞ് ആശ്വസിപ്പിക്കുന്ന കാര്യം ഞാനേറ്റു...

''ഇനി മുതല്‍ താങ്കള്‍ ജീവനല്ല, ജീവാനന്ദനാണ്. പ്രപഞ്ച രഹസ്യത്തിന്‍റെ വാതില്‍ ഇനി മലര്‍ക്കെ തുറക്കപ്പെടും. രാത്രിയാത്രക്ക് രണ്ടു ബാറ്ററിയുടെ ടോര്‍ച്ച് ഇതാ സൗജന്യമായി തരുന്നു. സൈക്കിളുമായി അങ്ങയുടെ ഭവനേ എത്തി, ഭവതിയെ കാര്യങ്ങള്‍ പറഞ്ഞ് ആശ്വസിപ്പിക്കുന്ന കാര്യം ഞാനേറ്റു.''

ജീവന് സമാധാനമായി, ജ്ഞാനിയായ ഒരാള്‍ക്ക് എന്താണ് അസാധ്യമായിട്ടുള്ളത്!

ജീവന്‍ പുലിപ്പാറയിറങ്ങി. ടോര്‍ച്ചു തെളിയിച്ച് കിഴക്ക് ദിക്കിനെ നോക്കി നടകൊണ്ടു. പ്രഭാതമെത്തുന്നതിന് മുന്‍പേ വളരെ ദൂരം താണ്ടി. മനോഹരമായ ചെറു വനപ്രദേശത്ത് കൂടിയാണ് താന്‍ പോകുന്നതെന്ന് മനസ്സിലായി. ചുറ്റും കോടമഞ്ഞ് പുതച്ച മലനിരകള്‍. പതഞ്ഞൊഴുകുന്ന കുഞ്ഞരുവികള്‍. കാട്ടുപൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധം.

പുല്‍മേടിനെ പകുത്തുപോകുന്ന പാതയില്‍ വെച്ച് ചോള വയലുകളില്‍ കൃഷി ചെയ്യാന്‍ പോകുന്ന കാനനവാസികളായ ചിലരോട് ബുദ്ധ വിഹാരത്തിലേക്കുള്ള വഴി ചോദിച്ചു. അവരുടെ ഭാഷ പൂര്‍ണ്ണമായി മനസിലായില്ലെങ്കിലും ഉച്ചയ്ക്ക് മുന്‍പ് അവിടെത്തിച്ചേരും, അധിക ദൂരമില്ല എന്ന് മനസിലായി. വിശന്നപ്പോള്‍ കാട്ടുപഴങ്ങള്‍ ഭക്ഷിച്ചു, ദാഹിച്ചപ്പോള്‍ അരുവിയില്‍ നിന്ന് തെളിനീര്‍ കോരിക്കുടിച്ചു.

ഉച്ചയോടെ വലിയൊരു മലനിരയും അതിന്‍റെ ചുവട്ടില്‍ മലയിലേക്ക് പതിപ്പിച്ചു വെച്ച വജ്ര ഹാരം പോലെ വെട്ടിത്തിളങ്ങുന്ന ബുദ്ധ വിഹാരവും കണ്ണില്‍പ്പെട്ടു. ബുദ്ധസൂക്തങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട പതാകകള്‍ എവിടെയും കാറ്റത്തുലഞ്ഞു പാറുന്നു. ടിബറ്റന്‍ വാസ്തു നിര്‍മ്മിതിയില്‍ പണിതുയര്‍ത്തിയ മൊണാസ്ട്രിയുടെ എടുപ്പുകളില്‍ വ്യാളിമുഖങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്.

കുങ്കുമ വസ്ത്രങ്ങള്‍ ധരിച്ച ഏതാനും ബുദ്ധസന്യാസിമാര്‍ പ്രയര്‍ വീലുകള്‍ കറക്കി മന്ത്രങ്ങള്‍ ഉരുവിട്ട് ജീവനെ കടന്നു പോയി. ജീവന്‍ ഗോപുരവാതില്‍ കടന്ന് ഉള്ളിലെത്തി. ഒരു ബുദ്ധ സന്യാസി ജീവനെ അടുത്തേക്ക് വിളിച്ചു. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ സന്തോഷമായി. കൂടെ വരാന്‍ ആവശ്യപ്പെട്ട് മുന്‍പേ നടന്നു. അവര്‍ വലിയൊരു തളത്തിലെത്തി. ചുവരുകളില്‍ ബുദ്ധദേവന്‍റെ ജീവിത കഥകള്‍ ചിത്രരൂപത്തില്‍ കൊത്തിവെച്ചിരിക്കുന്നതും നോക്കി ജീവന്‍ കുറച്ചു നേരം നിന്നു.

''വരൂ,'' ബുദ്ധ സന്യാസി വഴി കാട്ടി.

തൊങ്ങലുകളും തോരണങ്ങളും തൂങ്ങിയ ഏതൊക്കയോ ഇടനാഴിയിലൂടെ ചുറ്റിത്തിരിഞ്ഞ് അവര്‍ ഒരു വിശ്രമമുറിയുടെ ഉള്ളിലെത്തി. ശീതികരിച്ച മുറിക്കുള്ളില്‍ ഉയര്‍ന്ന പീഠത്തില്‍, വൃദ്ധനായ സന്യാസി ഇരിപ്പുണ്ട്. ആ മുഖത്ത് അപാരമായ ചൈതന്യം കളിയാടിയിരുന്നു.

പതിഞ്ഞ ശബ്ദത്തില്‍ സന്യാസി പറഞ്ഞു, ''ആര്യന്‍റെ ആഗമനോദ്ദേശം നാം അറിഞ്ഞിരിക്കുന്നു. താഷി ലാമ ഇപ്പോള്‍ പറഞ്ഞതേയുള്ളു. ധ്യാനനിരതനാവുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ആല്‍മര ചുവട്ടില്‍ ധ്യാനിക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം മാത്രമായിരിക്കും മഠത്തില്‍ നിന്ന് ലഭിക്കുക, അതും ഉച്ച നേരങ്ങളില്‍. ചില ദിവസങ്ങളില്‍ പാല്‍കഞ്ഞി... ചിലപ്പോള്‍ ഉപ്പുമാവ്... കൊഴുക്കട്ട... പൂരി, അങ്ങനെ മാറി മാറി. ജീവന്‍ നിലനില്‍ക്കാന്‍ മാത്രമാണ് ഭക്ഷണം എന്നറിയുക. മഴയും വെയിലും തണുപ്പും ഏല്‍ക്കേണ്ടി വരും. ബോധോദയത്തിനായി പല പ്രതിസന്ധികളെയും മറികടക്കണം. ശരീരം വെറുമൊരു ഉപകരണം മാത്രമായിരിക്കും. മനസ് അജയ്യമായ ശക്തി. കഠിനമായ പരീക്ഷണങ്ങളിലൂടെ സ്വയം ശുദ്ധീകരിക്കാന്‍ തയ്യാറാണോ?''

അതേയെന്ന് ജീവന്‍ എന്ന് തലയാട്ടി.

ബുദ്ധസന്യാസിയുടെ ചുളുവുകള്‍ വീണ മുഖത്ത് നിഷ്‌കളങ്കമായ പുഞ്ചിരി വിരിഞ്ഞു.

''എങ്കില്‍ കുളിച്ച് കുശനിയില്‍ പോയി ഭക്ഷണമൊക്കെ കഴിച്ച് തല മുണ്ഡനം ചെയ്ത് നാളെ പുലര്‍കാലേ വരൂ. ധരിക്കാനുള്ള വസ്ത്രം നാം തന്നെ തരുന്നതാണ്. എല്ലാ ചുമതലകളും താഷി ലാമയെ ഏല്‍പ്പിച്ചിട്ടുണ്ട്. മുഖത്തെ വിഷാദഭാവം ഉപേക്ഷിക്കൂ.....''

കാത്തുനിന്ന താഷി ലാമ ജീവനെ അടുക്കളയിലേക്ക് കൊണ്ടുപോയി.

ഒരു വലിയ അണ്ടയില്‍ പൂരിയുണ്ടാക്കി ഉയര്‍ന്ന തട്ടില്‍ കേറ്റിവെച്ചിട്ടുണ്ട്. അടുത്തായി മറ്റൊരു സ്റ്റീല്‍ പാത്രത്തില്‍ പരിപ്പ് കറിയും. തളികയില്‍ ആവശ്യത്തിനുള്ളത് എടുക്കാം. ധാരാളം സന്യാസിമാര്‍ നിലത്തെ വിരിയില്‍ കുത്തിയിരുന്ന് ആഹാരം കഴിക്കുന്നു. ചവക്കുന്ന ഒച്ച മാത്രം നിശബ്ദതയില്‍ കേള്‍ക്കാം. നാളെമുതല്‍ പട്ടിണി കിടക്കേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ ജീവന് വിശപ്പാളി. ഇടം വലം നോക്കാതെ വയറ് നിറച്ചു കഴിച്ചു. തളിക വൃത്തിയായി കഴുകി യഥാസ്ഥാനത്ത് വെച്ചു.

അല്പ നേരത്തെ വിശ്രമം, താഷിലാമ ജീവനെ ക്ഷുരകന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി തല മുണ്ഡനം ചെയ്തു. മീശയും താടിരോമങ്ങളും വടിച്ചു മാറ്റിയ സ്വന്തം രൂപത്തെ ക്ഷുരകന്‍ നീട്ടിയ കണ്ണാടിയിലൂടെ കണ്ടപ്പോള്‍ അത്മബോധത്തിന്‍റെ ആദ്യ പടി ചവിട്ടക്കേറിയതായി ജീവനറിഞ്ഞു.

മാനസിയുടെ മുഖം കാര്‍മേഘ പടലങ്ങള്‍ക്കിടയില്‍ വിളറിയ പൂര്‍ണ്ണചന്ദ്രനെപോലെ ജീവന്‍റെയുള്ളില്‍ തെളിഞ്ഞു...

പുഴയിലെ സ്ഫടിക ജലത്തില്‍ കുളിച്ചു വന്ന ശേഷം ഉറങ്ങുവാനുള്ള മുറി താഷിലാമ കാട്ടിക്കൊടുത്തു. കടും നിറത്തില്‍ ചുവന്ന ചായമടിച്ച കുടുസ്സു മുറിയാണ്. ഒരു പുല്‍ പായും കൂജയില്‍ തണുത്ത വെള്ളവും അല്ലാതെ മറ്റൊന്നില്ല. അടുത്തെവിടയോ പ്രാര്‍ത്ഥനാമുറിയില്‍ നിന്ന് ബുദ്ധ സൂക്തങ്ങള്‍ പതിഞ്ഞ ഒച്ചയില്‍ കേള്‍ക്കാം. പായ് കുടഞ്ഞു നിവര്‍ത്തി അതില്‍ കിടന്നു.

മാനസിയുടെ മുഖം കാര്‍മേഘ പടലങ്ങള്‍ക്കിടയില്‍ വിളറിയ പൂര്‍ണ്ണചന്ദ്രനെപോലെ ജീവന്‍റെയുള്ളില്‍ തെളിഞ്ഞു. അവള്‍ കരഞ്ഞുകരഞ്ഞ് ഒരു പരുവമായി കാണും. വലിയൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പലതും ത്യജിക്കേണ്ടി വരുമെന്ന് സ്വയം ആശ്വസിച്ചു.

പിറ്റേന്ന് പ്രഭാതത്തില്‍ വിശുദ്ധ വസ്തങ്ങളണിഞ്ഞ് താഷിലാമക്കൊപ്പം ജീവന്‍ പുഴക്കരയിലെ മൈതാനത്തെത്തി.

അവിടെ ആല്‍മരങ്ങല്ലാതെ മറ്റ് വൃക്ഷങ്ങള്‍ ഒന്നുമില്ല. വൃക്ഷക്കൊമ്പുകളിലിരുന്ന് കുയിലുകള്‍ പാടന്നു. ആല്‍ച്ചുവട്ടില്‍ ബുദ്ധസന്യാസിമാര്‍ ശ്വാസം പിടിച്ചിരിക്കുന്നു.

ജീവനെ പടര്‍ന്നു പന്തലിച്ച ഒരാല്‍മരത്തിന് ചുവട്ടിലേക്ക് താഷിലാമ ആനയിച്ചു.

''ഇവിടെ തപസ്സു ചെയ്തിരുന്ന കര്‍മ്മ ഭിക്ഷുവിന് ബോധാദയം ഉണ്ടായത് കഴിഞ്ഞ ആഴ്ചയാണ്. വേറെ ആല്‍ച്ചുവടുകള്‍ ഒന്നും ഒഴിവില്ല. താങ്കള്‍ കൃത്യസമയത്ത് എത്തിയത് നന്നായി.''

''താഷി സന്യാസി ഒരു സംശയം ചോദിച്ചോട്ടെ, എങ്ങനെയാ ബോധോദയം ലഭിച്ചു എന്ന് അറിയുക?''

''ബോധാദയം ലഭിച്ച ഭിക്ഷുവിന്‍റെ മുഖത്ത് അസാധാരണമായ തേജസ് കളിയാടും. നമ്മള്‍ അന്വേഷിക്കുന്നതിനുള്ള ഉത്തരം കിട്ടിയ ആള്‍ക്ക് പ്രാപഞ്ചികമായ ദു:ഖങ്ങള്‍ അലട്ടില്ലല്ലോ. ഗുരു റെനെ ലാമ എല്ലാം അറിയുന്നു, എല്ലാം കാണുന്നു.''

''കര്‍മ്മ ഭിക്ഷു ഇപ്പോള്‍ എവിടെയാണ്?''

''ബോധോദയം ഉണ്ടായതും ഭിക്ഷു ഭാര്യയെക്കുറിച്ചും മകനെക്കുറിച്ചും ഓര്‍ത്തു. അപ്പോള്‍ത്തന്നെ വീട്ടിലേക്ക് മടങ്ങി. കൃഷി, കാലി വളര്‍ത്തല്‍, കമ്പിളി വസ്ത്രനിര്‍മ്മാണം, പാല്‍ക്കച്ചവടം.. ഇപ്പോള്‍ സുഖമായ് ജീവിക്കുന്നു.''

99 നമ്പരടിച്ച ബോധിച്ചുവട്ടില്‍ ജീവനെ ഇരുത്തിയിട്ട് താഷി ലാമ പിന്‍വാങ്ങി.

ജീവന്‍ പത്മാസനത്തില്‍ ധ്യാനലീലനായി. കാല് വേദനിക്കുമ്പോള്‍ മറ്റ് ആസനങ്ങളിലേക്ക് മാറി. ദാഹിക്കുമ്പോള്‍ പുഴയില്‍ നിന്ന് കൈക്കുമ്പിളില്‍ ജലം കോരിക്കുടിച്ചു. പ്രാണന്‍ നിലനിര്‍ത്താന്‍ മാത്രം ഭക്ഷണം കഴിച്ചു. ശരീരത്തിലെ കൊഴുപ്പ് ഉരുകിയൊലിച്ച് കൃശഗാത്രനായി.

മഴയും വെയിലും തണുപ്പും മാറിമാറി വന്നു. ദിവസങ്ങള്‍ വെളുപ്പും കറുപ്പുമുള്ള കാട്ടു പക്ഷികളെപോലെ ഒന്നിന് പിറകെ ഒന്നായി ചിറകടിച്ചു. കൃത്യം മുന്നൂറ്റി അറുപത്തിയഞ്ചാം നാള്‍, അറിവിന്‍റെ പ്രകാശം ജീവന്‍റെ ആത്മാവില്‍ ഉരുവായി. അത് കുണ്ഡലിനിയിലൂടെ മൂര്‍ദ്ധാവില്‍ എത്തി, കൃഷ്ണമണി തുളച്ച് പുറത്തേക്ക് ചാടി. കണ്ണ് തുറന്ന ജീവന്‍ താടിയില്‍ വിരലോടിച്ചും കൊണ്ട് ഈ പ്രപഞ്ചത്തെ സാകൂതം നോക്കി.

''അങ്ങേക്ക് ബോധോദയം ലഭിച്ചിരിക്കുന്നു. ബോധോദയം ലഭിച്ചവര്‍ മാര്‍ഗ്ഗം സ്വയം സ്വീകരിക്കാന്‍ പ്രാപ്തരാണ്. ഒന്നുകില്‍ പൂര്‍വാശ്രമത്തിലേക്ക് മടങ്ങാം. ഇവിടെ തന്നെ ബുദ്ധ സന്യസിയായി ശിഷ്ടജീവിതം കഴിക്കാം. അല്ലെങ്കില്‍ നാടു നീളെ നടന്നു ബുദ്ധ ധര്‍മ്മം പ്രചരിപ്പിക്കാം.'' എവിടെ നിന്നാണ് അശരീരി എന്നറിയാന്‍ ജീവാനന്ദന്‍ ചുറ്റും നോക്കി.

ആല്‍വൃക്ഷത്തിന്‍റെ കൊമ്പില്‍ സിസിടിവി കാമറക്ക് അടുത്തിരുന്ന് ഉച്ചഭാഷിണി വീണ്ടും ശബ്ദിച്ചു, ''ആശ്രമത്തിലെ ഒരറയില്‍ ബോധോദയം ലഭിച്ച സന്യാസിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്ന പതിവുണ്ട്. താഷിലാമ സ്വാമിയെ അവിടേക്ക് കൂട്ടിക്കൊണ്ട് പോകും. അതിനു ശേഷം ഇഷ്ടമുള്ള തീരുമാനം എടുക്കാം.''

ഭൂഗര്‍ഭ അറയില്‍ ഒരു പീഠത്തില്‍ ചുവരിന് അഭിമുഖമായി ജീവാനന്ദന്‍ ഇരുന്നു. ചിത്രകാരന്‍ ബ്രഷില്‍ ചായം മുക്കി മണ്‍ചുവരില്‍ ചിത്രമെഴുതാന്‍ തുടങ്ങി. ഇരുന്ന് മടുത്തപ്പോള്‍ ചുവര്‍ ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു.

പെട്ടെന്ന് എട്ടാമത്തെ വരിയിലെ മൂന്നാമത്തെ ചിത്രത്തില്‍ ജീവന്‍റെ കണ്ണുകള്‍ തറഞ്ഞു.

ഏകലവ്യ സ്വാമി രണ്ടുമൂന്ന് വര്‍ഷം ആശ്രമത്തില്‍ താമസിച്ചിരുന്നു. ഒരു ബുദ്ധ പൂര്‍ണ്ണിമ ദിവസം ഇവിടം ആഘോഷത്തിലാണ്ട നേരം ആശ്രമത്തിലെ അന്തേവാസിയായ സന്യാസിനിയെ വശീകരിച്ച് എങ്ങോട്ടോ ഒളിച്ചോടി...

അവിശ്വസനീയ ഭാവത്തോടെ ചിത്രത്തില്‍ വിരല്‍ തൊട്ട് ചിത്രകാരനോട് അരാഞ്ഞു.

''ഇത് ഏകലവ്യനല്ലെ?''

''അതെ സ്വാമി, നിങ്ങള്‍ പരിചയക്കരാണോ?''

''ഒരിക്കല്‍ കണ്ടിരുന്നു. എന്നെ ഇവിടേയ്ക്ക് നയിച്ചത് അദ്ദേഹമാണ്.''

''മറ്റാരോടും പറയണ്ട. അറിഞ്ഞാല്‍ പ്രശ്‌നമാകും. അത്രയ്ക്ക് ദ്രോഹമല്ലേ കാണിച്ചത്.''

''ദ്രോഹമോ?''

''ഏകലവ്യ സ്വാമി രണ്ടുമൂന്ന് വര്‍ഷം ആശ്രമത്തില്‍ താമസിച്ചിരുന്നു. ഒരു ബുദ്ധ പൂര്‍ണ്ണിമ ദിവസം ഇവിടം ആഘോഷത്തിലാണ്ട നേരം ആശ്രമത്തിലെ അന്തേവാസിയായ സന്യാസിനിയെ വശീകരിച്ച് എങ്ങോട്ടോ ഒളിച്ചോടി. ഒരിക്കല്‍ വരിച്ചിട്ട ചിത്രങ്ങള്‍ മായ്ക്കാന്‍ പാടില്ല എന്നാണ് ആശ്രമ ധര്‍മ്മം. അല്ലെങ്കില്‍ ഈ ചിത്രം ഇവിടെ ഉണ്ടാകുമായിരുന്നില്ല.''

ദൈവമേ, മാനസി! ഭീതിയുടെ ഒരു മിന്നല്‍ പിണര്‍ ജീവന്‍റെ ശിരസ്സ് പിളര്‍ത്തി.

'''

മുറ്റത്ത് കളി വീടുണ്ടാക്കി കളിക്കുകയായിരുന്നു നകുലന്‍. ഗേറ്റ് തുറന്ന് ഒരാള്‍ അകത്തേക്ക് വരുന്നതു കണ്ട് അവന്‍ ഉറക്കെ വിളിച്ചു കൂവി...

''അമ്മേ ദേണ്ട് ഒര് പിച്ചക്കാരന്‍.''

മാനസി അഞ്ചു രൂപേടെ തുട്ടുമായി പുറത്തേക്ക് വന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയ സന്യാസിയെ കണ്ട് അവള്‍ ഒരു നിമിഷം ശങ്കിച്ചു.

''ഞാന്‍ പിച്ചക്കരനല്ല, നിന്‍റെ ജീവനാണ്. നിന്നോടും മകനോടും തെറ്റ് ചെയ്തു പോയി. ബോധോദയം ഉണ്ടാകും വരെ ബോധം ഉണ്ടായിരുന്നില്ല. കുറ്റബോധത്തിന്‍റെ ഉമിത്തീയില്‍ നിറുകയാണ്, നീ എന്നോട് പൊറുക്കണം.''

''ഫ്ഭാ........ ''

മാനസി അതുവരെ അനുഭവിച്ച വേദനയുടെ ആഴമറിഞ്ഞ് സന്യാസി കിടുങ്ങി.

''ആരാമ്മേ?''

''നിന്‍റെ തന്ത.''

നകുലന്‍ കളിവീടിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്ലാവില വണ്ടിയുടെ വെള്ളക്കാ ചാടൂരി ജീവന് നേരെ ഉന്നം പിടിച്ചു.

ഒറ്റയേറ്.......

സന്യാസിയുടെ നെറ്റിയില്‍ നിന്ന് ചോര പൊടിഞ്ഞു.

മാനസി ആറ്മാസം വീര്‍ത്ത വയറില്‍ തടവിക്കൊണ്ട് പറഞ്ഞു, ''നിങ്ങള്‍ ഇനി ഒരിക്കലും വരില്ലന്നാണല്ലോ അറിഞ്ഞത്, ഹിമാചലിലെ ധര്‍മ്മ ശാലയില്‍ ഒരു സന്യാസിനിയെ കെട്ടി സുഖമായി കഴിയുന്നുവെന്നാണല്ലോ പറഞ്ഞത്.''

''ആര് പറഞ്ഞു?''

''ചേട്ടാ.....''മാനസി അകത്തേക്ക് നോക്കി വിളിച്ചു.

കപ്പലണ്ടി കൊറിച്ചുകൊണ്ട് പുറത്തേക്ക് വന്ന ഏകലവ്യനെ കണ്ട് ജീവന്‍ നടുങ്ങി. എട്ടുദിക്കും പൊട്ടുമാറ് അലറി വിളിച്ചു,

''വഞ്ചകാ ................ ''

''വത്സാ ശന്തനാകൂ...... ജീവിതം ഇനിയും ബാക്കിയാണ്. പുലിപ്പാറയിലേക്ക് പോകൂ...... അത്മഹത്യ ചെയ്യാന്‍ ആരെങ്കിലും വരാതിരിക്കില്ല. അവര്‍ക്ക് ശരിയായ പാത കാട്ടിക്കൊടുത്ത് ശിഷ്ടകാലം സുഖമായി ജീവിക്കൂ.''

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com