ഏകാന്തതയ്ക്ക് പോലും ഏകാന്തതയില്ല..!

ഒരു സാഹിത്യകൃതി എഴുതിയാൽ ഉടനെ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആരും അനുകരിക്കാൻ പോകുന്നില്ല. ചിലപ്പോൾ ഒരു പൊതുബോധം ഉണ്ടാവാൻ സഹായിച്ചേക്കാം
special story about loneliness
ഏകാന്തതയ്ക്ക് പോലും ഏകാന്തതയില്ല

ഫ്രഞ്ച് തത്ത്വചിന്തകനും നാടകകൃത്തുമായ സാർത്ര് ഇങ്ങനെ എഴുതി: "ദസ്തയെവ്സ്കി പറഞ്ഞു, ദൈവം നിലനിൽക്കുന്നില്ലെങ്കിൽ, എല്ലാം സാധ്യമാണ്. ഇതാണ് അസ്തിത്വവാദത്തിന്‍റെ തുടക്കം. തീർച്ചയായും എല്ലാം അനുവദനീയമാണ്, ദൈവം നിലനിൽക്കുന്നില്ലെങ്കിൽ. അതിന്‍റെ ഫലമായി മനുഷ്യൻ ദുഃഖിതനായി തീരുന്നു. എന്തെന്നാൽ അവന് ഉള്ളിലോ ബാഹ്യമായോ ഒന്നിലും പറ്റിച്ചേർന്നുനിൽക്കാനാവില്ല. അവന് ഒന്നിലും ഒഴിഞ്ഞുമാറാൻ ഉപാധികൾ കണ്ടുപിടിക്കാനാവില്ല. "എല്ലാം മനുഷ്യൻ വരുത്തി വയ്ക്കുന്നതാണ്, അവന്‍റെ തിരഞ്ഞെടുപ്പിന്‍റെ ഫലമായി. അവൻ സംഘർഷങ്ങളുണ്ടാക്കുന്നു. അവൻ തന്നെ അതിന്‍റെ പേരിൽ ക്രൂരനാകുന്നു. അവൻ അതിനെ നിഷേധിക്കുന്നു. പിന്നീട് നിരീക്ഷിക്കുന്നു. ദൈവം ആരാധനാലയങ്ങളിലാണല്ലോ വാഴുന്നത്. മനുഷ്യർക്കിടയിൽ ദൈവത്തിന് എന്ത് സ്ഥാനമാണുള്ളത്? യേശുദേവനു പോലും മനുഷ്യനെ നന്നാക്കാനായില്ല എന്ന് ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കൊയ്ലോ പറഞ്ഞത് ഓർക്കുകയാണ്. പിന്നെയാണ് സാഹിത്യകൃതി!

ഒരു സാഹിത്യകൃതി എഴുതിയാൽ ഉടനെ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആരും അനുകരിക്കാൻ പോകുന്നില്ല. ചിലപ്പോൾ ഒരു പൊതുബോധം ഉണ്ടാവാൻ സഹായിച്ചേക്കാം. അപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളിൽ മനുഷ്യനു സാഹിത്യം ഒരു വഴികാട്ടിയാകുന്നില്ല. അവൻ പിശാചിനെ പോലെയാകും പെരുമാറുക. സഹജീവിയെ, സഹപ്രവർത്തകനെ, സഹപാഠിയെ കൊല്ലാൻ അവൻ മടിക്കില്ല.

ഇത്ര സൗന്ദര്യമോ ?

എന്നാൽ വലിയ ഒരു സാഹിത്യകാരൻ /കലാകാരൻ ചെറിയ കാര്യങ്ങളിലെ വലിയ സത്യങ്ങൾ ചൂണ്ടിക്കാണിച്ചു തരുന്ന സൂക്ഷ്മദർശിനിയാണ്. അവനു വലിയ കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ട്. അവൻ ദൈവമാണെന്ന് ഭാവിച്ചാലും ദൈവമല്ലല്ലോ. സത്യജിത് റായ് "പഥേർ പാഞ്ചാലി' എന്ന സിനിമയിൽ ഒരു ഗ്രാമജീവിതത്തിലെ എത്രയെത്ര അതിസൂക്ഷമായ കാര്യങ്ങൾ പ്രതിപാദിക്കുന്നു. മുത്തശിയുടെ ഇരിപ്പ്, മുത്തശിയെ എഴുന്നേൽപ്പിച്ച് തിണ്ണയിലിരുത്തുന്നത്, അമ്മയും മോനും പശുവിനെ പറമ്പിലൂടെ കൊണ്ടു വരുന്നത്, അതിനെ തൊഴുത്തിൽ കെട്ടുന്നത്, നായയ്ക്ക് ഭക്ഷണം കൊടുക്കുന്നത്... എത്രയെത്ര മനോഹരരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു. ബ്ലാക് ആൻഡ് വൈറ്റിൽ ഇത്ര മനോഹരമായ ഒരു രംഗം ചിത്രീകരിക്കുന്നത് എങ്ങനെയാണ്? റായ് ദൈവമായതുപോലെ തോന്നും. വിശാലമായ ജീവിതപ്രപഞ്ചത്തിൽ, ജീവിതനാടകത്തിൽ ചെറിയ മനുഷ്യരുടെ പെരുമാറ്റങ്ങൾക്ക് ഇത്ര സൗന്ദര്യമോ ?ലോകത്തിൽ ദൈവം ഈ മനോഹാരിത ഒളിപ്പിക്കുകയാണോ? മറ്റുള്ളവരുടെ ജീവിതത്തെ നാം നോക്കുമ്പോൾ ഇതുപോലെയുള്ള വശീകരിക്കുന്ന സുഭഗത ജനിക്കുമോ, ഇത് കലാകാരന്‍റെ വിധിയാണ്. റായ് മനുഷ്യജീവിതത്തെ ഏതോ അലൗകികമായ ബ്രഷ് കൊണ്ട് കൂടുതൽ ലൗകികമാക്കി കാണിക്കുകയാണ്.

വസ്തുക്കൾക്ക് അല്ലെങ്കിൽ സംഭവങ്ങൾക്ക്, പെരുമാറ്റങ്ങൾക്ക് കൂടുതൽ വശീകരണമുള്ളതുപോലെ തോന്നും. ഈ സൗന്ദര്യം സൃഷ്ടിക്കാനാണ് എഴുത്തുകാർ ശ്രദ്ധിക്കേണ്ടത്. ചിലപ്പോൾ നാം കണ്ടു വേണ്ടത്ര ശ്രദ്ധിക്കാതെ കടന്നുപോകുന്ന ദൃശ്യങ്ങളാകാം. എന്നാൽ അതിൽ ഒരു കലാകാരൻ ചെയ്യേണ്ട സംവിധാന പ്രക്രിയ അവശേഷിക്കുന്നുണ്ട്. അതാരായണം, കണ്ടുപിടിക്കണം. അത് അവതരിപ്പിക്കണം. അത് അല്പം അദ്ധ്വാനമുള്ള പണിയാണ്. നാം വെറുതെ കണ്ട് മറക്കുന്നതല്ല അത്. അതിനപ്പുറം ഒരു പാറ്റേണുണ്ട്. മനുഷ്യർക്ക് സന്തോഷവും വെളിച്ചവും കൊടുക്കുന്ന ഒരു പാറ്റേണാണത്. പക്ഷേ, ഇതിന് പ്രതിഭ വേണം.

നെരൂദയും ഉള്ളിയും

ചിലിയൻ കവി പാബ്ലോ നെരൂദയുടെ "ഓഡ് ടു ദ് ഒനിയൻ' എന്ന കവിതയിലെ ഒരു ഭാഗം ഇങ്ങനെയാണ്:

മണ്ണിനടിയിൽ ഒരു അത്ഭുതം സംഭവിക്കുകയാണ്.

നിന്‍റെ മനോഹരമായ നാമ്പ് പ്രത്യക്ഷമായപ്പോൾ

വാൾ പോലുള്ള ആ ഇലകൾ പുറത്തുവന്നപ്പോൾ

മണ്ണ് നിന്നിലൂടെ സുന്ദരമായ സുതാര്യത കോരിയെടുത്തു.

വിദൂരമായ ഒരു കടൽ

ഗ്രീക്ക് പ്രേമദേവതയായ

ആഫ്രോ ഡൈറ്റിന്‍റെ സ്തനങ്ങൾ,

ഇത് ഏതാണ്ട് മഗ്നോലിയ പൂക്കൾ പോലെയാണ്, ഉയർത്തുന്നതുപോലെ, നിന്നെ മണ്ണ് സൃഷ്ടിച്ചു.

ഉള്ളി, നീ ഒരു ഗ്രഹമാണ്.

അത് തിളങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നു.

അതൊരു നക്ഷത്രസമൂഹമാണ്,

റോസ് നിറത്തിലുള്ള വെള്ളത്തിന് ചുറ്റും,

പാവപ്പെട്ടവരുടെ മേശയ്ക്ക് മുകളിൽ. നീ ഞങ്ങളെ കരയിപ്പിച്ചു, വേദനിപ്പിക്കാതെ.

ഞാൻ നിലനിൽക്കുന്ന എല്ലാറ്റിനെയും പ്രകീർത്തിച്ചു;

എന്നാൽ നീയാണ് ഏറ്റവും സുന്ദരി, തിളങ്ങുന്ന തൂവലുകളുള്ള പക്ഷിയേക്കാൾ.

മഞ്ഞുവീണ ചെടിയുടെ ചലിക്കാത്ത നൃത്തം പോലെ,

നിന്‍റെ ഖരരൂപത്തിൽ മണ്ണിന്‍റെ

മധുരസുഗന്ധം ജീവിക്കുന്നു'.

കേവലം ഒരു ഉള്ളിയെക്കുറിച്ചാണ് നെരൂദ എഴുതിയിരിക്കുന്നത്. നെരൂദയ്ക്ക് ഏത് ചെറിയ വസ്തുവും കവിതയ്ക്ക് വിഷയമാണ്. എല്ലാറ്റിന്‍റെയും ആത്മാവ് കാണണം. ഓരോ വസ്തുവിന്‍റെയും ആത്മാവ് കാണുന്നതാണ് കല. ഒരു ഇലയാണ് വരയ്ക്കുന്നതെങ്കിലും അതിൽ നാം കാണാത്ത പലതുമുണ്ടാകും, ഒരു വലിയ കലാകാരന്‍റെ വീക്ഷണത്തിൽ. ഫ്രഞ്ച് കലാകാരനായ റെന്വെയുടെ "ഇൻ ദ് വുഡ്സ്' എന്ന ചിത്രം ഈ ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. അത് റെന്വെ എന്ന കലാകാരന്‍റെ അതുല്യവും അപാരവുമായ ഒരു തുളച്ചുകയറ്റമാണ്, ഈ ലോകയാഥാർഥ്യത്തിലേക്ക്. ഈ ഭൗതികപ്രപഞ്ചത്തിനകത്ത് താൻ ജീവിച്ചത് വളരെ രഹസ്യാത്മകമായിട്ടാണെന്നും അത് വളരെ മൃദുലവും ആത്മേന്ദ്രിയങ്ങളുള്ളതുമാണെന്നും റെന്വെ ഈ ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ്. തന്‍റെ ലോകം ഭാരമുള്ള കല്ലുകൾ കൊണ്ട് നിർമിച്ചതല്ലെന്നതിന്‍റെ ഉഗ്രമായ പ്രസ്താവനയാണ് റെന്വെ ഈ ചിത്രത്തിലൂടെ ചെയ്തത്.

ഈ ലോകത്തെ കലാകാരൻ വേറൊരു ലോകത്തു നിന്നുള്ള സുവിശേഷവും സ്പർശേന്ദ്രിയങ്ങളും ഉപയോഗിച്ച് കാണുകയാണ്. അത് ലോലമാണ്, ചിലപ്പോഴൊക്കെ അവ്യക്തമാണ്. അവ്യക്തതയിൽ ദൈവമാണുള്ളതെന്നോർക്കണം. ദൈവത്തിന്‍റെ പര്യായമാണ് അവ്യക്തത. എന്തെന്നാൽ ജീവിതത്തിൽ ഒന്നും തന്നെ വ്യക്തമല്ല, നിശ്ചിതമല്ല. ദൈവത്തിന് എല്ലാം വ്യക്തമാണ്, നിശ്ചിതമാണ്. ഇലകൾ നമ്മുടെ കണ്ണുകളിൽ, മനസുകളിൽ എങ്ങനെയാണ് പ്രവേശനം നേടിയത്, അതിനേക്കാൾ ഐന്ദ്രിയമായി കാഴ്ചയുടെ രസതന്ത്രങ്ങളിലൂടെ കലാകാരൻ അതിനെ ആവാഹിക്കുകയാണ്.

ബാക്ടീരിയ, ന്യൂറോൺ

സ്ഥൂലമായ കാര്യമല്ല, വാസ്തവത്തിൽ, ലോകത്തുള്ളത്. എല്ലാം അതീവ സൂക്ഷ്മമാണ്. ലക്ഷക്കണക്കിന് ബാക്ടീരിയ പ്രവർത്തിക്കുന്ന ഒരിടം നമുക്ക് കാണാനാവില്ലല്ലോ. തലച്ചോറിൽ 86 ബില്യൺ ന്യൂറോണുകളുള്ളതായി പറയപ്പെടുന്നു. ഈ നൂറോണുകളെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ആ കണക്ടിവിറ്റി എണ്ണിയാൽ തീരില്ലത്രേ. ഇതെല്ലാം വച്ചുകൊണ്ടാണ് ഒരാൾ ചിരിക്കുന്നത്. ചിരി ലളിതമാണ്. എന്നാൽ അതിന്‍റെ പിന്നിലെ എഞ്ചിനീയറിങ്, സംഘാടനം, ഒരുക്കം അത്ര ലളിതമല്ല. ഇതെല്ലാം ഒരു കലാകാരനെ അസ്വസ്ഥപ്പെടുത്തുകയാണ്. സത്യജിത് റായ് പറഞ്ഞല്ലോ, താൻ ലോകം മുഴുവൻ സഞ്ചരിച്ചു, ധാരാളം കാഴ്ചകൾ കണ്ടു, അറിവുകൾ നേടി. എന്നാൽ തന്‍റെ വീടിനടുത്തുള്ള ഒരു പുല്ലിൽ നിന്നും ഒരു മഞ്ഞുതുള്ളി താഴേക്ക് വീഴുന്നത് താൻ ഇതുവരെയും കണ്ടിട്ടില്ലെന്ന്. ചെറുതിൽ സൗന്ദര്യത്തിന്‍റെ അനന്തമായ അനുരണനങ്ങളുണ്ട്.

രബീന്ദ്രനാഥ് ടാഗോർ "ഗീതാഞ്ജലി' എന്ന മഹത്തായ കാവ്യത്തിൽ എഴുതിയത് ഉദ്ധരിക്കുകയാണ് (കെ. ജയകുമാറിന്‍റെ പരിഭാഷ):

"നിറപ്പകിട്ടുള്ള കളിക്കോപ്പുകൾ നിനക്ക് ഞാൻ കൊണ്ടുവരുമ്പോൾ, മേഘങ്ങളിലെയും ജലപ്പരപ്പിലെയും ഈ വർണ്ണവിലാസമെങ്ങനെയെന്നും, ഈ പൂക്കളിൽ നാനാവർണ്ണങ്ങൾ വിരിഞ്ഞതെങ്ങനെയെന്നും, എന്‍റെ ഉണ്ണീ ഞാനറിയുന്നു. നിന്നെ ചുവടുവയ്പിക്കാനായി ഞാൻ പാടുമ്പോൾ ഇലച്ചാർത്തിൽ ഈ സംഗീതം എങ്ങനെ ഉണരുന്നെന്നും, കാതോർത്ത് കിടക്കുന്ന ഭൂമിയുടെ ഹൃദയത്തിലേക്ക് തിരമാലകൾ അവയുടെ സംഘഗാനം എന്തിന് സംവേദനം ചെയ്യുന്നെന്നും കൃത്യമായി ഞാനറിയുന്നു. "

ടാഗോർ നീ എന്ന് വിളിക്കുന്നത് ഈ പ്രപഞ്ചം രൂപകല്പന ചെയ്യുന്ന, സ്വാഭാവികമായി രൂപപ്പെടാനും വിരിയാനും ജീവിക്കാനും സഹായിക്കുന്ന ഒരു ശക്തിയെയാണ്. തീർച്ചയായും ഇവിടെ ഒരു വ്യവസ്ഥയുണ്ട്. കണ്ണുകൾ കൊണ്ട് കാണുന്നു എന്നത് ഒരു വ്യവസ്ഥയാണെങ്കിൽ അതിന് പിന്നിൽ ഒരു യുക്തിയുണ്ട്, ചിട്ടയുണ്ട്. ആ വ്യവസ്ഥ മാറാത്തിടത്തോളം കണ്ണുകൾ ഉള്ളവർക്കേ കാണാനാവൂ. കണ്ണുകൾ കൊണ്ട് കാണുന്ന ചിലതെല്ലാമുണ്ട്. കണ്ണുകൾ കാണാൻ സഹായിക്കുന്നു എന്നത് പ്രപഞ്ചനിയമമാണ്. ആ നിയമത്തെ ടാഗോർ വണങ്ങുന്നു. ആ നിയമത്തോട് ഉള്ള് തുറക്കുകയാണ്. അവിടെ ടാഗോർ എന്ന കവിയില്ല, കേവലമായ ഒരു ബോധമാണുള്ളത്.

ഏകാന്തതയോ?

താൻ ഒരു കവിയാണെന്ന, സാഹിത്യകാരനാണെന്ന ഈഗോ ഉപേക്ഷിച്ചാലേ വലിയ സത്യങ്ങൾ മനസിലാക്കാനാവുകയുള്ളൂ. ഈഗോ മായുമ്പോൾ ഭാരം കുറയും. അപ്പോൾ ഏത് കിളിവാതിലിലൂടെയും നമുക്ക് സഞ്ചരിക്കാം. ഏത് ഇലയിലും ചവിട്ടാം. താഴെ വീഴില്ല. പാപബോധമുണ്ടാകില്ല. അതുകൊണ്ട് മഹാനായ ലോർക ഇങ്ങനെ പറഞ്ഞു: "ഒന്നുമില്ലാത്തവരുടെ കൂടെയാണ് ഞാൻ. സമാധാനത്തിൽ ഒന്നുമില്ലാത്ത അവസ്ഥ ആസ്വദിക്കാൻ കഴിയാത്തവർക്കൊപ്പമാണ്'.

എത്ര ഉദാത്തവും ഗംഭീരവുമാണ് അർഥസാന്ദ്രമായ വാചകങ്ങൾ. ഈ ലോകത്ത് യാതൊന്നും നേടാത്തവരുമുണ്ട്. അവരും ഒരു യാഥാർഥ്യത്തെ ചൂഴുന്നു. ദൈവം അവരുടെമേൽ നക്ഷത്രങ്ങളുടെ പ്രകാശം വർഷിക്കുന്നുണ്ട്. അവർക്ക് വേണ്ടിയും ചാന്ദ്രപ്രഭ തൂകുന്നുണ്ട്. അവരെയും സൂര്യൻ ഉണർത്തുന്നുണ്ട്. പക്ഷേ, എല്ലാം വ്യർഥമാവുകയാണ്. വ്യർഥതയ്ക്ക് എന്തിനാണ് അർഥം? വ്യർഥതയെ അറിയാനോ അത് ഓർത്തിരിക്കാനോ കഴിയാത്ത വിധം അവർ വ്യഗ്രതകളിലേക്ക് വലിച്ചെടുക്കപ്പെടുന്നു. അതുകൊണ്ട് അവരുടെ ദാരിദ്ര്യവും മൗനവും പോലും കറുത്തതും വക്കുപൊട്ടിയതും ചോർച്ചയുള്ളതുമാണ്. ഏകാന്തതയ്ക്ക് പോലും ഏകാന്തതയില്ല.

എങ്ങനെയാണ് ഏകാന്തതയുണ്ടാകുന്നത്? നാം ഏകനായിരിക്കുന്നുവെന്ന് കരുതുന്ന സന്ദർഭത്തിൽ മറ്റുള്ളവർ, പുറം ലോകം അങ്ങനെയല്ല; അവിടെ ജീവനുവേണ്ടി പടവെട്ടുകയാണ്. ഒരു ചിതൽ പോലും ജീവനുവേണ്ടി ഓടുകയാണ്. ഉറുമ്പുകൾ പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും മനുഷ്യരോടും പൊരുതി മരിക്കുകയാണ്. കാടുകളിൽ മൃഗങ്ങൾ പരസ്പരം ഏറ്റുമുട്ടുകയാണ്. ആ മരണത്തിന്‍റെ വ്യാപ്തി, ആഴം നാം അറിയാത്തതുകൊണ്ടാണ് നമുക്ക് ഏകാന്തരായിരിക്കാനാവുന്നത്. അതുകൊണ്ടാണ് നമുക്ക് സമാധാനമുള്ളത്. നമ്മുടെ സമാധാനം, ഏകാന്തത എന്നൊക്കെ പറയുന്നത് വ്യാജമാണെന്ന് ഇവിടെ തെളിയുകയാണ്.

രജതരേഖകൾ

1) എൻ. പ്രഭാകരൻ എഴുതിയ ഏതാനും കഥകളെ പലപ്പോഴായി വിമർശിച്ചിട്ടുണ്ട്. എന്നാൽ അതിനെല്ലാമപ്പുറത്ത് അദ്ദേഹം "തിരിച്ചുവരവ്' (ഗ്രന്ഥാലോകം, ജൂൺ) എന്ന കഥയിലൂടെ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മനസിൽ പഴുത്ത ലോഹം വച്ചുകൊണ്ട് എഴുതിയ കഥയാണിത്. ജീവിതസായന്തനത്തിലെ രോഗവും മരവിപ്പും ബോധക്ഷയവും മതിഭ്രമവുമെല്ലാം കഥാകൃത്ത് ഒപ്പിയെടുത്തിരിക്കുന്നു. ജീവതത്തെയോർത്ത് ദുഃഖിക്കാനൊന്നുമില്ല എന്നാണ് രോഗിയായ ആ വൃദ്ധൻ പറയുന്നത്. ആലോചിക്കാൻ ഏറെയുള്ള പ്രസ്താവന.

2) ഒ.വി. വിജയൻ ഇങ്ങനെ പറഞ്ഞു: "മലയാളകഥയുടെ ചരിത്രം മനസിലാക്കുമ്പോൾ കടമ്മനിട്ടയ്ക്ക് മുമ്പും കടമ്മനിട്ടയ്ക്ക് ശേഷവും എന്ന കാലഗണന അനിവാര്യമായിരിത്തീരും'.

ഈ വാചകങ്ങൾ 2007ൽ പാലക്കീഴ് നാരായണൻ ഒരു ലേഖനത്തിൽ ഉദ്ധരിച്ചത് ഗ്രന്ഥാലോകത്തിൽ വായിക്കാം.

3) ഫ്രാൻസ് കാഫ്ക "മെറ്റാമോർഫോസിസ്' എന്ന കഥയും "ദ് കാസിൽ' തുടങ്ങിയ നോവലുകളും എഴുതിയതിന് അദ്ദേഹത്തിന്‍റേതായ യുക്തിയുണ്ട്. ജീവിതത്തിലെ സാധാരണ സംഭവങ്ങൾ പോലും അദ്ദേഹത്തിനു വ്യക്തമായി മനസിലാകുന്നില്ലായിരുന്നു. എല്ലാറ്റിലും സംശയിക്കാൻ വേണ്ടുവോളമുണ്ടത്രേ. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: "ഈ ലോകത്തെ രാക്ഷസന്മാർ പിടികൂടിയിരിക്കുകയാണ്. നമുക്ക് നന്മയും നീതിയും നടപ്പിലാക്കണമെങ്കിൽ, അത് പരമരഹസ്യമായിരിക്കണം. അല്ലെങ്കിൽ അതൊരു മഹാപരാധമായി വിധിക്കപ്പെടാനിടയുണ്ട്'.

4) ഇന്നത്തെ പൗരനെ ആഴത്തിലും സൂക്ഷ്മത്തിലും കാണിച്ചു തരികയാണ് പി. വി. സൂര്യഗായത്രി "ഇന്ത്യക്കാരൻ'(പ്രസാധകൻ, ജൂൺ) എന്ന കവിതയിൽ.

"അയൽവീട്ടിലൊറ്റയ്ക്ക്

താമസിക്കും സ്ത്രീ

ദിനരാത്രങ്ങൾ

ചവിട്ടിച്ചവിട്ടി മെതിച്ചു.

തുന്നൽയന്ത്രത്തിലൂടെ

നെയ്തിറങ്ങി ഇരുൾശീല'.

ഒരു പാവപ്പെട്ട തയ്യൽക്കാരി നെയ്യുന്നത് ഇരുളിന്‍റെ ശീലയാണെന്ന്. ഇത് ഇന്ത്യയെ തൊട്ടു. മറ്റൊരു ഭാഗത്ത് ഇങ്ങനെ വായിക്കാം:

"കൊതുകുമാത്രം

ജലം കണ്ടു

ചോര കണ്ടു

മദ്യയും മാംസവും കടിച്ച്

വിശേഷങ്ങൾ പറഞ്ഞ്

ഉറക്കിയേ ഇല്ല ഇരവിനെ.

മദ്ധ്യേയിങ്ങനെയിരുന്ന്

ഒരു പുക വിടുമ്പോൾ

ടച്ച് സ്ക്രീനിൽ

തൊടുന്ന വേഗതയിൽ

കാലം അപ്ഡേറ്റായി അടിമുടി'.

5) ആനന്ദ് എഴുതിയ ലേഖനത്തിൽ (സൂര്യൻ ഇനിയും ഉദിക്കും, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 9) സംസ്കാരത്തെ മൂല്യങ്ങൾ സൃഷ്ടിക്കുന്ന യാത്രയായി കാണുകയാണ്. ഈ മൂല്യങ്ങൾ ജനാധിപത്യസ്ഥാപനങ്ങളെ ഉപകരണങ്ങളായി തെരഞ്ഞെടുക്കുമത്രേ. സംസ്കാരം ഉയർത്തെഴുന്നേൽക്കുമെന്നും ആനന്ദ് എഴുതുന്നു.

എന്നാൽ ആനന്ദ് പറയുന്ന ഈ സംസ്കാരം ഒരു പഴയ, കാലഹരണപ്പെട്ട ആശയമാണ്. ഇത് ഉത്തര- ഉത്തരാധുനിക കാലമാണ്. ഇത് ഡിജിറ്റൽ - ഡേറ്റാ യുഗമാണ്. ഇവിടെ സാംസ്കാരിക പൊങ്ങച്ചമോ, ധ്രുവീകരണമോ ഒന്നുമില്ല. ഏത് ജോലി ചെയ്യുന്നവനും എപ്പോഴും ഒരു സാംസ്കാരികജീവിയാണ്. സംസ്കാരം ഒരു പ്രകൃതി വിഭവമാണ്; അതായത് ആർക്കും യഥേഷ്ടം അത് സ്വന്തമാക്കാം. അത് ആനന്ദ് പറയുന്നതു പോലെ മൂല്യങ്ങൾ സൃഷ്ടിക്കുന്ന യാത്രയല്ല. ഈ ലോകത്തിലെ ഏതൊരു വസ്തുവിനും സാംസ്കാരിക തലമുണ്ടെന്നതാണ് യാഥാർഥ്യം. അത് ആരുടെയും കുത്തകയല്ല. തെങ്ങ് കയറുന്നവന് തെങ്ങിന്‍റെ മുകളിലിരുന്ന് രാജമൗലിയുടെ സിനിമ കാണാം; സൽമാൻ റുഷ്ദിയുടെ എഫ്ബി പോസ്റ്റിന് കമന്‍റിടാം. സംസ്കാരം എന്ന് പറയുന്നത് ഒരുവൻ വിലകൊടുത്ത് വാങ്ങുന്ന വസ്തുവാണ്. ഇതാണ് പുതിയ വ്യത്യാസം. വിലകൂടിയ ഒരു കാർ വാങ്ങിയാൽ, കെട്ടിടം വാങ്ങിയാൽ നിങ്ങൾ ഒരു സാംസ്കാരിക ബുദ്ധിജീവിയാവുകയാണ്.

6) ഫ്രഞ്ച് സാഹിത്യകാരൻ എമിലി സോള പറഞ്ഞു: "നമ്മൾ പുസ്തകങ്ങളെ പോലെയാണ്. കൂടുതൽ പേരും നമ്മുടെ മുഖചിത്രം മാത്രമാണ് കാണുന്നത്. ഏറ്റവും കുറച്ചുപേർ മുഖവുര മാത്രം വായിക്കുന്നു. കുറേപേർ നമ്മുടെ വിമർശകരിൽ വിശ്വസിക്കുന്നു. വളരെ കുറച്ചുപേർ നമ്മെ തിരിച്ചറിയുന്നു.

7) കഴിഞ്ഞ ദിവസം സമസ്തകേരള സാഹിത്യ പരിഷത്തിന്‍റെ നാട്ടികയിൽ നടന്ന സമ്മേളനത്തിൽ ഞാൻ പറയാൻ ശ്രമിച്ചത് ഇതാണ്: "സാഹിത്യ വിമർശനം പുതിയ ഒരു ക്രമം സൃഷ്ടിക്കുകയാണ്. വായനക്കാരുടെ മനോഭാവത്തെ വിമർശകൻ സ്വാധീനിക്കുന്നു. നിലവിലുള്ള വായനയെ, അഭിരുചിയെ വിമർശകൻ വേറൊരു വഴിക്ക് തിരിച്ചുവിടുകയാണ്. വിമർശകന്‍റെ അഭിരുചിയാണ് പ്രധാനം. മുണ്ടശേരി മലയാള കാവ്യാസ്വാദനത്തെ പുനർനിർണയിച്ചു. കുമാരനാശാനെ അദ്ദേഹം മൗലികമായി വിലയിരുത്തി. ആ വിലയിരുത്തൽ, നിരീക്ഷണം ഇപ്പോഴും മലയാളത്തിൽ ആധിപത്യം പുലർത്തുകയാണ്. ഒരു വിമർശകനും അതിനെ മറികടക്കാൻ കഴിഞ്ഞിട്ടില്ല.

Trending

No stories found.

Latest News

No stories found.