

ഒരു പുതിയ ആധുനികത
അക്ഷരജാലകം, എം. കെ. ഹരികുമാർ
പുതിയൊരു ആധുനികതയിലേക്ക് നാം പ്രവേശിച്ചുകഴിഞ്ഞു. അത് ആധുനികതയാണെന്ന സത്യം അംഗീകരിച്ച് അതിന്റെ ധാർമികവും കലാപൂർണവും മൂല്യപരവുമായ കർമപരിപാടികളും ജീവിതവീക്ഷണവും ചെത്തിമിനുക്കി എടുക്കുന്നില്ലെന്നു മാത്രം. നവോത്ഥാന ആശയങ്ങൾ പൊതുവേ വളരെ പരിചിതമാണ്. 100 വർഷങ്ങൾക്കു മുമ്പാണ് ആ ആശയങ്ങൾ കേരളക്കരയെ പുതിയ പരിപ്രേക്ഷ്യത്തിലേക്കു നയിച്ചത്. സാമൂഹികമായ, സാംസ്കാരികമായ ഒരു ഉയർത്തെഴുന്നേൽപ്പ് എന്നു പറയാം.
ശ്രീനാരായണ ഗുരു സമാധിയടഞ്ഞിട്ട് 2028 ആകുമ്പോൾ 100 വർഷം ആവുകയാണ്. കുമാരനാശാൻ അന്തരിച്ചിട്ടു 100 വർഷം കഴിഞ്ഞു. ചട്ടമ്പി സ്വാമികൾ സമാധിയായിട്ടു 100 വർഷം പിന്നിട്ടിരിക്കുന്നു. ആ കാലത്തു തന്നെ മഹാത്മാ അയ്യങ്കാളി, മന്നത്തു പദ്മനാഭൻ, ചാവറ ഏലിയാസ് അച്ചൻ, വാഗ്ഭടാനന്ദൻ, വി.ടി. ഭട്ടതിരിപ്പാട്, ഡോ. അയ്യത്താന് ഗോപാലൻ, പൊയ്കയിൽ കുമാര ഗുരുദേവൻ, ഡോ. പല്പു, സ്വാമി സത്യവ്രതൻ, സഹോദരൻ അയ്യപ്പൻ, ബ്രഹ്മാനന്ദ ശിവയോഗി, സ്വാമി ആനന്ദതീർഥർ, വക്കം അബ്ദുൾ ഖാദർ മൗലവി, ടി.കെ. മാധവൻ, കെ. മുഹമ്മദ് മൗലവി, ഇ. മൊയ്തു മൗലവി തുടങ്ങി കേരളത്തെ അതിന്റെ എല്ലാ അടരുകളിലും പരിഷ്കരിച്ച വലിയ നേതൃനിര കാണാം. അവരുടെ ചിന്തകൾ ഈ നാടു പൊതുവേ സ്വീകരിച്ചു. അതിന്റെ ഫലമായി ജാതിയും മതവും മനുഷ്യരെ വെറുക്കുന്നതിനോ അകറ്റുന്നതിനോ തെരഞ്ഞെടുക്കാവുന്ന ഉപകരണമാവുന്നില്ലെന്ന പൊതുബോധം ഇവിടെ ആഴത്തിൽ വേരുപിടിച്ചിട്ടുണ്ട്.
അത് പുതിയൊരു സൂര്യോദയമായിരുന്നു. അന്നു വരെ ഉദിക്കാത്ത സൂര്യൻ ബോധത്തിൽ ഉദിച്ചു. ആ കാലത്തിന്റെ സുവിശേഷം എഴുതാൻ എഴുത്തുകാരും കലാകാരന്മാരുമുണ്ടായിരുന്നു. എല്ലാവരുടെയും ശ്രദ്ധ ഉന്നതമായ മാനവദർശനത്തെ മുൻനിർത്തിയായിരുന്നു. എന്നാൽ 100 വർഷങ്ങൾക്കിപ്പുറവും നമ്മുടെ പ്രസംഗങ്ങളിലും എഴുത്തുകളിലും ഉദ്ധരിക്കാനും ആദർശമെന്നു ചൂണ്ടിക്കാണിക്കാനും നവോത്ഥാന ചിന്താശകലങ്ങൾ മാത്രമേയുള്ളൂ എന്നത് വലിയൊരു വിരോധാഭാസമാണ്.
ലാബ് ടെസ്റ്റ് നിർണായകം
കഴിഞ്ഞ 100 വർഷം കൊണ്ട് നാം ആന്തരികമായി, ബുദ്ധിപരമായി മുന്നോട്ടു പോയിട്ടില്ലെന്ന് പറയാനാവില്ല. തൊഴിൽ നൈപുണ്യത്തിലും കച്ചവടത്തിലും ശാസ്ത്ര സാങ്കേതിക രംഗത്തും മുന്നേറി. സാഹിത്യം, സംഗീതം, സിനിമ, നാടകം, ചിത്രകല, തുടങ്ങിയ മേഖലകളിലും നാം അസാധാരണ വൈദഗ്ധ്യമുള്ളവരെ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം സദ്ഫലം നാം അനുഭവിക്കുകയാണ്.
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും അവയവമാറ്റ ശസ്ത്രക്രിയകളും ഇപ്പോൾ നമ്മുടെ നഗരങ്ങളിലും എത്തിക്കഴിഞ്ഞിരിക്കുന്നു. മെഡിക്കൽ ആധുനികത സാമൂഹിക, സാംസ്കാരിക സംഘർഷത്തിന്റെയും ബലാബലങ്ങളുടെയും കുറുകെ ബൈപ്പാസ് ചെയ്ത് പുതിയൊരു മാർഗം കണ്ടുപിടിച്ചു മുന്നേറി വന്നിരിക്കുന്നു. ഇത് ഹൈപ്പർ മോഡണിറ്റിയാണ്. ഹൈപ്പർ മോഡേണിറ്റി സാങ്കേതിക വിദ്യയിലാണ് ഊന്നുന്നത്. ജീവിതത്തെ ശാസ്ത്ര സാങ്കേതികത പിടിച്ചുനിർത്താനാവാത്ത വധം പരിവർത്തനപ്പെടുത്തി. അത് കാലഹരണപ്പെട്ട സ്വത്വം, മൗലികവാദം തുടങ്ങിയവയെ തള്ളിക്കളഞ്ഞിരിക്കുന്നു. പുതിയൊരു ശാസ്ത്ര സൂചിക നിലവിൽ വന്നു കഴിഞ്ഞു.
ഒരു വ്യക്തിയുടെ ചോക്ലേറ്റ് ലുക്കല്ല ഇപ്പോൾ മാനദണ്ഡം; അയാളുടെ ആരോഗ്യനിലയുമല്ല; ലാബ് റിസൽറ്റുകളാണ്. ഏത് മഹാനെയും നിർണയിക്കുന്നത് ലാബ് ടെസ്റ്റുകളാണ്. എത്ര പേരുകേട്ട ഡോക്റ്ററായാലും ലാബ് ടെസ്റ്റ് നോക്കാതെ മരുന്നെഴുതില്ല. ലാബ് ടെസ്റ്റാകട്ടെ ഡോക്റ്റർമാരുടെ മേഖലയല്ല; അത് സാങ്കേതിക വിഭാഗത്തിന്റെയും ഉപകരണങ്ങളുടെയും മേഖലയാണ്.
തത്വചിന്താപരമായ ഉള്ളടക്കങ്ങളുടെയും മാർഗങ്ങളുടെയും അടിസ്ഥാനത്തിലല്ല ഹൈപ്പർ മോഡേണിറ്റി പ്രവർത്തിക്കുന്നത്. അതിനു വസ്തുനിഷ്ഠതയാണ് പ്രധാനം. ഒരു വസ്തുവിനെ അതിന്റെ പ്രായോഗിക ഉപയോഗത്തിന്റെയും പൊതു നിയമത്തിന്റെയും അടിത്തറയിലാണ് സമീപിക്കുന്നത്. ഹൈപ്പർ മോഡേണിറ്റിയിൽ ഒരു വ്യക്തി അയാളുടെ ഉറക്കം ക്രമപ്പെടുത്തുന്നു. ഹൃദയമിടിപ്പ് പരിശോധിക്കുന്നു. പ്രഷറും ഷുഗറും കൂടെക്കൂടെ ചെക്ക് ചെയ്യുന്നു. ഭക്ഷണത്തിന്റെ കലോറി നോക്കുന്നു. കാർബോഹൈഡ്രേറ്റും പ്രോട്ടീനും എപ്പോഴെല്ലാം കഴിക്കണമെന്ന് തീരുമാനിക്കുന്നു. അങ്ങനെ വ്യക്തി ഒരു യന്ത്രമായിത്തീരുന്നു. രാവിലത്തെ ബ്ലഡ് ഷുഗർ എത്രയാണ്, വൈകിട്ടത്തെ അളവ് എത്രയാണ് എന്നെല്ലാം നോക്കുന്നത് ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വിനിമയമായി മാറുന്നു. വ്യക്തി ഒരു ആശയമല്ല, ലാബിലെ പരീക്ഷണ വസ്തുവാണ്.
കവിതയിൽ കണ്ട സ്നേഹത്തേക്കാൾ വലുത്
അതിതീവ്ര വൈയക്തികതയാണ് ഇന്നത്തേത്. ഒരാൾ ഒരു നേരം ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ഒരു ജോലി തെരഞ്ഞെടുക്കുന്നതു പോലെ നിർണായകമായിത്തീരുന്നു. ഭൂതകാലം ഇവിടെ അത്രയൊന്നും ഗൗനിക്കപ്പെടേണ്ട ഒരു കാര്യമല്ലാതാകുന്നു. കാരണം ഇന്നിലെ ജീവിതം ഓരോ നിമിഷവും അപ്രവചനാത്മകമാണ്. മെഡിക്കൽ ആധുനികതയാണ് ഹൈപ്പർ മോഡേൺ കാലത്തെ തീവ്രതരമാക്കുന്നത്. മനുഷ്യർ അവയവങ്ങൾ കൈമാറുന്നു, സ്വന്തക്കാർക്ക് മാത്രമല്ല. സ്ത്രീകൾ അവയവദാന രംഗത്ത് വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. ശരീരത്തെക്കുറിച്ചുള്ള കാല്പനിക ധാരണകളെ പൊളിച്ചെഴുതിക്കൊണ്ടാണ് അവർ കിഡ്നിയും കരളും ദാനം ചെയ്യുന്നത്.
ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ട് ബഹുമാനത്തോടെ ദാനം ചെയ്യണമെന്ന്. താല്പര്യമില്ലാതെ, നീരസത്തോടെ ദാനം ചെയ്യരുത്. എല്ലാവരിലും ഒരേ ചൈതന്യമുള്ളപ്പോൾ ബഹുമാനമാകാം. ഈ തത്വം ഇപ്പോഴാണ് ശരിക്കും അർഥപൂർണമാകുന്നത്. യാതൊരു ബന്ധവുമില്ലാത്തവർക്ക് ശരീരത്തിലെ ഒരവയവം മുറിച്ചു കൊടുക്കുന്നു! ഇതിനേക്കാൾ വലിയ സ്നേഹമുണ്ടോ? കവിതയിലും കഥയിലും നാം ഇതു വരെ വായിച്ചറിഞ്ഞ സ്നേഹം ഇത്രത്തോളം വരികയില്ല. പുസ്തകത്തിലും സാഹിത്യത്തിലും നാം കണ്ട സ്നേഹത്തേക്കാൾ വലുതാണിത്; അതിന്റെ പ്രതിഛായ വളരെ വലുതാണ്. ഇത് സ്നേഹത്തിന്റെ ബയോമെട്രിക് സാക്ഷാത്കാരമാണ്. എല്ലാവരെയും മാനുഷികത എന്ന യാഥാർഥ്യത്തിനകത്ത് സുരക്ഷിതമാക്കിയിരിക്കുന്നു.
അമെരിക്കയിലുള്ള ഒരു മലയാളി യുവതിക്ക് മജ്ജ മാറ്റിവയ്ക്കാൻ തീരുമാനിച്ചപ്പോൾ അതിനു പറ്റിയ ദാതാവിനെ കണ്ടെത്താൻ കേരളത്തിന്റെ വിവിധ ജില്ലകളിൽ മൂന്ന് ക്യാംപുകൾ സംഘടിപ്പിച്ചു. രക്ത പരിശോധനയും ശരീരത്തിന്റെ പ്രതിരോധശേഷിയും നോക്കിയാണ് യോജിച്ച ദാതാവിനെ കണ്ടെത്തുന്നത്. ഇവിടെ എന്താണ് സംഭവിക്കുന്നത്? രാഷ്ട്രീയ, മത, സാമൂഹിക വേർതിരിവുകൾ അപ്രസക്തമാവുകയല്ല, ഇല്ലാതാവുകയാണ്.
ജീവനു വേണ്ടി പോരാടുന്ന ഒരു രോഗിക്ക് അവയവം കൊടുക്കുമ്പോൾ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. പുതിയൊരു ആധുനികതയുടെ ഉത്സവമാണിത്. ഇവിടെ നാം ഭൂതകാലത്തെ വഴിയിൽ ഉപേക്ഷിച്ച് ഏകത്വത്തിന്റെയും സാഹോദര്യത്തിന്റെയും ടൂറിസ്റ്റ് ബസിൽ കയറി പോവുകയാണ്. ഈ മെഡിക്കൽ അവയവ മാറ്റവും ചികിത്സയുമല്ലേ ഏറ്റവും മനോഹരമായ സംസ്കാര വസന്തം? ലോകം മാറിയിരിക്കുന്നു. ഓരോ നിമിഷവും മെഡിക്കൽ സയൻസ് മനുഷ്യനെ പുതിയൊരു ലോകത്തിലേക്കു കൈപിടിച്ചു കൊണ്ടുപോവുകയാണ്. മനുഷ്യൻ പരമ്പരാഗത ചട്ടക്കൂടിനകത്ത് അനാഥനായി കഴിയേണ്ടതില്ല. അവനെ ശാസ്ത്രം വിളിക്കുകയാണ്. അവൻ ഒരു നവ മാനവനാണ്. നവമാനവ സംസ്കാരത്തിലേക്ക് അവൻ സംഭാവന ചെയ്യുകയാണ്.
ആശുപത്രി ഒരു നവാധുനിക സാംസ്കാരിക ഇടം
നവോത്ഥാന ആശയമായ ഏക ജാതിയും സമത്വവും തുല്യ അവകാശങ്ങളും നാം നേരത്തെ തന്നെ നേടിക്കഴിഞ്ഞതാണ്. അത് നാം അംഗീകരിക്കണം. അത് തിരിച്ചറിയാത്തവരുണ്ടാകും. നാം അത് നേടിയതുകൊണ്ടാണ് മെഡിക്കല് നവാധുനികതയിലേക്ക് യഥേഷ്ടം കടന്നു ചെല്ലാൻ കഴിയുന്നത്. ഒരാശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ഇടം മനുഷ്യരെ എല്ലാവരെയും ഒന്നുപോലെയാണ് കാണുന്നത്. ആശുപത്രിയിലെ നഴ്സുമാർ, പരിചാരികർ, ഭക്ഷണം വിളമ്പുന്നവർ, ഡോക്റ്റർമാർ തുടങ്ങിയവർ നവാധുനികതയിലെ സാംസ്കാരിക സന്ദേശത്തിന്റെ ഉടമകളാണ്. അവർ പുതിയ സാംസ്കാരിക ജീവികളാണ്. ആശുപത്രി അവശരുടെ, നിലവിളിക്കുന്നവരുടെ അന്തിമമായ ഇടമാണ് എന്ന സങ്കല്പം മാറി. അത് ഒരു നവാധുനിക സാംസ്കാരിക ഇടമാണ്. ലാബും മരുന്നുകളും സാംസ്കാരിക ശുദ്ധീകരണത്തിന്റെ, നവാധുനികമായ പരിപ്രേക്ഷ്യത്തിന്റെ ഉപകരണങ്ങളായി വർത്തിക്കുന്നു. ഒരാളെ ഏതെങ്കിലും അദൃശ്യമായ മാനദണ്ഡം കൊണ്ട് വേർതിരിക്കാനാവാത്ത ഇടമാണത്. രോഗമുള്ളവരും ഇല്ലാത്തവരുമെന്ന വിഭജനം പോലും അസാധ്യമാണ്. കാരണം രോഗമില്ലെങ്കിലും സംശയത്തിന്റെ പേരിൽ ഡോക്റ്ററെ കണ്ട് ലാബ് ടെസ്റ്റ് നടത്താൻ വരുന്നവർ ഇന്ന് ഏറെയാണ്. ഹാർട്ട് അറ്റാക്ക് വരുമോ എന്നറിയാൻ ടെസ്റ്റിനു പോകുന്നവരുണ്ട്.
രോഗം ഒരു അന്തിമമായ യാഥാർഥ്യമല്ല. അതൊരു സാങ്കല്പിക അവസ്ഥയാണ്. ഹൈപ്പർ മോഡേണിറ്റി എന്ന ഗ്രന്ഥമെഴുതിയ ഴീൽസ് ലിപോവെറ്റ്സ്കി ആധുനിക മനുഷ്യന്റെ ഭയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പാരമ്പര്യത്തെയോ ഭാവിയെയോ ഊന്നുവടിയായി കൊണ്ടുനടക്കാത്ത ഇന്നത്തെ മനുഷ്യനു കടുത്ത ഉത്ക്കണ്ഠയുണ്ട്. പലതരം സമ്മർദങ്ങളുണ്ട്. അതുകൊണ്ട് സന്തോഷമുള്ളപ്പോഴും ഭയപ്പെടുന്നു. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ ഈ കാലത്തിന്റെ മറ്റൊരു ഉത്പന്നമാണ്. എന്തെങ്കിലും ആവശ്യത്തിനു മാത്രം ഉപഭോഗം ചെയ്യുന്നവനല്ല ഈ നവാധുനിക മനുഷ്യൻ. അവൻ തന്റെ ഉത്ക്കണ്ഠയും പിരിമുറക്കവും മറികടക്കാൻ സാധനങ്ങൾ വാങ്ങുന്നു, ഉപഭോഗം ചെയ്യുന്നു. അവനു കാലിക പ്രസക്തി എന്ന അലട്ടലില്ല. ഓരോ പ്രവൃത്തിയും ലോകമുള്ള കാലത്തോളം നിലനിൽക്കണമെന്ന അഭിപ്രായം അവനില്ല.
കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു ഫർണിച്ചർ വാങ്ങിയാൽ അത് മൂന്നോ നാലോ തലമുറകൾക്കു ഉപകരിക്കണമെന്ന വാശിയുണ്ടായിരുന്നു. ചില വീടുകളിൽ മുത്തച്ഛന്മാർ വാങ്ങിയ ഓട്ടുരുളിയും ഈട്ടിക്കട്ടിലും ചെമ്പുപാത്രങ്ങളും തലമുറകളായി സൂക്ഷിച്ചു വയ്ക്കുന്നതു കണ്ടിട്ടുണ്ട്. ഭൂതകാലമത്രയും പ്രിയമുള്ളതായിരുന്നു. പഴയതിനെ സ്നേഹിക്കുമ്പോഴാണ് നമുക്ക് അർഥമുണ്ടാകുന്നതെന്നു വിചാരിച്ച കാലമായിരുന്നു കടന്നു പോയത്.
ടെൻഷൻ മാറ്റാൻ ഉപഭോഗം ചെയ്യുന്നു
ഒരു വസ്തുവിന്റെ കാലദൈർഘ്യത്തിനു പ്രത്യേക മൂല്യമുണ്ടെന്ന ധാരണ അംഗീകരിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഈ ആശയം കാലഹരണപ്പെട്ടു. ഇന്നു വാങ്ങിയ സാധനം, ഉപകരണം കഴിയുന്നതും വേഗം മാറ്റി വാങ്ങാനാണ് പരിശ്രമിക്കുന്നത്. ഒരു ടിവി വാങ്ങിയാൽ ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ മറ്റൊന്ന് വാങ്ങണം. അപ്പോൾ കുറേക്കൂടി വലുതായിരിക്കും വാക്കുക. വാങ്ങുന്നത് ടെൻഷൻ തീർക്കാനും സന്തോഷം കണ്ടെത്താനുമാണ്. ഒരു വ്യക്തിയെ സ്നേഹിച്ചാൽ ടെൻഷൻ മാറണമെന്നില്ല. എത്ര വിലപിടിപ്പുള്ള സാധനങ്ങൾ കിട്ടിയാലും പിന്നെയും പലതും അലട്ടും. അതിൽ നിന്നു രക്ഷ നേടാൻ വ്യക്തി സ്വതന്ത്രമായ ഉപഭോഗത്തിലേക്ക് വരുന്നു. അവനു ഇഷ്ടം പോലെ വാങ്ങണം, വലിച്ചെറിയണം.
വൈകാരികമായ ഉപഭോഗത്തിനാണ് പ്രാധാന്യം. ഇഷ്ടപ്പെട്ട രുചിയും അനുഭൂതിയും സ്വന്തമാക്കാൻ തോന്നും. അതിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കും. എല്ലാ സ്ഥലങ്ങളും കാണണം, എല്ലാ നല്ല വിഭവങ്ങളും രുചിക്കണം. ഈ മനോഭാവം അക്രമത്തിലേക്കോ ക്രൂരതയിലേക്കോ നയിച്ചേക്കാം. വ്യക്തികൾ അവരുടെ ശൈലി തിരഞ്ഞെടുക്കുന്നു. വസ്ത്രധാരണം, തലമുടി, സംസാരം, തൊഴിൽ, താമസം തുടങ്ങിയ കാര്യങ്ങളിലെല്ലാം ശൈലി വളരെ പ്രധാനമായിക്കഴിഞ്ഞു. ഒരു വസ്തുവിനെ ആളുകൾ സ്വന്തം പ്രതിഛായയിലാണ് നിരീക്ഷിക്കുന്നത്. വസ്തുവിന്റെ വില അതിനു താഴെയാണ് വരുന്നത്. നവാധുനിക മനുഷ്യനു ഉപഭോഗവും സംസ്കാരവും രണ്ടല്ല;അത് ഒന്നിന്റെ തന്നെ രണ്ടു പ്രതികരണങ്ങളാണ്. സംസ്കാരത്തിനു വേണ്ടി ജീവിതത്തെ പരീക്ഷണവസ്തു ആക്കുകയാണ്.
സാംസ്കാരിക ബുദ്ധിജീവിയാകുന്നത് പുസ്തകങ്ങളോ സിനിമകളോ ആസ്വദിച്ചിട്ട് ആകണമെന്നില്ല. ഈ കാലത്തിലെ ഫാഷൻ, സൂപ്പർ മാർക്കറ്റുകൾ, ഭക്ഷണശാലകൾ, തുടങ്ങിയ പലതരം ഉപഭോഗങ്ങളിലൂടെയാണ്. നവോത്ഥാന മൂല്യങ്ങൾക്കപ്പുറത്ത് ഇവിടെ പുതിയൊരു മനുഷ്യൻ പിറന്നിരിക്കുന്നു, ഒരു പുതിയ ആധുനികതയും.
രജതരേഖകൾ
1) നിത്യചൈതന്യ യതി
നിത്യചൈത്യന്യ യതി വിജ്ഞാന ശാഖകളിൽ ദാഹത്തോടെ അലയുകയായിരുന്നു. അദേഹം ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി എന്ന ആശയം അവതരിപ്പിച്ചു. എന്നാൽ അദ്ദേഹം സന്യാസിയല്ല; വ്യാഖ്യാതാവും അധ്യാപകനുമാണ്. താൻ ശ്രീനാരായണ ഗുരുവിന്റെ പ്രചാരകനല്ലെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
2) ആറ്റൂർ രവിവർമ
ആറ്റുർ രവിവർമ ആധുനികതയുടെ ചിട്ടയിൽ കവിതകളെഴുതിയെങ്കിലും പ്രസംഗിക്കാൻ അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ വളരെ പ്രസിദ്ധരായിരുന്നു. അവർ ആറ്റൂരിനു ചുറ്റും വലം വച്ചുകൊണ്ടിരുന്നു.
3) ഉറൂബ്
മലബാർ കലാപകാലത്തെ പശ്ചാത്തലമാക്കി ഉറൂബ് എഴുതിയ "സുന്ദരികളും സുന്ദരന്മാരും' എന്ന നോവൽ മലയാള കാല്പനികതയെ അസ്തിത്വപരമായ വ്യഥകളിലേക്ക് നയിച്ച ആദ്യ കൃതികളിൽ പ്രധാനമാണ്.
4) പി.കെ. ബാലകൃഷ്ണൻ
പി.കെ. ബാലകൃഷ്ണൻ ചന്തുമേനോനെക്കുറിച്ചും കുമാരനാശാനെക്കുറിച്ചും പഠിച്ചു ലേഖനങ്ങളെഴുതി. എന്നാൽ "ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ ഒരു സർഗാത്മക വിജയമായില്ല. മഹാഭാരതത്തിനു പുതിയ ടെക്സ്റ്റുണ്ടാക്കുമ്പോൾ പലപ്പോഴും വൃഥാ സ്ഥൂലമായിപ്പോകുന്നു.
5) ഷാജി എൻ. കരുൺ
ചലച്ചിത്ര സപര്യയിൽ ഒറ്റപ്പെട്ടു പോയ ഷാജി എൻ. കരുൺ പിന്നീട് നല്ലൊരു രാഷ്ട്രീയ പിന്തുണ നേടിയെങ്കിലും പ്രൊഡ്യൂസറെ കിട്ടാതെ, അനുകൂലമായ ചലച്ചിത്രസാഹചര്യം ഒത്തുവരാതെ കഷ്ടപ്പെട്ടാണ് പിൻവാങ്ങിയത്. തന്റെ മാധ്യമം തന്നിൽ നിന്നകന്നു പോകുന്നത് നിസഹായനായി നോക്കി നിന്ന സംവിധായകനായിരുന്നു അദ്ദേഹം.
6) എം.എൻ. വിജയൻ
സുകുമാർ അഴീക്കോടിന്റെ "ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന ഗ്രന്ഥത്തെ അവലോകനം ചെയ്തുകൊണ്ട് എം.എൻ. വിജയൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അന്നെഴുതിയ ലേഖനം അഴീക്കോടിന്റെ വിചാരലോകത്തെയും വിമർശനത്തെയും ഉന്നം വച്ച ഭീകരാക്രമണമായിരുന്നു. വിജയന്റെ പാണ്ഡിത്യവും യുക്തിയുമാണ് അതിൽ തെളിഞ്ഞത്.
7) മോഹൻലാൽ
മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ ധാരാളം ചൂണ്ടിക്കാണിക്കാനുണ്ട്. എന്നാൽ "ചെങ്കോൽ' എന്ന സിനിമയുടെ അന്ത്യരംഗത്തിൽ സേതുമാധവൻ മരിക്കുകയാണല്ലോ. അയാൾ മരിക്കുന്നതിനു മുമ്പ്, പിറകിൽ കുത്തേറ്റ് ചോര വാർന്നു നിലത്ത് ബോധമറ്റു കിടക്കുന്ന രംഗത്ത് വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിന്റെ മകൻ ആ മുറിവിൽ വീണ്ടും കത്തി കൊണ്ട് കുത്തി ഉണർത്തുന്ന രംഗം അസാധാരണമാണ്. മയക്കത്തിൽ നിന്നുണർന്ന ലാലിന്റെ കഥാപാത്രം ആ ബാലനെ കണ്ട് ഞെട്ടുന്നു. "നീ പോ, ഇനി ഒരു സേതുമാധവൻ ഉണ്ടാവരുത്' എന്നു പറഞ്ഞ് ആ ബാലനെ കഴുത്തിൽ പിടിച്ചു തള്ളുന്ന രംഗം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മായാത്ത മുദ്രയാണ്.
8) രഞ്ജി പണിക്കർ
രൺജി പണിക്കർ എഴുതിയ "പത്രം' എന്ന സിനിമ പല അന്ധവിശ്വാസങ്ങളും തകർത്തു. പത്രപ്രവർത്തകരെയും രാഷ്ട്രീയക്കാരെയും തുറന്നു കാണിച്ചു. ഹിന്ദുസ്ഥാനി സംഗീതം കേട്ട് ആസ്വദിച്ചിരിക്കുന്ന ഒരു വില്ലനെ ആ സിനിമയാണ് കാണിച്ചു തന്നത്. വില്ലനായതുകൊണ്ട് പാട്ടു കേട്ടു കൂടേ?
9) അക്കിത്തം
ഞാനെഴുതിയ "എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകത്തിന്റെ കോപ്പി അയച്ചു കൊടുത്തപ്പോൾ അക്കിത്തം അയച്ചു തന്ന കത്തിൽ ഇങ്ങനെ വായിക്കാം: "ഇതുപോലെ സ്വന്തം അഭിപ്രായങ്ങൾ ധീരമായി പറയുന്ന, ഉൾക്കാഴ്ചയുള്ള പുസ്തകം അടുത്തൊന്നും വായിച്ചിട്ടില്ല.' അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ ആദരിക്കാൻ അക്കിത്തത്തിന്റെ വീട്ടിൽ പോയപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ ആ മുറ്റത്തു നിന്നു പ്രസംഗിക്കാൻ എനിക്ക് അവസരം ലഭിച്ചത് സന്തോഷത്തോടെ ഓർക്കുകയാണ്.
10) പൊൻകുന്നം വർക്കി
ശബ്ദിക്കുന്ന കലപ്പ, അന്തോണി നീയും അച്ചനായോടാ തുടങ്ങിയ കഥകൾ എഴുതിയ പൊൻകുന്നം വർക്കിയെ വീട്ടിൽ വച്ച് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ഒരു ടൺ വായിക്കണം, എന്നാൽ ഒരു കഴഞ്ച് (നാല് ഗ്രാം) എഴുതാം.'