
കാലാവസ്ഥാ വ്യതിയാനം ഇന്നു ലോകമാകെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. അശോകന്‍ വെങ്ങേരി കൃഷ്ണന്‍ എന്ന മലയാളി അധ്യാപകന്‍ എഴുതിയ "ദി റാഗിങ് ഹിമാലയാസ് ആൻഡ് വാമിങ് പ്ലാനറ്റ്' എന്ന കൊണാര്‍ക്ക് പ്രസിദ്ധീകരിച്ച പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. റാഗിങ്ങ് എര്‍ത്ത് ആൻഡ് വാമിങ് പ്ലാനറ്റ് എന്ന് നമ്മള്‍ക്ക് തിരുത്തി വായിക്കണം. വളരെ കാലികമായ ഒരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം എന്നതുകൊണ്ട് തന്നെ ഈ പുസ്തകത്തിന് വിശേഷിച്ച് പ്രാധാന്യവും ഉണ്ട്.
2013ല്‍ ഹിമാചലില്‍ ഉണ്ടായ പ്രളയത്തില്‍ അകപ്പെട്ട ഒരു ഹതഭാഗ്യനാണ് അശോകന്‍ എന്ന മലയാളി. അന്നത്തെ ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ അദ്ദേഹത്തെ കൊണ്ട് ഒരു പുസ്തകം തന്നെ എഴുതിക്കുകയായിരുന്നു എന്ന് നമുക്ക് പറയാം. പ്രകൃതിയുടെ വേദന പ്രകൃതി തന്നെ മനുഷ്യന് കാണിച്ചുതന്നതായിരുന്നു താന്‍ നേരില്‍ കണ്ട ഹിമാചലിലെ പ്രളയം എന്ന് അദ്ദേഹം പറയുന്നുണ്ട്. പുസ്തകത്തിന്‍റെ പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നമ്മള്‍ റാഗിങ്ങ് ചെയ്യുകയായിരുന്നു. ഹിമാചല്‍ പ്രദേശ് മാത്രമല്ല നമ്മള്‍ ഭൂമിയെ തന്നെ റാഗിങ് ചെയ്യുകയായിരുന്നു. ഭൂമിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതിന് മനുഷ്യന്‍ നല്‍കിയ സംഭാവനകള്‍ അത്രയേറെ ഉണ്ടെന്ന് അദ്ദേഹം നമ്മളെ ഈ പുസ്തകത്തിലൂടെ ഓര്‍മിപ്പിക്കുകയാണ്.
2013 ജൂണില്‍ വടക്കേ ഇന്ത്യയിലുണ്ടായ കനത്ത പേമാരിയും മണ്ണിടിച്ചിലും വലിയ ദുരന്തങ്ങള്‍ക്കിടയാക്കി. ഗ്രസ്ഥകര്‍ത്താവായ അശോകന്‍ വെങ്ങേരി കൃഷ്ണന്‍ ഈ പ്രളയത്തിന്‍റെ ദ്യക്സാക്ഷിയാണ്. 1962 ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രളയമാണിതെന്ന് കരുതപ്പെടുന്നു. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമായിരുന്നു നഷ്ടമേറെയും. ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം വെള്ളപ്പൊക്കത്തിന്‍റെ ദുരിതം നേരിട്ടു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴായിരത്തോളം പേരെ കാണാതായി. ആയിരക്കണക്കിന് വീടുകള്‍ തകരുകയും വാര്‍ത്താവിനിമ ബന്ധങ്ങള്‍ തകരാറിലാവുകയും ചെയ്തു. ഹിമലായന്‍ മലനിരകളില്‍ വിവിധയിടങ്ങളിലായി കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട 70,000ഓളം തീര്‍ഥാടകര്‍ കുടുങ്ങി. പ്രധാന റോഡുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയി. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവടങ്ങളിലേക്കുള്ള ചാര്‍ധാം യാത്രയിലുണ്ടായിരുന്ന നിരവധി തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. നാനൂറോളം റോഡുകളും 21 പാലങ്ങളുമാണ് അതിശക്തമായ വെള്ളപ്പാച്ചിലില്‍ തകര്‍ന്നത്.
സമാനമായ വലിയ ദുരന്തം ഇനിയും വരും എന്നുള്ള കാര്യത്തില്‍ സംശയമില്ല. അങ്ങനെ പറയുന്നത് ഒരു ശാപവാക്കല്ല എന്ന് തിരിച്ചറിയണം. പ്രക്യതി വല്ലാതെ കോപിച്ചിരിക്കുന്നു എന്നറിയാന്‍ പ്രകൃതി ശാസ്ത്രം മാത്രം അറിഞ്ഞാല്‍ മതി. രാജ്യത്തിന്‍റ പല ഭാഗങ്ങളിലും ചെറിയ രീതിയിലാണെങ്കിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് പ്രളയങ്ങള്‍ മണ്ണിടിച്ചില്‍ തുടങ്ങിയവ ഉണ്ടാകുന്നുണ്ട്. ഭൂമിയെ അതിക്രൂരമായി മനുഷ്യന്‍ പീഡിപ്പിക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. വലിയ കെട്ടിടങ്ങള്‍ നമ്മളെ ആനന്ദിപ്പിക്കും എങ്കിലും അതിന്‍റെ നിർമാണം ഭൂമിയെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. മനുഷ്യ ശരീരത്തിലേക്ക് ആണി അടിക്കുന്നതുപോലെയാണ് ഓരോ കെട്ടിടത്തിന്‍റെയും പൈലിങ് ഭൂമിക്കുണ്ടാക്കുന്ന പരുക്കെന്ന് തുല്യമാണെന്ന് പ്രകൃതി സ്നേഹികള്‍ പറയാറുണ്ട്.
ആഗോള കാലാവസ്ഥാ വ്യതിയാനം മനുഷ്യ പ്രവര്‍ത്തനങ്ങളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. മനുഷ്യന്‍ സ്വയം മറന്ന് കാണിക്കുന്ന പ്രവൃത്തികളുടെ ഫലങ്ങളാണ് പ്രക്യതിയില്‍ നിന്ന് തന്നെ ലഭിക്കുന്നത്. തുടരെ തുടരെ ഉണ്ടാകുന്ന പ്രളയവും മണ്ണിടിച്ചിലും ഭൂമി കുലുക്കവും എല്ലാം അതിന്‍റെ ഉദാഹരണങ്ങളാണ്. കാലാവസ്ഥാ ശാസ്ത്രത്തിലെ പുരോഗതി കാരണം, കാലാവസ്ഥയിലെ ദീര്‍ഘകാല മാറ്റങ്ങള്‍ നമുക്ക് ഇപ്പോള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയും. അത്തരം ധാരണകള്‍ എവിടെ, എപ്പോള്‍ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമെന്ന് പ്രവചിക്കാന്‍ പ്രാപ്തമാക്കിയേക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ചില അനന്തരഫലങ്ങള്‍, ഇന്ത്യയിലെ ഡോക്റ്റര്‍മാര്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകുമെന്ന് പറയുന്നുണ്ട്. കാലാവസ്ഥയും ആരോഗ്യവും തമ്മിലുള്ള ഈ ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്.
ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനം മനുഷ്യന്‍റെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒരു വിശാലമായ വിഷയമാണ്. അതിതീവ്രമായ കാലാവസ്ഥാ സംഭവങ്ങള്‍ മുതല്‍ വെക്റ്ററിലൂടെ പകരുന്ന രോഗങ്ങളുടെ വ്യതിയാനങ്ങള്‍ വരെയുള്ള മേഖലകള്‍ ഉള്‍ക്കൊള്ളുന്നു. ദക്ഷിണേഷ്യയില്‍, മഴയുടെ തീവ്രത മൂലവും പര്‍വതപ്രദേശങ്ങളിലെ ഹിമാനി തടാകം പൊട്ടിത്തെറിക്കുന്ന വെള്ളപ്പൊക്കം മൂലം വെള്ളപ്പൊക്കത്തിന്‍റെ ആവൃത്തി വർധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത് യാഥാര്‍ത്ഥ്യമാകുന്ന കാഴ്ച്ചകളാണ് നമ്മള്‍ കാണുന്നത്. 2007ല്‍ മണ്‍സൂണ്‍ മഴയുടെ ഫലമായുണ്ടായ വെള്ളപ്പൊക്കത്തില്‍ 2,000ലധികം ആളുകള്‍ കൊല്ലപ്പെടുകയും 20 ദശലക്ഷത്തിലധികം ആളുകളെ ബംഗ്ലാദേശിലും ഇന്ത്യയിലും നേപ്പാളിലും മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
മുന്‍പ് ഉണ്ടാകാതിരുന്ന സ്ഥിരമായ ഭൂമി കുലുക്കം ഇപ്പോള്‍ സ്ഥിരമായി ഇന്ത്യയില്‍ സംഭവിക്കുന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഭൂമികുലുക്കത്തിന്‍റെ എണ്ണം കൂടുന്നു. മനുഷ്യര്‍ പുതിയ രോഗങ്ങള്‍ക്ക് അടിമകളാകുന്നു. മലിനീകരണം കൊണ്ട് മനുഷ്യന്‍റെ ആയുസ് കുറയുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹി വായു മലിനീകരണത്താല്‍ ശ്വാസം മുട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വളരെ ആശങ്കയോടെ കൂടി തന്നെയാണ് മനുഷ്യര്‍ ഇപ്പോഴത്തെ സാഹചര്യങ്ങളെ നോക്കിക്കാണുന്നത്.
1485 എ.ഡിയില്‍ ഹിന്ദു മത വിശ്വാസത്തില്‍ അടിസ്ഥാനപ്പെടുത്തി മ്യഗങ്ങളെയും പ്രക്യതിയെയും സംരക്ഷിക്കുന്നതിനായി ഗുരു ജംബേശ്വര്‍ സ്ഥാപിച്ച വൈഷ്ണവരായ ബിഷ്ണോയ് വിഭാഗം ഇപ്പോഴും ഉണ്ട്. ഒരു വരള്‍ച്ചക്കാലത്ത് മ്യഗങ്ങള്‍ മരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഗുരു ജംബേശ്വര്‍ മരങ്ങളും വനവും സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞു. ബിഷ്ണോയ് വിഭാഗക്കാര്‍ മരങ്ങളും വനവും മ്യഗങ്ങളെയും സംരക്ഷിക്കുന്ന വിഭാഗമായി മാറി. രാജസ്ഥാനിലാണ് ഈ വിഭാഗത്തിലുള്ളവര്‍ കൂടുതലായി കണ്ടു വരുന്നത്. ഗുരു ജംബേശ്വര്‍ അവസാനകാലം താമസിച്ച ബിക്കാനീറിലെ മുക്കത്ത് അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്കായി വലിയ ഒരു ക്ഷേത്രം തന്നെ ഉണ്ട്.
1730ല്‍ രാജസ്ഥാനിലെ ജോധ്പുർ രാജാവ് അഭയ് സിങ് പുതിയൊരു കൊട്ടാരം പണിയാന്‍ തീരുമാനിച്ചു. കൊട്ടാരം പണിയുന്നതിന് മരങ്ങള്‍ കൊണ്ടു വരാന്‍ രാജാവ് തന്‍റെ സൈനികരെ കേജര്‍ലി വ്യക്ഷം തഴച്ച് വളരുന്ന കാട്ടിനുള്ളിലെ ഗ്രാമത്തിലേക്ക് അയച്ചു. ബിഷ്ണോയികളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. അവര്‍ കേജര്‍ലി വ്യക്ഷത്തെ ആരാധിച്ചിരുന്നു. മരങ്ങള്‍ വെട്ടുന്നതില്‍ ഗ്രാമീണര്‍ പ്രതിഷേധം രേഖപ്പെടുത്തി. അമ്യതാ ദേവി എന്ന ബിഷ്ണോയ് വിഭാഗത്തിലെ സ്ത്രീയുടെ നേത്യത്ത്വത്തില്‍ ഗ്രാമത്തിലെയും അടുത്ത ഗ്രാമത്തിലെയും സ്ത്രീകള്‍ മരം മുറിക്കാതിരിക്കാന്‍ കേജര്‍ലി മരത്തെ കെട്ടിപ്പിടിച്ച് സൈനികര്‍ക്ക് പ്രതിരോധം തീര്‍ത്തു. രാജകല്‍പ്പന ആയതിനാല്‍ സൈനികര്‍ പ്രതിഷേധത്തെ മറികടന്ന് മരങ്ങള്‍ മുറിക്കാന്‍ തീരുമാനിച്ചു. തലപോകുന്നതിലും നാണക്കേടാണ് മരം മുറിഞ്ഞ് വീഴുന്നത് എന്നാണ് അമ്യതാ ദേവി അവസാനമായി പറഞ്ഞത്. സൈനികര്‍ അവരെ വധിച്ചു. അമ്യതാ ദേവിയെ പിന്തുടര്‍ന്ന് സ്ത്രീകള്‍ ഓരോന്നും മരത്തിന്‍റെ സംരക്ഷകയായി എത്തി മരത്തെ കെട്ടിപ്പിടിച്ച് മരണത്തെ വരിച്ചു. 363 സ്ത്രീകള്‍ സൈനികരാല്‍ രക്തസാക്ഷികളായി എന്നാണ് ചരിത്രം.
ഗ്രാമീണരുടെ സമരവും രക്തസാക്ഷിത്ത്വ വാര്‍ത്തയും അറിഞ്ഞ ജോധ്പുര്‍ രാജാവ് ഗ്രാമത്തിലെത്തി സൈനികരെ പിന്തിരിപ്പിച്ചു. ഗ്രാമീണരോട് രാജാവ് അഭയ് സിങ് മാപ്പ് പറഞ്ഞു. ബിഷ്ണോയ് പ്രദേശം സംരക്ഷിത മേഖലയാക്കി രാജാവ് പ്രഖ്യാപിക്കുകയും, അവിടുങ്ങളില്‍ കേജര്‍ലി വ്യക്ഷങ്ങള്‍ നട്ട് പിടിപ്പിക്കുകയും ചെയ്തു. ഇന്നും രാജസ്ഥാനിലെ ബിഷ്ണോയ് പ്രദേശത്ത് നിറയെ കേജര്‍ലി വ്യക്ഷങ്ങള്‍ സംരക്ഷിക്കപ്പെട്ടുന്നുണ്ട്. അവിടെ മ്യഗങ്ങളും, പക്ഷികളും ഭയമില്ലാതെ വസിക്കുന്നു എന്ന പ്രത്യേകത ഉണ്ട്. പ്രക്യതിയെ സംരക്ഷിക്കുന്നതിനായി ബിഷ്ണോയ് വിഭാഗത്തിലെ സ്ത്രീകളുടെ മരം കെട്ടിപിടിച്ചു കൊണ്ടുള്ള സമര മുറ ഇന്ന് ലോകത്താകമാനം കാണാം.