ആത്മീയത; ഉള്ളിൽ തന്നെ മറ്റൊരു ജീവിതം

നമ്മെ അസുഖകരമായത് അലട്ടുമ്പോഴാണ് നാം മനുഷ്യരാകുന്നത്. സഹാനുഭൂതിയാണ് മനുഷ്യത്വം. സ്വർഗത്തിനു മനുഷ്യത്വമില്ല.
ആത്മീയത; ഉള്ളിൽ തന്നെ മറ്റൊരു ജീവിതം | Spirituality, Another life inside
ആത്മീയത; ഉള്ളിൽ തന്നെ മറ്റൊരു ജീവിതംFreepik
Updated on

അക്ഷരജാലകം | എം.കെ.ഹരികുമാർ

സ്വർഗരാജ്യം വന്നാൽ മതിയെന്നു പറയുന്നവരുണ്ട്. നല്ല അഭിലാഷമാണത്. ഈ ലോകത്തെ പ്രയാസങ്ങളും കഷ്ടപ്പാടുകളും നേർക്കുനേർ വരുമ്പോൾ ഒരു സ്വർഗരാജ്യം അന്വേഷിക്കാത്തവർ ആരുണ്ട്! പക്ഷേ, സ്വർഗരാജ്യത്ത് നമുക്ക് യാതൊന്നും ചിന്തിക്കാനില്ലെങ്കിൽ, ചെയ്യാനില്ലെങ്കിൽ അത് സുഖമായിരിക്കുമോ? എങ്കിൽ ഈ ലോകത്ത് തന്നെ ചിന്തിക്കാതെയും യാതൊന്നിനാൽ വിഷമിക്കാതെയും ഇരുന്നാൽ പോരേ? എന്നാൽ അതെത്ര ക്രൂരമായിരിക്കും. നമ്മെ അസുഖകരമായത് അലട്ടുമ്പോഴാണ് നാം മനുഷ്യരാകുന്നത്. സഹാനുഭൂതിയാണ് മനുഷ്യത്വം. സ്വർഗത്തിനു മനുഷ്യത്വമില്ല.

ആഫ്രിക്കയിൽ പാന്‍റ്സും കോട്ടുമിട്ടു നടന്ന ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായതോടെ ഇന്ത്യയെ സൂക്ഷ്മമായി ശ്രദ്ധിച്ചു. മാറുമറയ്ക്കാൻ വസ്ത്രം വാങ്ങാൻ പണമില്ലാത്ത കോടിക്കണക്കിനാളുകളെ അദ്ദേഹം കണ്ടു. അവർക്കിടയിലേക്ക് സ്വാതന്ത്ര്യം എന്ന അപ്പവുമായി താൻ ചെല്ലുമ്പോൾ തന്‍റെ ശരീരത്തിലെ വിലകൂടിയ വസ്ത്രങ്ങൾ ഒരു ഭാരമായിരിക്കുമെന്നു അദ്ദേഹം മനസിലാക്കി. അവരോടുള്ള സഹാനുഭൂതി അദ്ദേഹത്തെ മാറ്റിമറിച്ചു. ഇന്ത്യയിലെ ജനങ്ങൾക്ക് എല്ലാവർക്കും വസ്ത്രം ധരിക്കാൻ കഴിയുന്ന കാലം വരെ താൻ ഷർട്ടിടുകയില്ല എന്നു പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതാണ് സഹാനുഭൂതി അല്ലെങ്കിൽ വൈകാരികക്ഷമത. മനുഷ്യൻ എന്ന പദത്തിന്‍റെ യഥാർഥ ഉടമ ഗാന്ധിജിയായിരിക്കും. അദ്ദേഹം മറ്റുള്ളവരെ മാനിക്കുന്നു. ഭാഗവതത്തിൽ പറയുന്നതുപോലെ പാവപ്പെട്ടവരെ പൂജിക്കുകയാണ് ചെയ്തത്.

അതുകൊണ്ട് സ്വർഗരാജ്യത്ത് ചെന്നാൽ എല്ലാം ഭദ്രമായി എന്നു പറയാനാവില്ല. അവിടെ നമ്മുടെ സ്നേഹിതരും ബന്ധുക്കളും സ്വന്തക്കാരും ഒന്നുമില്ലല്ലോ. കലയും സംഗീതവുമില്ലാത്ത സ്വർഗരാജ്യം വിരസമായിരിക്കും. വ്യക്തിപരമായി രക്ഷപ്പെടാനാകില്ല. അത് മിഥ്യയാണ്. വാസ്തവത്തിൽ ഓരോ ഗൃഹസ്ഥനും യഥാർഥ സ്വർഗരാജ്യമാണ് കൊണ്ടു നടക്കുന്നത്. എന്തെന്നാൽ അവൻ സ്നേഹിക്കുന്നവർക്ക് വേണ്ടി പലതും ത്യജിക്കുന്നു, കഷ്ടപ്പെടുന്നു, ദുഃഖിക്കുന്നു, അപമാനം ഏറ്റുവാങ്ങുന്നു. ചവിട്ടും തൊഴിയും കൊള്ളുന്നു. എന്തിന്? സ്വന്തം കുഞ്ഞുങ്ങളുടെ സന്തോഷത്തിനും ചിരിക്കും വേണ്ടി പതിനെട്ടു മണിക്കൂര്‍ റിക്ഷ വലിക്കുന്നവരെ നഗരങ്ങളിൽ കണ്ടിട്ടുണ്ട്. അവർ സ്വർഗമാണ് അനുഭവിക്കുന്നത്. അവർ സ്വന്തം വികാരങ്ങളിലൂടെ ഈ ലോകജീവിതത്തിന്‍റെ അപാരമായ വശ്യത അനുഭവിക്കുന്നു. ദുഃഖങ്ങളിലും ആശ്വാസമുണ്ട്. വേണ്ടപ്പെട്ടവരെ സഹായിക്കുമ്പോൾ, മറ്റുള്ളവർക്ക് വേണ്ടി അധ്വാനിക്കുമ്പോൾ ഒരു പവിത്രമായ ചിരി ഒരു ഹൃദയത്തിനുള്ളിൽ ഉദയം ചെയ്യും. ഇത് ലൗകികമനുഷ്യന്‍റെ വിലപ്പെട്ട ആത്മീയതയാണ്. ആത്മീയത നമ്മുടെയുള്ളിൽ തന്നെയുള്ള മറ്റൊരു ജീവിതമാണ്. അത് പുറം ലോകം അറിയുന്നില്ല. കരം അടയ്ക്കാൻ ക്യൂ നിൽക്കുന്നവന്‍റെ ഉള്ളിലാണ് ആത്മീയത. അത് വിശ്വാസപരമല്ല; ഉള്ളിൽ ഒറ്റയ്ക്ക് അനുഭവിക്കുന്ന അസ്തിത്വമാണ്.

ആന്തരജീവിതം

ഈ ത്യാഗത്തിൽനിന്ന്, മുറിവുകളിൽനിന്ന് ഒളിച്ചോടാത്തവനാണ് യഥാർഥ ഗൃഹസ്ഥൻ. അവനിൽ ത്യാഗവും സമർപ്പണവുമുണ്ട്. അവൻ മഹത്വമുള്ളവനാണ്. അമെരിക്കൻ വൈദ്യശാസ്ത്രചിന്തകനും സന്യാസിയുമായിരുന്ന തോമസ് മെർട്ടൻ (1915-1968) തന്‍റെ ആത്മകഥയായ "ദ് സെവൻ സ്റ്റോറി മൗണ്ടൻ' എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു: "ഇത് പലർക്കുമറിയാത്ത കാര്യമാണ്. യാതനകളെ, സഹനങ്ങളെ നിങ്ങൾ എത്രമാത്രം അവഗണിക്കുന്നുവോ അത്രത്തോളം നിങ്ങൾക്ക് അത് അനുഭവിക്കേണ്ടി വരും. ഏറ്റവും ചെറിയ, നിസാര കാര്യങ്ങൾ നിങ്ങളെ പീഡിപ്പിക്കാൻ തുടങ്ങും, ഉപദ്രവിക്കപ്പെടുന്നു എന്ന ഭയത്തിന്‍റെ അനുപാതത്തിനനുസരിച്ച്‌. യാതനയെ ഭയന്ന് ഒന്നിലും ഇടപെടാതെ നടന്നവൻ അവസാനം ഏറ്റവും കഠിനമായി വേട്ടയാടപ്പെടും. അവന്‍റെ വേദനകൾ ഏറ്റവും ചെറിയ സംഗതികളിൽ നിന്നായിരിക്കും വരിക. അവന്‍റെ ജീവിതം തന്നെ അവനു വേദനയാവുകയാണ്.'

ഇങ്ങനെയുള്ളവരാണ് ചെറിയ അലട്ടലുകളിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ലോകം മുഴുവൻ ഗുരുക്കന്മാരെ അന്വേഷിച്ചു നടക്കുന്നത്. ഇവർക്ക് വേണ്ടത് മനുഷ്യത്വരഹിതവും നിർഗുണവും സ്നേഹപാശമില്ലാത്തതുമായ സ്വർഗമാണ്. സാഹിത്യത്തിലെ ആത്മീയത എന്നത് സ്വർഗരാജ്യം തേടുന്നവന്‍റെ ആത്മീയതയല്ല. യാതൊന്നിനോടും ബന്ധമില്ലാതെ, മനസിനു വേദനിക്കുമോ എന്നു ഭയന്ന് വൈകാരികക്ഷമത നഷ്ടപ്പെടുത്തിയവരുടെ അമൂർത്തമായ ആത്മീയതയല്ല അത്. സാഹിത്യകൃതികളിൽ കഥാപാത്രങ്ങളുടെ മനസിനുള്ളിലെ സംഘട്ടനങ്ങളും വിശ്വാസങ്ങളും വികാരങ്ങളും ചേർന്നാണ് ആത്മീയത സൃഷ്ടിക്കുന്നത്. അത് ദൈവത്തിന്‍റെ മേഖലയല്ല. മനുഷ്യന്‍റെ സമൃദ്ധിയാണവിടെയുള്ളത്. സ്നേഹം പോലും പീഡയായി മാറുന്നു.

ആത്മാവ് എന്ന വാക്കുപയോഗിക്കുന്നത് ആന്തരജീവിതത്തിന്‍റെ മുഖ്യപങ്കും അപഹരിക്കുന്ന വികാരങ്ങളെക്കുറിച്ചും അറിവിനെക്കുറിച്ചും ചിന്തകളെക്കുറിച്ചും പ്രതിപാദിക്കാനാണ്. ആത്മാവ് സജീവമായ അസ്തിത്വത്തിന്‍റെ ആന്തരമനസാണിവിടെ. പ്രമുഖ ഓസ്ട്രിയൻ കവി റെയ്നർ മരിയ റിൽക്കേ (1875-1926) ഇങ്ങനെ എഴുതുന്നു: "നിങ്ങൾക്ക് വലിയ ദുഃഖങ്ങളിലൂടെ കടന്നു പോകേണ്ടിവന്നിട്ടുണ്ടാകും. ഈ കടന്നു പോക്ക് ഏറ്റവും വേദനാജനകവും തകർക്കുന്നതുമാണെന്നു നിങ്ങൾ കരുതിയിട്ടുണ്ടാവും. എന്നാൽ നിങ്ങളുടെ മനസിന്‍റെ കേന്ദ്രത്തിലൂടെയല്ലേ അത് സഞ്ചരിച്ചിട്ടുണ്ടാവുക? നിങ്ങളിൽ സമൂലമായ പരിവർത്തനമുണ്ടായിട്ടില്ലെങ്കിലും ദുഃഖത്തിലായിരുന്ന സമയത്ത് നിങ്ങൾക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുള്ളതായി ശ്രദ്ധിച്ചിട്ടുണ്ടോ? ആ നിമിഷങ്ങളിലൂടെ എന്തോ പുതിയ ചിലത് നമ്മുടെയുള്ളിലേക്ക് പ്രവേശിക്കുന്നു, അതുവരെ അജ്ഞാതമായിരുന്നത്. നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ത്രാണിയുണ്ടാകില്ല. നമ്മുടെയുള്ളിൽ ഘനമായിരുന്നതെല്ലാം പിൻവാങ്ങുകയാണ്. ഒരു നിശ്ചലതയാണ് സംഭവിക്കുന്നത്. അത് പുതിയതാണ്, ആരും അറിയാത്തതും. അത് നിശബ്ദമായിരിക്കും.'

വിഷാദം ഏകാന്തസംഗീതം

മനസ് നോവുന്ന ആ നിമിഷം നമ്മളിൽ ഏതോ ഒരു പരിവർത്തനം സംഭവിക്കുന്നതായി റിൽക്കേ അറിയിക്കുന്നു. നിശബ്ദമായി ഒരു മാറ്റമുണ്ടാകുന്നു. മനസിൽ അതുവരെ ഉഗ്രമൂർച്ഛയിൽ കഴിഞ്ഞിരുന്നതെല്ലാം അപ്രത്യക്ഷമാകുന്നു. മനസിൽ നിങ്ങൾ തനിച്ചാകുന്നു. അവിടെ ആത്മഭാഷണങ്ങൾ, തന്നോടു തന്നെയുള്ള വർത്തമാനങ്ങൾ മാത്രമേയുണ്ടാകൂ. നിശബ്ദതയിൽ നിങ്ങൾ ഒരു പുതിയ ലോകത്തായിരിക്കും. ആ വിഷാദം ഒരു ഏകാന്തസംഗീതം പോലെയായിരിക്കും. വിഷാദത്തിന്‍റെ ഭാരമുള്ള കവിതകളും നമ്മൾ ആസ്വദിക്കുന്നു. അപ്പോൾ പക്ഷേ നാം തനിച്ചായിരിക്കും. ആ വിഷാദം നമ്മോട് സംവദിക്കാനുള്ളതാണ്. അതിനായി മനസിനെ ശാന്തമാക്കേണ്ടതുണ്ട്. ദുഃഖത്തിനു ഒരു മൂല്യമുണ്ടെന്നാണ് റിൽക്കേ പറയുന്നത്. "ഒരേയൊരു യാത്രയേയുള്ളു, അത് നമ്മുടെയുള്ളിലാണ്' എന്നു പറഞ്ഞ റിൽക്കേ സാഹിത്യകലയിലെ ആത്മീയതയാണ് സൂചിപ്പിക്കുന്നത്.

സാഹിത്യരചനയിൽ അന്തഃസംഘർഷങ്ങളും ആകുലതകളുമാണ് പ്രാമുഖ്യം നേടുന്നത്.കഥാപാത്രങ്ങളുടെ ആഭ്യന്തരലോകത്തെ കോളിളക്കങ്ങൾ വെളിപാടുകളായി നമ്മളിലേക്ക് വരുന്നു. ദസ്തയെവ്സ്കി (1821-1881) യുടെ "കരമസോവ് സഹോദരന്മാരി'ൽ ഐവാന്‍റെ ഒരു ദീർഘസംഭാഷണമുണ്ട്. അയാൾ സഹോദരൻ അല്യോഷായോട് സംസാരിക്കുകയാണ്. അയാൾക്ക് ഒന്നിലും നിരാശയില്ല. ഒരു നീതിശാസ്ത്രവും നോക്കുന്നില്ല. സ്നേഹത്തിൽ പോലും വിശ്വസിക്കുന്നില്ല. എന്നാൽ ജീവിതാസക്തിയുണ്ട്. അയാൾ യൗവനകാലം ആഘോഷിക്കുകയാണ്. തൃഷ്ണയാണ് വഴികാട്ടി.

അയാൾ അല്യോഷായോടു പറയുന്ന ഭാഗത്ത് ഇങ്ങനെയൊരു പ്രസ്താവന കാണാം: "ഞാൻ ഈ പ്രപഞ്ചക്രമത്തിൽ വിശ്വസിക്കുന്നില്ലെന്നിരിക്കാം. എങ്കിലും പുഷ്പകാലത്ത് പൊട്ടിവിരിയുന്ന ഇളം തളിരുകളെ ഞാൻ സ്നേഹിക്കുന്നു. നീലവർണമായ ആകാശത്തെ സ്നേഹിക്കുന്നു. എന്തിനെന്നറിയാതെ ആരും സ്നേഹിച്ചു പോകുന്ന ചിലരെ ഞാൻ സ്നേഹിക്കുന്നു. മനുഷ്യരുടെ മഹാകൃത്യങ്ങളിൽ എനിക്ക് പണ്ടേ വിശ്വാസമില്ലാതെയായിട്ടുണ്ടെങ്കിലും ഞാൻ അവയെ സ്നേഹിക്കുന്നു. തഴക്കം കൊണ്ടവയെ വിലമതിക്കുന്നു.' (എൻ.കെ. ദാമോദരന്‍റെ പരിഭാഷ).

അയാളുടെ സങ്കീർണമായ മാനസിക ഘടന അനാവരണം ചെയ്യുകയാണ് ദസ്തയെവ്സ്കി. ഐവാൻ യാതൊരു പ്രമാണങ്ങളിലും വിശ്വസിക്കാത്തയാളാണ്. എങ്കിലും അയാൾ ചിലതിനെ സ്നേഹിക്കുന്നു. സ്നേഹിക്കാതിരിക്കാനാവുന്നില്ല. എല്ലാത്തിലും തൃഷ്ണയുടെ വഴിയെ പോകുന്നയാളുടെയുള്ളിൽ സ്നേഹത്തിനായി ജീവൻ തുടിക്കുന്നു. അത് ശുദ്ധസ്നേഹമാണെന്നോർക്കണം. ആകാശത്തെയും പൂക്കളെയും സ്നേഹിക്കുന്നത് സ്വാർഥത കൊണ്ടല്ലല്ലോ. മാത്രമല്ല, മറ്റുള്ളവർ സ്നേഹിക്കുന്ന ചില വ്യക്തികളോടു അയാൾക്ക് സ്നേഹമുണ്ടെന്നും പറയുന്നു. സ്നേഹം അയാളുടെയുള്ളിൽ ദൈവത്തിന്‍റെ സംജ്ഞയിൽ നിന്നുണ്ടായതല്ല. അത് സഹജപ്രകൃതിയായി സ്വയം കണ്ടെത്തുന്നതാണ്. സ്വയം പരിശോധിച്ചാലേ ഇതുപോലെ നമ്മുടെയുള്ളിൽ ഏതെല്ലാം വികാരങ്ങൾ എങ്ങനെയെല്ലാം ശക്തമാണെന്നു മനസിലാക്കാനാവൂ. ആന്തരജീവിതം ഇങ്ങനെയാണ്. അതിനു ഒരു ക്രമവുമില്ല. അവിടെ ത്യാഗവും സഹനവുമുണ്ട്. അത് ജീവിതത്തിന്‍റെ സ്വഭാവമാണ്. ആന്തരജീവിതത്തിന്‍റെ സമ്മിശ്രവികാരങ്ങളെയും വൈരുദ്ധ്യങ്ങളെയും ആത്മീയമായി കാണാവുന്നതാണ്. സ്നേഹം ആത്മീയമാണ്.

ഇത് മതപരമല്ല

യഥാതഥ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന കഥാകൃത്തായതുകൊണ്ട് ആത്മീയതയില്ല എന്നു പറയരുത്. ചിലർ ആത്മീയത എന്നു കേട്ടാലുടനെ അത് മതപരമായ ഏതോ ആശയമാണെന്നു തെറ്റിദ്ധരിച്ചു മാറിപ്പോകും. മനുഷ്യനു ഒരു പൗരൻ, അല്ലെങ്കിൽ വോട്ട് ചെയ്യുന്നവൻ, തൊഴിലാളി, ഉദ്യോഗസ്ഥൻ തുടങ്ങിയ പദവികളുള്ളപ്പോൾ തന്നെ ആഭ്യന്തര ജീവിതവുമുണ്ട്. അത് അവനു ഒഴിവാക്കാനാവില്ല. ഭയങ്ങൾ, വെളിപാടുകൾ, വിസ്മയങ്ങൾ, വിഷാദങ്ങൾ തുടങ്ങിയവ ഒരുവന്‍റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തും. പദവിയോ സമ്പത്തോ ഉള്ളതുകൊണ്ട് അതിനെ മറികടക്കാനാവില്ല മനുഷ്യനു.

"ജോനഥൻ ലിവിങ്സ്റ്റൻ സീഗള്‍' എന്ന നോവലെഴുതിയ അമെരിക്കൻ എഴുത്തുകാരൻ റിച്ചാർഡ് ബാക് പറഞ്ഞത് ശ്രദ്ധിക്കാം: "വലിയൊരു പ്രപഞ്ചനിയമം, ഞാൻ വിചാരിക്കുന്നത്, നമ്മുടെ ചിന്തയിൽ ദൃഢമായി നാം കൊണ്ടുനടക്കുന്ന കാര്യം അനുഭവത്തിൽ സത്യമായി വരുമെന്നതാണ്. മനസിൽ ഉറപ്പിച്ചു നിർത്തുന്നതെന്താണോ, വിചാരിച്ചിരിക്കാത്ത സാഹചര്യങ്ങളിലൂടെ അവിടേക്ക് നാം എത്തിയിരിക്കും, നമ്മൾ അതിനായി ആഗ്രഹിച്ചിരുന്നു എന്ന കാരണം കൊണ്ട്.'

ഇത് പ്രാപഞ്ചികമായ ഒരു ബോധമായി ബാക്ക് അറിയുന്നു. നമ്മുടെ മനസിൽ എല്ലാ പുസ്തകങ്ങളുമുണ്ടെന്നു പറയുന്നതുപോലെ സകല ഭാവിയും അതിൽ അന്തർലീനമായിരിക്കുന്നു. പുസ്തകങ്ങളെല്ലാം ഓരോ മനസിൽ നിന്നാണല്ലോ വന്നിട്ടുള്ളത്. മനസ് എല്ലാവർക്കുമുള്ളതാണ്. മനസിലുള്ളത് ഒരു മുറിയിലെന്നപോലെ ചിലപ്പോൾ പൂട്ടി വച്ചിട്ടുണ്ടാവും. അത് ആർക്കും പുറത്തെടുക്കാൻ കഴിയില്ലായിരിക്കും. എന്നാൽ ഒരാൾ തീവ്രമായി വിചാരിക്കുകയാണെങ്കിൽ ആ പൂട്ട് തുറക്കാം. മനുഷ്യന്‍റെ സ്വപ്നം യാഥാർഥ്യമാക്കുന്നത് ആത്മീയമായ ശക്തിയുടെ ഫലമാണ്. ഒരു സ്വപ്നം എപ്പോഴും കൊണ്ടുനടക്കുന്നവർക്ക് അത് യഥാർഥമാക്കാൻ കഴിയുമെന്ന് തെളിയിച്ച ധാരാളം സംഭവങ്ങളുണ്ട്. എല്ലാത്തിനെയും നിയന്ത്രിക്കാനായില്ലെങ്കിലും മനസിനു ചില ശക്തിവിശേഷങ്ങളുണ്ട്. സത്യസന്ധരായിരിക്കുന്നതിൽ, പ്രേമിക്കുന്നതിൽ ആത്മീയതയുണ്ട്. ദുഃഖിതനായിരിക്കുന്നവനെ പോലെ.

രജതരേഖകൾ

1) 60കളിലെയും 70കളിലെയും കാമുകന്മാർക്ക് പ്രേമിച്ചാൽ ദുഃഖിച്ചു നടക്കാമായിരുന്നു. താടി വളർത്താമായിരുന്നു. താടി ഒരു ചിഹ്നമായിരുന്നു, സുരക്ഷാ കവചമായിരുന്നു. അന്ന് ഓടിപ്പോകാൻ ഒരിടമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈഗോയില്ലായിരുന്നു. ചെരുപ്പിടാതെ കോളെജിൽ പോകുന്നവർക്കും മാറി ധരിക്കാൻ വേറൊന്നില്ലാത്തവർക്കും ഈഗോ എന്തിനാണ്? അവർ പ്രേംനസീർ - ഷീല ദ്വന്ദത്തെ വെള്ളിത്തിരയിൽ ഒരു പ്രണയസാന്ത്വനമായി അനുഭവിച്ചു.

2) എൻ.പി. ചന്ദ്രശേഖരന്‍റെ "ഉത്തരത്വം' (പ്രസാധകൻ, നവംബർ) രസിപ്പിച്ചു. ഓരോ വാക്കും കുഴപ്പിക്കുന്നതാണെന്നു ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ കവിതയുടെ പിറവി.

"ജീവിതമെന്ന വാക്ക് മരണത്തെയും

മരണമെന്നത് സ്നേഹത്തെയും

സ്നേഹം മറവിയെയും

സൂചിപ്പിക്കുന്നുവെങ്കിൽ

നിങ്ങൾ എങ്ങനെ ജീവിക്കും?

എത്ര കാലം മരിക്കാതിരിക്കും?

എത്രകണ്ട് സ്നേഹിക്കും?

എന്തോർത്തു മറക്കാതിരിക്കും?'

ജീവിതം മരിക്കാനുള്ളതാണെങ്കിൽ പിന്നെന്തിനു ജീവിക്കണമെന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്.

3) ചില മുതിർന്ന കവികൾ നിരന്തരമായി ഫെയ്സ്ബുക്കിൽ എഴുതുന്നത് കാണാം. വളരെ നല്ലതാണ്. ഫെയ്സ്ബുക്ക് എല്ലാവരുടെയും ആശയപ്രകാശന വേദിയാണല്ലോ. എന്നാൽ ഇതേ മുതിർന്ന കവികൾ ഫെയ്സ്ബുക്കിൽ വന്നു പറയുന്നു, സകലരും കവിത എഴുതുന്നതു കൊണ്ട് തങ്ങൾ എഴുതുന്നില്ലെന്ന്! പ്രതിഭ വറ്റുമ്പോൾ ആരെയെങ്കിലും പഴി ചാരി എഴുതാതിരിക്കുന്നതാണ് നല്ലത്. ധാരാളം പുസ്തകങ്ങൾ അച്ചടിച്ചു വരുന്നതുകൊണ്ട് തങ്ങൾ വായന നിർത്തി എന്നു പറയുന്നത് ഭോഷ്ക്കാണ്. നല്ല പുസ്തകങ്ങളെ തമസ്ക്കരിച്ചാൽ നിരാശപ്പെടേണ്ടി വരും. പുതിയ തലമുറ ഒരു എഡിറ്ററേയും ഭയപ്പെടുന്നില്ല. തന്നെ ഗൗനിക്കാത്തവരെ പുതിയ തലമുറ അംഗീകരിക്കുന്നില്ല. ഫെയ്സ്ബുക്ക് പേജുകൾ ആഴ്ചപ്പതിപ്പ് ഫോർമാറ്റിലുള്ളതല്ല. വയസായ കവികൾക്ക് ഈ വ്യത്യാസം ഉൾക്കൊള്ളാനാവുന്നില്ല. ഫെയ്സ്ബുക്ക് ഒരു പൊതു ഇടമാണ്. അവിടെ റിട്ടയേർഡ് കോളെജ് അധ്യാപകനെന്നോ മീൻവില്പനക്കാരനെന്നോ ഭേദമില്ല. റിട്ടയേർഡ് അധ്യാപകർ ചവർ കവിതയെഴുതിയാൽ പിള്ളേർ അപ്പോൾ തന്നെ പിടികൂടും.

4) എൺപതുകളിൽ യു.പി. ജയരാജ് ഒരു കഥ എഴുതി: "നിരാശാഭരിതനായ സുഹൃത്തിനു ഒരു കത്ത്'. എത്രയോ ചർച്ച ചെയ്യപ്പെട്ട കഥയാണിത്. ജയരാജ് കഥ എഴുതിയത് പണമുണ്ടാക്കാനോ പ്രശസ്തി നേടാനോ അല്ല; ആത്മാവിനെ ബാധിച്ച പ്രതിസന്ധികൾ തരണം ചെയ്യാനായിരുന്നു.

5) സച്ചിദാനന്ദൻ പുഴങ്കരയുടെ "ഗേറ്റ് വേ ഓഫ് ഇന്ത്യ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 10) സമകാലിക ജീവിതത്തെ വിശദമായി പരിശോധിക്കുകയാണ്.

"എവിടെയോ വലവീശി

നിൽപ്പുണ്ട് മുക്കുവൻ

കടലാസുകപ്പലിൽ -

നിന്നുള്ള കാഴ്ചയിൽ

കര വരച്ചിട്ടൂ

കമാനം, കവാടവും.

തകരുന്ന പാമരം

നീർത്തുവാനാകാതെ -

യൊടുവിലേകാകിത-

യ്ക്കുള്ളിലേക്കാഴുന്നു

ഗ്രഹതാരകങ്ങളു-

മന്തിയും ചിന്തയും.

ഉപയോഗമില്ലാത്ത

മലിനവസ്തുക്കളാ-

യഴുകുന്നു നമ്മളും

പൂക്കളും കാലവും.'

പതിറ്റാണ്ടുകളായി എഴുതുന്ന പുഴങ്കര തീഷ്ണ ജീവിതയാഥാർഥ്യങ്ങളെ നിർദയമായി ആവിഷ്കരിക്കുന്ന കവിയാണ്.

6) താരതമ്യേന പ്രായം കുറഞ്ഞ എഴുത്തുകാരി ഹാൻ കാങ്ങിനു ഇത്തവണ നോബൽ സമ്മാനം ലഭിച്ചു. കുറെ കടന്ന കൈയായിപ്പോയി. എത്രയോ വലിയ എഴുത്തുകാർ ജീവിച്ചിരിക്കുന്നു. കാങ്ങിനേക്കാൾ നൂറിരട്ടി സംഭാവന ചെയ്ത സൽമാൻ റുഷ്ദിയെയും ഹാറുകി മുറകാമിയെയും മുതിർന്ന മറ്റു പല എഴുത്തുകാരെയും അപമാനിക്കുകയാണ് നോബൽ കമ്മിറ്റി ചെയ്തത്.

7) പ്രേമത്തെക്കുറിച്ച് അമെരിക്കൻ സംവിധായകനും കൊമേഡിയനുമായ വൂഡി അല്ലൻ പറഞ്ഞു:

"പ്രേമിക്കുക എന്നാൽ സഹിക്കുക എന്നർഥം. സഹനം ഒഴിവാക്കാൻ പ്രേമിക്കാതിരിക്കാം. അപ്പോൾ പ്രേമിക്കാത്തതിന്‍റെ സഹനമായിരിക്കും. അതുകൊണ്ട് പ്രേമിക്കുക എന്നാൽ സഹിക്കുക തന്നെ. പ്രേമിക്കാതിരുന്നാലും സഹിക്കണം. സഹിക്കുക എന്നാൽ സഹിക്കുക എന്നാണ് അർഥം. സന്തോഷമായിരിക്കാൻ പ്രേമിക്കണം. അതുകൊണ്ട് സന്തോഷമായിരിക്കാൻ സഹിക്കണം. അതേസമയം സഹനം ഒരുവനെ അസന്തുഷ്ടനാക്കുന്നു. അതുകൊണ്ട് സന്തോഷമായിരിക്കാൻ ഒരുവൻ സ്നേഹിക്കുക; അല്ലെങ്കിൽ സഹിക്കാൻ വേണ്ടി പ്രേമിക്കുക. അല്ലെങ്കിൽ വലിയ സന്തോഷത്തിന്‍റെ പേരിൽ സഹിക്കുക.'

8) പ്രമുഖ കവിയും ഗാനരചയിതാവുമായ പി. ഭാസ്കരൻ "ഒറ്റക്കമ്പിയുള്ള തംബുരു' എന്ന ആത്മകഥാപരമായ കാവ്യം എഴുതിയത് വഴിത്തിരിവായി. ഈ കാലത്തെ വിചാരണ ചെയ്യുന്ന കാവ്യം അനുഭവങ്ങളിലെ നെല്ലും പതിരും വേർതിരിച്ചെടുക്കുന്നു. നഗരവും രാഷ്ട്രീയവും നൽകിയ കയ്പേറിയ അനുഭവങ്ങളോടു വിടപറഞ്ഞ കവി തന്‍റെ ആത്മാവിന്‍റെ സംഗീതം കേൾക്കുവാൻ വേണ്ടി മാതൃഗേഹത്തിലേക്ക് തിരിച്ചു പോരുന്ന ഹൃദ്യവിവരണമാണത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com