എൻ. അജിത്കുമാർ
'പട്ടിണിയായ മനുഷ്യാ, നീ പുസ്തകം കൈയിലെടുത്തോളൂ...'
എന്ന് ബർടോൾഡ് ബ്രെഹ്ത് പറയുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ദുരിതം മറക്കാന്‍ മലയാളികള്‍ കൈയിലെടുത്ത പുസ്തകമാണ് എഴുത്തച്ഛന്‍റെ അധ്യാത്മരാമായണം. മധ്യകേരളത്തിലെ വെട്ടത്തുനാട്ടില്‍ തൃക്കണ്ടിയൂരുള്ള തുഞ്ചന്‍പറമ്പിലാണ് (മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍) എഴുത്തച്ഛന്‍ ജനിച്ചത്.
എഡി 1495 നും 1575 നും മധ്യേയാണ് എഴുത്തച്ഛന്‍റെ ജീവിതകാലം. ദുരിതകാലത്ത് മനസ്സില്‍ ഭക്തിയും നല്ല ചിന്തകളും നിറയ്ക്കാന്‍ രാമായണമാസമായും മലയാളികള്‍ കർക്കിടകത്തെ കണക്കാക്കുന്നു.
വാല്മീകിയുടെ രാമായണത്തിനുശേഷം ഉണ്ടായിട്ടുള്ള രാമായണങ്ങളില്‍ മുഖ്യമായിട്ടുള്ളതാണ് എഴുത്തച്ഛന്‍റെ അധ്യാത്മരാമായണം കിളിപ്പാട്ട്. വാല്മീകി രാമായണത്തിന് ദക്ഷിണേന്ത്യ, ബംഗാള്‍, കാശ്മീര്‍ എന്നീ ഭാഗങ്ങളില്‍ പ്രധാനമായും മൂന്ന് സംസ്‌കൃതവിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. (വാല്മീകി രാമായണം സംസ്‌കൃത ഭാഷയിലല്ല രചിക്കപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്) ഇതില്‍ ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലിരുന്ന കര്‍ത്താവാരാണെന്നറിയാത്ത അധ്യാത്മരാമായണത്തിന്‍റെ മലയാള വിവര്‍ത്തനമാണ് എഴുത്തച്ഛന്‍റെ അധ്യാത്മരാമായണം കിളിപ്പാട്ട്. ഇത് വിവര്‍ത്തനമെന്നതിലുപരി ഒരു സ്വതന്ത്രരചനയാണ്. അധ്യാത്മരാമായണത്തിലെ പ്രധാനഭാഗങ്ങള്‍ ഒട്ടും വിട്ടുകളായതെയും വിശദീകരിക്കേണ്ടവ വിശദീകരിച്ചുമാണ് എഴുത്തച്ഛന്‍ അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചിരിക്കുന്നത്. മാനുഷിക ദൗര്‍ബല്യങ്ങളുള്ള വാല്മീകിയുടെ രാമനെ ഉദാത്തവല്‍ക്കരിച്ച് ഈശ്വരനായി ഉയര്‍ത്തുകയാണ് എഴുത്തച്ഛന്‍ ചെയ്തത്. അച്ചടിവിദ്യ വികസിച്ചിട്ടില്ലാത്ത ആ കാലത്ത് അക്ഷരജ്ഞാനമില്ലാത്തവര്‍പോലും രാമായണം കേട്ടു പഠിച്ച് പാടിപ്പോന്നു. മലയാളക്കരയിലങ്ങോളമിങ്ങോളം, തുഞ്ചത്തെഴുത്തച്ഛനെപ്പോലെ ആരാധ്യനായിത്തീര്‍ന്ന ഒരു കവിയോ അധ്യാത്മരാമായണം കിളിപ്പാട്ടുപോലെ പ്രചാരം നേടിയ കാവ്യമോ മറ്റേതാണുള്ളത്?
അധ്യാത്മജ്ഞാനത്തിനായ്...
"അധ്യാത്മരാമായണമെന്നു പേരിന്നിദ-
മധ്യയനം ചെയ്യുന്നോര്‍ക്കധ്യാത്മജ്ഞാനമുണ്ടാം
പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും
മിത്രസമ്പതി കീര്‍ത്തി രോഗശാന്തിയുമുണ്ടാം
ഭക്തിയും വര്‍ധിച്ചിടും മുക്തിയും സിദ്ധിച്ചിടും'
എന്ന് എഴുത്തച്ഛന്‍ തന്നെ പറയുന്നുണ്ട്. കൃഷിയെ ആശ്രയിച്ച് മാത്രം ജീവിതം മുന്നോട്ടു നീക്കിയിരുന്ന ഒരു കാലത്ത് വറുതിയും ദുരിതവുമായി വരുന്ന പഞ്ഞക്കടര്‍ക്കിടകത്തെ അതിജീവിക്കുവാന്‍ എഴുത്തച്ഛന്‍റെ ഈ വരികള്‍ തീര്‍ച്ചയായും കേരളീയ ജനതയ്ക്ക് പ്രചോദനമായിട്ടുണ്ടാകാം.
കേരള ചരിത്രത്തിലെ ഏറ്റവും ശോചനീയമായ ഒരു കാലഘട്ടത്തിലാണ് എഴുത്തച്ഛന്‍ ജീവിച്ചിരുന്നത്. നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും പോർച്ചുഗീസുകാരുടെ അധിനിവേശവും തുടര്‍ന്നുള്ള ആക്രമണങ്ങളും സാധാരണക്കാരായ ജനങ്ങളെ വളരെയധികം വിഷമിപ്പിച്ചു. സാംസ്‌കാരികമായ അധഃപതനവും ധാര്‍മ്മിക മൂല്യങ്ങളുടെ തകര്‍ച്ചയും എഴുത്തച്ഛനെ അസ്വസ്ഥനാക്കി. ജനങ്ങളെ ഇതില്‍ നിന്നും കരകയറ്റാനാണ് എഴുത്തച്ഛന്‍ ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച ഭക്തി നിര്‍ഭരമായ കാവ്യങ്ങള്‍ രചിച്ചത്.
എഴുത്തച്ഛന്‍ തന്‍റെ ഗുരുസ്ഥാനീയനായി കരുതിയിരുന്നത് പണ്ഡിതനായ ജ്യേഷ്ഠന്‍ രാമനെയായിരുന്നു. 'വിദുഷാം അഗ്രേസരന്‍' എന്നാണ് എഴുത്തച്ഛന്‍ ജ്യേഷ്ഠനെ വിശേഷിപ്പിക്കുന്നത്. രാമന്‍റെ അനുജന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന കവി സ്വന്തം പേര് രാമാനുജനെന്നാക്കി എന്നാണൊരു കഥ.
ദാര്‍ശനികനായിരുന്ന രാമാനുജാചാര്യരുടെ അനുയായികള്‍ രാമാനുജന്മാര്‍ എന്നറിയപ്പെട്ടിരുന്നു എന്നും അവരിലുള്‍പ്പെട്ടതുകൊണ്ടാണ് രാമാനുജനെഴുത്തച്ഛനെന്നു പേരുവന്നതെന്നുമാണ് മറ്റൊരു കഥ.
യഥാർഥ പേര് ശങ്കരന്‍ എന്നായിരുന്നു എന്നും പരദേശസഞ്ചാരത്തില്‍ ശാസ്ത്രം അഭ്യസിപ്പിച്ചത് രാമാനുജാചാര്യരുടെ ശിഷ്യന്മാരായിരുന്നതിനാല്‍ ആ ഗുരുവിന്‍റെ നാമധേയം കവി സ്വീകരിച്ചു എന്നും ഒരു പക്ഷമുണ്ട്. യഥാർഥ പേരു വിളിക്കുന്നതിനുള്ള മടികൊണ്ട് ചില ശിഷ്യന്മാര്‍ രാമാനുജന്‍ എന്ന പേര് വിളിപ്പേരാക്കി എന്നും പറയുന്നു.
ജന്മസ്ഥലമായ തുഞ്ചന്‍പറമ്പില്‍ ഒരു പള്ളിക്കൂടം സ്ഥാപിച്ച് ധാരാളം കുഞ്ഞുങ്ങള്‍ക്ക് അറിവു പകര്‍ന്നുനല്‍കിയതാവാം രാമാനുജന് എഴുത്തച്ഛന്‍ എന്ന പേര് കൂടി നല്‍കിയത്. പില്‍ക്കാലത്ത് പാലക്കാട്ടുള്ള ചിറ്റൂരില്‍ ഒരു ആശ്രമം സ്ഥാപിച്ച് അദ്ദേഹം അവിടെ താമസമാക്കി. ചിറ്റൂര്‍ മഠത്തില്‍ വെച്ചാണ് അദ്ദേഹം സമാധിയായതെന്ന് വിശ്വസി ക്കപ്പെടുന്നു.
അധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ട്, ഭാഗവതം, ഹരിനാമകീര്‍ത്തനം, ചിന്താരത്‌നം, രാമായണം ഇരുപത്തിനാല് വൃത്തം.
കിളിയെക്കൊണ്ട് പാടിച്ചത്
'ശ്രീരാമനാമം പാടിവന്ന
പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ
ചൊല്ലിടു മടിയാതെ'
എന്ന് കിളിയോടു പറയുമ്പോള്‍ കിളി വന്ദ്യന്മാരെ വന്ദിച്ച് കഥപറയുന്ന രീതിയിലാണ് എഴുത്തച്ഛന്‍ അധ്യാത്മരാമായണം രചിച്ചിട്ടുള്ളത്. കിളിയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യരീതി അതിനു മുമ്പുതന്നെ തമിഴില്‍ നിലനിന്നിരുന്നു. എന്നാല്‍ കിളിപ്പാട്ട് ഒരു പ്രസ്ഥാനമായത് എഴുത്തച്ഛനിലൂടെയാണ്.
കവിയുടെ വിനയം പ്രകടിപ്പിക്കാന്‍വേണ്ടിയാണ്, കിളിയെപ്പോലെ സുന്ദരവും ശബ്ദമാധുര്യവുമുള്ള കവിതയായിരിക്കണം എന്ന കവിയുടെ ആഗ്രഹം കൊണ്ടാണ്, അറംപറ്റാതിരിക്കാന്‍ വേണ്ടിയാണ് കിളിയെക്കൊണ്ട് കഥപറയിക്കുന്നത് എന്നെല്ലാം കിളിപ്പാട്ടുരീതിയെക്കുറിച്ച് പറയാറുണ്ട്.
കാകളി, കേക, കളകാഞ്ചി, മണികാഞ്ചി, ഊനകാകളി, അന്നനട എന്നിങ്ങനെയാണ് കിളിപ്പാട്ടിലുപയുക്തമായ ചില വൃത്തങ്ങള്‍ക്കു പില്‍ക്കാലത്ത് പേരുനല്‍കിയിട്ടുള്ളത്. ഇവയെ കിളിപ്പാട്ട് വൃത്തങ്ങള്‍ എന്നുപറയുന്നു. കാകളിയാണ് കിളിപ്പാട്ട് വൃത്തങ്ങളില്‍ ഏറ്റവും പ്രസിദ്ധം.
എഴുത്തച്ഛന്‍റെ കാലമായപ്പോഴേക്കുതന്നെ മലയാളം തമിഴില്‍നിന്ന് വേര്‍പിരിഞ്ഞ് സ്വതന്ത്രഭാഷയായിത്തീര്‍ന്നിരുന്നു. ചെറുശ്ശേരിയും കണ്ണശ്ശകവികളും കാവ്യരചന കൊണ്ട് മലയാളത്തെ സമ്പുഷ്ടമാക്കിയിരുന്നു. രാമചരിതവും എണ്ണമറ്റ മണിപ്രവാളകൃതികളും ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്നിട്ടും എഴുത്തച്ഛനെ ഭാഷാപിതാവായി ആദരിക്കുന്നത് എന്തുകൊണ്ടാവാം?
എഴുത്തച്ഛന്‍ രാമായണകഥ പറഞ്ഞ ഭാഷ മലയാളത്തിന്‍റെ എക്കാലത്തെയും നിലവാരഭാഷയായി പരിണമിച്ചു. എ.ആര്‍. രാജരാജവര്‍മ്മയുടെ കേരള പാണിനീയവും ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടുവും വരുന്നതിനു മുമ്പുവരെ മലയാളത്തിന്‍റെ വ്യാകരണഗ്രന്ഥവും നിഘണ്ടുവുമെല്ലാം എഴുത്തച്ഛന്‍റെ കൃതികളായിരുന്നു. എഴുത്തച്ഛനുശേഷം വന്ന എല്ലാ കവികളും ആ ഭാഷയില്‍നിന്നാണ് ഊര്‍ജം സ്വീകരിച്ചത്. ഇന്നും അത് തുടരുന്നു. എഴുത്തച്ഛനെപ്പോലെ സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ കവിയും അധ്യാത്മരാമായണം പോലൊരു കൃതിയും മല യാളത്തിലുണ്ടായിട്ടില്ല. എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ് എന്നുപറയുന്നതിന്‍റെ പൊരുള്‍ ഇതെല്ലാമാണ്.
എഴുത്തച്ഛന്‍റെ അധ്യാത്മരാമായണം കിളിപ്പാട്ടിന്‍റെ പ്രതികള്‍ ഓലയില്‍ പകര്‍ത്തിയെഴുതിയായിരുന്നു ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്നത്. നരിക്കുഴി ഉണ്ണീരിക്കുട്ടി വൈദ്യര്‍ (1848-1903) എന്ന പണ്ഡിതനാണ് ഇതിനു മുന്‍കൈയെടുത്ത്. പിന്നീട് ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ സദസ്യനും കഥകളി കലാപണ്ഡിതനും നടനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാര്‍ 1853ല്‍ അധ്യാത്മരാമായണം കിളിപ്പാട്ട് ആദ്യമായി കേരളവിലാസം അച്ചുകൂടത്തില്‍നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ചു.
തിരൂരിലെ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു സമീപം തുഞ്ചന്‍പറമ്പിലാണ് എഴുത്തച്ഛന്‍റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. അവിടെയാണ് തുഞ്ചന്‍ സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. ഡിസംബര്‍ 31 തുഞ്ചന്‍ ദിനമായി ആചരിച്ചുവരുന്നു. വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്തും വിപുലമായതോതില്‍ ഇവിടെ നടന്നുവരുന്നു.
കേരളീയരുടെ വൈജ്ഞാനിക തീര്‍ത്ഥാടനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് തുഞ്ചന്‍പറമ്പ്.