

ആൻ എൽ സഫി
ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കൃത്രിമബുദ്ധിയും സാഹിത്യരചനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടന്ന ചർച്ച ശ്രദ്ധേയമായി. സാങ്കേതികവിദ്യ എഴുത്തിനെ കൂടുതൽ വേഗമേറിയതാക്കുമെങ്കിലും എ.ഐയിലുള്ള അമിതമായ ആശ്രയം സാഹിത്യത്തിന് ജീവൻ നൽകുന്ന വ്യക്തിഗത അനുഭവങ്ങളെയും എഴുത്തുകാരന്‍റെ തനതായ വ്യക്തിമുദ്രയെയും ഇല്ലാതാക്കുമെന്ന് പ്രമുഖ സുഡാനീസ് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ആൻ എൽ സഫി മുന്നറിയിപ്പ് നൽകി.
'മനുഷ്യരും അൽഗോരിതങ്ങളും തമ്മിലുള്ള സർഗാത്മകത: ഡിജിറ്റൽ യുഗത്തിലെ എഴുത്തിന്‍റെ ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 'ദി ബ്രെഡ് ഓഫ് ജിപ്സീസ്', 'വാക്കിങ് ഓൺ ഗ്ലാസ്' എന്നീ കൃതികളുടെ രചയിതാവും 2022-ലെ തയ്യിബ് സ്വാലിഹ് അന്താരാഷ്ട്ര സർഗാത്മക രചനാ പുരസ്കാര റണ്ണറപ്പുമാണ് ആൻ എൽ സഫി.
ജീവിതത്തിലെ പോരാട്ടങ്ങളിൽ നിന്നും വ്യക്തിഗത അനുഭവങ്ങളിൽ നിന്നുമണ് യഥാർത്ഥ സാഹിത്യം ജനിക്കുന്നത്, ഇതിനെ ഡിജിറ്റൽ രൂപത്തിലേക്ക് പൂർണമായി മാറ്റാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. എഐ സൃഷ്ടിക്കുന്ന ഉള്ളടക്കവും മനുഷ്യന്‍റെ അനുഭവങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും ഉണ്ടാകുന്ന രചനകളും തമ്മിലുള്ള വേർതിരിവ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സർഗാത്മകതയെ കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.