ഒരു നാടുകടത്തലിന്‍റെ ഓർമയ്ക്ക്

ഒരു നാടുകടത്തലിന്‍റെ ഓർമയ്ക്ക്

സ്വദേശാഭിമാനിയെ നാടുകടത്തിയ ദിനം സെപ്റ്റംബർ 26
1.

എൻ. അജിത് കുമാർ

നീതിക്കും അഴിമതിക്കും രാഷ്‌ട്രീയദുരാചാരങ്ങള്‍ക്കുമെതിരെ എഴുത്ത് ആയുധമാക്കിയ മലയാളത്തിലെ ആദ്യത്തെ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള.

രാജഭരണത്തില്‍ അന്ന് നടമാടിയിരുന്ന സേവകഭ്രമവും ദിവാന്‍ രാജഗോപാലാചാരിയുടെ സദാചാരഭ്രംശവും സ്വദേശാഭിമാനിയിലൂടെ രാമകൃഷ്ണപിള്ള നിശിതമായി വിമര്‍ശിച്ചു. ഇതിന്‍റെ പേരില്‍ 1910 സെപ്റ്റംബര്‍ 26ന് അദ്ദേഹത്തെ തിരുവിതാംകൂറില്‍നിന്നും നാടുകടത്തി. പത്രത്തിന്‍റെ ശക്തി എന്തെന്ന് ഭരണാധികാരികളെ ബോധ്യപ്പെടുത്തിയത് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയാണ്.1878 മെയ് 25-ാം തീയതി നെയ്യാറ്റിന്‍കര കോട്ടയ്ക്കകത്ത് മുല്ലപ്പള്ളി വീട്ടില്‍ ചക്കിയമ്മയുടെയും നരസിംഹന്‍ പോറ്റിയുടെയും പുത്രനായി രാമകൃഷ്ണപിള്ള ജനിച്ചു.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ചില ഒറ്റശ്ലോകങ്ങളും ചെറുലേഖനങ്ങളും എഴുതി അദ്ദേഹം ശ്രദ്ധനേടിയിരുന്നു. അവ മലയാള മനോരമ, വിദ്യാവിനോദിനി, കേരളചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ വെളിച്ചം കണ്ടു. കോളേജുപഠനകാലത്താണ് രാമകൃഷ്ണപിള്ള പത്രാധിപരായി ചുമതലയേല്‍ക്കുന്നത്; 1899 സെപ്തംബര്‍ 14-ാം തീയതി പുറത്തുവന്ന കേരള ദര്‍പ്പണത്തില്‍. പഠനകാലത്ത് പത്രാധിപത്യമേറ്റെടുത്തതിനെ വീട്ടുകാര്‍ എതിര്‍ത്തു. അമ്മാവനായ കേശവപിള്ള അദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി.

2.

മലയാളഭാഷാനിലത്തിലെ കളകള്‍ പറിച്ചുകൊണ്ട് തുടക്കം

കേരളദര്‍പ്പണത്തില്‍ എഴുതിയ പുസ്തകനിരൂപണത്തിലൂടെയാണ് രാമകൃഷ്ണപിള്ളയിലെ സാമൂഹ്യവിമര്‍ശകന്‍ ഉയിര്‍ത്തെണീറ്റത്. തന്‍റെ ഖണ്ഡന വിമര്‍ശനത്തെപ്പറ്റി രാമകൃഷ്ണപിള്ള ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.മലയാള ഭാഷയുടെ ഉന്നമനം ഞങ്ങളുടെ പ്രധാനോദ്ദേശ്യങ്ങളില്‍ ഒന്നാകയാല്‍ പുസ്തകശോധന ചെയ്തതില്‍ പലര്‍ക്കും വൈരസ്യം ജനിച്ചിട്ടുണ്ടാവണം, മലയാളഭാഷാനിലത്തില്‍ അപ്പപ്പോള്‍ മുളച്ചു വളര്‍ന്നുവരുന്ന ദുഷ്ടഗ്രന്ഥങ്ങളായ കളകളെ പറിച്ചുകളവാന്‍ ഭാഷാഭിമാനികളെല്ലാം ബദ്ധന്മാരാകയാല്‍ ഞങ്ങളങ്ങനെ ചെയ്തിട്ടുള്ളതാകുന്നു. അല്ലാതെ ഗ്രന്ഥകര്‍ത്താക്കളെ സ്തുതിക്കാത്തതു വിരോധമല്ലെന്നു ഗ്രഹിപ്പിക്കുന്നു.

ഭാഷാസ്‌നേഹവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഒരു ധീരനായ പത്രപ്രവര്‍ത്തകന്‍റെ അചഞ്ചലമായ നിലപാടുകള്‍ ഈ പുസ്തകനിരൂപണങ്ങളിലും കാണാവുന്നതാണ്.

കേരള ദര്‍പ്പണത്തെ തുടര്‍ന്ന് കേരളപഞ്ചിക, മലയാളി തുടങ്ങിയ പത്രങ്ങളിലും പത്രാധിപരായി അദ്ദേഹം ജോലി ചെയ്തു. 1905ല്‍ 'കേരളന്‍' എന്ന മാസിക തിരുവനന്തപുരത്തുനിന്നും സ്വന്തമായി അച്ചടിച്ചു പുറത്തിറക്കി. അധികകാലം ഇതു മുന്നോട്ടു പോയില്ല. ഇക്കാലത്താണ് വക്കം മൗലവി സ്വദേശാഭിമാനി പത്രത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്.

3.

സ്വദേശാഭിമാനിയില്‍

ദേശസ്‌നേഹിയും പണ്ഡിതനും മുസ്ലീംസമുദായ പരിഷ്‌കര്‍ത്താവുമായ വക്കം മൗലവി എന്ന അബ്ദുള്‍ ഖാദര്‍ സാഹിബ് അഞ്ചുതെങ്ങില്‍ നിന്നും ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. ഇതിന്‍റെ പത്രാധിപരായിരുന്ന സി.പി. ഗോവിന്ദപിള്ള ഒരു കൊല്ലത്തെ സേവനത്തിനുശേഷം 'ആര്യഭൂഷണം' എന്ന പത്രത്തിന്‍റെ പത്രാധിപരായി മാറിപ്പോയി. 'സ്വദേശാഭിമാനി'യെ നവീനവും സ്വതന്ത്രവുമായ ഒരു പത്രമാക്കി മാറ്റുന്നതിന് അനുയോജ്യനായ ഒരു പത്രാധിപരെ തേടുന്നതിനിടയിലാണ് രാമകൃഷ്ണപിള്ളയെക്കുറിച്ചുള്ള ചിന്ത മൗലവിയുടെ മനസ്സിലുദിച്ചത്. മൗലവിയുടെ അപേക്ഷ രാമകൃഷ്ണപിള്ള ആദ്യം നിരസിച്ചെങ്കിലും പത്രത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ചുള്ള ഒരു കാര്യത്തിലും ഇടപെടില്ലെന്ന മൗലവിയുടെ വാഗ്ദാനത്തെ തുടര്‍ന്ന് അദ്ദേഹം സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുക്കുകയാണുണ്ടായത്.

അഞ്ചുതെങ്ങില്‍നിന്നും 'സ്വദേശാഭിമാനി' വക്കത്തുള്ള മൗലവിയുടെ വീടിനടുത്തേക്ക് മാറ്റി സ്ഥാപിച്ചു. 1906 ജനുവരി 17ന് രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തില്‍ ആദ്യത്തെ സ്വദേശാഭിമാനിപത്രം പുറത്തിറങ്ങി. ആദ്യലക്കത്തില്‍ തന്നെ പത്രാധിപര്‍ സ്വദേശാഭിമാനിയുടെ പ്രവര്‍ത്തനോദ്ദേശ്യം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയിരുന്നു. അത് ഇപ്രകാരമായിരുന്നു.പൊതുജനങ്ങളുടെ ഹിതത്തെയും അവകാശങ്ങളെയും ഗവണ്‍മെന്‍റിനെ ധരിപ്പിക്കുന്നതിലും ഗവണ്‍മെന്‍റിന്‍റെ നടപടികളെ പൊതുജനങ്ങളെ അറിയിക്കുന്നതിലും ഞങ്ങള്‍ കഴിയുന്ന ജാഗരൂഗതയോടുകൂടിത്തന്നെ ഇരിക്കുന്നതാകുന്നു.

മുഖലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സ്വദേശാഭിമാനി അക്ഷരംപ്രതി പാലിച്ചുപോന്നു. തിരുവിതാംകൂര്‍ രാജഭരണത്തില്‍ ഉദ്യോഗസ്ഥന്മാരുടെ ഇടയില്‍ നടമാടിയിരുന്ന അഴിമതിയും അക്രമവും കൈക്കൂലിയുമെല്ലാം സ്വദേശാഭിമാനിയുടെ മുഖപ്രസംഗത്തിലൂടെ പുറംലോകമറിഞ്ഞു. ഇവയെല്ലാം നിര്‍മാര്‍ജനം ചെയ്‌തെങ്കില്‍ മാത്രമേ രാജ്യഭരണം ശ്രേയസ്‌കരമാവൂ എന്നും അതിലേക്കായി സത്വരമായ നടപടികള്‍ എടുക്കണമെന്നും സ്വദേശാഭിമാനി ഗവണ്‍മെന്‍റിനെ ഉദ്‌ബോധിപ്പിച്ചു.ഇക്കാലത്തും പഠനം തുടര്‍ന്ന രാമകൃഷ്ണപിള്ള നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്നു. സൗകര്യത്തിനായി പത്രം ഓഫീസ് തിരുവനന്തപുരത്തേക്കു പറിച്ചു നട്ടു. ദിവാന്‍ രാജഗോപാലാചാരിയുടെ സ്വകാര്യ ജീവിതത്തിലെ ക്രമക്കേടുകളെ വെളിപ്പെടുത്തുന്ന ലേഖനങ്ങള്‍ തിരുവനന്തപുരത്തുനിന്നും സ്വദേശാഭിമാനിയിലൂടെ അച്ചടിച്ചുവന്നത് രാജഗോപാലാചാരിയെ ക്ഷുഭിതനാക്കി. വിമര്‍ശനം അതിരു കടക്കുന്നുവെന്ന് സി.വി. രാമന്‍പിള്ളയടക്കമുള്ള പ്രഗത്ഭര്‍ സ്വദേശാഭിമാനിയെ ഓര്‍മ്മിപ്പിച്ചുവെങ്കിലും ഒരു ഭരണാധിപന്‍റെ ദുരാചാരങ്ങളെ എതിര്‍ക്കേണ്ടത് സ്വാര്‍ത്ഥരഹിതനായ ഒരു പ്രതപ്രവര്‍ത്തകന്‍റെ കര്‍ത്തവ്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിമര്‍ശനത്തിന്‍റെ മൂര്‍ച്ച കൂട്ടുകയാണ് രാമകൃഷ്ണപിള്ള ചെയ്തത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കുറ്റമറ്റ രീതിയില്‍ മാത്രമേ പെരുമാറാവൂ എന്ന് രാമകൃഷ്ണപിള്ള ശഠിച്ചു. ഇത് ഭരണാധികാരികളെ കൂടുതല്‍ പ്രകോപിതരാക്കി.

4.

നാടുകടത്തല്‍

1910 സെപ്റ്റംബര്‍ മാസം 26ന് സ്വദേശാഭിമാനിയെ നാടുകടത്താനുള്ള രാജകീയവിളംബരം ശ്രീമൂലംതിരുനാള്‍ പുറപ്പെടുവിച്ചു.തിരുവനന്തപുരത്തുനിന്നും പ്രസിദ്ധം ചെയ്യുന്ന 'സ്വദേശാഭിമാനി' എന്ന വര്‍ത്തമാനപത്രത്തെ അമര്‍ച്ച ചെയ്യുന്നതും ആ പത്രത്തിന്‍റെ മാനേജിംഗ് പ്രൊപ്പൈറ്ററും എഡിറ്ററും ആയ കെ. രാമകൃഷ്ണപിള്ളയെ നമ്മുടെ നാട്ടില്‍നിന്നും നീക്കം ചെയ്യുന്നതും പൊതുജനക്ഷേമത്തിന് ആവശ്യമെന്ന് നമുക്ക് ബോധ്യപ്പെട്ടിരിക്കുന്നതിനാല്‍ മേല്പറഞ്ഞ കെ. രാമകൃഷ്ണപിള്ളയെ ഉടനെ അറസ്റ്റുചെയ്ത് നമ്മുടെ സംസ്ഥാനത്തിന്‍റെ അതിര്‍ത്തിക്കു പുറത്താക്കുകയും നാം വേറെവിധം ആജ്ഞാപിക്കുന്നവരെക്കും മേല്‍പറഞ്ഞ രാമകൃഷ്ണപിള്ള നമ്മുടെ സംസ്ഥാനത്തില്‍ തിരികെ വരികയോ പ്രവേശിക്കുകയോ ചെയ്യുന്നതിനെ വിരോധിക്കുകയും ചെയ്യണമെന്ന് നാം ഇതിനാല്‍ ആജ്ഞാപിക്കുന്നു.എതൊരു

സ്ഥലത്തും കാണപ്പെടുന്ന 'സ്വദേശാഭിമാനി' എന്ന വര്‍ത്തമാനപത്രത്തിന്‍റെ എല്ലാ പ്രതികളും മേല്പറഞ്ഞ 'സ്വദേശാഭിമാനി' എന്ന വര്‍ത്തമാനപത്രം അച്ചടിച്ചുവരുന്ന അച്ചടിയന്ത്രവും അതിന്‍റെ അനുസാരികളും അതിനെ സംബന്ധിച്ച മറ്റു വസ്തുക്കളും നമ്മുടെ ഗവണ്‍മെന്‍റിലേക്ക് കെട്ടിയെടുക്കപ്പെടണമെന്നും നാം ആജ്ഞാപിക്കുന്നു എന്നായിരുന്നു ഈ വിളംബരം.

സ്വദേശാഭിമാനിയെ അറസ്റ്റുചെയ്യാനായി പൊലീസ് സൂപ്രണ്ട് എസ്.എസ്. ജോര്‍ജ് സ്വദേശാഭിമാനി ഓഫീസില്‍ പ്രവേശിച്ചപ്പോള്‍ പത്രാധിപര്‍ തന്‍റെ ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു. സൂപ്രണ്ടിന്‍റെ ആവശ്യപ്രകാരം അദ്ദേഹം അറസ്റ്റിന് കീഴടങ്ങി. രാത്രി പന്ത്രണ്ടുമണിയോടുകൂടി ഒരു ജഡ്ക്കയിലാണ് അദ്ദേഹത്തെ നാടുകടത്താനായി കൊണ്ടുപോയത്. പിറ്റേന്ന് വൈകുന്നേരത്തോടുകൂടി അദ്ദേഹത്തെ തിരുനല്‍വേലിയില്‍ രാജ്യാതിര്‍ത്തി കടത്തിവിട്ടു.തിരുവിതാംകൂറിനോടുള്ള എന്‍റെ ബന്ധം വേര്‍പെട്ടു. മാതൃഭൂമിയോടുള്ള എന്‍റെ കടമ ഞാന്‍ നിര്‍വഹിച്ചുകഴിഞ്ഞു. എനിക്കിനി അവിടേക്കു മടങ്ങിപ്പോകണമെന്നാഗ്രഹമില്ല എന്നാണ് അദ്ദേഹം ആ നിമിഷം പ്രതികരിച്ചത്.

5.

സ്വദേശാഭിമാനിയെ അറിയാന്‍

സ്വദേശാഭിമാനിയുടെ മരണശേഷം അദ്ദേഹത്തിന്‍റെ പ്രിയപത്‌നി ശ്രീമതി കല്ല്യാണിക്കുട്ടിയമ്മ എഴുതിയ സ്മരണക്കുറിപ്പുകള്‍ 'വ്യാഴവട്ടസ്മരണകള്‍' അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ചരിത്രസംഗ്രഹമാണ്. കെ. ഭാസ്‌കരപിള്ള രചിച്ച് 1956ല്‍ പുറത്തിറങ്ങിയ 'സ്വദേശാഭിമാനി'യാണ് മറ്റൊരു ഗ്രന്ഥം.

6.

വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി

സ്വദേശാഭിമാനിയില്‍ തന്നെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുരോഗമനോന്മുഖമായ ആശയങ്ങള്‍ മുഖലേഖനങ്ങളിലൂടെ അദ്ദേഹം പ്രചരിപ്പിച്ചിരുന്നു. തിരുവിതാംകൂറിലെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണമെന്നും ദരിദ്രകുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസത്തോടൊപ്പം എന്തെങ്കിലും കൈത്തൊഴിലിലും പരിശീലനം നല്‍കണമെന്നും മറ്റും അദ്ദേഹം ആവശ്യപ്പെട്ടുപോന്നു. തുടര്‍ന്ന് 'വിദ്യാര്‍ത്ഥി' എന്ന പേരില്‍ ഒരു മാസികകൂടി അദ്ദേഹം പുറത്തിറക്കി. വിദ്യാര്‍ത്ഥിയുടെ ആദ്യ ലക്കത്തില്‍ മലയാളവാക്യരചനയില്‍ നല്ലവണ്ണം നൈപുണ്യം നേടുവാന്‍ അതിലേക്കായി പരിശീലിക്കേണ്ടതിന്, വിദ്യാഭ്യാസ കാര്യങ്ങളെ മുഖ്യമായി പ്രതിപാദിക്കുന്ന ഒരു പത്രിക വിദ്യാര്‍ത്ഥികള്‍ക്കും മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഉപകാരപ്രദമായ രീതിയില്‍ പുറത്തിറക്കുന്നു എന്ന് ഇതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.

7.

മരണം വരെ കര്‍മ്മനിരതന്‍

നാടുകടത്തലിനുശേഷവും അദ്ദേഹം സാഹിത്യരചനയില്‍ കര്‍മ്മനിരതനായിരുന്നു. ഈ കാലഘട്ടത്തില്‍ എന്‍റെ നാടുകടത്തല്‍ എന്ന പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം എഴുതി പ്രസിദ്ധപ്പെടുത്തി. കാറല്‍മാര്‍ക്‌സ്, ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എന്നിവരെക്കുറിച്ചുള്ള ജീവചരിത്രഗ്രന്ഥവും ഇദ്ദേഹത്തിന്‍റെതായുണ്ട്. കാറല്‍മാര്‍ക്‌സിനെപ്പറ്റിയെഴുതിയ പുസ്തകം ഇന്ത്യയില്‍ തന്നെ മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും പരിചയപ്പെടുത്തിയ ഒന്നാമത്തെ പുസ്തകമായിരുന്നു. അദ്ദേഹമെഴുതിയ, വൃത്താന്തപത്രപ്രവര്‍ത്തനം, പത്രപ്രവര്‍ത്തകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഇന്നും മാര്‍ഗ്ഗദീപമാണ്. മന്നന്‍റെ കന്നത്വം കഥാസമാഹാരം നരകത്തില്‍നിന്ന് എന്നീ രണ്ടുഗ്രന്ഥങ്ങളും പിന്നീട് പുറത്തുവന്നു. 1916 മാര്‍ച്ച് 28നു ചൊവ്വാഴ്ച തന്‍റെ നാല്പത്തൊന്നാം വയസില്‍ ക്ഷയരോഗബാധിതനായി മലയാളത്തിലെ ആദ്യത്തെ ധീരനായ പത്രാധിപര്‍ അന്തരിച്ചു. കണ്ണൂര്‍ കടപ്പുറത്താണ് അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമസ്ഥലമൊരുക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com