മനുഷ്യൻ മരണത്തെ മറികടക്കുമെന്ന് ഉറപ്പുണ്ട്: ടി.ഡി. രാമകൃഷ്ണൻ | Video

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ, 'ഫ്രാൻസിസ് ഇട്ടിക്കോരയ്ക്കപ്പുറം: കോരപ്പാപ്പന്‍റെ തിരിച്ചുവരവ്' എന്ന ശീർഷകത്തിൽ നടന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

സ്വന്തം ലേഖകൻ

ഷാർജ: മനുഷ്യന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി മരണമെന്ന യാഥാർഥ്യമാണെന്നും മരണത്തെ എങ്ങനെ മറികടക്കാം എന്നതിൽ നിന്നാണ് 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' എന്ന തന്‍റെ നോവലിന്‍റെ തുടക്കമെന്നും എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ, 'ഫ്രാൻസിസ് ഇട്ടിക്കോരയ്ക്കപ്പുറം: കോരപ്പാപ്പന്‍റെ തിരിച്ചുവരവ്' എന്ന ശീർഷകത്തിൽ നടന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇന്നല്ലെങ്കിൽ നാളെ മനുഷ്യവംശം മരണമെന്ന ഭീഷണമായ യാഥാർഥ്യത്തെ മറികടക്കുമെന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ പോപ്പ്, കെ ഡ്രാമയൊക്കെ കണ്ട് നമ്മുടെ കുട്ടികളൊക്കെ ആത്മഹത്യ ചെയ്യുന്നുവെന്ന് മാധ്യമങ്ങൾ എഴുതുന്നുണ്ട്. തനിക്ക് അങ്ങനെ തോന്നുന്നില്ല. കുട്ടികൾ അതിനെയെല്ലാം ക്രിയാത്മകമായിട്ടാണ് സമീപിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം അറിയാനാണെങ്കിൽ ചരിത്രകാരന്മാർ എഴുതിയ പുസ്തകം വായിക്കണം. എഴുത്തുകാരന്‍റെ മുന്നിൽ ഒറ്റ ലക്ഷ്യമേയുള്ളു, പറയുന്ന കഥ വിശ്വസിപ്പിക്കുക. എന്നാൽ, കഥയാണെന്ന് പറഞ്ഞിട്ടും അത് വിശ്വസിക്കാൻ വായനക്കാർ തയാറല്ല എന്നതാണ് വസ്തുതയെന്ന് 'ഫ്രാൻസിസ് ഇട്ടിക്കോര'യുടെ കഥാകാരൻ പറയുന്നു. കുന്ദംകുളത്തെ ചില സുഹൃത്തുക്കൾ ഫ്രാൻസിസ് ഇട്ടിക്കോരക്ക് സ്‌മാരകം പണിയാൻ ആലോചിച്ച അനുഭവം കൂടി പങ്കുവയ്ക്കുന്നു നോവലിസ്റ്റ്.

നൂറ്റാണ്ടുകൾക്ക് മുൻപ് വിവിധ രാജ്യങ്ങളിൽ വ്യാപാരത്തിന് പോയ മലയാളികൾ ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ, തെളിവ് ഹാജരാക്കി ചരിത്രപരമായി അത് സ്ഥാപിക്കാൻ സാധിക്കണമെന്നില്ല. എന്നാൽ, കഥ പറയുന്നയാൾക്ക് ഇത് അനായാസം സ്ഥാപിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. അങ്ങനെയാണ് ഫ്രാൻസിസ് ഇട്ടിക്കോര എന്ന കഥാപാത്രത്തിലേക്ക് എത്തിയതെന്നും രാമകൃഷ്ണൻ പറഞ്ഞു.

ചരിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ ചരിതം കഥയിലൂടെയേ നമുക്ക് പറയാൻ പറ്റൂ. ചരിത്രം രേഖപ്പെടുത്തപ്പെടുന്നതും സൂക്ഷിക്കപ്പെടുന്നതും അധികാരത്തിനും അധികാരത്തിന്‍റെ താത്പര്യങ്ങൾക്കും ഒപ്പമാണ്. നൂറോ ഇരുനൂറോ കൊല്ലം കഴിഞ്ഞാൽ ചരിത്രത്തിൽ ഉണ്ടാവുന്നവർ സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്തവരല്ല. അവർ ചെയ്തതിന്‍റെ ദുരിതം അനുഭവിച്ചവരാണ് നമ്മൾ. എന്നാൽ, അവരുടെ ചരിത്രം കൃത്യമായി ഉണ്ടാവുകയും ഭൂരിപക്ഷം ആളുകൾ ചരിത്രത്തിൽ നിന്ന് പുറത്താവുകയും ചെയ്യും. താൻ എഴുതാൻ ശ്രമിക്കുന്ന ചരിത്രം ഇപ്രകാരം പുറത്താക്കപ്പെട്ടവരുടെ ചരിത്രമാണെന്ന് ടി.ഡി. രാമകൃഷ്ണൻ വ്യക്തമാക്കി.

നിലവിലുണ്ടായിരുന്ന നോവൽ സങ്കല്പങ്ങളോട് കലഹിച്ചുകൊണ്ടാണ് 'ഫ്രാൻസിസ് ഇട്ടിക്കോര' വന്നത്. വായനക്കാരെ വഴിതെറ്റിക്കുന്നുവെന്നും സാഹിത്യവിരുദ്ധമെന്നും വിമർശനം ഉയർന്നു. ഇന്ന് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മലയാളിയുടെ വായനരീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഇട്ടിക്കോര അതിന് നിമിത്തമായി എന്നാണ് താൻ കരുതുന്നതെന്ന് ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു.

TD Ramakrishnan SHarjah International Book fair

ടി.ഡി. രാമകൃഷ്ണൻ സംസാരിക്കുന്നു.

MV

ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ പെട്ടെന്ന് അവസാനിപ്പിച്ചതുപോലെ തോന്നിയെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ആദ്യം അത് ഗൗരവമായി എടുത്തില്ലെങ്കിലും പിന്നീട് ഒരു തുടർനോവലിനുള്ള സാധ്യത തോന്നിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇട്ടിക്കോരയുടെ എഴുത്ത് തുടങ്ങുന്ന കാലത്ത് ലൈംഗികതയെക്കുറിച്ചുള്ള സംവാദമോ പരാമർശങ്ങളോ വായനക്കാരൻ സ്വീകരിച്ചിരുന്നില്ല. എന്നാൽ, ഇന്ന് മലയാളി വായനക്കാർ തുറന്ന സമൂഹമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രമെന്ന ജ്ഞാനമേഖല ഗൗരവമുള്ളതാണ്. ഒരു കൃതിയിൽ ചരിത്രപരമായ വസ്തുത എത്ര, ഫിക്ഷൻ എത്ര എന്ന് എഴുത്തുകാരന് പോലും പറയാൻ സാധിക്കില്ല. ഒരു ഭാഷയുടെ സംസ്‌കാരം അറിയുന്നയാൾ വിവർത്തനം ചെയ്താൽ അത് മികച്ചതാവുമെന്നും എഴുത്തുകാരൻ തന്നെ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയാൽ വലിയ ഗുണം ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നും ടി.ഡി. രാമകൃഷ്‌ണൻ അഭിപ്രായപ്പെട്ടു.

മാധ്യമപ്രവർത്തകൻ ക്രിസ് അയ്യർ മോഡറേറ്ററായിരുന്നു. പരിപാടിക്ക് ശേഷം വായനക്കാർക്ക് അദ്ദേഹം പുസ്തകങ്ങൾ ഒപ്പുവെച്ച് നൽകി.