
മനുഷ്യാവസ്ഥയുടെ ഗീതാസാരം
എം.കെ.ഹരികുമാർ
മനുഷ്യജീവിതത്തിൽ, മനുഷ്യചരിത്രത്തിൽ ഇനിയും മനുഷ്യന്‍റെ കാതലായ യാതനയ്ക്കുള്ള പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആശകളാണ് മനുഷ്യന്‍റെ യാതനയ്ക്ക് കാരണമെന്നും ആശകൾ ഉപേക്ഷിക്കുകയാണ് മാർഗമെന്നും ബുദ്ധൻ പറഞ്ഞിട്ടുണ്ട്. മനുഷ്യന് ആഗ്രഹങ്ങളില്ലാതെ ജീവിക്കാനാകുമോ എന്ന് ചോദിച്ചു പോകും. ഏതെങ്കിലും ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കാത്തതിനെ ജീവിതമെന്ന് പറയാൻ കഴിയുമോ? ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ അതിൽ ലൗകികമായ മോഹങ്ങളുണ്ടാകും. ജീവിതം ശരിക്കും ഒരു ഗൃഹസ്ഥന്‍റേതാണ്? അവനാണല്ലോ അടുത്ത തലമുറയെ സൃഷ്ടിക്കുന്നത്. ലോകത്തിൽ എത്രയൊക്കെ പരോപകാരപ്രസ്ഥാനങ്ങളുണ്ടായാലും അതിനെക്കാളെല്ലാം വലിയ സ്ഥാപനങ്ങളാണ് അച്ഛനും അമ്മയും.
ലോകത്തിന് പുതിയ തലമുറയെ സംഭാവന ചെയ്യുന്നത് അവരാണ്.അവർ നിമിത്തമാവുകയാണ്. 90% കുട്ടികളും മാതാപിതാക്കളുടെ സ്വാധീനത്തിലാണ് വളരുന്നത്. അവരുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നത് മാതാപിതാക്കളാണ്. അവർക്ക് സൗന്ദര്യസങ്കൽപ്പം പകർന്ന് കിട്ടുന്നത് മാതാപിതാക്കളിൽ നിന്നാണ്. ഇണയെ തെരഞ്ഞെടുക്കുന്നതിൽ പോലും മാതാപിതാക്കളുടെ സ്വാധീനമുണ്ട്. അതുകൊണ്ട് ആശയെ ഉപേക്ഷിച്ച് ജീവിതത്തെ പ്രേമിക്കാൻ പ്രയാസമാണ്.
ജീവിതത്തിലെ മത്സരവും ഓട്ടവും നിലനിൽക്കാൻ വേണ്ടിയുള്ളതാണ്. ഇതൊരു നാഗരിക ലോകമാണ്. അതിനെക്കാൾ യന്ത്രവൽകൃതവും പ്രതീതിയും നിറഞ്ഞതാണ്. ചിലതെല്ലാം നാം ഉണ്ടെന്ന് വിശ്വസിക്കുന്നു. യാഥാർഥ്യത്തെ, അങ്ങനെയാണ് നിർണയിക്കുന്നത്. വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യാതെ നമുക്ക് ജീവിക്കാനാകില്ല. യഥാർഥത്തിൽ സ്നേഹം മറ്റുള്ളവരോടാണ് തോന്നേണ്ടത്. എന്നാൽ അവനവനോടുള്ള സ്നേഹവും പ്രധാനമാണ്. സ്വയം സ്നേഹിക്കാതെ എങ്ങനെ ശരീരത്തെ സംരക്ഷിക്കും? ശരീരത്തെ രോഗങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും രക്ഷിക്കണമെങ്കിൽ ശരീരത്തെ സ്നേഹിക്കണം. അതുപോലെയാണ് മനസിന്‍റെ കാര്യവും. മനസ്സിനെയും പരിചരിക്കണം. മനസ് നിയന്ത്രണം വിടുമെന്ന് കണ്ടാൽ മൗനം പാലിക്കണം. അവനവനിൽ തന്നെ കീഴടങ്ങണം. നാം ഒരു ലബോറട്ടറിയാണ്. അവിടെ പരീക്ഷണങ്ങൾ നടക്കുന്നു. ഒരുപക്ഷേ ഗീതോപദേശം എന്നത് മനസിന്‍റെ ലാബ് അനുഭവമാകാം.
മനസിൽ പല പ്രതിസന്ധികളെയും നേരിടേണ്ടി വരും. മിത്രങ്ങളെ, ബന്ധുക്കളെ ഗൗനിക്കാതെ കർമം ചെയ്യേണ്ടിവരികയാണെങ്കിൽ നാം തളർന്നുപോകും. ഒരു യുദ്ധക്കളത്തിൽ മിത്രത്തെ കണ്ടു നിഷ്ക്രിയനായാൽ തോറ്റു പോകും. സ്വന്തം കുടുംബത്തെയും ജീവിതത്തെയും സംരക്ഷിക്കേണ്ടി വരുമ്പോൾ പലരെയും ഓർത്ത് നിശബ്ദനായിരിക്കാൻ സാധിക്കില്ല. അവിടെ കർമമാണ് വേണ്ടത്. അവിടെ നാം അർജുനനാണ്; കൃഷ്ണൻ മനസ്സിലിരുന്ന് മന്ത്രിക്കുന്നു, പ്രവർത്തിക്കൂ എന്ന്. കർമത്തിലെ വിശുദ്ധി നിലനിർത്താൻ കൃഷ്ണൻ ആഹ്വാനം ചെയ്യുന്നു. മനസിൽ കൃഷ്ണന്‍റെ ഉപദേശം മുഴങ്ങുന്നു. ഇതാണല്ലോ ഗീതോപദേശം.
മനസിനെ നിയന്ത്രിക്കാനും നയിക്കാനുമുള്ള ശരിയായ പാതയാണ് ഗീതോപദേശവും. അത് യുദ്ധം ചെയ്യാനുള്ള ആഹ്വാനമായി ചുരുക്കരുത്. ഓരോ നിമിഷത്തിലും മനസ്സിൽ അർജുനവിഷാദവും ശ്രീകൃഷ്ണഗീതയും സംഭവിക്കുകയാണ്. ഒരു തെറ്റിനെ എങ്ങനെ മറികടക്കാം, ശരിയായ കാഴ്ചയ്ക്ക് എന്താണ് വേണ്ടത് തുടങ്ങിയ കാര്യങ്ങൾ മനസ്സിൽ എപ്പോഴുമുണ്ട്. അതിന് പ്രതിവിധിയായി നാം ചിലപ്പോൾ തെറ്റിനെ ഉപാസിക്കും. ഉഗ്രമായ കോപത്താൽ അന്ധരായിപ്പോകാം. കൃഷ്ണന്‍റെ ഉപദേശം മനസ്സിലുണ്ടെങ്കിലും അത് ഗ്രഹിക്കുന്നതിൽ പരാജയപ്പെടുന്നു. കൃഷ്ണൻ, അർജുനൻ എന്നീ പേരുകളിലല്ല; മനസ്സിലെ രണ്ട് അവസ്ഥകളുടെ പ്രതിനിധാനങ്ങൾ എന്ന നിലയിൽ കണ്ടാൽ മതി. സംശയങ്ങൾ ദൂരീകരിക്കാൻ ശ്രമിക്കുന്ന ഒരു യോദ്ധാവ് നമ്മുടെ ഉള്ളിലുണ്ട്. അതിന് ഉടൻ യുക്തമായ മറുപടിയുമായി നമ്മുടെ തന്നെ അറിവ് രക്ഷയ്ക്കെത്തുന്നു.
എന്നാൽ ഒരാൾ തന്‍റെ കൈയിലുള്ള അറിവ് പൂർണമായി ഉപയോഗപ്പെടുത്തുന്നതിൽ മിക്കവാറും പരാജയപ്പെടുന്നു. അയാൾ അറിവിനെ ഉപേക്ഷിച്ച് അന്ധമായ കോപം, പക എടുത്തണിയുന്നു. ഇതല്ലേ മിക്കപ്പോഴും സംഭവിക്കുന്നത് ? ധാരാളം പഠിച്ചവർ പോലും ഒരു പ്രത്യേക ഘട്ടത്തിൽ അതൊന്നും ഉപയോഗിക്കാതെ പ്രാകൃത മാനസത്തിലേക്ക് തരം താഴുന്നു. അതിന്‍റെയർഥം, ജ്ഞാനത്തിന്‍റെ ഉപദേശം കേൾക്കാൻ കഴിയാത്ത വിധം നമ്മുടെയുള്ളിൽ അന്ധതമനസുകൾ കൂട് കെട്ടിയിരിക്കുന്നു എന്നാണ്. അതുകൊണ്ട് ജ്ഞാനം അടുത്തുള്ളപ്പോൾ അത് ഉപയോഗിക്കാൻ മനസ് കാണിച്ചതാണ് അർജുനന്‍റെ നേട്ടം. നമ്മളും അതുപോലെയാവണം. എന്നാൽ കർമത്തിൽ അത്യാസക്തി വേണ്ട; കർമത്തെക്കുറിച്ച് ബോധമുണ്ടായാൽ മതി.പരീക്ഷ ജയിക്കാൻ വേണ്ടി പഠിക്കണം. ഒരുവനെ ജയിക്കാൻ വേണ്ടി പഠിക്കരുത്. കർമവിശുദ്ധി പ്രധാനമാണ്.കർമത്തിൽ അകർമവും അകർമത്തിൽ കർമവുമുണ്ടെന്ന് കൃഷ്ണൻ ഓർമിപ്പിക്കുന്നു.
കർമത്തിൽ ഒരു നിഷ്ക്രിയതയുണ്ട്. അത് അനാസക്തിയാണ്. ആസക്തിയില്ലാതെ, ദുഷിച്ച വികാരങ്ങളില്ലാതെ കർമത്തെ നേരിടണം. അനീതിയെ എതിർക്കണം. അപ്പോൾ നാം സ്വയം അനീതിയാകരുത്. ചീത്ത പ്രവണതകളെ അകറ്റാൻ പോരാടണം. അപ്പോൾ നാം ആ ചീത്ത പ്രവണതയാകരുത്. കർമത്തിൽ അതിന്‍റെ അകർമം അന്തർഭവിച്ചിരിക്കുന്നു. ആ കർമത്തിന്‍റെ ഫലപ്രാപ്തിയെ നശിപ്പിക്കുന്ന ഘടകമാണത്. കർമം ചെയ്തു, ഫലം നിരാശയും ദുഃഖവുമാണെങ്കിൽ അത് അകർമത്തിന് തുല്യമാണ്. അകർമത്തിൽ കർമമുണ്ട്. ഒന്നും ചെയ്യാതിരിക്കുകയോ തെറ്റ് ചെയ്യുകയോ ആണെങ്കിൽ അത് ദുഷിച്ച പ്രവൃത്തിയായി ലോകത്ത് നിലനിൽക്കും. മറ്റാർക്കും അതിന്‍റെ ഫലം മാറ്റാനാവില്ല. അത് ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണത്.
മനുഷ്യൻ വിധിവിശ്വാസിയാവുകയല്ല വേണ്ടത്; സ്വകർമത്തിന്‍റെ ശക്തിയിൽ അതിനെ മറികടക്കണം. മറ്റുള്ളവരെ സ്നേഹിച്ചു, സേവിച്ചു ജീവിതം മനോഹരമാക്കണമെന്ന് മനീഷികൾ പറഞ്ഞിരിക്കുന്നു. അതേസമയം ജാതകം നോക്കി വിവാഹം കഴിക്കുന്നവരാണ് അധികവും. എന്നാൽ ജാതകം ബാല്യം വിടുന്നതു വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നാണ് ഭാരതത്തിലെ ചില ജ്യോതിഷ പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുള്ളത്. എന്തെന്നാൽ മനുഷ്യബുദ്ധി തെളിയുന്നതോടെ അവൻ സ്വന്തം ചുറ്റുപാടിനെ നോക്കി കാണുന രീതി മാറും, മാറണം. അങ്ങനെ ചില മാറ്റങ്ങൾ കൊണ്ടുവരാനാകും.
അമെരിക്കയിലെ അടിമ സമ്പ്രദായം നിർത്തലാക്കിയത് വിവരമുള്ള രാഷ്‌ട്രീയനേതൃത്വം ഉണ്ടായതുകൊണ്ടാണല്ലോ. അടിമകളുടെ വിധിയാണ് എല്ലാം എന്ന വിശ്വാസം മാറ്റിമറിക്കപ്പെട്ടു. അതുപോലെ വിവേകികളായ മനുഷ്യർക്ക് സ്വന്തം ജീവിതത്തെ വിധിയിൽ നിന്ന്, പൂർവകാലങ്ങളുടെ വഴക്കങ്ങളിൽ നിന്ന് മാറ്റാൻ കഴിയും. ഇക്കാര്യം സദ്ഗുരുവും സമ്മതിക്കുന്നുണ്ട്. ശ്രീനാരായണഗുരു പറഞ്ഞത് വിവാഹം കഴിക്കുന്നത് നാൾ നോക്കിയാവരുത്, മാനസികവും സാമ്പത്തികമമായ ഐക്യമാണ് നോക്കേണ്ടത് എന്നാണ്. മാനസിക ഐക്യമില്ലാത്തവർ വിവാഹിതരായാൽ തല്ലിപ്പിരിയും. ഇരുനൂറ് പവനും കാറും സ്ത്രീധനം വാങ്ങുന്നവനും സ്വസ്ഥതയില്ല; അവൻ വീണ്ടും ഭാര്യയെ ആക്ഷേപിക്കുകയാണ്. പവൻ മനസിന്‍റെ സ്വഭാവത്തിന് പകരമാവില്ല. മനസിന്‍റെ ഐക്യം നേടാൻ മനസ്സിന്‍റെ അവസ്ഥ മനസ്സിലാക്കണമെന്നാണ് ഓസ്ട്രേലിയൻ ബയോളജിസ്റ്റ് ജെറീമി ഗ്രിഫിത്ത് തന്‍റെ 'ഹ്യൂമൻ കണ്ടീഷൻ' എന്ന വിഖ്യാത പുസ്തകത്തിൽ പറയുന്നത്. മനുഷ്യന് അവന്‍റെ വിധിയെ മാറ്റാനാവും. ഏതു ജാതിയിൽ, കുലത്തിൽ, ദേശത്ത് പിറന്നു എന്നതിനപ്പുറത്ത് മനുഷ്യാവസ്ഥയെ അറിയുകയാണ് പ്രധാനം. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ മനുഷ്യമനസ്സിൽ ഒരു സംഘട്ടനം നടക്കുന്നുണ്ട്. ജന്മവാസനയും ബുദ്ധിയും തമ്മിലാണ് ആ സംഘട്ടനം. പുരാതനകാലം മുതൽ ജന്മവാസന മനുഷ്യനെ ഭരിക്കുന്നു. ജന്മവാസനെ അനുസരിച്ച് മനുഷ്യർ സഹകരിച്ചാണ് ജീവിച്ചത്. അനേകായിരം വർഷങ്ങൾക്ക് ശേഷം മനുഷ്യന് ബുദ്ധിയുദിച്ചു.അതോടെ വലിയ വിപ്ലവമുണ്ടായി. അവൻ ജന്മവാസനയാലുണ്ടാകുന്ന ചിന്തകളെ മറികടന്ന് ബുദ്ധി ഉപയോഗിക്കാൻ തുടങ്ങി. ബുദ്ധിയിലൂടെ സ്വയം നിർണയിച്ചു, നിർവചിച്ചു. തനിക്ക് ലക്ഷ്യമുണ്ടെന്നും അതിനായി പ്രവർത്തിക്കുമെന്നും അവൻ സ്വയം പ്രഖ്യാപിക്കുന്നതോടെ ജന്മവാസന പിൻവാങ്ങുകയാണ്.
ജന്മവാസനയും ബുദ്ധിയും തമ്മിലുള്ള സംഘർഷം നടക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ മനുഷ്യമനസ് അരാജകത്വത്തിലേക്ക് വീഴുന്നു. മനസ്സിന് നിയന്ത്രണം നഷ്ടപ്പെടുന്നു. അത് അക്രമാസക്തമാകുന്നു. മനുഷ്യമനസിലെ നിത്യമായ ഈ സംഘർഷം ഒരു യാഥാർഥ്യമാണ്. ഇതാണ് മനുഷ്യാവസ്ഥ. ഇതറിയുന്ന ഒരുവന് അതിനെ മറികടക്കാനുള്ള മാർഗം തെളിയും. അങ്ങനെ അവന് സ്വന്തം ജീവിതത്തെ ആഭ്യന്തരസംഘർഷമില്ലാതെ നല്ല കാര്യങ്ങളിലേക്ക് നയിക്കാനാകും.നമ്മുടെ സ്വഭാവത്തിൽ മനശാസ്ത്രപരമായി ഒരു മാനമുണ്ട്. അതാണ് ഗ്രിഫിത്ത് ചൂണ്ടിക്കാണിക്കുന്നത്. എന്തുകൊണ്ടാണ് നമ്മൾ പരസ്പരം കലഹിച്ചും കൊന്നും ജീവിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ജനവാസനയാൽ നയിക്കപ്പെട്ട ഒരു ലോകത്തെ മനസ്സിലാക്കി, അതിനു പരിഹാരം കാണണം. ബുദ്ധിയിലും ജ്ഞാനത്തിലും ജീവിച്ചുകൊണ്ടാണ് ജന്മവാസനയുടെ പ്രാകൃതലോകങ്ങളെ കീഴടക്കേണ്ടത്.
ജന്മവാസനയും ബുദ്ധിയും തമ്മിലുള്ള സംഘർഷത്തിലൂടെ മനുഷ്യൻ ഒറ്റപ്പെടുത്തുകയും നിരാശപ്പെടുകയുമാണുണ്ടായത്. അത് അവസാനിപ്പിക്കേണ്ടതുണ്ട്. ഈ മനുഷ്യാവസ്ഥയുടെ കെണിയിൽ നിന്ന് മോചിതമാകുന്നതോടെ നമുക്ക് സ്വതന്ത്രമായ മനസ്സ് ലഭിക്കുമെന്ന് ഗ്രിഫിത്ത് എഴുതുന്നു.ഇതിനെ ആത്മജ്ഞാനമെന്ന് വിളിക്കുന്നതിലും തെറ്റില്ല. മനുഷ്യാവസ്ഥയുടെ പരിമിതി അറിഞ്ഞുകഴിഞ്ഞാൽ നാം സ്വതന്ത്രരാകും. അതോടെ നമ്മുടെ വിധി നിർണയിക്കുന്നത് നാം തന്നെയാണ് എന്ന ധാരണ ശക്തിപ്പെടും.നാം നമ്മുടെ ഭൗതിക സാഹചര്യമോ പൂർവ്വികമായ ധാരണയോ അല്ല; ക്രിയാത്മകമായ പ്രവൃത്തിയും ആശയവുമാണ്. അത് മുന്നോട്ട് നയിക്കുന്നത്.
1)ശുദ്ധമായ സ്നേഹത്തെയും അനുരാഗത്തെയും ഉൾക്കൊള്ളുന്നതിനൊപ്പം ആ അനുഭവത്തിന്‍റെ കാതൽ എന്തായിരുന്നുവെന്ന് വിവരിക്കുന്ന ഒരു ജർമൻ കവിത മുരളി.ആർ (ഒറ്റസ്വരമാധുരിയായിരുന്നു നമ്മൾ, ആന്‍റണി തിയോഡോർ, കലാപൂർണ, ഫെബ്രുവരി) പരിഭാഷപ്പെടുത്തിയിരിക്കുന്നു.
'നീ ശരീരമായിരുന്നു
ഞാൻ ചർമവും
സുവർണ്ണ സൂര്യൻ പുഞ്ചിരിച്ചു.
നീ സ്വർണമായിരുന്നു,
ഞാൻ വെളിച്ചവും.
നീ എന്നെ ഗാഢം പുണർന്നു,
ഞാൻ നിന്നെ തലോടി.
നീ വിരലുകളായിരുന്നു,
ഞാൻ ശരീരവും.'
2)'എനിക്ക് ഇന്ത്യ മുഴുവൻ കാണണമെന്നുണ്ടായിരുന്നു. എന്നാൽ ഒരു കാർ സ്വന്തമാക്കാൻ കഴിഞ്ഞില്ല' -അന്ത്യനാളുകളിൽ കോട്ടയത്ത് താമസിക്കുമ്പോൾ ഒ.വി.വിജയൻ ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു.
3)രജികുമാർ പുലാക്കാട്ട് എഴുതിയ 'അരസിക രഹസ്യം'(പച്ചമലയാളം, ഫെബ്രുവരി) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
'ഒരു വരിപോലുമെഴുതാത്ത കവിതയിൽ
പുതിയ ലോകത്തെ പതിച്ചുവയ്ക്കുന്നു.'
കവിത എപ്പോഴും എഴുതാത്ത അവസ്ഥയിലാണുള്ളത്. എഴുതപ്പെടുന്നതോടെ കവിത നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അപ്പോൾ കവിത കൊന്നയിലേക്കോ മേഘങ്ങളിലേക്കോ അപ്രത്യക്ഷമാകും.
4)കഴിഞ്ഞ ദിവസം സിനിമാനടി അംബിക പറഞ്ഞു, താൻ ഈ ലോകത്ത് കണ്ട ഏറ്റവും സുന്ദരനായ മനുഷ്യൻ പ്രേംനസീറാണെന്ന്. നസീർ ഇപ്പോഴും തരംഗമാണ്.
5)മലയാളത്തിൽ 'മഹാഭാരത'ത്തെ അടിസ്ഥാനപ്പെടുത്തി നോവലുകളുടെ മഹാപ്രവാഹമാണുണ്ടാകുന്നത്. വ്യാസനെയും കവച്ചുവച്ച് ആ നോവലിസ്റ്റുകൾ എവിടേക്കോ നടന്നുപോകുന്നു.വ്യാസൻ ഇതറിഞ്ഞാൽ കരയും.
6)സുറാബ് എഴുതിയ 'പ്രേമലേഖനം രണ്ട്'(കലാപൂർണ, ഫെബ്രുവരി) വീണ്ടും ബഷീറിയൻ പ്രേമത്തിലേക്ക് വലിച്ചുകൊണ്ടുപോയി.
'കേശവൻ നായരും സാറാമ്മയും വീണ്ടും കണ്ടുമുട്ടി.
രണ്ടുപേർക്കും. ശ്വാസംമുട്ടും ചുമയുമുണ്ട്
ബഷീറിൽ നിന്ന് പകർന്നത്.'
രണ്ടു കഥാപാത്രങ്ങളെ പിന്തുടർന്ന, സ്നേഹിച്ച ഒരു കവിയുടെ അനുഭവമാണിത്. അവർ വീണ്ടും കണ്ടുമുട്ടുന്നു, പിരിയുന്നു.
7)കനേഡിയൻ കവി മാർഗരറ്റ് അറ്റ്വുഡ് എഴുതി: 'യാഥാർഥ്യമെന്ന് നാം വിചാരിക്കുന്നത് തന്നെ ഭാവന ചെയ്യപ്പെട്ടതാണ്.ജീവിച്ച ഏതൊരു ജീവിതവും ഒരു ആന്തര ജീവിതവുമാണ്; സൃഷ്ടിച്ചെടുത്ത ജീവിതമാണത്.'
നാം ജീവിക്കുമ്പോഴും, ഉള്ളിലും പുറത്തുമായി രണ്ടു ജീവിതം ജീവിക്കുന്നു.പ്രവൃത്തിയിലായിരിക്കുമ്പോഴും മറ്റൊന്നാണ് ഭാവന ചെയ്യുന്നത്. ഭാവന ചെയ്യുന്നതും യാഥാർഥ്യമാണ്.
8)ജീവിതം വേറെയും കവിത വേറെയും എന്ന തരത്തിൽ ജീവിക്കുന്നവരാണധികവും. പ്രഭാഷണത്തിലും എഴുത്തിലും സകല ജനാധിപത്യമുറകളും സ്വീകരിക്കും; എന്നാൽ പ്രയോഗത്തിൽ ഇതൊന്നുണ്ടായിരിക്കില്ല.
9)യശഃശരീരനായ ജി. കുമാരപിള്ള എന്ന കവി സമൂഹനന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചു; അദ്ദേഹത്തിന്‍റെ എഴുത്തിന് മാറ്റുകൂട്ടുന്നത് ഈ ഗുണമാണ്.
10)മഹാനായ തത്വചിന്തകൻ ജെ.കൃഷ്ണമൂർത്തി പറഞ്ഞു: 'ജീവിതത്തെ പൂർണതയിൽ ഉൾക്കൊള്ളാൻ ശ്രമിക്കുക, ഒരു കഷണമായി ഒതുക്കരുത്. അതുകൊണ്ട് നിങ്ങൾ എഴുതണം. അതുകൊണ്ട് നിങ്ങൾ ആകാശത്തിലെ മേഘങ്ങളെ നോക്കണം. അതുകൊണ്ട് നിങ്ങൾ പാടണം, നൃത്തം ചെയ്യണം, കവിതകൾ എഴുതണം, കഷ്ടപ്പെടണം, കാര്യങ്ങൾ മനസിലാക്കണം; ഇതെല്ലാമാണ് ജീവിതം.'