

കുറ്റിപ്പുഴ കൃഷ്ണപിള്ള (നടുക്ക്) തകഴിയോടും മുണ്ടശേരിയോടുമൊപ്പം
file photo
അക്ഷരജാലകം|എം.കെ.ഹരികുമാർ
19ാം നൂറ്റാണ്ടിൽ ഒരാളുടെ ഐഡന്‍റിറ്റി തൊഴിൽ, സമ്പത്ത്, പ്രദേശം തുടങ്ങിയവയായിരുന്നു. എവിടെ താമസിക്കുന്നു, എന്തു തൊഴിൽ ചെയ്യുന്നു എന്നത് അയാളെ മനസിലാക്കാൻ ധാരാളമായിരുന്നു. അതിനപ്പുറം വേറേ ലോകങ്ങളില്ലായിരുന്നു. അടിമകളെ സ്വന്തമാക്കിയവർക്ക് ആ അടയാളമുണ്ടായിരുന്നു. ആണുങ്ങൾ കോണകം ധരിച്ചു നടന്ന കാലത്ത് കോണക വാലിന്‍റെ നീളം സ്റ്റാറ്റസും നിലയും അറിയിച്ചു കൊണ്ടിരുന്നുവത്രേ!
ഇപ്പോൾ വസ്ത്രം ഒരു പ്രദേശത്തിന്‍റെയോ സമ്പത്തിന്‍റെയോ സ്വത്തിന്‍റെയോ അടയാളമല്ലാതായി. വസ്ത്രങ്ങൾ വാടകയ്ക്കു കിട്ടും. ആഭരണങ്ങളും വാടകയ്ക്കു കിട്ടും. എത്ര വലിയ സമ്പന്നനായാലും അയാൾക്ക് വേറിട്ട സ്വരം കേൾപ്പിക്കാൻ വസ്ത്രമോ പദവിയോ സമ്പത്തോ മതിയാവില്ല. വലിയ കാർ വാങ്ങാം. പക്ഷേ അതു പോലെ വലിയ കാർ വാങ്ങുന്നവർ ധാരാളമുണ്ട്. വലിയ അവാർഡ് വാങ്ങാം; അതുപോലെ അവാർഡ് വാങ്ങുന്നവർ വേറെയുമുണ്ട്. വില കൂടിയ വസ്ത്രം ധരിക്കാം; അതുപോലെ വില കൂടിയ വസ്ത്രം ധരിക്കുന്നവർ വേറെയും ആളുകളുണ്ട്. പിന്നെങ്ങനെ വേറിട്ട സ്വരം കേൾപ്പിക്കും?
കൂടുതൽ പ്രശസ്തി നേടുന്നവരുണ്ടാകാം. അതുപോലെ വേറെയും ആളുകളെ കാണാം. ശൂന്യാകാശത്തിൽ പോയാലും രക്ഷയില്ല; അവിടെയും വേറെയാളുകൾ പോയി വന്നു കഴിഞ്ഞു! ഇനി പോകാൻ തയ്യാറെടുക്കുന്നു! ഒരുതരത്തിലും വേറിടാൻ നിവൃത്തിയില്ലാത്ത ലോകമാണിത്. സംസ്കാരവും ജീവിതരീതിയും വസ്ത്രധാരണവും ജനാധിപത്യവത്കരിച്ചിരിക്കുകയാണ്. ആർക്കും നേടാവുന്നതാണ് എല്ലാമെന്നു വന്നിരിക്കുന്നു.
കമ്പോളം എല്ലാവരെയും നിലവാരപ്പെടുത്തി. ഏതൊരു വിലയേറിയ സൗഭാഗ്യവും ആദ്യം അവതരിക്കുന്നതോടെ കൂടുതൽ പേരിലേക്ക് എത്തിച്ചേരേണ്ടതിന്‍റെ വാണിജ്യപരമായ ആവശ്യം സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ട് കച്ചവട സ്ഥാപനങ്ങളും കമ്പനികളും സമൂഹത്തിലെ ഏതാനും പേർക്കു മാത്രമായി യാതൊന്നും ഉത്പാദിപ്പിക്കുന്നില്ല. സമ്പന്നനു വേണ്ടി ഒരു ചായക്കടയും പ്രത്യേകം വടകൾ ഉത്പാദിപ്പിക്കുന്നില്ല. നാല് ഹെലികോപ്റ്റർ ഉള്ളയാൾ ഫൈവ്സ്റ്റാർ ഹോട്ടലിൽ ചെന്നാലും കൊച്ചി ഇന്‍റർനാഷണൽ ഹോട്ടലിന്‍റെ അടുത്തുള്ള തട്ടുകടയിൽ ചെന്നാലും അയാൾക്കായി പ്രത്യേക വിഭവങ്ങൾ ഉണ്ടാവില്ല.
വട എല്ലാവർക്കുമുള്ളതാണ്. ഇഡ്ഡലി എല്ലാവരുടേതുമാണ്. ഇത് മൂർത്തമായ യാഥാർഥ്യമാണ്. ഒരു ഇഡ്ഡലിയെ തൊട്ടു നോക്കാം, ചമ്മന്തി ഒഴിച്ച് കഴിച്ചു നോക്കാം. രുചി ഒരു യാഥാർഥ്യമാണ്. രുചി മറച്ചുവയ്ക്കാനാവില്ല. ഇഡ്ഡലിയെ കൈപ്പിടിക്കുള്ളിലാക്കാം. അത് ഭദ്രമായിരിക്കും. എന്നാൽ ഒരു ചാനൽ ചർച്ചയിലെ വാർത്ത ആരുടെയും കൈപ്പിടിയിലല്ല. അത് ഇഡ്ഡലി പോലെ രുചിച്ചു നോക്കി രുചി നിലവാരം ഉറപ്പാക്കാനാവില്ല.
ചർച്ച അത് നയിക്കുന്നവരുടേതാണ്. ചർച്ചയിൽ പങ്കെടുക്കുന്നവരാണ് അതു തീരുമാനിക്കുന്നത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സ്ക്രിപ്റ്റുണ്ടാവില്ല. ചർച്ച നയിക്കുന്നയാൾക്ക് പ്രത്യേകമായ ലിംഗ പക്ഷപാതവും രാഷ്‌ട്രീയ ചായ്‌വും ലക്ഷ്യവുമുണ്ടായിരിക്കും. ചാനൽ ചർച്ച നയിക്കുന്നയാൾ രാഷ്‌ട്രീയത്തിലേക്കു ചുവടുവച്ചു മാറുന്നത് അയാളുടെയുള്ളിൽ പതിയിരുന്ന രാഷ്‌ട്രീയമാണ് കാണിക്കുന്നത്. അവർ സ്വന്തം രാഷ്‌ട്രീയത്തെയാണ് അവിടെ പ്രോട്ടീൻ കൊടുത്തു വളർത്തിയത്. ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് ചാടാനുള്ളതാണ് അവരുടെ നിലപാട്. ഇത് എത്രയോ പേർ തെളിയിച്ചിട്ടുണ്ട്.
ഏറ്റവും വലിയ ദാർശനിക പ്രശ്നം
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദാർശനിക പ്രശ്നം യാഥാർഥ്യം തന്നെ കപടമായിത്തീരുന്നു എന്നതാണ്. ഇന്നത്തേത് പ്രതീതി യാഥാർഥ്യമാണ്. തൊട്ടുനോക്കാവുന്ന യാഥാർഥ്യമല്ല; പകരം വ്യാജവും അവാസ്തവവുമായ കാര്യങ്ങളെ യാഥാർഥ്യമെന്ന നിലയിൽ അംഗീകരിക്കേണ്ടി വരികയാണ്. ഒരു പ്രതീതിലോകം നമുക്ക് ചുറ്റും തിടംവച്ച് വരുകയാണ്. ഏതാണ് ശരിയെന്ന് അറിയാത്ത അവസ്ഥയുണ്ട്.
ഏതാണ് തന്‍റെ യഥാർഥ പാർട്ടിയെന്നു തിരിച്ചറിയാനാകാതെ ആശങ്കപ്പെടുന്ന അവസ്ഥയിലാണു പ്രേക്ഷകൻ. അവൻ കാണുന്നത് മായക്കാഴ്ചകളാണ്. പ്രതീതിയാഥാർഥ്യം പ്രേക്ഷകനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയാണ്. അവന്‍റെ സ്വകാര്യതയിലേക്ക് പ്രതീതിയാഥാർഥ്യം ഒരു വില്ലനെ പോലെ കടന്നുകയറി അവന്‍റെ ബുദ്ധിയെയും ചിന്താശേഷിയെയും പരിഹസിക്കുന്നു.
ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ അവരവരുടെ താത്പര്യത്തിനും പക്ഷത്തിനും അനുസരിച്ച് ഒരു ആഖ്യാനം തെരഞ്ഞെടുക്കുന്നു. അതിനായി അവർ ഉച്ചത്തിലും ക്ഷോഭത്തിലും വാദിക്കുന്നു. അവർ സ്കൂൾ നാടകങ്ങളിലെ അതിഭാവുകത്വപരമായ തലങ്ങളിലേക്ക്, അല്ലെങ്കിൽ സീരിയലുകളിലെ അന്തംവിട്ട സ്വഭാവങ്ങളിലേക്ക് എടുത്തുചാടി വലിയ അഭിനേതാക്കളായി മാറും. അവർ നന്നായി അഭിനയിച്ചില്ലെങ്കിൽ അവരുടെ നേതാക്കൾ കുറ്റപ്പെടുത്തും, അവിശ്വസിക്കും.
അത് മറികടക്കാൻ അതിഭാവുകത്വ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവങ്ങളും ചേഷ്ടകളും അവർ പുറത്തെടുക്കുക തന്നെ ചെയ്യും. അവിടെ തോൽക്കാൻ പാടില്ല. ഏത് അടവും ഉപയോഗിക്കാം. ചിലപ്പോൾ അസഭ്യ പദപ്രയോഗങ്ങൾ വലിയ സംരക്ഷണമാണ് ഒരുക്കുന്നത്. അസഭ്യ വാക്കുകൾ ഉച്ചരിക്കുന്നത് എതിരാളിയുടെ വർത്തമാനം മറ്റുള്ളവർ കേൾക്കാതിരിക്കാനുള്ള നല്ലൊരു പരിചയാണ്. അങ്ങനെ സ്വന്തം കൂറ് ഒരു നടനെപ്പോലെ, നടിയെപ്പോലെ അഭിനയിച്ച് ഫലിപ്പിച്ചുകൊണ്ട് അവർ വെളിപ്പെടുത്തിക്കൊണ്ടിരിക്കും.
പ്രേക്ഷകൻ കെണിയിൽ
പ്രേക്ഷകൻ ഈ വലയിൽ വീണു കിടക്കുന്ന ഒരു പ്രാണിയാണ്. അവനെ വിഴുങ്ങാൻ ചിലന്തികൾ ഒന്നല്ല, പലതുണ്ട്. അവൻ ഭയന്നുവിറച്ച് ആ വലയിൽ കഴിഞ്ഞുകൊള്ളണം. അവന്‍റെ മുന്നിലുള്ള യാഥാർഥ്യത്തെ അവൻ വിശ്വസിക്കണം! അതാണ് അവനെ സംരക്ഷിക്കുക. എല്ലാ ദൃശ്യമാധ്യമങ്ങളും ഒരുപോലെ അവനെ ഈ കെണിയിലാക്കിയിരിക്കുന്നതു കൊണ്ട് അവനെങ്ങോട്ടും പോകാനാവില്ല. എവിടെച്ചെന്നാലും ഇതിനപ്പുറമാണു പന്തം കൊളുത്തിപ്പടയുടെ കാര്യം. യാഥാർഥ്യവും പ്രതീതിയാഥാർഥ്യവും തമ്മിലുള്ള പോരാട്ടമാണ് രാഷ്‌ട്രീയ വിഷയങ്ങളെ ആധാരമാക്കിയുള്ള ലൈവ് ചർച്ചകൾ. പ്രേക്ഷകന് യാഥാർഥ്യം എന്താണെന്നു പിടികിട്ടുകയില്ല.
രണ്ടു രീതിയിലാണ് പ്രേക്ഷകന്‍റെ യാഥാർഥ്യബോധത്തെ ഇവർ അട്ടിമറിക്കുന്നത്. ഒന്ന്, ചർച്ചകൾക്കൊടുവിൽ യാതൊന്നും തന്നെ യാഥാർഥ്യമായി ചൂണ്ടിക്കാട്ടാനില്ല എന്നതാണ്. ചർച്ചയുടെ ഒടുവിൽ ഒരു കപട നാടകത്തിന് തിരശീല വീഴുന്നു. എന്താണ് ചർച്ച ചെയ്തതെന്ന് അന്വേഷിക്കുമ്പോൾ അതിനാസ്പദമായ ഒരു മൂർത്ത വസ്തുത ഉണ്ടായിരുന്നില്ല എന്നാണു മനസിലാകുന്നത്.
അല്ലെങ്കിൽ പ്രേക്ഷകന് ഉത്തരം നൽകാൻ ഉദ്ദേശിച്ചുള്ളതല്ല എന്ന് അറിയേണ്ടതുണ്ട്. പ്രേക്ഷകൻ ചർച്ചകളിലായിരിക്കുക എന്ന അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. കുരുക്ഷേത്ര യുദ്ധത്തിൽ പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെയാണ് എന്നു പറയുന്നതു പൂർണമായും ശരിയല്ല. അഭിമന്യു യുദ്ധം ചെയ്തു വിജയിച്ചാണ് അകത്തു കടക്കുന്നത്. പിന്നീട് ഇറങ്ങിപ്പോരാനാവുന്നില്ല.
എന്നാൽ ഇവിടെ പ്രേക്ഷകൻ യുദ്ധം ചെയ്യുന്നില്ല. അവൻ വെറും പ്ലാസ്റ്റിക് ബൊമ്മയാണ്. അവന്‍റെ കണ്ണും കാതും ഒഴികെ മറ്റെല്ലാം അറസ്റ്റ് ചെയ്ത് വച്ചിരിക്കയാണ്. കാണുന്നു, കേൾക്കുന്നു എന്നല്ലാതെ അവനൊന്നും വ്യക്തമാവുന്നില്ല. അതേസമയം ചർച്ചയിലുള്ളവർക്ക് ഒരുപക്ഷം ചേർന്ന് അരങ്ങേറുന്ന കപട നാടകത്തിലെ കഥാപാത്രവുമായി താദാത്മ്യം പ്രാപിച്ചു കഴിയാം.
ഇത് ലഹരി കഴിക്കുന്ന പോലെയാണ്. ലഹരി കഴിക്കുമ്പോഴുള്ളതും അതിനു ശേഷമുള്ളതും വ്യത്യസ്ത മാനസികാവസ്ഥയാണല്ലോ. പിന്നീട് അവൻ വേറൊരു അസ്തിത്വത്തിന്‍റെ പ്രശ്നവും പ്രതിസന്ധിയുമായി കെട്ടുപിണയുകയാണ്. ചർച്ചകൾ ഒന്നല്ല, നൂറു കഴിഞ്ഞാലും ഒരു വസ്തുതയെക്കുറിച്ച് ഒന്നും തന്നെ പ്രേക്ഷകന് വ്യക്തമാവില്ല.
അവന് അതിന്‍റെ ആവശ്യമില്ലെന്ന സദാചാരമാണ് നിലവിലുള്ളത്. അവൻ നിശൂന്യനാക്കപ്പെടുന്നു. അവൻ പ്രതീതി യാഥാർഥ്യത്തിന്‍റെ ഇരയായി മാറുകയാണ്. ചർച്ചയിൽ പങ്കെടുത്തവർക്ക് മൂർത്തമായ ഒരു യാഥാർഥ്യമില്ലായിരുന്നു എന്ന് അറിയുന്ന നിമിഷം ആ ശൂന്യത ഇരട്ടിക്കും. ചർച്ചിൽ പങ്കാളികളായവർ ഒരു പൊയ് യാഥാർഥ്യത്തെ പലതായി വിഭജിച്ചു വാദിക്കുകയായിരുന്നു. അവർ അതിൽ ജീവിച്ചതല്ല. അവർ ജീവിക്കുന്നത് മറ്റൊരു യാഥാർഥ്യമാണ്.
ചർച്ച അവരുടെ പ്രതീതിലോക വിവരണമാണ്. അവർ കപട യുക്തിയും പൊയ് യാഥാർഥ്യവും ഉപയോഗിച്ചു നിർമിക്കുന്ന പ്രതീതിയാണ് ചർച്ചയിലുടനീളമുള്ളത്. അത് ചർച്ച അവസാനിക്കുന്നതോടെ ഇല്ലാതാവുകയാണ്. ചർച്ച ഒരു വ്യാജ ലോകമാണെന്നും അതിൽ പങ്കെടുക്കുന്നതിലൂടെ തങ്ങൾ നിർമിക്കുന്ന അയഥാർഥ ലോകത്തെയാണ് വിവരിക്കുന്നതെന്നും അവർക്കറിയാം. അവർ സ്വയം ജീവിക്കാത്ത ഒരു വാദമാണുയർത്തുന്നത്.
യാഥാർഥ്യം തകരുന്നു
രണ്ടാമതായി പ്രേക്ഷകന്‍റെ യാഥാർഥ്യ ബോധം അട്ടിമറിക്കപ്പെടുന്നത് ചർച്ചയിൽ പങ്കെടുത്തവർ ചെറിയ ഇടവേളകളിൽ അവരവരുടെ പക്ഷം മാറി ഇതേ പ്ലാറ്റ്ഫോമിൽ ചർച്ചയ്ക്കായി വീണ്ടും തിരിച്ചെത്തുന്നതു കാണുമ്പോഴാണ്. എക്സ് എന്ന പാർട്ടിക്ക് വേണ്ടി നാടകാഭിനയത്തിന്‍റെ വിവിധ സന്ധികളിലൂടെ കടന്നുപോയി പകർന്നാടിയ ആൾ പെട്ടെന്ന് ഏതോ കാരണത്താൽ അല്ലെങ്കിൽ കാരണമില്ലാതെ അയാളുടെ വാദമുഖങ്ങളെ വൈ എന്ന പക്ഷത്തേക്ക് മാറ്റി അവർക്കു വേണ്ടി സംസാരിക്കുന്നതാണ്.
അയാൾ വർഷങ്ങളായി എതിർത്തത് എന്തിനെയാണോ അതിനെ സകല "യുക്തി'യോടെയും വാരിപ്പുണരുന്നതും അവർക്കു വേണ്ടി സകല നാടകാഭിനയ ചാതുരിയും പുറത്തിറക്കുകയാണ്. അയാൾ ഒരു ചാവേറാണെന്നു മറ്റാരേക്കാളും അറിയുന്നത് അയാൾ തന്നെയാണ്. അയാൾ മുൻപ് ഓങ്ങിയ വാൾ, അല്ലെങ്കിൽ വെട്ടിയ വാൾ ഉപേക്ഷിച്ചെന്നും ഇപ്പോൾ മറ്റൊരു കൂട്ടർക്കു വേണ്ടിയാണു വാൾ കൈയിലേന്തുന്നതെന്നും അറിയുന്നതോടെ മുൻ ചർച്ചകളുടെ ഫലമായി പ്രേക്ഷകൻ കരുതിവച്ചിരുന്ന യാഥാർഥ്യങ്ങൾ തകർന്നുവീഴുകയാണ്.
യാഥാർഥ്യം വ്യാജമാവുകയും അത് തന്‍റെ യുക്തിയെ തടവിലാക്കി അന്ധാളിപ്പിക്കുകയും ചെയ്യുകയാണ് എന്നറിയുന്ന പ്രേക്ഷകൻ മാനസിക പിരിമുറുക്കത്തിലാവുന്നു. അയാളെ മറവിയാണ് ഒരു കലാരൂപമാക്കുന്നത്. അയാൾ ഇന്നലെകളെ മറക്കാൻ വിധിക്കപ്പെടുന്നു. അയാൾ ഒരു തത്സമയ ജീവി മാത്രമാകുന്നു. ഇപ്പോൾ എന്താണോ ചർച്ചകളിലൂടെ രൂപപ്പെടുന്നത് അതു മാത്രമാണു യാഥാർഥ്യമായി അയാൾ നേരിടുന്നത്. തൊട്ടടുത്ത നിമിഷം അതു മാറുകയാണ്.
വർഷങ്ങളോളം ഒരു പക്ഷത്തിനു വേണ്ടി ശബ്ദിച്ച ഒരാൾ ഏതോ ഒരു ദിവസം മറുപക്ഷത്തേക്കു മാറുമ്പോൾ അതുവരെ അയാളെ കേട്ടിരുന്നവരുടെ യുക്തിബോധം തകരുന്നു. അയാൾ നേരത്തേ പറഞ്ഞതാണോ ശരി, ഇപ്പോൾ പറയുന്നതാണോ ശരി എന്ന പ്രശ്നം പ്രേക്ഷകരെ കുഴയ്ക്കുന്നു. അവൻ കടുത്ത ആത്മസംഘത്തിലേക്ക് വീഴും.
സ്വന്തം ആത്മാവിന്‍റെ ലോകത്ത് താനൊരു വ്യാജ യാഥാർഥ്യമായി രൂപാന്തരപ്പെടുന്നതിലെ അസംബന്ധമാണ് അവനെ ഉറ്റുനോക്കുന്നത്. ഇന്നലെകളെ അവനു കൊണ്ടുനടക്കാനാവില്ല. ചർച്ചയ്ക്കു വരുന്നവൻ ഇന്നലെകളിൽ പറഞ്ഞതെല്ലാം തിരുത്തുന്നു; പുതിയ ഒരു വ്യാജ യാഥാർഥ്യം അവതരിപ്പിക്കുന്നു. ഈ വ്യക്തി നാളെ മറ്റൊരു പക്ഷത്തിനു വേണ്ടി വാദിക്കാം. ചുരുക്കത്തിൽ, സ്ഥായിയായ ഒരു യാഥാർഥ്യം ഇല്ലാതാവുകയും വ്യക്തിയുടെ ശരീരം മാത്രമാണ് വസ്തുത എന്ന നിലവരുകയും ചെയ്യുന്നു.
ജീവിതത്തിന്‍റെ പ്രതീതി
ഒരു ശരീരമായിരുന്നു കൊണ്ട് തന്നെ ഒരു വ്യക്തിക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ പല കക്ഷികൾക്കു വേണ്ടിയും മാറിമാറി വാദിക്കാം. ഓരോ വാദവും തെളിയിക്കാൻ സത്യമോ വസ്തുതയോ ഇല്ലാത്തതു കൊണ്ട് ശൂന്യമായ ചുവരുകളിൽ ചെന്നിടിച്ച് തകർന്നു വീഴുന്നു. പറയുന്നവർക്കു തന്നെ വിശ്വാസമില്ലാത്ത കാര്യങ്ങൾ പ്രേക്ഷകൻ മാത്രം എടുക്കേണ്ടതുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നു. അതുകൊണ്ട് ജീവിതം തന്നെ പ്രതീതി എന്ന നിലയിലേക്കു മാറുകയാണ്. ജീവിക്കാത്തതു പറയുന്നു, ജീവിക്കാത്തതിനു വേണ്ടി വാദിക്കുന്നു, ജീവിക്കാത്തതിനു വേണ്ടി കൂറുമാറുന്നു. ഇതാണ് ഇന്നത്തെ ഏറ്റവും വലിയ ദാർശനിക പ്രശ്നം.
യാഥാർഥ്യം അല്ലെങ്കിൽ സത്യം ഇല്ലാതായി. അത് വ്യക്തികൾ അവരുടെ സൗകര്യത്തിനനുസരിച്ച് യഥാസമയം നിർമിച്ചെടുക്കുന്നതാണ്. അവർ ജീവിക്കാതിരിക്കുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ അതിനെ വ്യാജമായി, സ്ഥൂലമായി വിവരിക്കുന്നതാണ് ആഘോഷിക്കപ്പെടുന്നത്. ചർച്ചകൾ മാത്രമേയുള്ളൂ, യാഥാർഥ്യമില്ല.
മാസങ്ങളോളം നടത്തുന്ന മാരത്തൻ ചർച്ചകൾ ഒരു കോടതിവിധിയോടെ, കൂറുമാറ്റത്തോടെ, വെളിപ്പെടുത്തലോടെ ആവിയായിപ്പോവുകയാണ്. അതുവരെയുണ്ടായിരുന്ന ചർച്ചകളിലൂടെ എവിടെയൊക്കെയോ ചിന്തിച്ചെത്തിയ പ്രേക്ഷകൻ ഒരനാഥ ശവം പോലെ പഴയകാല ദൃശ്യങ്ങളുടെ ഓർമകളിൽ അവശേഷിക്കുകയാണ്. മൃതമായ ദൃശ്യങ്ങളിൽ നിന്ന്, ഓർമകളിൽ നിന്ന് തിരിച്ചെത്തുന്നിടത്താണ് പ്രേക്ഷകന്‍റെ ഉയിർപ്പ്. പിന്നീട് അതിന് സമാനമായ മറ്റൊരു ചർച്ചയുടെ ശവഘോഷയാത്ര ആരംഭിക്കുകയാണ്.
ഇന്നത്തെ കലയിലും വിനോദത്തിലും പുതിയതിന് സ്ഥാനമില്ലെന്ന് ഉത്തരാധുനിക വിമർശകനായ ഫ്രെഡറിക് ജയിംസൺ ചൂണ്ടിക്കാട്ടുന്നു. മരിച്ച ശൈലിയെ പ്രത്യാനയിക്കുന്നതാണ് അവിടെ കാണാനാവുക- അദ്ദേഹം പറഞ്ഞു, സമകാല കലയിൽ കലയാണ് പരാജയപ്പെടുന്നത്. അത് ഭൂതകാലത്തിന്‍റെ തടവറയിലായിരിക്കുന്നതിന്‍റെ സുരക്ഷയാണ് തേടുന്നത്.
മുട്ടക്കറി ലൈവ്
ടെലിവിഷൻ ലൈവ് ഉള്ളതു കൊണ്ട് എന്തും ചർച്ചയാവുകയാണ്. ഒരു ജനപ്രതിനിധി ഹോട്ടലിൽ കയറി മുട്ടക്കറി കഴിച്ച ശേഷം അതിന്‍റെ വിലയെക്കുറിച്ച് തർക്കം ഉന്നയിച്ചാൽ ഉടനെ സാറ്റലൈറ്റ് ചെലവൊന്നും നോക്കാതെ ചാനലുകൾ അവിടെ കൂടുകയായി. ഹോട്ടൽ നടത്തുന്നയാളുമായി ഇന്‍റർവ്യൂ, ഭക്ഷണം വിളമ്പിയ തൊഴിലാളികയുമായി ഇന്‍റർവ്യൂ, മുട്ടക്കറി വാങ്ങി കഴിച്ച നേതാവുമായി ഇന്‍റർവ്യൂ, ഹോട്ടൽ മാനെജരുമായി ഇന്‍റർവ്യു..! ഇങ്ങനെ ഇന്‍റർവ്യൂവിന്‍റെ ഒരു പരമ്പര തന്നെയുണ്ടാവുന്നു.
പിന്നീട്, മുട്ടക്കറിയുടെ വിലയെക്കുറിച്ച് തർക്കിച്ച നേതാവിനെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു കൊണ്ടുവരികയാണ്. നേതാവ് താൻ കഴിച്ച മുട്ടക്കറിയെക്കുറിച്ചും അതിന്‍റെ വിലയെക്കുറിച്ചും ചില വിവരങ്ങൾ അവലോകനം ചെയ്യുന്നു. ഒരു മുട്ടയോ രണ്ടു മുട്ടയോ എന്ന പ്രശ്നം ചർച്ച ചെയ്യുന്നു. ഇതിനിടയിൽ മുട്ടക്കറിയിൽ പരിചയസമ്പന്നരായവർ സ്റ്റുഡിയോയിൽ എത്തിയിട്ടുണ്ടാവും. അവർ മുട്ടക്കറിയെക്കുറിച്ചും അത് പാചകം ചെയ്യുന്നതിനെക്കുറിച്ചും പ്രതിപാദിക്കുകയാണ്. ഒരു മുട്ടയും രണ്ടു മുട്ടയും തമ്മിലുള്ള വ്യത്യാസത്തിലൂന്നി ചർച്ചയിൽ പങ്കെടുത്തവർ തമ്മിൽ ഉരസുന്നു.
വ്യത്യസ്ത കക്ഷികളിൽപ്പെട്ടവർ ഇതിനെ രാഷ്‌ട്രീയമായി പക പോക്കാനുള്ള അവസരമാക്കി മാറ്റുന്നു. വ്യക്തിപരമായ ശത്രുതയും രാഷ്‌ട്രീയമായ ചേരിപ്പോരും കളംനിറയുകയാണ്. മുട്ടക്കറിയിൽ വിദഗ്ധരായവർ തമ്മിലുള്ള ഏറ്റുമുട്ടലിൽ രാഷ്‌ട്രീയ വൈരം കൂടി കലർന്നതിന്‍റെ ആഹ്ലാദത്തിൽ അവതാരകൻ മനസിൽ ചിരിയുമായി അവരെ എരി കേറ്റുകയാണ്.
സംഭാഷണം അതിരു കടക്കരുതെന്ന് ഓമനത്തുള്ള ഭാഷയിൽ ഇടയ്ക്കൊക്കെ അയാൾ ആവർത്തിക്കുന്നതല്ലാതെ അസഭ്യ വചനക്കാർ നിയന്ത്രിക്കപ്പെടുകയില്ല. കാരണം അവർ മുട്ടയുടെ പേരിൽ ഒരു അലമ്പുണ്ടാക്കുകയും കറി കഴിച്ചതിന്‍റെ പേരിലുള്ള തർക്കത്തെ പ്രതീതിയാക്കി യാഥാർഥ്യത്തെ അപനിർമിക്കുകയും നശിപ്പിക്കുകയുമാണല്ലോ ചെയ്യുന്നത്.
ബിംബങ്ങളെ തുറന്നു കാണിക്കുന്നത് അപകടകരമാണ്. കാരണം അതിനു പിറകിൽ ഒറിജിനലായ ഒന്നും തന്നെയില്ല എന്ന കാര്യം അത് ഉറപ്പിച്ചു നിർത്തുന്നുണ്ടെന്ന് പ്രമുഖ ഉത്തരാധുനിക ചിന്തകനായ ബോദ്രിയാർ എഴുതുന്നുണ്ട്. ഒടുവിൽ പ്രേക്ഷകൻ ഒരു മുട്ടക്കറി ഉണ്ടാക്കുന്നതിന്‍റെ പാചകവിധി അന്വേഷിച്ച് യൂട്യൂബിലേക്ക് പോകുന്നതോടെ കഥ അവസാനിക്കുന്നില്ല. അവിടെ താൻ ചാനലിൽ കേട്ട ചർച്ചയുടെ ഭാഗങ്ങൾ പല കഷണങ്ങളായി അവതരിച്ചിട്ടുണ്ടാവും. അത് നോക്കരുത് എന്നു വിചാരിച്ചാലും രക്ഷയില്ല.
നമ്മുടെ രുചിയറിഞ്ഞ് ഗൂഗിൾ തന്നെ നമ്മുടെ പിന്നാലെ പത്രവുമായി ഓടിക്കൊണ്ടിരിക്കും. സ്വന്തം മുട്ടക്കറി ഉണ്ടാക്കുന്നതോടെ ആ ചർച്ചകൾ അപ്രത്യക്ഷമാവുകയാണ്. ഇത് ഒരു ചർച്ച സൃഷ്ടിക്കുന്ന പ്രതീതിയാഥാർഥ്യവും അത് പ്രേക്ഷകനിൽ ഏൽപ്പിക്കുന്ന സമ്മർദവുമാണ് വ്യക്തമാക്കുന്നത്. ശരിയായ യാഥാർഥ്യമില്ല; നാം നോക്കുമ്പോൾ കാണുന്ന തോന്നലുകൾക്ക് യാഥാർഥ്യത്തിന്‍റെ വ്യാജരൂപം ലഭിക്കുകയാണ്.
രജതരേഖകൾ
1) കഥ
എം.ജി. ബാബു എഴുതിയ "നായ്ശല്യം' (ഗ്രന്ഥാലോകം, നവംബർ ) കാലഹരണപ്പെട്ട കഥയാണ് - ആഖ്യാനത്തിലും ഭാഷയിലും പ്രമേയത്തിലും. കഥ എന്ന മാധ്യമത്തോട് ആത്മാർഥതയില്ലെന്നു മാത്രമല്ല, അതിനെക്കുറിച്ച് അറിവുമില്ല. സ്വന്തം മാധ്യമത്തെ ആഴത്തിൽ പഠിക്കാനള്ള വിവേകമാണാവശ്യം. ഹൃദയസ്പർശിയായ ഒരു വരി പോലും ഈ കഥയിലില്ല. മനുഷ്യവികാരങ്ങളിൽ നിന്ന് അകന്നുപോയ കഥാകൃത്തിനെയാണ് കണ്ടത്. ഒരാൾ ചെളിയിൽ വീണതിന് എന്തിനാണ് ഇത്രയും ബിൽഡപ്പ്?
2) കവിത
പരമ്പരാഗത കവിതയെ, അധ്യാപക കവികളുടെ കവിതയെ പരാജയപ്പെടുത്തുന്ന, റദ്ദ് ചെയ്യുന്ന കവിതയാണ് സിനാഷ എഴുതിയ "അവളുടെ മരണമൊഴികൾ' (ഗ്രന്ഥാലോകം, നവംബർ). അക്കാദമി അവാർഡ് നേടുന്ന കവികൾ, കലാശാലകളിൽ പണിയെടുക്കുന്ന കവികൾ തുടങ്ങിയവർ ചിന്തിക്കുന്ന ഒരു പഥമുണ്ട്. അത് വളരെ നിലവാരപ്പെട്ടതും വാർപ്പ് മാതൃകകളെ ആശ്രയിക്കുന്നതുമാണ്. എന്നാൽ സിനാഷ എല്ലാ അക്കാദമിക് പിരിമുറുക്കത്തെയും മറികടന്ന് കവിതയുടെ ശുദ്ധവായു ശ്വസിക്കുന്നു. മരിച്ച പെൺകുട്ടിയുടെ ഹിസ്റ്ററി പേപ്പർ നോക്കുന്ന ടീച്ചറിലൂടെയാണ് കവിത വിടരുന്നത്.
"അവളുടെ ജീവിതത്തിന് മാർക്കിടാൻ
ടീച്ചർക്ക് പേടിയാകുന്നു.
യുദ്ധങ്ങൾക്കും ഉത്സവങ്ങൾക്കുമിടയിൽ
അവളുണ്ടാക്കിയ ഉപന്യാസങ്ങൾ
സത്യത്തിന്‍റെ കല്ലറയിൽ
പൂത്തുമറിയുന്നു.
അവളുടെ അന്ത്യചുംബനം പേറി
ചരിത്രം തളർന്നു നിൽക്കുന്നു.
നദികളിലെവിടെയോ
അവളുടെ കാലുകളിളകുന്നു.'
ഇങ്ങനെ കവിതയെ അനക്കാദമിക്കാക്കുന്നതിൽ പുതിയൊരു പാത തെളിഞ്ഞു വരികയാണ്.
3) പ്രസാധകൻ @ 150
"പ്രസാധകൻ' മാസിക (തിരുവനന്തപുരം) നൂറ്റിയമ്പതാം ലക്കത്തിലേക്ക് കടന്നിരിക്കുന്നു. പരമ്പരാഗത പ്രസിദ്ധീകരണങ്ങൾക്കും ചെറുകിട സംരംഭങ്ങൾക്കുമിടയിൽ അർഥവത്തായ, ധീരമായ ഒരു നൂതന സാംസ്കാരിക, സാഹിത്യധാര സൃഷ്ടിക്കാൻ "പ്രസാധകൻ' മാസികയുടെ 150 ലക്കങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു. ഇത് ഒരു വിജയമാണ്. ഏത് പുതിയ പ്രവണതയെയും ധൃതരാഷ്‌ട്രാലിംഗനത്തിലൂടെ ഞെരിച്ചു കളയുന്ന പരമ്പരാഗത വാരികകളുടെ വികാരരഹിതമായ പ്രവർത്തനങ്ങൾക്കിടയിൽ "പ്രസാധകൻ' സാഹിത്യത്തിനും കലയ്ക്കും നവമായ അഭിരുചികൾ നൽകാൻ ശ്രമിച്ചു.
എഴുത്തുകാരെയും കവികളെയും പുതിയ പരിപ്രേക്ഷ്യത്തിൽ കാണാൻ സഹായിച്ച മാസികയാണിത്. പരമ്പരാഗത പ്രസിദ്ധീകരണങ്ങളുടെ എഴുത്തുകാർ പുതുമ നഷ്ടപ്പെട്ട് ഗതാനുഗതികത്വത്തെ അഭിമുഖീകരിച്ചപ്പോൾ "പ്രസാധകൻ' അവർക്ക് നക്ഷത്രശോഭ നൽകി. വായനയെ ജീവൻ വയ്പിച്ചതാണ് ഏറ്റവും വലിയ കാര്യം. പത്രാധിപർ എൽ.ആർ. ഷാജിയുടെ നവ ജേർണലിസ്റ്റ് സമീപനങ്ങളാണ് ക്ലിക്കായത്. ഒരു ആർട്ട് മാഗസിന്‍റെ പ്രൗഢിയോടെ പുറത്തിറങ്ങുന്ന "പ്രസാധകന്‍റെ' ആർട്ട് എഡിറ്ററായ എൻ. ഭട്ടതിരിയുടെ സാന്നിധ്യം ഭംഗി കൂട്ടുന്നു.
4) കൊളാഷ്
70കളിലും 80കളിലും ബംഗളൂരുവിൽ നിന്ന് പുറത്തിറങ്ങിയിരുന്ന "മിനി മാഗസിന്‍റെ' പത്രാധിപരായിരുന്ന അരവി മലയാള എഴുത്തുകാരെ പങ്കെടുപ്പിച്ച് വാർഷിക സാഹിത്യ സമ്മേളനങ്ങൾ നടത്തുമായിരുന്നു. സാഹിത്യകാരന്മാർക്ക് പ്രിയപ്പെട്ട വ്യക്തിയായിരുന്നു. ഇപ്പോൾ തൃശൂരിൽ താമസിക്കുന്ന അരവിയെ ഏതാനും ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കളായ എഴുത്തുകാർ ചേർന്ന് ഒരു ആദര സദസിൽ ഉപഹാരം നൽകി അനുമോദിച്ചു. അവിടെ പ്രകാശനം ചെയ്ത "കൊളാഷ്' (ലോഗോസ്) എന്ന പുസ്തകത്തിൽ അരവിയുടെ ബംഗളൂരു സ്മരണകളും ഏതാനും എഴുത്തുകാർ അരവിയെക്കുറിച്ചെഴുതിയ കുറിപ്പുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചടങ്ങിന് സുരേഷ് എം.ജി, എൻ.പി. ഹാഫീസ് മുഹമ്മദ്, എം.ജി. രാധാകൃഷ്ണൻ, ശത്രുഘ്നൻ തുടങ്ങിയവർ നേതൃത്വം നൽകി.
5) പ്രതിഷേധം
പ്രതികരിക്കുന്നവനെ ഹിംസിക്കുന്ന, ഇല്ലാതാക്കുന്ന ആധുനിക നാഗരികതയുടെ മനസിനെതിരെ പ്രതിഷേധിക്കുകയാണ് കെ. ബാബു ജോസഫ് "നടനം' (തന്മ, ജനുവരി) എന്ന കവിതയിൽ.
"മിണ്ടുന്നോർ മണ്ടന്മാർ
പ്രശ്നക്കാര, വിവേകികൾ
അവർ തൻ വായ മൂടണം.'
6) ഓസ്കാർ വൈൽഡ്
ഐറിഷ് എഴുത്തുകാരൻ ഓസ്കാർ വൈൽഡ് പറഞ്ഞു, മറ്റൊരാളാകാൻ ഒരിക്കലും ശ്രമിക്കരുതെന്ന്. ഓരോരുത്തർക്കും അവരവരുണ്ട്. നിങ്ങളൊഴികെ മറ്റെല്ലാവരും ബുക്ക്ഡാണ്. ഇനി നിങ്ങളെ നിങ്ങൾ മാത്രമാണ് അംഗീകരിക്കേണ്ടത്. അതോടെ ജീവിതം നന്നാവും.
7) കൺഫ്യൂഷ്യസ്
ചൈനീസ് തത്വചിന്തകൻ കൺഫ്യൂഷ്യസിന്‍റെ ഒരു ഉപദേശമുണ്ട്. അതിവേഗം ഓടിയത് കൊണ്ട് കാര്യമില്ല. ആ വേഗം എപ്പോഴും നിലനിർത്താനാവില്ല. സാവധാനം ഓടുന്നവർക്ക് പ്രതീക്ഷിക്കാം. അവർ വേഗം തളരില്ല. ഓട്ടം നിർത്താതിരിക്കുന്നതിലാണ് നിങ്ങളുടെ വിജയം.
8) കുറ്റിപ്പുഴ കൃഷ്ണപിള്ള
കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ 125ാം ജന്മവർഷത്തിൽ പി.എസ്. ശ്രീകല എഴുതിയ ലേഖനം "യോഗിയും വിപ്ലവകാരിയും' (ഗ്രന്ഥാലോകം, നവംബർ) ഉചിതമായി. ചിന്തയിൽ വെളിച്ചം തൂവിയ കാലത്തിലൂടെ കടന്നുപോയ മഹാപ്രതിഭയായിരുന്നു കുറ്റിപ്പുഴ. അദ്ദേഹത്തിന്‍റെ സമകാലികരായിരുന്ന തകഴി, ജോസഫ് മുണ്ടശേരി തുടങ്ങിയവരെ ഇവിടെ സ്മരിക്കുന്നുണ്ട്. സ്വന്തമായി ചിന്തിക്കുന്ന സർവാതിശായിയായ മനുഷ്യനെയാണ് കുറ്റിപ്പുഴ സ്വപ്നം കണ്ടത്. ആ സങ്കൽപം വികസിച്ചോ ചുരുങ്ങിയോ എന്ന കാര്യത്തിൽ ചർച്ച ആവശ്യമാണ്.