കവിതയ്ക്ക് താഴെയാണ് പാട്ട് എന്ന ധാരണ ശരിയല്ല: ബി.കെ. ഹരിനാരായണൻ

ഷാർജ അന്തർദേശിയ പുസ്തകമേളയുടെ ഭാഗമായി 'കവിത ഒരു ഗാനമായി മാറുമ്പോൾ" എന്ന വിഷയത്തിൽ ഇന്‍റലക്ച്വൽ ഹാളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
As part of the 45th Sharjah International Book Fair, poet and lyricist B.K. Harinarayanan speaks on the topic, "When Poetry Becomes a Song."

45ാമത് ഷാർജ അന്തർദേശിയ പുസ്തകമേളയുടെ ഭാഗമായി 'കവിത ഒരു ഗാനമായി മാറുമ്പോൾ" എന്ന വിഷയത്തിൽ കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ സംസാരിക്കുന്നു

Updated on: 

ഷാർജ: കവിതയ്ക്ക് താഴെയാണ് പാട്ട് എന്നൊരു ധാരണ പണ്ട് മുതൽ തന്നെ നിലനിൽക്കുന്നുണ്ടെന്നും ഒന്ന് മറ്റൊന്നിന്‍റെയും താഴെയോ മുകളിലോ അല്ലെന്നും കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ. 45ാമത് ഷാർജ അന്തർദേശിയ പുസ്തകമേളയുടെ ഭാഗമായി 'കവിത ഒരു ഗാനമായി മാറുമ്പോൾ" എന്ന വിഷയത്തിൽ ഇന്‍റലക്ച്വൽ ഹാളിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കാനനം' എന്ന് തുടങ്ങുന്ന വരികൾ ചീരാമൻ എന്ന കവി രാമചരിതത്തിൽ എഴുതിയത് പാട്ട് രൂപത്തിലാണെന്ന് ഹരിനാരായണൻ ചൂണ്ടിക്കാട്ടി. ഇതിന് ശേഷം കണ്ണശ്ശ രാമായണം, രാമായണം കിളിപ്പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട്, മോയികുട്ടി വൈദ്യരുടെ കെട്ടിവെച്ച പാട്ട് ഇതെല്ലാം പാട്ടുകളായിരുന്നു. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന് ഇപ്പോൾ പറയുന്നുവെങ്കിലും മുൻപ് ഇത് കൃഷ്ണപാട്ടായിരുന്നു എന്ന് ഹരിനാരായണൻ വ്യക്തമാക്കി.

ഇന്നത്തെ കുട്ടികൾ ചില്ലറക്കാരല്ലെന്ന് പുതു തലമുറയുടെ പ്രിയ പാട്ടെഴുത്തുകാരൻ കൂടിയായ ഹരിനാരായണൻ പറഞ്ഞു. സമരം നടത്തേണ്ടത് എങ്ങനെയെന്ന് നമ്മെ കാണിച്ചുതരുന്ന തലമുറയാണ് ഇത്. അവർ എല്ലാ പാട്ടുകളെയും ഭാഷകളെയും സംസ്കാരങ്ങളെയും ആഗിരണം ചെയ്യുന്നുണ്ട്. പാട്ടിന് വേറെ രീതിയിലുള്ള വളർച്ച ഉണ്ടായതുകൊണ്ടാണ് 'വിയർപ്പ് തുന്നിയിട്ട കുപ്പായം' പോലെയുള്ള വരികളും വേടനെപ്പോലെയുള്ള എഴുത്തുകാരും വളരുന്നതെന്ന് ഹരിനാരായണൻ ചൂണ്ടിക്കാട്ടി.

പരിപാടിയിൽ 'കാക്കേ കാക്കേ കൂടെവിടെ" എന്ന കവിതയെ കേരളത്തിന്‍റെ സാമൂഹ്യ യാഥാർഥ്യത്തിലേക്ക് സമന്വയിപ്പിച്ച് പുതിയ അർത്ഥ തലം കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി സമ്മാനിച്ചു. ഈ പാട്ടിന്‍റെ സാരം അറിയണമെങ്കിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അറിയണമെന്ന് ഗോപി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പ്രശ്നമായ വിശപ്പാണ് ഈ പാട്ടിലൂടെ കവി അവതരിപ്പിച്ചതെന്ന് വരികൾ ചൊല്ലിക്കൊണ്ട് ഗോപി സമർത്ഥിച്ചു. ഈ പ്രശ്നമാണ് കവിതയിൽ കൈകാര്യം ചെയ്തതെന്ന കാര്യം എന്തുകൊണ്ടാണ് അധ്യാപകർ കുഞ്ഞുങ്ങളെ പഠിപ്പിക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഒരു ഭരണാധികാരി എങ്ങനെ ദീർഘവീക്ഷണത്തോടെ പുസ്തകത്തെയും സാഹിത്യത്തെയും കലയെയും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു എന്നതിന്‍റെ വലിയ സാക്ഷ്യമാണ് ഷാർജ പുസ്തക മേളയെന്നും ഗോപി പറഞ്ഞു.

സംവാദത്തിൽ രാധാകൃഷ്‌ണൻ മച്ചിങ്ങൽ മോഡറേറ്ററായിരുന്നു. പരിപാടിക്ക് ശേഷം ഇരുവരും ആസ്വാദകർക്ക് പുസ്തകങ്ങൾ ഒപ്പിട്ട് നൽകി.