രാഷ്‌ട്രീയ ചർച്ചകളുടെ സർറിയലിസ്റ്റ് ലോകം

The surreal world of political debate
The surreal world of political debate

സാഹിത്യകൃതികളിൽ പ്രാമുഖ്യം നേടുന്നത് ജീവിതത്തിലെ സമസ്യകളാണ്. വോട്ടെടുപ്പിലൂടെ പരിഹരിക്കാവുന്ന വിഷയങ്ങൾ എഴുതേണ്ടതില്ല. ഒരു സാഹിത്യകൃതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ഒരു രചനയിൽ ബഹുജന പങ്കാളിത്തമില്ലാത്തതുപോലെ, അത് നിലനിൽക്കുന്നതും ഒറ്റയ്ക്കാണ്. തനിക്ക് ഏഴ് വായനക്കാർ ഉണ്ടെങ്കിൽ ധാരാളമായി എന്ന് ലാറ്റിനമെരിക്കൻ കഥാകൃത്ത് ബോർഹസ് പറഞ്ഞത് ഈയർഥത്തിലാണ് കാണേണ്ടത്. ബോർഹസിന്‍റെ കഥ ഒറ്റയ്ക്കാണ് നിൽക്കുന്നത്. അതിന്‍റെ സാഹസികവും ഏകാന്തവും പ്രക്ഷുബ്ധവുമായ അവസ്ഥയെ ഒരു ജനസമൂഹത്തിന് ഒന്നും ചെയ്യാനില്ല. ആ കഥ മനുഷ്യാവസ്ഥയുടെ അതാര്യതയെ, ദുർഗ്രഹതയെ ചോദ്യം ചെയ്യുകയാണല്ലോ.

"ജീവിതം നിങ്ങളെ തകർക്കും.ആർക്കും അതിൽ നിന്ന് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങൾക്ക് പ്രേമിക്കേണ്ടിവരും; നിങ്ങൾക്ക് വികാരങ്ങളുണ്ടെന്ന് തിരിച്ചറിയേണ്ടി വരും. ഇതാണ് നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവ് " - അമെരിക്കൻ എഴുത്തുകാരി ലൂയി എർഡ്രിച്ചിന്‍റെ "ദ് പെയിന്‍റ് ഡ്രം' എന്ന കൃതിയിൽ പറയുന്നതാണിത്‌. ജീവിതത്തിന്‍റെ ചെറിയ ആഗ്രഹങ്ങൾ സഫലമാകുമ്പോഴും വിഭിന്നങ്ങളായ പരിശ്രമങ്ങളിലൂടെ നാം ചിലയിടങ്ങളിലൊക്കെ എത്തിച്ചേരുമ്പോഴും, എവിടെയോ നഷ്ടപ്പെടുന്നതായുള്ള ചിന്തയാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ചില സാഹിത്യ, ചലച്ചിത്ര പ്രതിഭകളെ നിത്യമായ ആകുലതകളിലേക്ക് തള്ളിവട്ടത്. ഒരിക്കലും പരിഹരിക്കാൻ കഴിയാത്തതാണ് മനുഷ്യൻ എന്ന പ്രശ്നമെന്ന് ചിന്തിച്ചവരുണ്ട്.

സ്നേഹവും ദ്വേഷവും ഒരുമിച്ച്

കലാകാരന്മാരുടെ കൂട്ടത്തിനോ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിനോ, നിയമവ്യവസ്ഥയ്ക്കോ, നികുതി പിരിവിനോ പരിഹരിക്കാൻ കഴിയാത്തതാണ് ജീവിതം. ഒരാൾ റോഡിലൂടെ നടക്കുമ്പോൾ അയാൾ ഒരു മനുഷ്യന്‍റെ ഭാരം മാത്രമല്ല, ശവവും ചുമക്കുന്നു. അത് മറ്റാരുടെയും ഭാരമല്ല, ശവമല്ല; അയാളുടെ തന്നെ ഭാരവും ശവവുമാണ്. അയാൾ അത് അറിയുന്നതുകൊണ്ടാണ് പരിക്ഷീണിതനാകുന്നത്; അല്ലെങ്കിൽ പ്രതിലോമപരവും നിരാശാജനകവുമായ ചിന്തകളിലൂടെ പിന്നോക്കം പോകുന്നത്. അയാൾ ലക്ഷ്യത്തിനുവേണ്ടി തീവ്രമായി പോരാടുമ്പോൾ തന്നെ അതിനെതിരെയും ചിന്തിക്കുന്നു.

ഒരേസമയം ആഗ്രഹത്തെയും നിരാശയെയും കൊണ്ടുനടക്കുന്നു. പ്രേമിക്കുമ്പോൾ തന്നെ വെറുക്കുകയും ചെയ്യുന്നു. പ്രേമിക്കുമ്പോൾ എങ്ങനെ അതിനെ നിരാകരിക്കാമെന്ന് ആലോചിക്കുന്നു. അതിനായി തെറ്റായ വിവരങ്ങൾ തേടുന്നു. വെറുക്കാൻ ഒരു കാരണമന്വേഷിക്കുന്നു. മനഷ്യൻ ഒരു നരകമാണെന്ന് ഫ്രഞ്ച് എഴുത്തുകാരൻ സാർത്ര് പറഞ്ഞത് ഓർക്കുകയാണ്.

സ്വന്തം യുക്തിയെയും ഇഷ്ടത്തെയും ബുദ്ധിമാനായ മനുഷ്യൻ തന്നെ ഊരാക്കുടുക്കിലാക്കുന്നു. ഇഷ്ടം തന്നെ ഒരു പ്രഹേളിയായി മാറുന്നു. ഇഷ്ടത്തിനകത്തു വിയോജിപ്പിന്‍റെയും വെറുപ്പിന്‍റെയും നൂറു നൂറു നക്ഷത്ര സമൂഹങ്ങൾ ഉണ്ടാവുകയാണ്. ഇതിലെല്ലാം അലയുന്നതുകൊണ്ട് ഏകാഗ്രത നഷ്ടപ്പെടും. അർഥമന്വേഷിച്ച് ഏതോ പാതയിൽ എത്തേണ്ടവൻ അതിനു പകരം സ്വന്തം ചീത്തവാസനകളുടെ നരകത്തിൽ അകപ്പെടുകയാണ്. ഇവിടെ ആഗ്രഹിച്ചത് കിട്ടുന്നത് ഒരു പരിഹാരം പോലുമല്ല.

അതുകൊണ്ടാണ് ഫ്രാൻസ് കാഫ്കയുടെ "ദ് കാസിൽ' (ദുർഗം) എന്ന നോവലിൽ പ്രധാന കഥാപാത്രം ഇങ്ങനെ പറയുന്നത്: "ഈ ഭൂമിയിൽ ശാന്തമായ ഒരിടമില്ല, നമ്മുടെ പ്രേമത്തിന്.ഈ ഗ്രാമത്തിലോ ഈ ലോകത്തിൽ എവിടെയെങ്കിലുമോ ഇല്ല. അതുകൊണ്ട് ഞാൻ അഗാധമായ, ഇടുങ്ങിയ ഒരു കുഴിമാടം മനസിൽ കാണുകയാണ്. അവിടെ നമ്മൾ കെട്ടിപ്പിടിക്കുന്നു, ഒരുമിച്ചു ചേരുന്നു. എന്‍റെ മുഖത്തെ നിന്‍റെ മുഖം കൊണ്ട് മറയ്ക്കുന്നു; നിന്‍റെ മുഖത്തെ എന്‍റെ മുഖം കൊണ്ടും. അതുകൊണ്ട് ഒരിക്കലും ആരും നമ്മെ കാണാൻ പോകുന്നില്ല.'

ജീവിച്ചിരിക്കുന്നവർക്ക് അവരുടെ മുഖം ഒളിപ്പിക്കാനാവില്ല. അത് മറ്റൊരാൾ പിടിച്ചെടുക്കുന്നതിനേക്കാൾ ഭയാനകമായി തോന്നുക സ്വയം നശിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നു അറിയുമ്പോഴാണ്. കാഫ്കയുടെ കഥാപാത്രം പറയുന്നത്, ഈ ഭൂമിയിലെ ജീവിതം കമിതാക്കളാണെങ്കിലും, പരസ്പരം മനസിലാക്കാനാവാത്ത വിധം ചിതറിക്കുമെന്നാണ്. അത് അയാളെ ഭയപ്പെടുത്തുകയാണ്. താൻ എന്തിനാണ് ജീവിക്കുന്നത്, പ്രേമിക്കുന്നത് എന്ന് ചിന്തിച്ച് ഉത്തരം കിട്ടാതെ വലയുന്നത് ചിലരുടെ വിധിയാണ്. എന്തെന്നാൽ വികാരം കൊള്ളുക, അറിയുക, ആത്മാവിൽ തിരിച്ചറിയുക, അറിവിൽ വേദനിക്കുക തുടങ്ങിയവയെല്ലാം ജീവിക്കുന്നവന്‍റെ വിധിയായി കാണണം. അവൻ ചിന്തിക്കുന്നത് കൊണ്ട് സ്വന്തം തിന്മകളും കാണുന്നു.

ഒരു അസംബന്ധ ലോകം

അതുതന്നെയാണ് കാഫ്ക "ദ് കാസിലി'ൽ പറയാൻ ശ്രമിക്കുന്നത്. ദൂരെയുള്ള ഒരു ദുർഗത്തിലേക്ക് വന്നതാണ് കെ എന്ന കഥാപാത്രം. എന്നാൽ അവിടെ പ്രവേശനം കിട്ടുന്നില്ല. എല്ലാ യോഗ്യതകളും ഉണ്ടായിട്ടും അയാളെ ആ ക്ഷേത്രത്തിലെ മുഖ്യ അധികാരിയുടെ അടുത്തേക്ക് പോകുവാൻ അനുവാദിക്കുന്നില്ല.ഒരു യുക്തിയുമില്ലാത്ത സംഭവങ്ങൾ ഉണ്ടാകുന്നു.അതേസമയം അതിൽ യുക്തിയുണ്ടെന്ന് സ്ഥാപിക്കാൻ ആ സാഹചര്യം നിർബന്ധിക്കുന്നത് പോലെ തോന്നുന്നു. മനുഷ്യന് മനുഷ്യനായിരിക്കാൻ കഴിയാത്ത വിധം യുക്തിചിന്ത കയറ്റി അയയ്ക്കപ്പെടുകയാണ്.

എം.എൻ. വിജയൻ വർഷങ്ങൾക്കു മുമ്പ് "വർണങ്ങളുടെ സംഗീതം' എന്ന പുസ്തകത്തിൽ എഴുതി: "നാം ഭക്ഷിക്കുന്ന വാർത്ത യഥാർഥ്യത്തിന്‍റെ താളല്ല, മറിച്ച് വാർത്താ ഏജൻസികളുടെ വടകമാണ്. നാരദൻ പറയുന്ന വാർത്ത നാട്ടിൽ നടക്കുന്ന വാർത്തയല്ല. വക്രീകൃതമായ, പാകപ്പെടുത്തിയ വാർത്തയാണ്. ഇത് കേട്ടിട്ട് നാം കലഹിക്കുകയും കലഹം നമ്മുടെ ജീവിതമായി തീരുകയും ചെയ്യുന്നു എന്ന് പറയാം. അതുകൊണ്ട് ഒരു ആടിനെ നായാക്കാൻ ആളുകളെ നിർത്താം എന്നതുപോലെ സംഭവങ്ങളെ അസംഭവങ്ങളാക്കുവാൻ വാർത്താതന്ത്രങ്ങൾക്ക് കഴിയുന്നു. അതുകൊണ്ട് ഒരു മാധ്യമം, ഏതു തരത്തിലുള്ള മാധ്യമവും, റേഡിയോയും ടിവിയും മറ്റു പുസ്തക മാധ്യമങ്ങളുമെല്ലാം തന്നെ അനുഭവം മനുഷ്യനിൽ എത്തിച്ചേരാതിരിക്കാനുള്ള മോഹിനീ രൂപങ്ങളായി തീരുന്നു'.

എം.എൻ.വിജയൻ ഇതിനെ അനുഭവമലിനീകരണം എന്ന് വിളിക്കുന്നു. സമ്പൂർണമായ ഒരു അസംബന്ധലോകം സകല യുക്തികളോടെയും സ്ഥാപിക്കുകയാണ്. ആര് ആരുടെ പക്ഷമാണ്, ആരെല്ലാം ആർക്കെല്ലാം പകരമായി വേഷമിടുന്നു എന്നൊന്നും നിശ്ചയിക്കാൻ പറ്റാത്ത അവസ്ഥ.

മസ്തിഷ്ക വയറിളക്കം

വാർത്താചാനലുകളിൽ മാധ്യമപ്രവർത്തകർ ഇല്ലാതാവുകയാണ്. ഓരോ പാർട്ടിയുടെ പക്ഷം ചേർന്നു അവർ സ്റ്റുഡിയോയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്, കയർക്കുന്നത്, കയ്യാങ്കളിയുടെ അടുത്ത് വരെ എത്തുന്നത് വാർത്തയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംപ്രേഷണം ചെയ്യുന്നു. സ്റ്റുഡിയോകൾ ഒരു സറിയലിസ്റ്റ് ലോകമായി മാറുന്നു. അവിടെ യുക്തിക്കും ചിന്തയ്ക്കും പ്രസക്തിയില്ലാതാവുന്നു. വാർത്ത അറിയാനായി കാത്തിരിക്കുന്നവനെ പ്രേക്ഷകനാക്കരുത്. പ്രേക്ഷകൻ വിനോദപരിപാടി വീക്ഷിക്കുന്നവനാണ്. എന്നാൽ ടെലിവിഷൻ വാർത്തയും ചർച്ചയും കാണുകയാണ്. അവൻ പ്രേക്ഷകനല്ല. ചാനലുകൾ കാണിയെ പ്രേക്ഷകനാക്കി പരിവർത്തനപ്പെടുത്തുകയാണ്. അതോടുകൂടി, അവൻ എന്താണോ കാണാനിരിക്കുന്നത് അതിന്‍റെ വിനോദവും വിപണിയുടെ പ്രചാരവും മാത്രം ശ്രദ്ധിക്കുന്നവനായി മാറും.

മഹാത്മാ ഗാന്ധിയെ വെടിവെച്ചത് റിപ്പോർട്ട് ചെയ്യുന്നത് കാണാനിരിക്കുന്നവൻ പ്രേക്ഷകനല്ല; അവന് അതിൽ രസിക്കാനൊന്നുമില്ലല്ലോ. അവതാരകൻ അതിൽ നിന്ന് വ്യതിചലിപ്പിച്ച് തർക്കത്തിലേക്കും അനാവശ്യമായ ശാരീരിക പ്രകടനങ്ങളിലേക്കും വെല്ലുവിളികളിലേക്കും തെറിവിളികളിലേക്കും നയിച്ച് പെട്ടെന്ന് തന്നെ അവനെ പ്രേക്ഷകനാക്കി മാറ്റുന്നു. ഗാന്ധിജിയെ വെടിവെച്ച വിഷയം വിട്ടിട്ട് അവൻ ഈ തർക്കത്തിന്‍റെ ഗുണദോഷങ്ങളിലേക്ക് കടക്കുന്നു; അവൻ അനാവശ്യമായ ആത്മഗദങ്ങളിലും ചിന്തകളിലുമെത്തുന്നു. ഇത് അവനെ ആന്തരികമായി നിർവ്യക്തീകരിക്കുകയാണ്. അവന് ആവശ്യമുള്ളത് മറക്കുകയും ആവശ്യമില്ലാത്തതിനെക്കുറിച്ച് തർക്കിക്കുകയും ചെയ്യുന്നു. വാർത്ത കാണുന്നവനെ ശാന്തതയിൽ നിന്നുണർത്തി മസ്തിഷ്ക വയറിളക്കം ബാധിച്ചവനാക്കി മാറ്റുന്നു - അനാവശ്യമായി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നവനാക്കുന്നു. ഈ പ്രശ്നം വ്യക്തി അഭിമുഖീകരിക്കുകയാണ്. ഇത് അധികാരവും ശക്തിയും ഉപയോഗിക്കുന്ന എല്ലാ ഇടങ്ങളിലുമുണ്ട്.

അവിടേക്ക് കടന്നുചെല്ലുന്ന വ്യക്തി, കാഫ്കയുടെ നോവലിലെ കെയെ പോലെ, സ്വന്തം അസ്തിത്വം ഒരു പൊങ്ങുതടിയാണെന്നറിഞ്ഞ് കുഴങ്ങും. ഒരു ലാൻഡ് സർവെയറുടെ ജോലി ചെയ്യാൻ, ശരിയായ കടലാസുകളോടെ എത്തുന്ന കെയെ ദുർഗത്തിന്‍റെ അധികാരികൾ അംഗീകരിക്കുന്നില്ല. അവർ പറയുന്നതിൽ യുക്തിയുമില്ല. ദുർഗത്തിന്‍റെ പരമാധികാരിയെ കാണാൻ പോലും അനുവദിക്കുന്നില്ല.കെയെ ഒരു പരിഹാസപാത്രമായി അവർ കാണുന്നു. ഇതുതന്നെയാണ് നവീനമായ സാങ്കേതികവിദ്യയിൽ, ഉദ്യോഗസ്ഥ ഭരണകാലത്തും സംഭവിക്കുന്നത്. അവിടെ പ്രവേശിക്കുന്ന വ്യക്തി, ഇതുപോലെ യുക്തിയും പരിസരബോധവും നഷ്ടപ്പെട്ട് സ്വയം ഒരു സമസ്യയായി മാറുന്നു.ഒരു സറിയലിസ്റ്റ് ലോകത്തിലെ അസംബന്ധ മനുഷ്യനായിത്തീരുന്നു.

ഉത്തരരേഖകൾ

1) യുക്തിവാദികൾ ദൈവത്തെ നിഷേധിക്കുന്നതിനെ എങ്ങനെ കാണുന്നു ?

ഉത്തരം: യുക്തിയിലൂടെ ദൈവത്തെ കാണാനാവില്ല എന്നാണല്ലോ വാദം. ദൈവത്തെ എന്തിനാണ് കാണുന്നത്? ദൈവം ചിന്തയിലോ അറിവിലോ ഇല്ലെങ്കിൽ എനിക്ക് പിന്നെ നിഷേധിക്കേണ്ട ആവശ്യമില്ലല്ലോ. വാസ്തവത്തിൽ ദൈവം പ്രത്യക്ഷത്തിൽ സാധ്യമല്ല. ഒരു മീറ്റിങ്ങിൽ വന്ന് അധ്യക്ഷത വഹിക്കാൻ ദൈവത്തിനാവില്ല. ദൈവം നമ്മുടെ അദൃശ്യലോകത്തിന്‍റെ ആകെത്തുകയാണ്. ഭാവി നമുക്കറിയില്ല; അവിടെ ദൈവമുണ്ട്. ഇന്ദ്രിയങ്ങൾക്കപ്പുറമുള്ളത് നമുക്കറിയില്ല; അവിടെ ദൈവമുണ്ട്. ഈ പ്രപഞ്ചത്തെ മുഴുവൻ അളക്കാനും അറിയാനും മാംസം കൊണ്ട് നിർമ്മിച്ച നമ്മുടെ ഇന്ദ്രിയങ്ങൾക്ക് സാധ്യമാകുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് ഋഷികൾ ഇന്ദ്രിയനിഗ്രഹത്തിലൂടെ പരമസത്യത്തെ തേടുന്നതാവും നല്ലത് എന്ന വാദമുന്നയിച്ചത്. അപ്പോഴും മാംസളമായ ശരീരം തന്നെയാണ് ഉപാധി. ദുരിതബാധിതരെ സഹായിക്കുന്ന പ്രവൃത്തിയിൽ ദൈവമുണ്ടല്ലോ. വിശ്വാസമില്ലാതെ തന്നെ ദൈവത്തെ അറിയാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

2) സച്ചിദാനന്ദന്‍റെ "ഗാസയിലെ അമ്മ', "മണിപ്പുർ' എന്നീ കവിതകൾ വായിച്ചോ?

ഉത്തരം: ഗാസയിലെ യുദ്ധക്കെടുതിയെക്കുറിച്ച് പത്രങ്ങളിൽ ദിവസവും വാർത്തകൾ വരുന്നുണ്ട്. സച്ചിദാനന്ദന്‍റെ കവിതയിൽ ആ പത്രവാർത്തകൾക്കപ്പുറം ഒന്നുമില്ല. മണിപ്പൂരിനെക്കുറിച്ച് എഴുതിയതും ഉപരിപ്ലവമായ പ്രസ്താവനയായി.

"ഞാൻ, ഗാസയിലെ അമ്മ,

ചോരയിൽ കുളിച്ച കുഞ്ഞുമായി

അവർ ബോംബിട്ട് തകർത്ത ആശുപത്രിയിലേക്ക് ഓടുന്നവൾ'

(ഗാസയിലെ അമ്മ)

"ലജ്ജയില്ലിനി ബാക്കിയെൻ നാട്ടാർക്ക്;

ഇല്ലയോടിയൊളിക്കാൻ ഗുഹകളും'

(മണിപ്പുർ)

എന്നാൽ സച്ചിദാനന്ദൻ യുക്രെയ്നെക്കുറിച്ച് എഴുതില്ല!.

3) എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ അർഥശൂന്യമായ അഭ്യാസമായി മാറുകയാണോ ?

ഉത്തരം: ആത്മകഥകൾ പോലെ അഭിമുഖങ്ങളും സ്വയം പൊക്കാനുള്ളതാണെന്ന് തെളിഞ്ഞു കഴിഞ്ഞു. സ്വയം തുറന്നു പറയുന്നതാവണം അഭിമുഖം. ഒരാളെ പ്രണയിച്ചു എന്ന് പറയാനുള്ള സത്യസന്ധത പോലും മലയാള എഴുത്തുകാർക്കില്ല. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി കള്ളം പറയുന്നതിൽ അർഥമില്ല. യഥാർഥ അനുഭവങ്ങൾ മലയാളസാഹിത്യകാരന്മാർ പറയില്ല.ചിലർ ഉദ്യോഗകാലത്തെ "വീരഗാഥകളാ "ണ് പറയുന്നത്. ആർക്കു വേണം.

4) അന്തരിച്ച കവി എൻ.കെ. ദേശത്തെക്കുറിച്ച്?

ഉത്തരം: അദ്ദേഹം പരമ്പരാഗത കവിതയുടെ വക്താവായിരുന്നു. കവിതയിൽ പുതിയ രൂപമോ ഉള്ളടക്കമോ അദ്ദേഹം അന്വേഷിച്ചിട്ടില്ല. ഡോ.ആർ.ജയലക്ഷ്മി എഴുതിയ "ദേശായനം' (പ്രഭാത രശ്മി, മാർച്ച്) ലേഖനത്തിലും ഇത് കാണാം.

"എഴുത്തച്ഛൻ, കാളിദാസൻ, മേൽപ്പത്തൂർ, വള്ളത്തോൾ, ജി, എൻ.വി, കക്കാട്, വൈലോപ്പിള്ളി, വികെജി, സുഗതകുമാരി എന്നിവർ സഞ്ചരിച്ച പാതയിലൂടെ നടക്കാനിഷ്ടപ്പെട്ടിരുന്ന ദേശം, ആ പാരമ്പര്യത്തിൽ തന്നെ തന്‍റെ കാവ്യസപര്യ തുടരുകയും കവിതയ്ക്ക് പുതിയ സങ്കേതങ്ങളും മാനങ്ങളും സൃഷ്ടിക്കുകയും ചെയ്തു. "

ഇവിടെ ലേഖിക അറിഞ്ഞോ അറിയാതെയോ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. കാളിദാസനും കക്കാടും എൻ.വിയും ഒരേ പാതയിലായിരുന്നോ ?ആ പാതയിലേക്ക് ദേശം എത്തിപ്പെട്ടുവെന്നോ ? വിശ്വസിക്കാൻ പ്രയാസമാണ്.

5) മഹാകവി ജിക്ക് എറണാകുളത്ത് ഉചിതമായ സ്മാരകം ഉയർന്നിരിക്കയാണല്ലോ.

ഉത്തരം: ജിയുടെ കവിതയെ അതീവ താല്പര്യത്തോടെ വീക്ഷിക്കുന്നവർ ഇടക്കാലത്ത് കുറഞ്ഞതാണ് സ്മാരകം വൈകാൻ കാരണമായത്. ജിയെ സംശയത്തോടെ നോക്കുന്ന ഒരു കൂട്ടം ആസ്വാദകർ പ്രത്യക്ഷപ്പെട്ടു.ജിയുടെ ഷഷ്ടിപൂർത്തി വേളയിൽ, അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ, ജോസഫ് മുണ്ടശേരി നടത്തിയ വിമർശനവും സുകുമാർ അഴീക്കോട് "ശങ്കരക്കുറിപ്പ് വിമർശിക്കപ്പെടുന്നു' എന്ന കൃതിയിലൂടെ ഉയർത്തിയ വിയോജിപ്പും ആ കവിയുടെ ജീവിതത്തിൽ കരുവാളിച്ച പാടുകളായി അവശേഷിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com