
രമ്യതയിൽ കോർത്തു കിടക്കുന്നവർ
അക്ഷരജാലകം | എം. കെ. ഹരികുമാർ
"ഈ പ്രപഞ്ചത്തിൽ വേറിട്ട ഒരു വചനമുണ്ട്; അത് വാക്കുകൾ ഉപയോഗിക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്'- ജലാലുദ്ദീൻ റൂമി എഴുതിയതാണ്. വളരെ സൂക്ഷ്മമായ കേൾവിയാണിത്. ചിലപ്പോൾ ഒരു സമൂഹമോ രാഷ്ട്രമോ കേൾക്കാൻ കൂട്ടാക്കാത്ത വചനം. എന്താണ് ആ വചനം? നിസംശയം പറയാം, അത് സ്നേഹമാണ്. സ്നേഹമെന്നു പറഞ്ഞാൽ, ഭാഷയുടെ പരിമിതി കൊണ്ട്, നമുക്ക് എല്ലാം വ്യക്തമാവണമെന്നില്ല. സ്നേഹം പൊതുമണ്ഡലത്തിൽ ഒരു വ്യക്തിഗതമായ കാര്യമാണ്.
രണ്ടുപേർക്കിടയിൽ സംഭവിക്കുന്നതാണ്. മനുഷ്യനും പ്രകൃതിക്കുമിടയിൽ സംഭവിക്കുന്ന അടുപ്പമാണ്. എന്നാൽ ഇത് സ്നേഹിക്കാത്തവർക്ക് മനസിലാകണമെന്നില്ല. എല്ലാവരും സ്നേഹിക്കുന്നില്ല. ഭൂരിപക്ഷവും യുക്തിയെ മാത്രമാണ് ആശ്രയിക്കുന്നത്; കൊടുത്താൽ എന്തു കിട്ടുമെന്ന ചിന്ത. ഇവിടെ സ്നേഹം യുക്തിയിലാണ് പ്രവർത്തിക്കുന്നത്. എത്ര പുസ്തകങ്ങൾ വായിച്ചാലും സ്നേഹം അറിയണമെന്നില്ല. സ്നേഹിക്കുന്നവർ മാത്രമാണ് അതിന്‍റെ വേദനയറിയുന്നത്.
ശ്രേഷ്ഠമൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് എല്ലാറ്റിനും നിയമസംവിധാനത്തെയും പോലീസിനെയുമാണ് ആശ്രയിക്കുന്നത്. നിയമവ്യവസ്ഥയും വാദവും ശിക്ഷയുമില്ലെങ്കിൽ നമുക്ക് ഒരാളോടും സംസാരിക്കാൻ പോലും കഴിയില്ല. ജനാധിപത്യം എന്നൊക്കെ പറയുന്നത് നിയമത്തിന്‍റെ പിൻബലത്തിലാണ്. നിയമം കൊണ്ട് ജനാധിപത്യമാകാമെന്നാണ് വാദം. ജനാധിപത്യത്തിന്‍റെ മൂല്യങ്ങൾ രക്തത്തിൽ കലർന്നിട്ടില്ല. വ്യക്തികൾക്ക് ക്ഷമയോ ദയയോ ഇല്ല. എല്ലാം നിയമത്തിന്‍റെ കണ്ണിലൂടെയാണ് നോക്കി കാണുന്നത്. മനുഷ്യൻ നിയമം കൊണ്ട് മാത്രം ജീവിക്കാനറിയുന്ന ജീവിയാണ്.
സ്നേഹിച്ചാൽ ക്ഷമിക്കില്ല
ഒരു നായയെ സ്നേഹിക്കണമെങ്കിൽ അതിന്‍റെ അനുവാദം വേണമെന്നു ശഠിക്കുന്ന സംവിധാനമാണു ജനാധിപത്യത്തിലുള്ളത്. കാരണം, നായയ്ക്ക് സ്നേഹിക്കപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നായയുടെ ആ സ്വാതന്ത്ര്യം ഒരു കേവല ആശയമാണ്. അതുകൊണ്ട് അത് ആർക്കും ലംഘിക്കാനാവുകയില്ല. നായയ്ക്ക് സ്നേഹം വേണ്ടെങ്കിൽ ആർക്കാണ് അടിച്ചേൽപ്പിക്കാനുള്ള അവകാശം? നായ ഒരു സ്വതന്ത്രജീവിയാണെന്നു പറയുമ്പോഴും അതിന്‍റെ സ്വാതന്ത്ര്യം ആകാശത്തിലെ അമ്പിളിക്കലപോലെ അപ്രാപ്യമാണ്. ഭക്ഷണവും പാർപ്പിടവും വേണം. നായയ്ക്ക് യജമാനനെ വേണം. എന്നാൽ നായയ്ക്ക് സ്നേഹം വേണ്ട; സ്നേഹിക്കാമെന്നു ആരെങ്കിലും പറഞ്ഞാൽ അത് തള്ളിക്കളയാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് നായയെ സ്നേഹിക്കുന്നവൻ ശിക്ഷിക്കപ്പെടാതെ നിവൃത്തിയില്ല. തന്നെ സ്നേഹിക്കുന്ന ഒരു ഹതഭാഗ്യനോട് ക്ഷമിക്കാനുള്ള ശീലം നായയ്ക്കില്ല.
ഇതാണ് ജനാധിത്യപത്യത്തിന്‍റെ മഹത്തായ "ആദർശം. " സ്വാതന്ത്യത്തിനായുള്ള അവകാശവും മറ്റുള്ളവർക്കെതിരെ കേസു കൊടുക്കാനുള്ള സ്വാതന്ത്ര്യവുമാണ് അതിന്‍റെ ഉച്ചഭക്ഷണം. റൂമി സൂചിപ്പിച്ച ആ പ്രാപഞ്ചിക വചനമുണ്ടല്ലോ. അത് സ്നേഹം തന്നെയാണ്. നമ്മുടെ പകയും വെറുപ്പും നിറഞ്ഞ സ്നേഹമല്ല. നിരുപാധികമായ സ്നേഹമെന്നു പറയുമ്പോൾ അത് ഒരു സങ്കല്പമാണ്. അങ്ങനെയൊരു സ്നേഹം ഈ ലോകത്തില്ല. മനുഷ്യർ അവരവരുടെ പ്രാപ്തിക്കും ഇഷ്ടത്തിനുമൊപ്പമാണ് സ്നേഹത്തെ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ട് അവരവരുടെ വിധിക്കനുസരിച്ച് ദു:ഖിതരായിരിക്കും. ഈ പ്രപഞ്ചത്തിലെ മഹത്തായ ഒരു വചനമാണ് സ്നേഹം. വ്യക്തികൾ സ്വാർഥമായ കാര്യങ്ങൾ നേടുന്നതിനുപയോഗിക്കുന്ന ഒരു വികാരമല്ലത്; സകല ചരാചരങ്ങളെയും കൂട്ടിയിണക്കുന്ന ഒരു ആകർഷണമാണ്. സ്വാഭാവികമായ ആകർഷണമാണ്. യാതൊരു ലക്ഷ്യവുമില്ലാതെ രണ്ടു വസ്തുക്കൾ തമ്മിൽ അടുക്കുന്നതിന്‍റെ അനുഭവമാണ്. എപ്പോഴും വൃഥാ ചിന്തിക്കുന്നതാണ് പലപ്പോഴും രോഗത്തിനു കാരണം. ഒരു അവയവത്തിനും വിശ്രമം കൊടുക്കില്ല എന്ന നയത്തിന്‍റെ ഭാഗമാണിത്. ആവശ്യമില്ലാതെ ചിന്തിക്കുകയാണ്.
ചിന്താക്കുഴപ്പത്തിനും ചിന്താദാരിദ്ര്യത്തിനും ചിന്തയുടെ അർഥശൂന്യതയ്ക്കും വേണ്ടി വെറുതെ ചിന്തിച്ചുകൊണ്ടിരിക്കും. ചിന്തിക്കാതിരിക്കുന്നു എന്നു തെളിയിക്കാൻ വേണ്ടി ചിന്തിക്കേണ്ടി വരും. അതാണ് രോഗമുണ്ടാക്കുന്നത്. സ്നേഹം അങ്ങനെയല്ല. അത് എന്തെങ്കിലും ത്യജിക്കുമ്പോഴാണ് പ്രകടമാകുന്നത്. മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കുമ്പോൾ സുഖമുണ്ടാകുന്നു. ത്യാഗത്തിലും സ്നേഹം നേടാനാകും. സ്നേഹത്തിനു വേണ്ടിയാണ് സ്നേഹിക്കുന്നത്. സ്നേഹത്തേക്കാൾ വലിയൊരു വസ്തു ഇല്ല. ഈ ലോകത്തെ സകല വസ്തുക്കളെയും സ്നേഹമെന്ന ചരടുകൊണ്ടാണ് ബന്ധിച്ചിരിക്കുന്നത്. ആ സ്നേഹം അഭൗമമാണ്. അത് വ്യക്തികളുടെ മനസിൽ നിന്നു ചീത്ത ഉദ്ദേശത്തോടെ പുറപ്പെടുന്നതല്ല. ഏതൊരു വസ്തുവും സ്നേഹത്തിനു അർഹമാണ്. വസ്തുക്കൾ സ്നേഹമാണ് ആഗ്രഹിക്കുന്നത്. ഒരു പുസ്തകത്തെ യോ ഉപകരണത്തെയോ സ്നേഹിക്കാൻ നോക്കിയാൽ അത്ഭുതകരമായ പരിവർത്തനം സംഭവിക്കുന്നത് കാണാം.
അപാരമായ ബാന്ധവം
അതുവരെ നിശ്ചലമെന്നു തോന്നിയ ലോകം ആകർഷകമാകും. ഒരു വളര്‍ത്തുമൃഗമുണ്ടെങ്കിൽ വീടിനോട് സ്നേഹം തോന്നും. ആ മൃഗത്തോടുള്ള സ്നേഹം മറ്റു പലതിനോടുമുള്ള സ്നേഹമായി മാറും. വീടിനോടുള്ള ആകർഷണമായി അത് മാറും. സ്നേഹം നമുക്ക് ഈ ലോകത്തിന്‍റെ പ്രവർത്തനത്തിന്‍റെ രഹസ്യത്തിലേക്ക് വാതിൽ തുറന്നു തരികയാണ്. നമ്മുടെ സ്നേഹം ഒരു നായയോ പൂച്ചയോ മാത്രമല്ല പുസ്തകങ്ങളും ഉപകരണങ്ങളും തിരിച്ചറിയുന്നു. അത് വാക്കുകൾക്ക് അതീതമാണ്, അപാരമാണ്. ആ സ്നേഹം നിലനിൽക്കുന്നു എന്ന വിശ്വാസത്തിലാണ് അവ ജീവിക്കുന്നതെന്നു ശ്രദ്ധിച്ചാൽ വ്യക്തമാകും.
നാം സ്നേഹിക്കുന്ന പക്ഷം ഒരു പാത്രം മുഷിയാതെയും സൗന്ദര്യം നഷ്ടപ്പെടാതെയുമിരിക്കും. അതിനും നമുക്കുമിടയിൽ അസാധാരണമായ മൈത്രി ഉണ്ടായിരിക്കും. ഒരു സസ്യത്തെ ദിവസവും പരിപാലിച്ചാൽ, നമ്മുടെ തലോടൽ കൊണ്ട് അത് വളരാൻ തുടങ്ങും. സ്നേഹബന്ധത്തിന്‍റെ മൃദുലമായ സ്പർശത്താൽ അത് ജീവിതത്തെ സ്നേഹിക്കും. അത് എങ്ങനെയാണ് ഈ തലോടൽ മനസിലാക്കുന്നത് സ്നേഹം ഒരു പ്രാപഞ്ചികമായ കോഡാണ്. അത് എല്ലാ ജീവികൾക്കും സംവേദനം ചെയ്യപ്പെടുന്നുണ്ട്. യാതൊരു പഠിപ്പും മുറയുമില്ലാതെ തന്നെ അറിയാവുന്ന സ്വാഭാവിക സൗന്ദര്യമാണ് സ്നേഹം. ഒരു കാക്കയ്ക്ക് വെള്ളം കൊടുത്തുകൊണ്ടിരുന്നാൽ അത് നമ്മെ വിട്ടുപോകില്ല. അതിന്‍റെ സവിശേഷവും സുന്ദരവും പ്രാപഞ്ചികവുമായ സംവേദനമാണത്. അതിനെ ആഴത്തിൽ സ്പർശിക്കുന്ന സംവേദനം വേറൊന്നില്ല.
ഏതൊരു ജീവിയെയും സ്നേഹത്തിൽ നിന്നു ഒഴിവാക്കേണ്ടതില്ല. സ്നേഹിച്ചാൽ അത് തിരിച്ചു സ്നേഹിക്കും. അതിനു മനസിലാകുന്ന ഒരേയൊരു സത്യം ഇതാണ്. സ്നേഹത്തിനു വേണ്ടി നാം ക്ഷുദ്രമായ ആവശ്യങ്ങൾ വേണ്ടെന്നു വയ്ക്കുമ്പോൾ അവിടെ ദൈവം പ്രസരിക്കാൻ തുടങ്ങും. പ്രശാന്തവും അനേഹികവുമായ ഒരു തരംഗം എവിടെയോ സ്പർശിച്ചു കടന്നു പോകുന്ന പോലെ തോന്നും. വൈകാരികമായി ഇത് അനുഭവിക്കാനാകും. നമ്മളിൽ നിന്ന് അന്യമല്ല നമ്മുടെ വസ്തുക്കൾ എന്ന നിലയിലേക്കുള്ള കയറ്റമാണിത്. നമ്മിൽ തന്നെയാണ് ആ വസ്തുക്കൾ വസിക്കുന്നത്. അവയുടെ ജീവിതവും മരണവും നമ്മളിലാണ്. നാം ഉപേക്ഷിച്ചാൽ, നാം സ്നേഹിച്ചു കൊണ്ടിരുന്ന വസ്തുക്കൾക്ക് ലക്ഷ്യം നഷ്ടമാകും. അവ ജീവിതത്തോടു താല്പര്യമില്ലാത്ത വിധം സ്വയം ഉപേക്ഷിക്കും.
അന്തർലീനമായ സൗന്ദര്യം
കഴിഞ്ഞദിവസം അന്തരിച്ച ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ ഇങ്ങനെ പറഞ്ഞു: "പ്രേമത്തിൽ വേണ്ടത് ഫ്രഞ്ചുകാർ പറയുന്ന "ഭ്രാന്ത് പിടിച്ച പ്രേമ'മാണ്. അത് സുന്ദരമായിരിക്കില്ല. അത് സമ്പൂർണ്ണമായ പ്രേമമാണ്. അത് വികാരങ്ങളെ, പ്രവൃത്തികളെ മാത്രമല്ല ആശ്ളേഷിക്കുന്നത് ;പ്രേമത്തിന്‍റെ കണ്ണിലൂടെ ഈ ലോകത്തെ മനസിലാക്കുന്ന പ്രക്രിയയാണത്. "പ്രേമം എന്നു വിളിക്കുന്നത് എന്തിനെയാണോ അതിന്‍റെ പരിമിതിയെ മറികടക്കുന്ന പ്രസ്താവനയാണിത്. മനുഷ്യൻ എന്ന ജീവിയെ സ്റ്റീരിയോടൈപ്പ് എന്ന നിലയിൽ കാണുന്നതിനു പകരം വിവിധ സാധ്യതകളാണ് യോസ ആലോചിക്കുന്നത്. മനുഷ്യനും കുറേക്കൂടി അഗാധമായി ജീവിക്കാനാകും.
ഉള്ളിൽ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടവനാണ് മനുഷ്യനെങ്കിൽ അവനിൽ ബാക്കിയാവുക തോക്കും മിസൈലുകളുമൊക്കെയായിരിക്കും. ഡിജിറ്റൽ രൂപാന്തരം സംഭവിക്കുന്ന മനുഷ്യൻ ജീവിതത്തിൽ മുഖ്യലക്ഷ്യമായി കാണുന്നത് ഒരു സൈബർ വ്യക്തിത്വരൂപീകരണമാണ്. വർഷങ്ങൾക്കു മുൻപ് ഇന്തോനേഷ്യയിൽ ഒരു പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരുടെ സമീപത്തേക്ക് കടന്നുചെന്നു കണ്ടവരെയെല്ലാം വെടിവെച്ചുകൊന്ന ഒരുവൻ ആ സമയം അതെല്ലാം ഫേസ്ബുക്കിൽ ലൈവ് കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു !. അവനു കൊന്നാൽ മാത്രം പോരാ, കൊല്ലുന്നത് സ്വയം കാണാനും മറ്റുള്ളവരെ കാണിക്കാനും അവസരം വേണം.
അവന്‍റെ മനസിനെ ഭീകരമായ ആസക്തിയാണ് പിടികൂടിയിരുന്നത്. രക്തവും മരണവും ഹിംസയും കണ്ടുമതിവരാത്ത വിധം അവന്‍റെ മനസ് പൈശാചികമെന്നു വിശേഷിപ്പിക്കാവുന്ന ഒരു യുദ്ധവ്യൂഹമാവുകയായിരുന്നു. ഇത് സ്നേഹം നഷ്ടപ്പെട്ടവരുടെ മാനസികാവസ്ഥയാണ്. എന്നാൽ അപൂർവ്വം ചിലരെങ്കിലും മനസിലാക്കുന്നുണ്ട്, പ്രപഞ്ചത്തിലെ ഓരോ വസ്തുവും പരസ്പരം എങ്ങനെ രമ്യതയിൽ കോർത്തിണക്കാമെന്ന പദ്ധതിക്കു വേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന സത്യം. അത് ലൗകിക പ്രേമത്തിന്‍റെ തലമല്ല; ലൗകികതയ്ക്ക് ആഴം നൽകുകയും എല്ലാറ്റിലും അന്തർലീനമായ സൗന്ദര്യത്തെ അറിയുകയുമാണ്. എല്ലാ വസ്തുക്കളിലും ദൈവികമെന്നു വിളിക്കാവുന്ന ഒരു മനോഹാരിത ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. അതിന്‍റെ മുന്നിലൂടെ വാളും പിടിച്ചു ആക്രോശിച്ചുകൊണ്ട് നടക്കുന്നവരുടേതാണ് ഈ ലോകം. ആ വാതിലിൽ ഒന്നു മുട്ടാൻ സമയമില്ല.
"പ്രേമത്തിനു മറ്റൊരു ലക്ഷ്യമില്ല. അത് സ്വയം നിറയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് പ്രേമത്തെക്കുറിച്ചുള്ള അറിവിന്‍റെ പേരിൽ മുറിവേൽക്കാനാണ് ശ്രദ്ധിക്കേണ്ടത്' - ലബനീസ് കവി ഖലിൽ ജിബ്രാൻ എഴുതി. ഈ മുറിവേൽക്കൽ ഒരു അത്യാനന്ദമാണ്. ഓരോ പൂവിനും ഈ ചങ്ങലയിൽ ഒരു സ്ഥാനമുണ്ട്. കാട്ടിൽ ആരുമറിയാതെ വിരിഞ്ഞ് കാറ്റിലാടുന്ന നീലപ്പൂക്കൾക്ക് എന്താണ് ഇത്ര സന്തോഷം ?ഈ സത്യത്തെ അറിഞ്ഞതിന്‍റെ സന്തോഷമാണത്. പ്രപഞ്ചത്തിൽ അചേതനവസ്തുക്കളെയും പ്രകൃതിയെയും കൂട്ടിയിണിക്കുന്ന അഭൗമവും അതേസമയം സുന്ദരവുമായ സ്നേഹത്തെക്കുറിച്ച് ആശാൻ പാടുന്നത് ഇങ്ങനെയാണ്:
"സ്നേഹത്തിൽ നിന്നുദിക്കുന്നു -ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ - സ്വയം
സ്നേഹം താനാനന്ദമാർക്കും. "
സ്നേഹമില്ലെങ്കിൽ ലോകമില്ലെന്നാണ് കവിയുടെ മതം. പക്ഷേ ഈ സ്നേഹം ഒരു ഉടമ്പടിയല്ല, സാമ്പത്തിക ധാരണയല്ല, ക്രയവിക്രയമല്ല. ഇത് അപാരമായ അടുപ്പത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. നാം നമ്മുടെ തന്നെ നരകത്തിൽ നിന്നുണർന്നാൽ സ്നേഹത്തിന്‍റെ ഈ വിശുദ്ധ ധാരയിലേക്ക് പ്രവേശിക്കാം.
രജതരേഖകൾ
1) ലാറ്റിനമേരിക്കൻ നോവലിസ്റ്റ് മരിയോ വർഗാസ് യോസ തന്‍റെ സാഹിത്യസമീപനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു : "എനിക്കിഷ്ടപ്പെട്ട നോവലുകൾ ഞാൻ വായിക്കുന്ന രീതിയിൽ എന്‍റെ നോവലുകൾ വായിക്കപ്പെടുന്നതാണ് എനിക്കിഷ്ടം. എന്നെ ഏറ്റവുമധികം ആകർഷിച്ച നോവലുകൾ ബുദ്ധിയുടെയോ യുക്തിയുടെയോ ചാലുകളിലൂടെ എന്നിലേക്കെത്തിയവയല്ല, എന്നെ വശീകരിച്ചവയാണ്. എന്‍റെ എല്ലാ വിമർശനാത്മക സിദ്ധികളെയും പൂർണമായി ഉന്മൂലനം ചെയ്യാനും ഒരു ഉദ്വേഗാവസ്ഥയിൽ എന്നെ നിർത്തിപ്പോ വാനും കഴിവുള്ള കഥകളാണവ. അത്തരം നോവലാണ് എനിക്ക് വായിക്കാനിഷ്ടമുള്ളതും എനിക്കെഴുതാനിഷ്ടമുള്ളതും' .(രവികുമാർ വാസുദേവൻ )
ഒരു സാഹിത്യകൃതി നമ്മെ "മുൻജന്മ'ത്തിലേ തന്നെ സ്വാധീനിക്കുകയാണ്. അത് നമ്മളിലേക്ക് എറിഞ്ഞുതരാൻ മറ്റൊരാളുടെ ആവശ്യമില്ല.
2) സ്വന്തം വായന എന്നൊരാശയമുണ്ട്. സ്ഥാപനങ്ങളോ വ്യക്തികളോ പറഞ്ഞുതരാത്ത പുസ്തകങ്ങളും ചിന്തകളും വായനക്കാരൻ സ്വയം തേടിച്ചെല്ലുന്ന പ്രകിയയാണിത്. ആൾക്കൂട്ടത്തിലായിരിക്കുമ്പോഴും ആ ചിന്തകൾ കൊണ്ടുനടക്കാം. അതാണ് വായിക്കാൻ പ്രേരിപ്പിക്കുന്നത്.
3) സുറാബ് എഴുതിയ കവിത (വീട്ടുകാര്യം,പച്ചമലയാളം, ഏപ്രിൽ) യിൽ രസാനുഭവം നിലനിൽക്കുന്നു.
"കണ്ട കിനാവിന്‍റെ കൂടെ
എഴുന്നേറ്റു പോയതെന്തിന്?
നിന്നെ ഉണർത്താതിരിക്കാൻ.
കിടപ്പറവാതിലിനു കൊളുത്തില്ലല്ലോ. വീട്ടിലേക്ക് തന്നെ ആരും നോക്കുന്നില്ല പിന്നെയല്ലേ കിടപ്പറ'.
4) ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ബ്ലാങ്ക് ചെക്കല്ല; എന്തും എഴുതുകയോ വരയ്ക്കുകയോ ചെയ്യാനവകാശമില്ല. ഷേക്സ്പിയർ യേശുദേവനെ അപമാനിക്കാൻ വേണ്ടിയല്ല നാടകങ്ങൾ എഴുതിയത്. ദൈവവുമായി ചൂതാട്ടത്തിലേർപ്പെട്ട ദസ്തയെവ്സ്കി പോലും ദൈവത്തെ അപമാനിച്ചില്ല. സമൂഹത്തിൽ മനുഷ്യൻ പവിത്രമായി ആരാധിക്കുന്നതിനെ കളിയാക്കാനും നിന്ദിക്കാനും കലാകാരനു അവകാശമില്ല. കലാകാരൻ അതിനു വേറെ ആവിഷ്കാരമാർഗങ്ങൾ തേടുകയാണ് വേണ്ടത്. അയാളുടെ ബുദ്ധിയാണ് അവിടെ പ്രവർത്തിക്കേണ്ടത്.
5) കലാകാരനും ഒരു ഭിക്ഷാംദേഹിയാണ്. അനുവാചകരുടെ പ്രീതിയാണ് അയാൾ തേടുന്ന ഭിക്ഷ. അയാളെക്കുറിച്ച് സമൂഹം പുലർത്തുന്ന തെറ്റായ ധാരണകളെയും കേൾക്കേണ്ടിവരുന്ന വിഷം പുരട്ടിയ വാക്കുകളെയും പൂമാല പോലെ ഏറ്റെടുത്താലേ കലാകാരനു നിലനിൽക്കാനാവൂ. തന്നെ ആളുകൾ ചീത്ത പറയുന്നത് ചങ്ങമ്പുഴ ആസ്വദിച്ചിരുന്നു. ചീത്ത പറഞ്ഞ വിവരം അറിയിക്കുന്നവരെ അദ്ദേഹം അനുമോദിക്കാറുണ്ടായിരുന്നു.
6) സാഹിത്യത്തിൽ എല്ലാ എസ്റ്റാബ്ലിഷ്മെന്‍റുകളും വിമർശകർക്ക് എതിരാണ്. വിമർശനം ഒരു അധികാരകേന്ദ്രമാണെന്നതാണ് കാരണം. ഏത് വലിയ സാഹിത്യകാരനായാലും വിമർശകന്‍റെ ഒറ്റവരിയുക്തിയുടെ പ്രഹരമേറ്റ് ചിലപ്പോൾ വാടിപ്പോയേക്കാം.
7) ദസ്തയെവ്സ്കിയുടെ ആദ്യ നോവലാണ് "പുവർ ഫോക്ക്' (പാവങ്ങൾ). അദ്ദേഹം എഴുതി: "ദാരിദ്ര്യമല്ല ഏറ്റവും വലിയ ദുരന്തം; അന്തസ് നഷ്ടപ്പെടുന്നതാണ്'.
6) 21ാം നൂറ്റാണ്ടിലെ സ്നേഹം, ഒരു കടലാസിൽ എഴുതുമ്പോൾ തന്നെ മാഞ്ഞുപോകുന്ന അവസ്ഥയ്ക്ക് സമാനമാണ്. അത് എഴുതുമ്പോൾ മാത്രമാണുള്ളത്.
8) "ആത്മഹത്യ ചെയ്യുന്നവന്‍റെ തയ്യാറെടുപ്പ്' (ഗ്രന്ഥാലോകം, ഏപ്രിൽ ) എന്ന പേരിൽ റഷീദ് ആനപ്പുറം എഴുതിയ കവിതയോടു യോജിപ്പില്ല. ആത്മഹത്യ ചെയ്യുന്നവനു ജീവിതത്തോടു കൂറുണ്ടായിരുന്നുവെന്നു സ്ഥാപിക്കാനാണ് കുറിപ്പ് തയ്യാറാക്കി വയ്ക്കുന്നത്. എന്തിനാണ് മരിക്കാൻ തീരുമാനിച്ച ശേഷം തന്‍റെ മരണം ജീവിതമായിരുന്നുവെന്ന് എഴുതിവച്ച് അറിയിക്കുന്നത്? ഇത് ജീവിതപ്രേമമാണ്. ജീവിതത്തെ വെറുക്കുന്നവൻ ആത്മഹത്യ ചെയ്യുമ്പോൾ ഒരു രേഖയും ഉണ്ടാക്കി വയ്ക്കില്ല. എന്തിനാണ് താൻ ജീവിതത്തെ നിസാരമായല്ല കണ്ടതെന്നു ആളുകളെക്കൊണ്ട് പറയിപ്പിക്കുന്നത്. റഷീദിന്‍റെ കവിതയിൽ നിന്ന്:
"ആത്മഹത്യ ചെയ്യുന്നവൻ
നല്ല ഭംഗിയുള്ള ശവപ്പെട്ടി
ഓൺലൈനിൽ സെർച്ച് ചെയ്യും.
സെമിത്തേരിയിൽ
വെൺകല്ലുകൊണ്ട് കല്ലറ പണിയാൻ
കൂട്ടുകാരനു വാട്സപ്പ് മെസേജയയ്ക്കും.
ശ്മശാനത്തിൽ കത്തിച്ചു കളഞ്ഞ ദേഹത്തിലെ
ബാക്കി എല്ലുകൾ
പാപനാശിനിയിലൊഴുക്കാൻ
കുറിപ്പെഴുതി പോക്കറ്റിലിടും'
എന്തിനാണ് ആത്മഹത്യയെ അപമാനിക്കുന്നത് ?ആത്മഹത്യ ഒരു കാപട്യമാണെന്നു കരുതാമോ? ആത്മഹത്യ ദാർശനിക പ്രശ്നമാണെന്നു പറഞ്ഞ ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യുവിനെ അറിയുക.