
അക്ഷരജാലകം | എം.കെ. ഹരികുമാർ
അമെരിക്കൻ പ്രകൃതിവാദി ഹെൻറി ഡേവിഡ് തോറോയെ പോലെ ഒരു വനത്തിൽ തടാകക്കരയിൽ പോയി രണ്ടുവർഷം ഒറ്റയ്ക്ക് താമസിച്ചു 'വാൽഡൻ' എന്ന പുസ്തകമെഴുതാൻ നാഗരികജീവികളായ സൂപ്പർ സ്പെഷ്യാലിറ്റി, ഹൈപ്പർ മാർക്കറ്റ്, ഷോപ്പിംഗ് മാൾ സംസ്കാരത്തിന്‍റെ ഗുണഭോക്താക്കളായ ആധുനിക മനുഷ്യർക്ക് ഒരിക്കലും സാധിക്കില്ല. അവരുടെ യാത്ര പോലും അറേഞ്ച്ഡാണ്. ഒരു കൂട്ടമായി യാത്ര ചെയ്യുന്ന അവർ കൂട്ടമായി കാണുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു. അവർക്ക് നിശ്ചയിക്കാത്ത വഴികളിലൂടെ ഒരു യാത്ര സാധ്യമല്ല. അവരുടെ അനുഭവങ്ങൾ വെട്ടിയൊതുക്കിയതും പൂർവ്വാപരബന്ധമില്ലാത്തതുമാണ്. സിനിമയുടെയും സാഹിത്യത്തിന്‍റെയും ഭൂതകാലമില്ലാത്തതുകൊണ്ട് അവരൊക്കെ 'രോമാഞ്ചം' സിനിമ കണ്ടും അഖിലിന്‍റെ 'ആനന്ദി റാം' നോവൽ വായിച്ചും കൈയടിക്കുന്നു. ഒരു ഭൂതകാലം പെട്ടെന്നു നമ്മുടെ കൺമുന്നിൽ അപ്രത്യക്ഷമായിരിക്കുന്നു. അൽഷിമേഴ്സ് വന്ന് അപഹരിച്ച ഭൂതകാലമല്ല നമ്മുടേത്. വർത്തമാനകാല ജീവിതത്തിന്‍റെ വേഗം വർദ്ധിച്ചതിനനുസരിച്ച് സൗകര്യപൂർവം ഉപേക്ഷിച്ച ഭൂതകാലമാണത്. അതുകൊണ്ട് ഈ കാലം മാത്രമാണ് അനുവാചകർക്ക് മുന്നിലുള്ളത്.ഇവിടെ യാതൊന്നിനും അനുഭൂതിയുടെ സൗഭാഗ്യമില്ല. എല്ലാം വാക്കുകളായി ഒഴുകിപ്പരക്കുകയാണ്. എണ്ണമറ്റ കാഴ്ചകൾ, എണ്ണമറ്റ ഭക്ഷണസാധനങ്ങൾ, എണ്ണമറ്റ വിനോദങ്ങൾ, എണ്ണമറ്റ സൗഹൃദങ്ങൾ, എണ്ണമറ്റ വെറുപ്പുകൾ, എണ്ണമറ്റ കാമങ്ങൾ എണ്ണമറ്റ പ്രേമഭംഗങ്ങൾ, എണ്ണമറ്റ ആസക്തികൾ, എണ്ണമറ്റ ആവലാതികൾ, എണ്ണമറ്റ സംശയങ്ങൾ, എണ്ണമറ്റ രുചികൾ, എണ്ണമറ്റ നോട്ടങ്ങൾ, എണ്ണമറ്റ തിന്മകൾ... എവിടെയും ദൃശ്യമാണ്.
ഓരോന്നും പലതാണ്. ഒരാൾ സ്വയം പലതായി വിഭജിക്കപ്പെട്ടിരിക്കുന്നു. 'ഞാൻ സ്വതന്ത്രനാകാൻ വിധിക്കപ്പെട്ടിരിക്കുന്നു' എന്നു സാഹിത്യകാരനും തത്ത്വചിന്തകനുമായ ഷാൻ പോൾ സാർത്ര് പറഞ്ഞതിന്‍റെ ഭവിഷ്യത്ത് ഇതാണോ? ഇപ്പോൾ ആരാണ് സ്വതന്ത്രനാകാൻ വിധിക്കപ്പെട്ടത് സാമൂഹ്യജീവിതത്തിൽ ?സിവിൾസമൂഹ ജീവിതത്തിൽ ഓരോ വ്യക്തിയും വ്യവസ്ഥിതിയുടെ അവയവമാണ്. ആ വ്യവസ്ഥയ്ക്കകത്ത് അതിന്‍റെ താളത്തിനൊത്ത് ചലിക്കുകയല്ലാതെ അനങ്ങാൻ നിവൃത്തിയില്ല. കലാകാരന്മാർ നിലവിലിരിക്കുന്ന വ്യവസ്ഥയ്ക്കെതിരെ പോരാടണമെന്നു ആൽബേർ കമ്യു പറഞ്ഞത് പുതിയ ജീവിതവും സ്വതന്ത്രമായ ആയിത്തീരലും സ്വപ്നം കണ്ടുകൊണ്ടാണ്. ജീവിതത്തിനു മാമൂലുകൾ അനുസരിച്ചുള്ള അർത്ഥം കണ്ടെത്താൻ കഴിയാത്തതുകൊണ്ട് സ്വതന്ത്രമായി ചിന്തിച്ച് സ്വന്തമായ ഒരർത്ഥം കണ്ടെത്താമെന്നാണ് കമ്യു പറഞ്ഞത്. ഇപ്പോൾ അങ്ങനെയൊരു അർത്ഥം ആവശ്യമേയില്ല. കാരണം, മനുഷ്യർ സ്വാതന്ത്ര്യത്തെ സമൂഹമാധ്യമമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു; ഓരോ വ്യക്തിയും അവന്‍റെ ജീവിതം സമൂഹമാധ്യമ പ്രതികരണമായി അഭി ദർശിക്കുന്നു. അല്ലെങ്കിൽ ഓരോ വ്യക്തിയും തന്‍റെ ജീവിതത്തെ ഉപഭോക്തൃ ആഗ്രഹങ്ങളുടെ ആകെത്തുകയായി വീക്ഷിക്കുന്നു. അതിന്‍റെ പരിണാമമാണ് വാർത്താചാനലുകളുടെ ചർച്ചകളിൽ കാണുന്നത്. പാനലിലുള്ളവർ സമൂഹമാധ്യമജീവിതത്തെ ടെലിവിഷനിലേക്ക് കൊണ്ടുവരികയാണ്. താൻ ചീത്തവിളിച്ചാൽ, തെറി പറഞ്ഞാൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നു ചിന്തിക്കുന്നവർ ഏറുകയാണ്.
അനുഭൂതികൾ എവിടെ?
ആത്മാർത്ഥതയില്ലാത്തവർ പോലും ആത്മാർത്ഥയുള്ളവരാണെന്നു സ്ഥാപിക്കാൻ വേണ്ടി അഭിനയിക്കുന്നു. പാനലിലുള്ളവരിൽ ഒരാൾ എന്തെങ്കിലും പറഞ്ഞാൽ അതിനേക്കാൾ കൂടുതൽ പറയുന്ന താനാണ് അറിവുള്ളവൻ, അധികാരി എന്നു തെളിയിക്കാൻ പാടുപെടുന്ന അവതാരകൻ.ഇവർ വയലിൻ വായിക്കുന്നത് ആര് കേൾക്കാനാണ് ?കേൾക്കുന്നവരിൽ ഭൂരിപക്ഷത്തിനും ചെവി കേൾക്കാൻ കഴിയുന്നില്ല എന്ന യാഥാർത്ഥ്യം ആരു തിരിച്ചറിയും? ഒരു മതപ്രചാരണ ടിവി ചാനലിൽ ഒരു സുവിശേഷപ്രസംഗകൻ പറയുന്നത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹം പറഞ്ഞത് താൻ പതിറ്റാണ്ടുകളായി സുവിശേഷപ്രസംഗം നടത്തിയെങ്കിലും അത് ആളുകളുടെ ഉള്ളിൽ കയറിയോ എന്നു സംശയമുണ്ടെന്നാണ്.ഉത്തര- ഉത്തരാധുനിക, ഡിജിറ്റൽ, സമൂഹമാധ്യമ വൈറലുകളുടെ അതിജീവനത്തിനിടയിൽ അനുഭൂതികൾ ഇല്ലാതാവുകയാണ്. വയലിൻ കേൾക്കാൻ കഴിയുന്നില്ല, ചെവിയടഞ്ഞു പോയതുകൊണ്ട്. ആരാണ് ശ്രവണസഹായിയുമായി വരുന്നത്?
പ്രഭാഷകന്മാർ ഓടി നടന്നു പ്രസംഗിക്കുന്നതല്ലാതെ ആരെയും ഒന്നും സ്വാധീനിക്കുന്നില്ല. അതുകൊണ്ട് അവർക്ക് യെസും നോയും ഒരേസമയം പറയേണ്ടിവരും. സ്നേഹത്തെക്കുറിച്ച് കവിതയെഴുതാൻ ധാരാളം പേരുണ്ട്. സ്നേഹത്തെക്കുറിച്ച് ലേഖനമെഴുതാനും പ്രസംഗിക്കാനും ആളുകളുണ്ട്. എന്നാൽ സ്നേഹം എന്ന അനുഭൂതി മനസ്സിലില്ല. സ്നേഹം ഒരനുഭൂതിയാണ്. അത് മനസ്സിനുള്ളിൽ ചെയ്യുന്ന കുറെ ജോലികളുണ്ട്. സ്നേഹിക്കുന്നവരെക്കുറിച്ച് നാം ചിന്തിക്കും, പ്രാർത്ഥിക്കും. അവരെന്താണ് ചിന്തിക്കുന്നതെന്നു ചിന്തിക്കും.അവരുടെ ഏകാന്തതകളെക്കുറിച്ച് ആലോചിക്കും. അവർക്ക് വേണ്ടി സമയം കണ്ടെത്തും. ഇതൊക്കെ അനുഭൂതിയുടെ പ്രത്യക്ഷതകളാണ്. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യൂണിവേഴ്സൽ ഹൃദയത്തിൽ സ്നേഹം അനുഭൂതിയാകുന്നില്ല. അത് സ്നേഹത്തെ ഒരു കണക്കായി ദർശിക്കുന്നു.ദൈവം സ്നേഹമാണെന്നു വിശ്വസിക്കുന്നവരുണ്ടോ ?എങ്കിൽ സ്നേഹത്തിനു ക്ഷതമേറ്റാൽ കോടതിയിലേക്ക് പോകുമോ? ഇന്നത്തെ ജീവിതത്തിൽ വിശ്വാസം, സ്നേഹം, സഹിഷ്ണുത,അനുകമ്പ തുടങ്ങിയ വികാരങ്ങളുടെ പേരിൽ യാതൊന്നും സംഭവിക്കുന്നില്ല. എല്ലാം നീതിന്യായ സംവിധാനത്തിനും പോലീസിനും കൈമാറിയിരിക്കുകയാണ്. പോലീസും കോടതിയും പരാജയപ്പെടുമെന്നു മുൻവിധിയുള്ളവർ നേരിട്ട് 'നീതി' നടപ്പാക്കാൻ വേണ്ടി അക്രമത്തിലേക്ക് തിരിയുന്നു. അക്രമംകൊണ്ട് ജയിക്കുമെന്നു വിചാരിക്കുന്നവരുടെ മധ്യകാലമാണിത്.
പുതിയ മധ്യകാലം
യഥാർത്ഥ മധ്യകാലത്തെ ഈ ആധുനികവൽകൃത മധ്യകാലം പരാജയപ്പെടുത്തിയിരിക്കുന്നു. കഴുത്തറക്കുന്നവർ, കൊന്നു കുഴിച്ചുമൂടുന്നവർ, വീട്ടിൽ കയറി അക്രമം ചെയ്യുന്നവർ പെരുകുകയാണ്. ഒരു 'മാർക്കോ' ലോകമായി ഇത് പരിണമിക്കുകയാണ്. അതുകൊണ്ട് ഈ കാലത്ത് എഴുത്തുകാരൊക്കെ നിഷ്പ്രഭരാവകയാണ്. എഴുത്തുകാർ ഇന്നു ജീവിച്ചിരിക്കുന്നത് ഞായറാഴ്ചപതിപ്പുകളും പത്രങ്ങളുമുള്ളതുകൊണ്ടാണ്. തൊണ്ണൂറു വയസ്സായാലെന്താ അപ്പോഴെങ്കിലും എഴുത്തുകാരനെ മാധ്യമങ്ങൾ ജീവിച്ചിരിക്കുന്നു എന്നു അംഗീകരിക്കുന്നുണ്ടല്ലോ.
എഴുത്തുകാരുടെ നർമ്മം ആസ്വദിക്കാൻ മാധ്യമങ്ങൾ അവർക്ക് 90 വയസാകുന്നതുവരെ കാത്തിരിക്കുന്നു. ചിന്തിക്കുന്നവരെ, പ്രതിഷേധിക്കുന്നവരെ സാഹിത്യോത്സവങ്ങളിൽ പൊതുവേ കാണാറില്ല. സാഹിത്യോത്സവങ്ങൾ വെറും ചടങ്ങായി മാറുകയാണ്. ഉള്ളടക്കവും ചർച്ചയും പ്രഹസനമാണ്. ഭൂതകാലം നഷ്ടപ്പെടുത്തിയവരും എഴുത്തിന്‍റെ ആഭ്യന്തരലോകത്തെക്കുറിച്ച് യാതൊന്നുമറിയാത്തവരും ചർച്ച ചെയ്തിട്ടു എന്താണ് പ്രയോജനം ? ഉത്സവ നടത്തിപ്പുകാരുടെ എസ്റ്റാബ്ലിഷ്മെന്‍റ് സങ്കല്പത്തെ തൃപ്തിപ്പെടുത്തുന്നവരുടെ തള്ളിക്കയറ്റമാണ് കാണുന്നത്. ചിന്തിക്കാനും ചിന്തിപ്പിക്കാനുമല്ല; അനുസരിക്കാനും വഴങ്ങാനുമാണ് എന്നു നെറ്റിയിൽ എഴുതി ഒട്ടിച്ചവരെയാണ് ഇന്നത്തെ സാംസ്കാരിക ലോകം തേടുന്നത്. വൈരുദ്ധ്യങ്ങൾ വളരെ വേഗം ഒരു ക്രമമായിത്തീരുകയാണ്. പോരാട്ടങ്ങളെല്ലാം സാമ്പ്രദായികമാക്കപ്പെട്ടിരിക്കുന്നു. എല്ലാ പ്രതിഷേധങ്ങളും ഓമനപ്പെരുമാറ്റങ്ങളായിത്തീർന്നിരിക്കുന്നു.
റഷ്യയിലെ പ്രമുഖ സാഹിത്യവിമർശകനായ മിഖായേൽ ബകുനിൻ പറഞ്ഞു: 'പ്രതിഷേധിക്കുക എന്നത് ജീവന്‍റെ സ്വാഭാവിക പ്രവണതയാണ്. ഒരു പുഴു പോലും തന്നെ ചവിട്ടിയരയ്ക്കാൻ വരുന്ന കാലിനെതിരെ തിരിയും. പൊതുവിൽ ഒരു ജീവിയുടെ സചേതനത്വവും ആപേക്ഷികമായ അന്തസ്സും തിരിച്ചറിയാൻ കഴിയുന്നത് പ്രതിഷേധിക്കാനുള്ള അതിന്‍റെ ജന്മവാസനയുടെ തീവ്രതയനുസരിച്ചാണ്.' തൊട്ടാൽ കടിക്കുന്നത് ഉറുമ്പിന്‍റെ തീവ്രവും വിശുദ്ധവുമായ ഒരു പ്രതിപ്രവർത്തനമാണ്. ഉറുമ്പ് പ്രതിഷേധിക്കുന്നു, എത്ര വലിയ നെപ്പോളിയനായാലും. എന്നാൽ ഈ ഗുണം ഇനി സാഹിത്യകാരന്മാരിലോ സാംസ്കാരിക പ്രവർത്തകരിലോ കാണുകയില്ല. കഴിഞ്ഞ ദിവസം ഒരു മുതിർന്ന സാഹിത്യകാരൻ തിരുവനന്തപുരത്ത് ചെയ്ത ഒരു പ്രസംഗത്തിന്‍റെ റിപ്പോർട്ട് പത്രത്തിൽ വായിച്ചു. അധികാരത്തിന്‍റെ കൂടെ നിൽക്കരുതെന്നു പറയുന്നത് തെറ്റായ ധാരണയാണെന്നും എഴുത്തുകാർ പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും സർക്കാരിനും പ്രതിപക്ഷത്തിനും ഒപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്. തനിക്ക് വഴങ്ങുന്ന വളയങ്ങൾ നിർമ്മിക്കുകയും അതിലൂടെ ചാടാൻ പുതിയ തത്ത്വങ്ങൾ കണ്ടുപിടിക്കുകയുമാ ഇത്തരക്കാർ ചെയ്യുന്നത്. സാഹിത്യകാരന്മാരുടെ മാറിയ പ്രായോഗികവീക്ഷണമാണ് ഇതിനടിസ്ഥാനം. പണത്തിന്‍റെയും അധികാരത്തിന്‍റെയും വ്യവസായത്തിന്‍റെയും നിയന്ത്രണത്തിലായിക്കഴിഞ്ഞിരിക്കുന്ന സാഹിത്യ,സാംസ്കാരിക പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഇങ്ങനെ പ്രതികരിക്കാനേ സാധിക്കുകയുള്ളൂ.
അധികാരികളുടെ പിന്നാലെ
സ്റ്റാറ്റസ് കോ എന്നു പറയുന്നതിനെ ഒരു യഥാർത്ഥ എഴുത്തുകാരൻ തള്ളിക്കളയുകയാണ് ചെയ്യുന്നതെന്നു ആൽബേർ കമ്യു പറഞ്ഞത് ഇന്നത്തെ സ്വാർത്ഥരും തൻകാര്യ വിദഗ്ദ്ധന്മാരുമായ എഴുത്തുകാർക്ക് അംഗീകരിക്കാൻ നിവൃത്തിയില്ല. ഇന്നു സ്റ്റാറ്റസ് കോ നിലനിന്നാൽ മതിയെന്നാണ് പലരും ആഗ്രഹിക്കുന്നത്. അത്തരം നിലവാരമാണ് ഇന്നത്തെ കൃതികൾ ക്കുമുള്ളത്. ആശയപരമായ കലാപത്തിനോ എതിർപ്പിനോ യാതൊരു സാധ്യതയും നിലനിൽക്കുന്നില്ല. അങ്ങനെ ചെയ്താൽ അധികാരകേന്ദ്രങ്ങളുടെ അപ്രീതിക്ക് കാരണമാകുമെന്നു മാത്രമല്ല കിട്ടാനുള്ളത് പലതും കിട്ടാതാവും. യാതൊരു പ്രവർത്തനത്തിലും ഇടപെടാതിരിക്കുക എന്നുള്ളതാണ് ഇന്നത്തെ ഏറ്റവും വലിയ വിദ്യാഭ്യാസം. അധികാരസ്ഥാപനങ്ങളും സാംസ്കാരികമേളകളും എതിരാകുന്നതോടുകൂടി എഴുത്തുകാരുടെ ജീവിതം അർത്ഥമില്ലാത്തതായിത്തീരും. എന്തിനാണ് ഇവരെയൊക്കെ വെറുപ്പിച്ചു കേശവദേവിനെ പോലെ പുലിവാൽ പിടിക്കുന്നത്? ദേവ് വ്യവസ്ഥകളോടു കലഹിച്ചു. അപ്പോൾ ദേവിനു പ്രസംഗിക്കാൻ വേദികളും എഴുതാൻ മാസികകളും ഇല്ലാതായി. അദ്ദേഹം 'ഓടയിൽ നിന്നി'ലെ പപ്പുവിനെ പോലെ ഒറ്റപ്പെട്ടു. അദ്ദേഹം ഒറ്റയ്ക്ക് വലിക്കുന്ന റിക്ഷയായി ജീവിതത്തെ കണ്ടു. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എഴുത്തുകാർ അധികാരികളുടെ പിന്നാലെയാണ്. അതാണ് സുഖം. അവർ നല്കുന്ന ഗാരൻറി തങ്ങൾ യാതൊന്നും ചിന്തിക്കുകയില്ല എന്നതാണ്. ഇക്കാര്യത്തിൽ പുതിയ കാലഘട്ടത്തിലെ എഴുത്തുകാരെ വിമർശിച്ചിട്ടു എന്താണ് പ്രയോജനം ? അവരെ പിന്തുണയ്ക്കാനും സഹകരിപ്പിക്കാനും വലിയൊരു ആൾക്കൂട്ടമാണുള്ളത്. ഭാവുകത്വം മരിച്ചു. വയലിൻ വായിക്കുന്നത് കേൾക്കാൻ കഴിയാത്ത ആൾക്കൂട്ടമാണോ ഇത് ?
രജതരേഖകൾ
1) ഫ്രഞ്ച് ചിന്തകനും ഗ്രന്ഥകാരനുമായ മിഷേൽ ഫുക്കോ പറഞ്ഞു, അധികാരം സമൂഹത്തിൽ യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുന്നുവെന്ന്. എല്ലായിടത്തും അധികാരമാണ് - അദ്ദേഹം പറഞ്ഞു. അധികാരം എന്നാൽ അറിവ് എന്നും വ്യാഖ്യാനിക്കുന്നുണ്ട്. അധികാരം അടിച്ചമർത്തുകയല്ല, ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നതത്രേ. അറിവിലൂടെയാണ് മനുഷ്യൻ തൊഴിൽ തേടുന്നത്. അങ്ങനെ മനുഷ്യൻ ഒരർത്ഥമാകുന്നു. സത്യത്തെ നിർണയിക്കുന്നത് അതാണ്. ഇങ്ങനെയാണ് വ്യക്തികൾ സമൂഹത്തിൽ എന്തെങ്കിലുമായിത്തീരുന്നതെന്നും ഫുക്കോ അഭിപ്രായപ്പെടുന്നുണ്ട്.
2) പത്രപ്രവർത്തകനായ ജി. ഷഹീദ് എഴുതിയ 'മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികൾ'(മാതൃഭൂമി) എന്ന പുസ്തകം അറിയപ്പെടാത്ത ഒരു ചരിത്രമണ്ഡലമാണ് അനാവരണം ചെയ്യുന്നത്.ആഫ്രിക്കൻ സ്വാതന്ത്ര്യസമരത്തിൽ നെൽസൺ മണ്ടേലയോടൊപ്പം പോരാടിയ ബില്ലി നായർ(പാലക്കാട്) പോൾ ജോസഫ് (മൂവാറ്റുപുഴ) എന്നിവരെക്കുറിച്ചാണ് ഈ പുസ്തകം. നഷ്ടപ്പെട്ട ചരിത്രത്തെ വീണ്ടെടുക്കുന്നതോടൊപ്പം ഇത് ആഫ്രിക്കൻ സ്വാതന്ത്ര്യസമരത്തെ ഒരിക്കൽ കൂടി ചർച്ചയിലേക്ക് കൊണ്ടുവരികയാണ്. നാലുവർഷത്തെ നിരന്തരമായ ഗവേഷണത്തിന്‍റെയും അലച്ചിലിന്‍റെയും ഫലമായി എഴുതിയതാണിത്. ഇതിൽ ബില്ലിനായരെക്കുറിച്ച് മണ്ടേല തന്‍റെ 'കോൺവെർസേഷൻ വിത്ത് മൈസെൽഫ്' എന്ന ഗ്രന്ഥത്തിൽ അനുസ്മരിക്കുന്നത് ഉദ്ധരിച്ചു ചേർത്തിട്ടുണ്ട്. ഇതുവരെ കേട്ടിട്ടില്ലാത്ത രണ്ട് അസാധാരണ മലയാളികളെ പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ. ഇവരുടെ കുടുംബങ്ങളിൽ പോയി പ്രതീകാത്മക ആദരവ് ചടങ്ങുകൾ സംഘടിപ്പിക്കാൻ ഗാന്ധിയന്മാരും മറ്റു പ്രമുഖരും തയ്യാറാവുമെന്നു പ്രതീക്ഷിക്കാം.
3) സയൻസ് ഫിക്ഷ്ന്‍റെയും ഉത്തരാധുനിക കഥാഖ്യാനസങ്കേതത്തിന്‍റെയും പശ്ചാത്തലത്തിൽ അമൽ എഴുതിയ 'സാംസ'(ഡിസി) എന്ന നോവൽ നവീനകാലത്തെ സാഹിത്യാനുഭവങ്ങളുടെ വാതിൽ മുട്ടിത്തുറക്കുകയാണ്. ഒന്നിലധികം ചിമിഴുകളിൽ അനുഭവങ്ങൾ ചിതറി വീഴുമ്പോൾ കാലങ്ങൾ കൂടിച്ചേർന്നു പ്രാപഞ്ചികമായ ഡിസൈനുകൾ അനാവരണം ചെയ്യുന്നു. നല്ലൊരു പരീക്ഷണമാണിത്.
4) ഒരിക്കലും ഉത്തരം കാണാൻ കഴിയാത്ത ഒരു ചോദ്യം ഓസ്ട്രിയൻ മനോവിശ്ളേഷകനായ സിഗ്മണ്ട് ഫ്രോയിഡിന്‍റെ മനസ്സിലുണ്ടായിരുന്നു. ആർക്കും അതിനുത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ആ ചോദ്യം ഇതാണ്: 'ഒരു സ്ത്രീ ശരിക്കും എന്താണ് ആഗ്രഹിക്കുന്നത്?'
5) ഹുസൈർ മുഹമ്മത് എഴുതിയ 'അകലെ'(ഓഗസ്റ്റ് ബുക്സ്) എന്ന നോവൽ മനുഷ്യാനുഭവത്തിന്‍റെ അപ്രിയവും അറിയത്തക്ക തല്ലാത്തതുമായ മേഖലകളിലേക്ക് നയിക്കുകയാണ്. മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുള്ളതാണ് മ്യാൻമറിലെ റോഹിംഗ്യൻ വംശജർ. ഇവർക്ക് സ്വന്തം നാട്ടിൽ ജീവിക്കാനാവാത്ത അവസ്ഥയാണുള്ളത്. നോവലിസ്റ്റ് സൂചിപ്പിക്കുന്നതുപോലെ പീഡനവും പലായനവുമാണ് അവിടെ കാണാനാവുന്നത്. ബംഗ്ലാദേശിൽ അഭയം തേടിയ ലക്ഷക്കണക്കിനു റോഹിംഗ്യൻ ജനതയുടെ ജീവിതാനുഭവങ്ങളാണ് നോവലിൽ നിറയുന്നത്. ഇതുപോലൊരു നോവൽ മലയാളത്തിൽ പിറന്നത് നന്നായി.മലയാളിവായനക്കാർ അപരിചിതമായ ജീവിതങ്ങളെക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടുള്ളവരാണ്.
6) പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കഥകളെക്കുറിച്ച് ഡോ.റഷീദ് പാനൂർ എഴുതിയ ലേഖനം (പുനത്തിലിന്‍റെ മെഡിക്കൽ കഥകൾ, പച്ചമലയാളം, ജനുവരി) പ്രസക്തമായ ഒരു വിഷയമാണ്.പുനത്തിലിന്‍റെ കഥകളെക്കുറിച്ച് പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വിമർശകനാണ് റഷീദ് പാനൂർ. അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് ആധുനികവീക്ഷണവും നവീനചിന്തകളുമാണ്. ഒരു ചേരിയിലും ഒതുങ്ങി നിൽക്കാതെ സ്വതന്ത്രമനസ്സുമായി സഞ്ചരിക്കുന്ന റഷീദിന്‍റെ ഒരു ചിന്ത ഇതാണ്: 'ആധുനികത വ്യക്തിയുടെ ആന്തരികതയിലും ജീവിതത്തിന്‍റെ യുക്തിരാഹിത്യത്തിലും ഉന്നതമായ യാഥാർത്ഥ്യം കാണുന്നു.'
7) മഹാനായ ഇംഗ്ലീഷ് നോവലിസ്റ്റ് ഡി.എച്ച്. ലോറൻസ് സ്വന്തം മതം ഇങ്ങനെ വെളിപ്പെടുത്തി:' എന്‍റെ വലിയ മതം രക്തത്തിലും മാംസത്തിലുമുള്ള വിശ്വാസമാണ്; അത് ബുദ്ധിയെക്കാൾ ജ്ഞാനമുള്ളതാണ്. നമുക്ക് കണക്കുകൂട്ടലുകൾ തെറ്റിപ്പോകാം. എന്നാൽ എന്താണോ നമ്മുടെ രക്തം അനുഭവിക്കുന്നത്, വിശ്വസിക്കുന്നത്, പറയുന്നത് - അത് എപ്പോഴും സത്യമായിരിക്കും. ബുദ്ധി എന്നു പറയുന്നത് ഒരു കടിഞ്ഞാൺ മാത്രമാണ്.'
Phone: 9995312097
Email: mkharikumar33@gmail.com