

നസറുദ്ദീൻ മണ്ണാർക്കാട്
ദുബായ്: മാപ്പിളപ്പാട്ട് ചരിത്രത്തിൽ ആദ്യമായി ടിപ്പു സുൽത്താന്‍റെ സമ്പൂർണ ജീവചരിത്രം പാട്ടിലൂടെ അവതരിപ്പിക്കുന്ന ഖിസ്സപ്പാട്ടിന്‍റെ കവർ പ്രകാശനം ദുബായിൽ നടന്നു. "ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്" എന്ന് പേരിട്ടിരിക്കുന്ന ഈ കൃതി രചിച്ചിരിക്കുന്നത് കവിയും പ്രവാസിയുമായ നസറുദ്ദീൻ മണ്ണാർക്കാടാണ്. മൂന്നര വർഷത്തെ പ്രയത്നത്തിലൂടെയാണ് ഈ ഖിസ്സപ്പാട്ട് പൂർത്തിയാക്കിയത്.
ദുബായ് കെഎംസിസി പ്രസിഡന്‍റ് ഡോ. അൻവർ അമീൻ കവിയും അധ്യാപകനുമായ മുരളി മംഗലത്തിന് നൽകിയാണ് കവർ പ്രകാശനം ചെയ്തത്. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സംരംഭകൻ ഷംസുദ്ധീൻ നെല്ലറ പാട്ടിന്‍റെ ഓഡിയോ റിലീസ് നിർവ്വഹിച്ചു. പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകാരൻ നസറുദ്ദീൻ മണ്ണാർക്കാട് വിശദീകരിച്ചു.പി വി നാസർ, പുന്നക്കൻ മുഹമ്മദലി, ബഷീർ ബെല്ലോ, ഒ.ബി.എം ഷാജി, ശംസുദ്ധീൻ പെരുമ്പട്ട, ടി.പി. സൈതലവി പുതുപ്പറമ്പ്, തൻസിം അഹ്മദ് എന്നിവർ പ്രസംഗിച്ചു. ഖലീലുള്ള ചെംനാട് സ്വാഗതവും അസീസ് മണമ്മൽ നന്ദിയും പറഞ്ഞു.
യുഎഇക്കു പുറമെ സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ഖിസ്സപ്പാട്ടിന്‍റെ കവർ പ്രകാശനങ്ങൾ നടന്നു. മാപ്പിളപ്പാട്ടിലെ 122 പാരമ്പര്യ ഇശലുകളിലാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. മൂന്നര വർഷത്തെ ഗവേഷണവും ഒരു ഡസനോളം പുസ്തകങ്ങളുടെ സാരാംശവും അടിസ്ഥാനമാക്കിയാണ് കാവ്യം പൂർത്തിയാക്കിയതെന്ന് രചയിതാവ് നസറുദ്ദീൻ മണ്ണാർക്കാട് പറഞ്ഞു.
ഓരോ ഇശലിനും പ്രത്യേകം ഗദ്യ വിവരണം ഗ്രന്ഥത്തിൽ നൽകിയിട്ടുണ്ട്. കാവ്യ ഭാഷ ആസ്വദിക്കാൻ സാധിക്കാത്തവർക്കും ഒരു ചരിത്ര റഫറൻസ് കൃതിയായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ടിപ്പു സുൽത്താന്‍റെ മൂന്ന് തലമുറകളുടെ ചരിത്രം - ഹൈദരാലിയുടെ ജനനം, യൗവ്വനം, വിവാഹം, പടയോട്ടങ്ങൾ, സ്ഥാനാരോഹണം, മരണം എന്നിവയും ടിപ്പുവിന്‍റെ ജനനം, ബാല്യം, യൗവ്വനം, പടയോട്ടം, സ്ഥാനാരോഹണം, യുദ്ധങ്ങൾ, വീര മരണം എന്നിവയും സമഗ്രമായി ഈ ഖിസ്സപ്പാട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിന്‍റെ പാരമ്പര്യ രചനാ നിയമങ്ങൾ പാലിച്ചാണ് ഈ കൃതി എഴുതിയിരിക്കുന്നത്. ടിപ്പു സുൽത്താന്‍റെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്യും.