
കഥയരങ്ങിൽ കഥാവതരണവും ചർച്ചയും
മുംബൈ: ഉല്ലാസനഗറിലെ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കഥയരങ്ങിൽ മുംബൈയിലെ പ്രമുഖ കഥാകാരന്മാർ കഥകൾ അവതരിപ്പിച്ചു. നഗരത്തിലെ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ സി.പി. കൃഷ്ണകുമാർ മോഡറേറ്ററായ കഥയരങ്ങിൽ എഴുത്തുകാരനായ പി. വിശ്വനാഥൻ കഥാചർച്ച ഉദ്ഘാടനം ചെയ്തു.
മുംബൈയിലെ പ്രമുഖ കഥാകൃത്തുക്കളായ മേഘനാദൻ (രമണനും മദനനും ട്രോഫികളും), അശോകൻ നാട്ടിക (കഥയെഴുത്തിന്‍റെ പിന്നാമ്പുറങ്ങൾ), രാജൻ തെക്കുംമല (കൊഴിഞ്ഞ പൂവുകളുടെ നൊമ്പരം), കാട്ടൂർ മുരളി ( പിഞ്ചറ) (കാട്ടൂർ മുരളിയുടെ കഥ അമ്പിളി കൃഷ്ണകുമാർ വേദിയിൽ അവതരിപ്പിച്ചു) ഇ. ഹരീന്ദ്രനാഥ് (ഫ്ലാറ്റ് നമ്പർ 207) എന്നിവരാണ് കഥകൾ അവതരിപ്പിച്ചത്.
തുടർന്ന് നടന്ന കഥാചർച്ചയിൽ പി. വിശ്വനാഥൻ വേദിയിൽ അവതരിപ്പിച്ച കഥകളെ വിശകലനം ചെയ്യുകയും, മോഡറേറ്റർ സി.പി. കൃഷ്ണകുമാർ സമകാലീന കഥയെക്കുറിച്ചും വേദിയിലവതരിപ്പിച്ച കഥകളെക്കുറിച്ചും ആഴത്തിൽ സംസാരിക്കുകയും ചെയ്തു.
അസോസിയേഷൻ സെക്രട്ടറി മോഹൻ ജി നായർ സ്വാഗതവും പ്രസിഡന്‍റ് സുരേഷ് കുമാർ കൊട്ടാരക്കര അധ്യക്ഷപ്രസംഗവും നന്ദിയും രേഖപ്പെടുത്തി. ഉല്ലാസ് വെൽഫെയർ അസോസിയേഷന്‍റെ 45 മത് വാർഷികത്തോടനുബന്ധിച്ച് നടന്ന കഥയരങ്ങിൽ കഥകൾ അവതരിപ്പിച്ച കഥാകാരന്മാർക്ക് മൊമെന്‍റോകൾ നൽകി ആദരിച്ചു.
പ്രമുഖ എഴുത്തുകാരിയും വ്യവസായിയുമായ ഡോക്ടർ ശശികല പണിക്കർ വിശിഷ്ടാതിഥിയായിരുന്നു. ഉല്ലാസ് നഗറിലും മുംബൈയുടെ ഇതര ഭാഗങ്ങളിലുമുള്ള എഴുത്തുകാരും കലാസാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.