വയലാർ സ്മൃതി ദിനം: "എനിക്ക് മരണമില്ല"

Vayalar Rama Varma Commemoration 27 October
ഈ മനോഹര തീരത്തെ മരണമില്ലാത്ത കവി
Updated on

## അഡ്വ. കെ.പി. സജിനാഥ്

പ്രവചനസ്വഭാവമുള്ള എഴുത്തിലൂടെയാണ് മരണമില്ലാതെ വയലാര്‍ രാമവർമ ജീവിക്കുന്നത്. പ്രണയവും വിരഹവും വേദനയും കണ്ണീരും തത്വശാസ്ത്രവും കാമവും വേദവും സംഗീതവും... മനുഷ്യസംബന്ധിയായ വ്യവഹാരങ്ങള്‍ മരിക്കുംവരെ ജീവിക്കുന്ന കവിയാണ് വയലാര്‍. കാലത്തെ അതിജീവിച്ച നിരവധി കവികളുണ്ട് കവിതകളുമുണ്ട്. എന്നാല്‍ മലയാളക്കരയില്‍ നിറസാന്നിധ്യമായി ജാഗ്രത്തായ ഓർമപ്പെടുത്തലായി കവി വയലാര്‍ നിറഞ്ഞുനില്‍ക്കുന്നു. മലയാളവും മലയാളിയുമുള്ളിടത്തോളം കാലം മരണമില്ലാതെ വയലാര്‍ നിലകൊള്ളുന്നു.

ദന്തഗോപുരങ്ങളില്‍ നിന്നും മലയാളസാഹിത്യം മാനവര്‍ക്കിടയിലേക്ക് ഇറങ്ങിവന്നത് നീണ്ടകാലത്തെ പോരാട്ടങ്ങളിലൂടെയാണ്. അധികാരി വർഗത്തിന്‍റെ വിനോദമായി മാത്രം കലയും സാഹിത്യവും കൈകാര്യംചെയ്യപ്പെട്ടിടത്തുനിന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവന്‍റെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നിടത്തേക്കുള്ള മാറ്റം ചെറുതായി കാണാന്‍കഴിയില്ല. അവിടെ കവികളുടെയും സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും പങ്ക് നിസ്തുലമാണ്.വിപ്ലവപ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന വയലാറിന്‍റെ കൃതികളും തൊഴിലാളികള്‍ക്കുവേണ്ടി തന്നെയാണ് നിലകൊണ്ടത്.

മനുഷ്യത്വവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന രചനകള്‍ ഉയര്‍ന്ന ശാസ്ത്രബോധത്തിന്‍റെ അടിത്തറയില്‍ പ്രതിഷ്ഠിക്കപ്പെട്ടവയായിരുന്നു.

' സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ

സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'

എന്ന് സധൈര്യം വിളിച്ചു പറയാന്‍ വയലാര്‍ തന്നെ അവതരിക്കേണ്ടിവന്നു.

'ഈ യുഗത്തിന്‍റെ സാമൂഹ്യ ശക്തി ഞാന്‍

മായുകില്ലെന്‍റെ ചൈതന്യ വീചികള്‍

ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍

പച്ചമണ്ണിന്‍ മനുഷ്യത്വമാണ് ഞാന്‍'

മാറ്റത്തിന്‍റെ പ്രത്യയശാസ്ത്രത്തെ ഉപാസിക്കുകയും പ്രസ്തുത ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ സാമൂഹ്യ ജീവിതത്തെ നിർധാരണം ചെയ്യുവാനും വയലാറിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ ലോകത്തെ മാറ്റിത്തീര്‍ക്കുവാന്‍ തനിക്ക് കഴിയുമെന്ന് കവി ഉറക്കെ പ്രഖ്യാപിച്ചു. അവിടെ താനെന്നത് യുക്തിബോധത്തില്‍ ഉറപ്പിച്ച സമൂഹമായിരുന്നു എന്നത് കവിയുടെ ധാരണകളുടെ പരപ്പും ആഴവും വ്യക്തമാക്കുന്നതായിരുന്നു. കാല്‍പ്പനിക സ്വപ്നങ്ങളും വിപ്ലവ ചിന്തയും മലയാളികളുടെ മനസിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ അന്യാദൃശ്യമായ കരവിരുതായിരുന്നു വയലാര്‍ കാട്ടിയത്. ചന്ദ്രകളഭം ചാര്‍ത്തിയുണരുന്ന ഇന്ദ്രധനുസിന്‍ തൂവല്‍ പൊഴിയുന്ന മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി വേണമെന്ന കവിയുടെ ആഗ്രഹം ഓരോ മലയാളിയുടെയും സ്വകാര്യ മോഹമാക്കി വയലാര്‍ മാറ്റി. അങ്ങനെ കവി അനശ്വരനായി. 'സർഗസംഗീതവും' 'മുളങ്കാടും' 'രാവണപുത്രിയും' 'ആത്മാവിലൊരു ചിതയും' 'അശ്വമേധവും' കവിയെ ജനകീയനാക്കി. അദ്രുമാന്‍റെ മകള്‍ ആയിഷയെക്കുറിച്ചോര്‍ത്ത് വിലപിക്കാത്ത ഒരാളും ഇല്ലെന്നായി. കവിതാ രചനയില്‍ മാത്രമല്ല ഈടുറ്റ ഗാനങ്ങള്‍ സമ്മാനിച്ചുകൊണ്ടും പാട്ടിന്‍റെ മേഖലയിലും വയലാര്‍ വെന്നിക്കൊടി പാറിച്ചു. മലയാള കാല്‍പ്പനിക കവിതയില്‍ സംഭവിച്ച അരുണയുഗത്തിന്‍റെ പ്രതിനിധിയായ വയലാറിന്‍റെ ചലച്ചിത്രമേഖലയിലേക്കുള്ള പ്രയാണം പെട്ടെന്നുള്ളതായിരുന്നു. മലയാള കവിതയ്ക്ക് വലിയ നഷ്ടം വരുത്തിയ മാറ്റമാണതെന്ന് വിമര്‍ശിച്ചവരുടെ നീണ്ട നിരയില്‍ പ്രമുഖരായ പലരും അണിനിരന്നു. അതൊന്നും ശ്രദ്ധിക്കാതെ പാട്ടിന്‍റെ പാലാഴി തീര്‍ക്കുവാനുള്ള ശ്രമമായിരുന്നു പിന്നീട് വയലാറിന്‍റെത്. 1948-ല്‍ രചിച്ച ആദ്യ കൃതിയായ 'പാദമുദ്രകള്‍' പോലെ തന്‍റെ എല്ലാ കൃതികളും കവിക്ക് പ്രിയപ്പെട്ടവയായിരുന്നു.

'ബലികുടീരങ്ങളെ സ്മരണകള്‍

ഇരമ്പും രണ സ്മാരകങ്ങളെ...

എന്ന ഗാനം മലയാളിയുടെ ശ്വാസനിശ്വാസങ്ങളില്‍ അലിഞ്ഞുചേര്‍ന്നതാണ്. വിപ്ലവ വീര്യം മുറ്റി നില്‍ക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ച തൂലികയ്ക്ക് ഭക്തിനിര്‍ഭരത തുളുമ്പി നില്‍ക്കുന്ന ഗാനങ്ങളെഴുതുവാനും തെല്ലും മടിയുണ്ടായില്ല.'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു... 'പ്രവാചകന്മാരെ പറയു...'കാറ്റടിച്ചു കൊടും കാറ്റടിച്ചു... തുടങ്ങിയ ദാര്‍ശനിക സ്വഭാവമുള്ള ഗാനങ്ങള്‍ എഴുതിയ വയലാര്‍ 'ശബരിമലയില്‍ തങ്ക സൂര്യോദയം... 'കുരുത്തോല പെരുന്നാളിന് പള്ളിയില്‍ പോയി വരും... 'ഈശോ മറിയം ഔസേപ്പേ ഈ അപേക്ഷ കൈക്കൊള്ളേണമേ... തുടങ്ങിയ ഗാനങ്ങളും എഴുതി. തത്വ ചിന്താപരമായ ഗാനങ്ങളോടൊപ്പം ഭക്തി ഗാനങ്ങളും മലയാളിക്ക് നല്‍കി എക്കാലവും സ്മരിക്കപ്പെട്ടു. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തിന് 1974-ലെ ചലച്ചിത്ര ഗാനരചനയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തെ അഭിമാനപുരസരം അവതരിപ്പിച്ച സർഗസംഗീതത്തിന് 1962-ലെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു.'വെട്ടും തിരുത്തും' 'രക്തം കലര്‍ന്ന മണ്ണ്' എന്നിവ വയലാറിന്‍റെ ചെറുകഥാ സമാഹാരങ്ങളാണ്. 1975 ഒക്റ്റോബര്‍ 23ന് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളെജില്‍ കലോത്സവത്തില്‍ നടത്തിയ പ്രസംഗമായിരുന്നു അവസാന വേദി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കവി, വയലാര്‍ രക്തസാക്ഷി ദിനത്തിന്‍റെ ഇരുപത്തൊമ്പതാം വാര്‍ഷിക ദിനത്തില്‍ പുലര്‍ച്ചെ അന്ത്യശ്വാസം വലിച്ചു. മലയാളക്കരയിലെ ഏറ്റവും പ്രശസ്തമായ പുരസ്‌കാരം വയലാര്‍ അവാര്‍ഡാണ്. ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് അശോകന്‍ ചെരുവിലിന്‍റെ കാട്ടൂര്‍ കടവിനാണ് ലഭിച്ചത്.

മനുഷ്യനെയും മനുഷ്യത്വത്തെയും മാനവികതയെയും കുറിച്ച് എണ്ണമറ്റ വരികളാണ് വയലാര്‍ കുറിച്ചത്.

'മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുമ്പോള്‍

മനസില്‍ ദൈവം ജനിക്കുന്നു

മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍തുടങ്ങുമ്പോള്‍

മനസില്‍ ദൈവം മരിക്കുന്നു'

വയലാര്‍ ഒരു സ്നേഹഗായകന്‍കൂടിയായിരുന്നു.....

"മതങ്ങള്‍ ജനിക്കും മതങ്ങള്‍ മരിക്കും

മനുഷ്യനൊന്നേ വഴിയുള്ളു

നിത്യ സ്‌നേഹം തെളിക്കുന്ന വീഥി

സത്യാന്വേഷണ വീഥി -

യുഗങ്ങള്‍ രക്തം ചിന്തിയ വീഥി'

മലയാളക്കരയെ പാടിയുണര്‍ത്തിയ പ്രചോദിപ്പിച്ച കൂട്ടുകെട്ടായിരുന്നു വയലാര്‍ ദേവരാജന്‍ ടീം. സംഗീതം ജീവിതവും ജീവിതം സംഗീതസാന്ദ്രവുമാക്കി അത്ഭുതം സൃഷ്ഠിച്ച ദേവരാഗങ്ങളുടെ രാജശിൽപ്പിയാണ് ദേവരാജന്‍. സാഹിത്യവും സംഗീതവും സമഞ്ജസമായി സമ്മേളിക്കുമ്പോള്‍ ഉത്തമഗാനങ്ങള്‍ ഉണ്ടാകുമെന്ന് കാട്ടിത്തന്നവരായിരുന്നു വയലാറും ദേവരാജനും.ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ അവ ഗാനങ്ങള്‍ തന്നെയായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയില്‍ കച്ചേരികള്‍ ഉപേക്ഷിക്കുകയായിരുന്നു ദേവരാജന്‍. ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നതില്‍ ദേവരാജന്‍ മാസ്റ്റര്‍ സ്വീകരിച്ച രീതിശാസ്ത്രം വിട്ടുവീഴ്ചയുടേതായിരുന്നില്ല. തന്‍റെ മുന്നിലെത്തുന്ന കവിതയോ പാട്ടോ എന്തുമാകട്ടെ അതിന്‍റെ ഓരോ അക്ഷരവും വരികളും സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കുകയെന്നതാണ് ആദ്യപടി.തുടര്‍ന്ന് സംഗീതംസന്നിവേശിപ്പിക്കുമ്പോള്‍ വിസ്മയകരമായ അനുഭൂതിയിലുടെ അനുവാചകന്‍ അറിയാതെ കടന്നു പോകുകയാണ്. അങ്ങനെ തന്‍റെ ഓരോഗാനത്തിലൂടെയും ദേവരാജന്‍മാസ്റ്റര്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ സംഗീതാസ്വാദകര്‍ക്ക് സമ്മാനിച്ചു. പത്രവാര്‍ത്ത കൊണ്ടുവന്നാലും സംഗീതം ചെയ്യുമെന്നു ചിലര്‍ പറഞ്ഞപ്പോള്‍ ഉത്തമസാഹിത്യങ്ങളല്ലാത്തവ നിര്‍ദയം ചീന്തിയെറിയാനും ദേവരാജന്‍ മടികാട്ടിയില്ല.

ശത്രുക്കളുടെ ഒരു വലിയ നിരയെ സൃഷ്ടിക്കുവാന്‍ പോകുന്ന നിലപാടായിരുന്നു അതെങ്കിലും അവര്‍ക്കാര്‍ക്കും ദേവരാജനെയോ അദ്ദേഹത്തിന്‍റെ സംഗീതത്തെയോ തള്ളിപ്പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. മലയാള സിനിമയിലെ പത്തു മികച്ച ഗാനങ്ങളെടുത്താല്‍ അതില്‍ ആറും ദേവരാജസംഗീതത്തിന്‍റെ അനുഗ്രഹം ലഭിച്ചതാകും. മലയാളഗാനശാഖയ്ക്ക് ഏറ്റവും കൂടുതല്‍ ഗായകരെ സംഭാവനചെയ്തതും ദേവരാജസംഗീതമാണ്. തന്നെ തേടിയെത്തിയ രചനകള്‍ മാത്രമല്ല മികച്ച സാഹിത്യകൃതികളും , ദേശഭക്തിഗാനങ്ങളും , ഗുരുദേവകൃതികളും , നാടന്‍പാട്ടുകളും തെരഞ്ഞെടുത്ത് ഈണം നല്‍കുന്നതിനും അദ്ദേഹം മുന്‍കൈയ്യെടുത്തു.

വയലാര്‍ദേവരാജന്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് നല്‍കിയ പാട്ടുകള്‍ എണ്ണമറ്റതാണ്. നൂറ്റിമുപ്പതിനാല് സിനിമകള്‍ക്കും ഏറെ നാടകങ്ങള്‍ക്കും ഈ കൂട്ടുകെട്ട് കരുത്തു നല്‍കി. വയലാറിന്‍റെ മികച്ച ഗാനങ്ങളായി നാം മനസ്സില്‍ സൂക്ഷിക്കുന്നവയൊട്ടുമിക്കതും ദേവരാജന്‍ ചിട്ടപ്പെടുത്തിയവയാണ്.

സാമൂഹ്യവീക്ഷണത്തിലും പ്രത്യശാസ്ത്ര പ്രതിബന്ധതയിലും ഇരുവരുംപുലര്‍ത്തിയ കൃത്യമായ ബോധ്യമാകാം പാട്ടവതരണത്തിലെ മികവിന്‍റെ പിന്നിലുള്ള രഹസ്യം. മറ്റാര്‍ക്കും കഴിയാത്തവിധം ശ്രുതിയും ലയവുമായവര്‍ മാറിയത് ലക്ഷ്യബോധത്തിന്‍റെ സാമ്യത കൊണ്ടുകൂടിയാണ്. ഞങ്ങള്‍ക്ക് മരണമില്ലെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു.

(ലേഖകൻ പുകസ സംസ്ഥാന കമ്മിറ്റി അംഗമാണ്-9387313050)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com