ഡ്യൂപ്ലിക്കേറ്റാവാൻ നെട്ടോട്ടം

ആരോഗ്യകരമായ ബന്ധത്തിൽ പോലും നേരിൽ കാണാനോ തൊടാനോ ആഗ്രഹമില്ലാതാവുന്നു. ഈ മാനസികാവസ്ഥ വ്യാപിക്കുകയാണ്.
ഡ്യൂപ്ലിക്കേറ്റാവാൻ നെട്ടോട്ടം | Virtual relationships and literature
ഡ്യൂപ്ലിക്കേറ്റാവാൻ നെട്ടോട്ടംFreepik
Updated on

അക്ഷരജാലകം | എം.കെ. ഹരികുമാർ

ഇന്‍റർനെറ്റിന്‍റെയും സൈബർ സാമൂഹിക ഇടനാഴികളുടെയും ലോകത്ത് കൂടുതൽ നേരം ചെലവഴിക്കുന്ന നമ്മൾ യഥാർഥ മനുഷ്യബന്ധത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും സാമീപ്യത്തോടുള്ള താത്പര്യത്തിൽ നിന്നും താഴെ വീഴുമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്ഥിരമായി പ്രതീതി ലോകത്തായിരിക്കുന്ന നമുക്ക് മാറ്റിവയ്ക്കാവുന്നത് മനുഷ്യനും അവന്‍റെ മനസും മാത്രമാവും. മനുഷ്യൻ എവിടെയുമില്ല എന്ന തോന്നൽ ഉണ്ടാകുന്നു. എന്നാൽ അവന്‍റെ സാന്നിധ്യമുണ്ട്. അവന്‍റെ സന്ദേശങ്ങളും ശബ്ദങ്ങളും ചിത്രങ്ങളും നാനാദിക്കുകളിൽ നിന്നു പ്രതീതിലോകത്ത് പ്രവഹിക്കുകയാണ്. ആരോഗ്യകരമായ ബന്ധത്തിൽ പോലും നേരിൽ കാണാനോ തൊടാനോ ആഗ്രഹമില്ലാതാവുന്നു. ഈ മാനസികാവസ്ഥ വ്യാപിക്കുകയാണ്.

ഡിജിറ്റൽ ലോകത്തേക്ക് നാം നാൾക്കു നാൾ ഇഴുകിച്ചേർന്നു വരികയാണ്. യഥാർഥ മനുഷ്യനെക്കാൾ നാം ഇഷ്ടപ്പെടുന്നത് അവന്‍റെ സെൽഫി ചിത്രങ്ങളും സന്ദേശങ്ങളുമാണ്. നമ്മൾ ഒറിജിനൽ മനുഷ്യരല്ലാതായി മാറിയിരിക്കുന്നു. നമ്മൾ ഡിജിറ്റൽ ബയോ മോഡലുകളാണ്.

മനുഷ്യന്‍റെ പ്രതീതി

ഒരാൾ അയാളുടെ വ്യക്തിത്വത്തെ പാടെ മായ്ച്ചു കളഞ്ഞ ശേഷം ഒരു പ്രതീതി ലോകത്തിലെ സാന്നിധ്യമാവുകയാണ്. ഒരു യഥാർഥ വ്യക്തിയുടെ ആഗ്രഹമില്ല എന്നു വന്നിരിക്കുന്നു. വർഷങ്ങളായി നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാതെ അവർ സുഹൃത്തുക്കളായി ജീവിച്ച് എങ്ങോട്ടോ പോയി മറയുന്നു. ജീവിതകാലത്ത് അവർക്ക് പരസ്പരം കാണേണ്ട ആവശ്യം തന്നെയില്ല. മനുഷ്യൻ അവന്‍റെ രക്തവും മാംസവുമായി അപ്രത്യക്ഷനായിരിക്കുന്നു.

ഉത്തരാധുനിക പ്രവണതകളെപ്പറ്റി പഠിച്ച ഫ്രഞ്ച് ചിന്തകൻ ഷാൻ ബോദ്രിയാർ പറയുന്നു: "ഒരു ശൂന്യമായ മുറിയിൽ വച്ചിരിക്കുന്ന ടെലിവിഷൻ സെറ്റ് സ്വയം സംസാരിക്കുന്ന ഒരാളെക്കാൾ, അല്ലെങ്കിൽ തന്‍റെ സ്റ്റൗവിന്‍റെ മുന്നിൽ നിന്നു സ്വപ്നം കാണുന്ന സ്ത്രീയെക്കാൾ വിചിത്രമാണ്. അത് നിങ്ങളോടു വിനിമയം ചെയ്യുന്ന മറ്റൊരു ഗ്രഹം പോലെയാണ്. ടിവി സ്വയം വെളിപ്പെടുത്തുകയാണ്, അത് യഥാർഥത്തിൽ എന്താണെന്ന്. മറ്റൊരു ലോകത്തെ വീഡിയോ അത് പുറത്തു വിടുന്നു. അത് ശരിക്കും ആരെയും അഭിസംബോധന ചെയ്യുന്നില്ല. എന്നാൽ അത് സ്വന്തം സന്ദേശങ്ങൾ തട്ടിവിടുകയാണ്.'

മനുഷ്യൻ അവന്‍റെ ഗ്രഹത്തിലെ ഇടത്തിൽ അപരിചിതമായ ഒരു ലോകത്തെന്നപോലെ എത്തിപ്പെടുകയാണ്. അവനുമായി യാതൊരു ബന്ധവുമില്ലാത്ത എല്ലാ പ്രതിച്ഛായകളും അനിവാര്യമെന്ന മട്ടിൽ സ്വീകരിക്കുന്നു. ഒന്നും തന്നെ അവന്‍റെ ഓർമകൾക്കുള്ളതല്ല. ഓർമകളായി രൂപമെടുക്കും മുൻപ് അതെല്ലാം തലച്ചോറിൽ വറ്റിപ്പോകുന്നു. മനുഷ്യർക്ക് ഇത്രയും ദൃശ്യങ്ങളും സന്ദേശങ്ങളും സൂക്ഷിച്ചുവയ്ക്കാൻ സിദ്ധിയില്ലല്ലോ. എങ്കിലും അവൻ അതിന്‍റെ വൈചിത്ര്യത്തിൽ വശീകരിക്കപ്പെടുന്നു. പ്രത്യേകമായ വർണവിന്യാസത്തിലും ശബ്ദക്രമീകരണത്തിലും തൊടുത്തു വിടുന്ന ദൃശ്യങ്ങളുടെ അപരിചിതത്വത്തിൽ അവൻ ആകർഷിക്കപ്പെടുന്നു. അതവനെ കുറച്ചുനേരത്തേക്ക് ഒരു സ്വപ്നലോകത്തേക്ക് കൊണ്ടുപോകുന്നു. അതിനു യുക്തിയില്ലെന്നറിയുന്നത്, കുറച്ചു സമയം കഴിയുമ്പോൾ ആ ദൃശ്യങ്ങൾ അവനെ എവിടെയോ കൈയൊഴിയുമ്പോഴാണ്.

മനുഷ്യൻ നല്ലൊരു ഉപഭോക്തൃ വസ്‌തുവായി കഴിഞ്ഞിരിക്കുന്നു. ഈ അന്യഗ്രഹത്തിൽ നിന്നുള്ള സിഗ്നലുകളുടെയും ശബ്ദങ്ങളുടെയും ഇരയെന്ന നിലയിൽ. ഒരു അഭിപ്രായത്തിനോ ആശയത്തിനോ അധികാരികത ഇല്ലാതാവുകയും അതെല്ലാം താൽക്കാലികമായ ചിഹ്നങ്ങളായി അവസാനിക്കുകയുമാണ്. സ്ക്രീനിൽ നിന്നു വരുന്ന സംഗീതവും പരസ്യങ്ങളും വാർത്തകളും അവസാനമില്ലാതെ തുടരുകയാണ്. ഇതിനു പകരമായി മറ്റൊന്നില്ല. ഇതില്ലാതായാൽ സ്ക്രീൻ ശൂന്യമാകും.

ബോദ്രിയാർ എഴുതുന്നു: "നമ്മൾ കൂടുതൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന ഒരു ലോകത്താണ് ജീവിക്കുന്നത്. എന്നാൽ അവയ്ക്കു കാര്യമായ അർഥമില്ല.'

വിവരങ്ങൾ നിമിഷങ്ങൾക്കകം നൂറു മടങ്ങ് വർധിക്കുകയാണ്. മനുഷ്യൻ അതിന്‍റെ ഇരയാണ്. അവനു ഒഴിയാനാവില്ല. ഇതിനിടയിൽ നാം ഒരു പ്രതീതിയാണെന്നു സങ്കൽപ്പിച്ചു ജീവിക്കാൻ തുടങ്ങുന്നു എന്നതാണ് പ്രത്യേകത. അർഥമില്ലാതെ വിവരങ്ങൾ ശേഖരിച്ചു വയ്ക്കാൻ ഒരിടമില്ലാത്തതുകൊണ്ട് മനുഷ്യൻ അവന്‍റെ ഇന്ദ്രിയങ്ങൾ അവയ്ക്ക് നൽകുന്നു. ബോദ്രിയാർ പറയുന്നു: "മനുഷ്യൻ അർഥം സൃഷ്ടിക്കാനായി വെമ്പുന്നു, ആധുനികമായ ഉപകരണങ്ങൾ അതിന്‍റെ തെളിവാണ്. ലോകത്തെ കൂടുതൽ പ്രസക്തമാക്കുകയാണ് ലക്ഷ്യം. ലോകത്തെ പ്രത്യക്ഷവത്കരിക്കുകയാണ് താല്പര്യം. അതേസമയം നമ്മൾ അർഥമില്ലാതിരിക്കുക എന്ന അപകടാവസ്ഥയിലുമാണ്.'

സംഗീത സംവിധായകന്‍റെ റോൾ

വർദ്ധിച്ചുവരുന്ന വിവരങ്ങളും അർഥങ്ങളും നമ്മെത്തന്നെ കൊല്ലുകയാണെന്ന യാഥാർഥ്യത്തെയാണ് തിരിച്ചറിയേണ്ടത്. ഇവിടെ കലയെ ഒരു അനുകരണമായാണ് നാം നേരിടുന്നത്. കല തന്നെ സ്വയം അനുകരിക്കുകയാണ്. അപ്ലൈഡ് ആർട്ടിന്‍റെ പ്രതിരൂപങ്ങളാണുള്ളത്. കല ഒറിജിനലല്ല; കപടമായാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്.

സംഗീതത്തെക്കുറിച്ച് യാതൊന്നുമറിയാത്ത ഒരാൾക്ക് ഏറ്റവും വലിയ സംഗീത സംവിധായകനെ ടിവിയിൽ അഭിമുഖം ചെയ്യാം. ചോദ്യകർത്താവിന്‍റെ വിവരക്കേടുകൾ ആസ്വദിക്കുകയാണ് സംഗീത സംവിധായകന്‍റെ കർത്തവ്യം. അയാൾ സ്വന്തം റോൾ അഭിനയിച്ചാൽ മതി. അയാളുടെ കലയ്ക്ക് അവിടെ ഇടമുണ്ടായിരിക്കില്ല. അയാളെ ബിംബവത്ക്കരിക്കുകയും പ്രതീകവത്ക്കരിക്കുകയുമാണ് ചെയ്യുന്നത്. എന്തെന്നാൽ ടെലിവിഷൻ സ്ക്രീനിന്‍റെ ഇടത്തിലേക്ക് അയാളെ രൂപാന്തരപ്പെടുത്തുന്ന വിദ്യ മാത്രമാണ് കല. അത് ഒരിക്കലും മൗലികമാകേണ്ടതില്ല. കാരണം അതിനു പ്രദർശനമൂല്യം മാത്രമേയുള്ളൂ, അർഥമില്ല. അത് സംപ്രേഷണം ചെയ്യുന്നതിലൂടെ അപരിചിതത്വവും അന്ധാളിപ്പുമാണ് പ്രേക്ഷകർക്കായി തയാറാക്കിയിട്ടുള്ളത്.

സംഗീത സംവിധായകൻ സ്വയം മറന്നുവേണം അവിടെ സൃഷ്ടിച്ചെടുക്കുന്ന നർമത്തിന്‍റെയും അനുകരണത്തിന്‍റെയും പ്രദർശനത്തിന്‍റെയും ആവശ്യത്തിനൊത്ത് ഉയരാൻ. അയാൾ തന്നെപ്പോലെ മറ്റൊരാളായി മാറാൻ വിധിക്കപ്പെട്ടവനാണ്. തന്നിലെ സംഗീതത്തെ അവഗണിക്കുകയും നിന്ദിക്കുകയും അന്യഗ്രഹത്തിൽ നിന്നുള്ള ചോദ്യങ്ങളോടു അർഥമില്ലാതെ പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് അയാൾ ഒരു സംഗീത സംവിധായകനാണെന്ന ഭൂതകാലത്തിനു അർഥമുണ്ടാകുന്നത്.

സി.എൻ. ശ്രീകണ്ഠൻ നായർ എഴുതിയ "സിന്ദൂരപ്പൊട്ട്' എന്ന കഥയിൽ ഇങ്ങനെ കാണാം: "നിഷ്കപടമായ ആ പഴയ നാട്ടുംപുറം അയാൾ കണ്ടു. അവിടെ പാട്ടുപാടുന്ന കൊച്ചരുവി നെടുനാളായുള്ള വിരഹത്തിന്‍റെ കരയിക്കുന്ന പാട്ടുകൾ പാടുന്നതയാൾ കേട്ടു.കണ്ണീരടക്കി വിങ്ങി നിൽക്കുകയാണ് കാവും കുറ്റിച്ചെടികളും. ആ പട്ടടയിലെ കന്നാലികടിച്ചു നാമ്പുകരിഞ്ഞ ചുടലത്തെങ്ങിനു മുകളിൽ, അങ്ങ് അങ്ങ് ആകാശത്തിനും മീതെ ഏകാകിയായ ആ കിളി ആർദ്രമായി നീട്ടിയിഴച്ച് ചോദിച്ചുകൊണ്ടിരുന്നു: ഞങ്ങളെയോർക്കുന്നുവോ? ഞങ്ങളെയോർക്കുന്നുവോ?'

ഇത് നല്കുന്ന ആർദ്രവും പ്രചോദനാത്മകവും പ്രബോധനാത്മകവുമായ അനുരണനങ്ങൾ കലയുടെ ശക്തിയാണ് കാണിക്കുന്നത്. ലോകം തന്നോടൊപ്പം സംവദിക്കുന്നു എന്ന മനോഹരമായ ഈ അനുഭവം ഉത്തര- ഉത്തരാധുനിക കാലത്ത് ,ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യനു നഷ്ടമാവുകയാണ്. കാരണം, അവൻ പ്രതീതിലോകത്തേക്ക് അർഥമന്വേഷിച്ചു ചേക്കേറുകയാണ്. യഥാർഥ കിളിയെ കാണാൻ സമയമില്ലാതെ അവൻ സമൂഹമാധ്യമങ്ങളിലെ കിളിയെ കണ്ടു തൃപ്തിയടയുന്നു. വിനിമയം ചെയ്യാനുള്ള ശേഷി നഷ്ടപ്പെടുന്നതു കൊണ്ട് അവൻ അശരീരിയാവാൻ വിധിക്കപ്പെടുന്നു.

കല ഒരു പകർപ്പ്

ബോദ്രിയാർ പറയുന്നു: "കല' എല്ലായിടത്തുമുണ്ട്. എന്തെന്നാൽ കൃത്രിമമായ കലാവസ്തു യാഥാർഥ്യത്തിന്‍റെ ഹൃദയത്തിലാണുള്ളത്.' അതുകൊണ്ട് കല മരിച്ചു എന്നു അനുമാനിക്കാം. അതിന്‍റെ ശരിയായ ശുദ്ധത എവിടെയും ആവശ്യമില്ല. അനുകരണമോ മോഷണമോ മതിയാകും. ഒരു വാണിജ്യ വിജയം ധാരാളമാണ്. വാണിജ്യത്തിൽ ഉപയോഗിക്കുന്ന കല യഥാർഥമല്ല. കലയെ വിമർശിക്കണമെങ്കിൽ അതിനു മൗലികത വേണം. മൗലികതയിലാണ് ആശയമുള്ളത്. യാഥാർഥ്യം അപഹരിക്കപ്പെടുകയാണ്. യാഥാർഥ്യത്തിന്‍റെ ഒരു ഭാഗമാണ് അവതരിപ്പിക്കപ്പെടുന്നത്.

യാഥാർഥ്യത്തെ പൊതിഞ്ഞിരിക്കുന്ന ലാവണ്യ ബോധം എന്നു പറയുന്നത് അതിൽ തന്നെ പിറന്ന് അവസാനിക്കുന്നതാണ്. ഒരു സ്വപ്നമായി അവതരിക്കുന്നതിനു മുമ്പ് അത് എല്ലാ സ്വപ്നങ്ങളെയും അപഹരിക്കുന്നു. ഒരു വാർത്തയെ ചർച്ചയിലൂടെ തന്‍റെ ഇംഗിതത്തിനു അനുകൂലമായി രൂപാന്തരപ്പെടുത്തുകയാണ് അവതാരകന്‍റെ ലക്ഷ്യം. അയാൾ കൃത്യമായി പക്ഷം പിടിച്ചും തർക്കിച്ചും എന്തിനാണ് ഇടപെടുന്നത്? അയാൾക്ക് വാർത്തയെ നിയന്ത്രിച്ചു ഉപസംഹരിക്കേണ്ട ഒരിടമുണ്ട്. അതാകട്ടെ യാഥാർഥ്യമല്ല; യാഥാർഥ്യത്തിന്‍റെ നിർമ്മാണമാണ്. ഇതിൽ പ്രേക്ഷകനു ഉപഭോഗം ചെയ്യേണ്ടവന്‍റെ റോളാണ്.പ്രേക്ഷകനു വേറൊരു പങ്കില്ല. അവന്‍റെ മേൽ ഒരു യാഥാർഥ്യം സ്ഥാപിക്കാനാണ് ശ്രമം. വാർത്തയുടെ അവതരണത്തിന്‍റെ കാഴ്ചക്കാരാണ് നമ്മൾ. അത് നമ്മെ അടിച്ചേൽപ്പിക്കുന്ന യാഥാർഥ്യമാകട്ടെ പൂർവ നിശ്ചിതമാണ്. വാർത്തയില്ലാതാവുകയും വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രധാനപ്പെട്ടതാവുകയും ചെയ്യുന്നു.

ഒരിടത്തും മൗലികത ഇല്ലാതാവുകയാണ്. കലാസൃഷ്ടികളെല്ലാം മറ്റെന്തിന്‍റെയോ പകർപ്പാണ്. മനുഷ്യനും വ്യത്യസ്തമല്ല.

രാഷ്‌ട്രീയ നേതാക്കൾക്ക് ഇപ്പോൾ യഥേഷ്ടം പാർട്ടി മാറി പ്രവർത്തിക്കാം. കാരണം, ഒറിജിനൽ വ്യക്തിത്വം എവിടെയുമില്ല. മറ്റെന്തിന്‍റെയോ പകർപ്പ് മാത്രമാണ് ഓരോ വ്യക്തിയും. ആശയപരമായ ആധികാരികതയിൽ നേതാക്കൾ വിശ്വസിക്കാതിരിക്കുന്നതിനു കാരണമിതാണ്. പണി എന്ന വാക്കിനു ഇപ്പോൾ ഏറ്റവും പ്രചാരമേറിയിരിക്കുന്നു. ഈ "പണി' യഥാർഥ പണിയല്ല. പണിയെന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നതിന്‍റെ ഒരു പകർപ്പ് മാത്രമാണത്. ഇൻസ്റ്റഗ്രാമിലും മറ്റും വ്യക്തികൾ പോസ്റ്റു ചെയ്യുന്ന സ്വന്തം ഫോട്ടൊകൾ നിറത്താലും മറ്റു അസംസ്കൃത വസ്തുക്കളാലും മോടിപിടിപ്പിച്ചതാണ്. അതിനു ഒറിജിനൽ ജീവിതവുമായി ബന്ധമില്ല. ഒറിജിനലാവാതിരിക്കുന്നതാണ് ഇന്നത്തെ ആദർശം.

രജതരേഖകൾ

1) സംവിധായകൻ അരവിന്ദന്‍റെയും ജോൺ എബ്രഹാമിന്‍റെയും ബഷീറിന്‍റെയും സുഹൃത്തായിരുന്ന പട്ടത്തുവിള കരുണാകരനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ സാറാ കരുണാകരൻ എഴുതിയ കുറിപ്പിൽ ഇങ്ങനെ വായിക്കാം: "എവിടെയും പോകാതെ, വീട്ടിൽ വെറുതെയിരുന്നു വായിക്കുക. അതു മാത്രമാണ് ഏറ്റവും സന്തോഷമുള്ള കാര്യം. പക്ഷേ കവിത വായിക്കാറേയില്ല. ഒരു കവിതയും വായിച്ച് ഞാൻ കണ്ടിട്ടില്ല. മലയാളം ഒന്നും വായിക്കില്ല. വേറെ വല്ലതും വായിച്ചിട്ടുണ്ടെങ്കിൽ അത് ബഷീറിനെയാണ്.'

2) പഴയ പുസ്തകങ്ങൾ മാത്രം വായിച്ചു കൊണ്ടിരുന്നാൽ ആധുനിക കാലഘട്ടത്തെ അപഗ്രഥിക്കാൻ കഴിയുകയില്ല. മിക്ക എഴുത്തുകാരും, റിട്ടയേർഡ് പ്രൊഫസർമാരും, ലൈബ്രറികളിലെ പഴയ പുസ്തകങ്ങൾ കൊണ്ടു തൃപ്തിപ്പെടുകയാണ്. ഈ കാലം, ഇതുവരെയുള്ള ആശയങ്ങളെയും ചിന്തകളെയും വെല്ലുവിളിക്കുന്നുണ്ട്. അത് മനസിലാകാത്തവർ ഇപ്പോഴും യാഥാസ്ഥിതിക ചിന്തകളുമായി അവാർഡ് നിർണയിക്കാൻ ഓടി നടക്കുകയാണ്.

3) പ്രാചീന ചൈനീസ്കവികളായ ലി ബായുടെയും വാങ് വെയുടെയും രചനകൾ നടരാജൻ ബോണക്കാട് പരിഭാഷപ്പെടുത്തി (പച്ചമലയാളം, നവംബർ). വാങ് വെയ് എഴുതിയ വരികൾ:

"മധ്യവയസിൽ ഞാൻ തികച്ചും

പാതയിലേക്കു വലിക്കപ്പെടുകയാണ്.

ഞാൻ പോകുന്നു,

എപ്പോഴെല്ലാം ആത്മാവ് പിടികൂടുന്നുവോ

അപ്പോഴൊക്കെ

ഒറ്റയ്ക്ക്

മറ്റാർക്കും അറിയാത്ത ഇടങ്ങൾ കണ്ടുപിടിക്കാൻ.'

ലി ബായിയുടെ കവിതയിൽ നിന്ന്:

"ചന്ദ്രന് എങ്ങനെ കുടിക്കണമെന്നു അറിയില്ല

എന്‍റെ നിഴൽ എന്‍റെ

തുള്ളികളികളെ

വികടമായനുകരിക്കുന്നു.

ഞാൻ പക്ഷേ അവർ രണ്ടുപേർക്കും ഒപ്പം

ആഹ്ലാദം കണ്ടെത്തും

വൈകാതെ തന്നെ വസന്തം വന്നെത്തും.'

കവിത ഏത് ഭാഷയിൽ എഴുതിയാലും, പരിഭാഷപ്പെടുത്തിയാലും നഷ്ടപ്പെടാത്ത ചിലതുണ്ട്. അത് ഇവിടെയും വ്യക്തമാണ്.

4) സിസ്റ്റർ നിവേദിതയും ആനന്ദകുമാര സ്വാമിയും ചേർന്നെഴുതിയ "ഹൈന്ദവ, ബൗദ്ധ ഐതിഹ്യങ്ങളും പുരാണങ്ങളും' എന്ന വിഖ്യാത കൃതിയുടെ പരിഭാഷ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു. ഇതിൽ പുനരാഖ്യാനം ചെയ്യുന്ന കഥകളെല്ലാം ഭാരതീയകലകളിൽ ആവിഷ്കരിക്കപ്പെട്ടതാണെന്നു ആനന്ദകുമാര സ്വാമി ആമുഖത്തിൽ എഴുതുന്നുണ്ട്.

5) കെ.ആർ. ടോണി കവിതയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ "ഐസ്ക്രീം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 8) എന്ന കവിതയിൽ ക്ഷുദ്രവും വിരസവും ആഴം കുറഞ്ഞതുമായ കുറെ ഓർമകൾ മാത്രമേയുള്ളൂ. കവിത എന്നു വിവക്ഷിക്കുന്നതിൽ അന്യാദൃശ്യമായ, അപാരമായ ഒരു കാഴ്ചയുണ്ടാകണം. തീരെ തരം താഴ്ന്നു പോകരുത്. അത് വൈകാരികമായി അനുവാചകന്‍റെ മനസിലേക്ക് പ്രവേശിക്കണം. ടോണിയുടെ കവിതയിൽ വികാരമില്ല. കുറെ ഓർമ്മകൾ മാത്രമാണുള്ളത്. ഓർമകൾ കയറ്റി അയച്ചാൽ കവിതയാകില്ല. ഇതുപോലെ എഴുതാൻ പതിനായിരം പേരെയെങ്കിലും കിട്ടും. ആഴ്ചപ്പതിപ്പിന്‍റെ പേജുകൾ പോരാതെ വരും. കവിതയെക്കുറിച്ച് അറിയാൻ വിസമ്മതിക്കുന്നവരുടെ കാലമാണിതെന്നു തോന്നുന്നു.

6) സംഘടനകളെക്കുറിച്ച് ജോസഫ് മുണ്ടശേരി "വ്യക്തികളും സംഘടനകളും' എന്ന ലേഖനത്തിൽ എഴുതി: "ആ താത്പര്യങ്ങളെല്ലാം സംഘടനാ പ്രവർത്തകരായ വ്യക്തികളുടെ താത്പര്യങ്ങളാണെന്നു കാണാം. അവയും ജനസമുദായത്തിന്‍റെ തലപ്പന്തിയിൽ നിൽക്കുന്ന പ്രമാണികളുടെ താൽപര്യങ്ങളും തമ്മിൽ അന്തരമില്ല.'

7) അമെരിക്കൻ പരിസ്ഥിതിശാസ്ത്ര അധ്യാപകനും ഗ്രന്ഥകാരനുമായ തിമോത്തി മോർട്ടൺ എഴുതി: "നമ്മൾ അൾട്രാവയലറ്റ് രശ്മികളാൽ ചുട്ടുപൊള്ളുകയാണ്. നമ്മളിൽ ജലമുണ്ട്, ഭൂമിയിലെ അനുപാതത്തിൽ. നമ്മളിൽ ഉപ്പുവെള്ളമുണ്ട്, സമുദ്രത്തിലെ അനുപാതത്തിൽ. നമ്മൾ അപാരമായ ഈ ഭൂമിയെക്കുറിച്ചുള്ള കവിതകളാണ്.'

8) ഇപ്പോഴും ധാരാളം പേർ വായിക്കുന്ന "ജോനഥൻ ലിവിങ്സ്റ്റൺ സീഗൾ' (1970,റിച്ചാർഡ് ബാക്) എന്ന പുസ്തകം 18 പ്രസാധകർ നിരാകരിച്ചതാണ്. കടൽക്കാക്കകളുടെ കഥ പറയുന്ന ഈ ദാർശനിക ചെറുനോവൽ ഏത് ശാഖയിൽ ഉൾപ്പെടുത്തണമെന്നു പ്രസാധകർക്ക് അറിയില്ലായിരുന്നുവത്രേ. പിന്നീട് ഈ കൃതി മാക്മില്ലൻ പ്രസിദ്ധീകരിച്ചതോടെ, ഇതിനോടകം 40 ലക്ഷത്തിലേറെ കോപ്പി വിറ്റഴിഞ്ഞിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com