

വി.പി. ശിവകുമാർ: കഥയുടെ കലാപം
അക്ഷരജാലകം, എം. കെ. ഹരികുമാർ
1970കളുടെ ഒടുവിലും 80കളിലുമാണ് മലയാളകഥയിൽ വി.പി. ശിവകുമാറിന്‍റെ പ്രഭാവം ജ്വലിച്ചുയർന്നത്. ഒരു പുതിയ കഥയാണ് അദ്ദേഹം വിഭാവന ചെയ്തത്. അദ്ദേഹം മലയാള കഥയെ സൗന്ദര്യത്തിന്‍റെയും ആന്തരികമായ നടുക്കത്തിന്‍റെയും തലങ്ങളിലേക്ക് കടത്തിവിട്ടു. ആത്മീയമായ യാതനയും ഫലശൂന്യതയുമായുള്ള മുഖാമുഖവുമാണ് വി.പി. ശിവകുമാറിനെ വേർതിരിച്ചു നിർത്തുന്നത്. കഥയെ തുരങ്കത്തിലൂടെ സഞ്ചരിക്കുന്ന അനുഭവത്തിലേക്ക് പരിവർത്തനപ്പെടുത്തി. അദ്ദേഹം കഥാസങ്കൽപത്തെ എവിടെ നിന്നെങ്കിലും അനുകരിച്ചതല്ല; കഥയുടെ വലിയ ഭൂതകാലത്തിൽ നിന്ന്, ചരിത്രത്തിൽ നിന്ന് ഒരു കഥാകൃത്തെന്ന നിലയിൽ മഹത്തായ അനുഭവത്തെ ഉൾക്കൊള്ളുകയും അതിനെ കലാപരമായി വേർതിരിച്ചെടുക്കുകയും ചെയ്തു. അത് സൂക്ഷ്മമായ ആവിഷ്കാരത്തിന്‍റെ സാഹസികത ഉൾക്കൊള്ളുന്നതാണ്; കലാപരമായ പര്യവേക്ഷണമാണ്. കഥയുടെ കലാപമാണ് ശിവകുമാറിൽ കണ്ടത്. പരമ്പരാഗത പ്രമേയത്തെ പൊളിച്ച്, ഉപരിപ്ലവ ഭാഷയെ ഉപേക്ഷിച്ച് കലാകാരൻ സ്വയം അന്വേഷിക്കുന്ന അനുഭവമാണ് ആ കഥകൾ തന്നത്.
കഥയുടെ ഔന്നത്യത്തെക്കുറിച്ച് അറിയുന്ന ഈ കഥാകൃത്ത് രചനയിൽ പുതിയ ഭാഷ സൃഷ്ടിച്ചു. ചമൽക്കാരവും അതിശയോക്തിയും വാരിവിതറിയല്ല അദ്ദേഹം കഥാശിൽപത്തെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ഭാഷ ആഴക്കയങ്ങളിലേക്കിറങ്ങി ചെല്ലാനള്ള ഉപകരണമായിരുന്നു. ചിലപ്പോൾ അനിവാര്യമായ അതിശയോക്തിയും ഭാവനയും അതിന്‍റെ ആഴം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇരുട്ടിൽ ഒരാൾ ഒറ്റയ്ക്ക് വഴി വെട്ടുന്നത് പോലെയാണിത് അനുഭവപ്പെടുന്നത്. കഥാകൃത്ത് മനുഷ്യനിലേക്ക്, വസ്തുവിലേക്ക് തുളച്ചിറങ്ങിച്ചെല്ലുകയാണ്, ഈ ഭാഷയിലൂടെ.
അതിവൈകാരികവും കാൽപനികവുമായ ഭാഷയാണല്ലോ ഭൂരിപക്ഷം പേർക്കും വഴങ്ങുന്നത്. അവർ സ്വയം മനസിലാക്കാത്തത് കൊണ്ടാണ് അതിവൈകാരികത തേടുന്നത്. അവർക്ക് വികാരത്തെ പെരുപ്പിച്ചു കാണിക്കേണ്ടിവരുന്നു. അങ്ങനെ യഥാർഥ വികാരത്തോട് സത്യസന്ധത പുലർത്താനാകുന്നില്ല. സ്വയം വഞ്ചിക്കുന്ന ഭാഷ ഉപയോഗിക്കുന്നതിൽ അർഥമില്ല.
ഭാഷയുടെ ഞാണിന്മേൽ
ഭാഷ ഇവിടെ ഒരു ആന്തരിക വസ്തുനിഷ്ഠതയാണ്; അത് ബാഹ്യവസ്തുനിഷ്ഠതയല്ല. ഉള്ളിലേക്ക് പ്രതിഫലിക്കുന്ന പ്രകാശം ഉപയോഗിച്ച് ലോകത്തിന്‍റെ മറഞ്ഞിരിക്കുന്ന യാഥാർഥ്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ശേഖരിക്കാൻ കഴിയുമോ എന്ന വെല്ലുവിളി ഈ ഭാഷയിലുണ്ട്. അത് ഒരു ഞാണിന്മേൽ അഭ്യാസമാണ്. അതിൽ സാഹസികതയുണ്ട്, ഉള്ളിന്‍റെ പിടച്ചിലുണ്ട്. തന്‍റെ കൈയിൽ നിന്ന് ജീവിതത്തിന്‍റെ ദുർഗ്രഹമായ സൗന്ദര്യം വഴുതിപ്പോകുമോ എന്ന് ഭയക്കുന്നവനാണ് ഒരു ഭാഷയ്ക്ക് വേണ്ടി ആധിപിടിക്കുന്നത്. ഒരാൾ ബോധപൂർവം സൃഷ്ടിക്കുന്നതല്ല ഭാഷ; ഭാഷയിൽ ജീവിക്കുമ്പോഴാണ് നിരീക്ഷണങ്ങൾക്ക് മൗലികതയുണ്ടാവുന്നത്. ഭാഷ എഴുത്തുകാരനെ അയാൾക്ക് ആവശ്യമായ വസ്തുക്കളിലും പൊരുളുകളിലും എത്തിക്കുന്നു. മലയാളകഥയെ ഗഹനതയിലും സൗന്ദര്യത്തിലും നവീകരിച്ച ഈ കഥാകൃത്ത് (പന്ത്രണ്ടാം മണിക്കൂർ, ഭാരത മാതാവ്, മൂന്ന് കഥാപാത്രങ്ങൾ എന്നീ കഥകൾ ഉദാഹരണം) 46ാം വയസിൽ വിടപറഞ്ഞത് മലയാള കഥയെ വല്ലാത്ത ഒരു സ്തംഭനത്തിലേക്ക് തള്ളിയിട്ടു.
ശിവകുമാർ ജീവിച്ചിരുന്നെങ്കിൽ മലയാളകഥ പ്രവചിക്കാനാവാത്ത തലങ്ങളിലെത്തുമായിരുന്നു. ഓരോ കഥയിലും രൂപവും ഉള്ളടക്കവും ശൈലിയും പരിഷ്കരിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. തീവ്രമായ മുഹൂർത്തങ്ങൾക്കു പിറകിലുള്ള അനുഭവത്തെ കഥാകൃത്ത് അപഗ്രഥിച്ചു. അദ്ദേഹം കഥയുടെ ആധുനിക സംസ്കാരം ഉൾക്കൊണ്ടതിന്‍റെ ഫലമാണത്. പരമ്പരാഗത കഥകളിൽ കാണാറുള്ള ഓർമകളും സ്ഥൂലമായ വിവരണവും സുഹൃത്തുക്കളുടെ കണ്ടുമുട്ടലുമൊന്നുമല്ല ശിവകുമാറിനെ ആകർഷിച്ചത്. ലോകത്തിന്‍റെ ഒരു മൂലയിൽ നിന്ന് പണി തുടങ്ങുകയാണ് ചെയ്തത്. ജീവിതത്തിന്‍റെ അദൃശ്യതയെ, അതാര്യതയെ തോൽപ്പിക്കാനാണ് പരിശ്രമിച്ചുകൊണ്ടിരുന്നത്. ജീവിതത്തിന്‍റെ അതാര്യതയും അവ്യക്തതയും കലയുടെ വിചിത്ര വിഷയങ്ങളാണ്. അതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ചില അനുഭവങ്ങളുണ്ടാകാം. അവർ അത് കലയിൽ ആവാഹിക്കുകയാണ്.
കലാകാരന്‍റെ വിധി
വി.പി. ശിവകുമാറിന്‍റെ "പ്രതിഷ്ഠ' എന്ന കഥ ഒരു കലാകാരന്‍റെ ജീവിതത്തെക്കുറിച്ചുള്ള വെളിപാടും വെളിപ്പെടുത്തലുമാണ്. കലാകാരന് സമൂഹത്തിൽ കിട്ടുന്ന സ്ഥാനവും അവനെ മറ്റുള്ളവർ കാണുന്നതും ശരിക്കും സത്യമായ കാര്യങ്ങളാണോ എന്ന് ചിന്തിപ്പിക്കുന്ന കഥയാണ് "പ്രതിഷ്ഠ'. ഒരു ശിൽപിയുടെ സ്വപ്നമാണിത്. അയാൾ ഒരു കേവല മനുഷ്യനാണ്. തന്‍റെ പർണശാല എവിടെയാണ് പണിയേണ്ടതെന്നോ, തനിക്ക് മുമ്പുള്ള രണ്ടു തലമുറയിലെ ആൾക്കാർ ആരാണെന്നോ അറിയാത്ത ഒരു മനുഷ്യനാണയാൾ. അയാൾക്ക് അധികാരികൾക്കൊപ്പം ഇരിപ്പിടം കിട്ടുകയില്ല. അധികാരികൾ ആവശ്യപ്പെട്ടാൽ എന്തെങ്കിലും ജോലി ചെയ്യാം. ആ ജോലിയിൽ വീഴ്ച വരുത്തിയാൽ ശിക്ഷ കിട്ടും, അപമാനിക്കപ്പെടും. അത് ചിലപ്പോൾ മൃത്യുവിലെത്തിച്ചേക്കാം. കലാകാരന് സ്വന്തമായുള്ളത് സ്വപ്നങ്ങൾ മാത്രമാണ്. ഭ്രാന്തമായി സ്വപ്നം കാണാൻ ആരുടെയും അനുവാദം വേണ്ടല്ലോ.
എന്നാൽ തന്നിലെ അലോസരപ്പെടുത്തുന്ന ചിന്തകൾ മറ്റാരും അറിയാതെ നോക്കേണ്ടത് അയാളുടെ മാത്രം കടമയാണ്. അന്യർക്ക് അലോസരമുണ്ടാകാത്ത വിധം അയാൾ ഇതഃപര്യന്തമുള്ള ജീവിതത്തെ കാഴ്ചബംഗ്ളാവിലെ അലമാരകളിലെന്ന പോലെ ക്രമീകരിച്ചു. അതേസമയം തന്നെ മൃദുവായ ഒരാലിംഗനം പോലെ തന്നെ മൂടി നിന്ന ജീവിതത്തെ ക്രൂരവും ഭ്രാന്തവുമായ ഒരുതരം അവാസ്തവികതാ ബോധത്താൽ അയാൾ തട്ടിത്താഴെയിട്ടു കഴിഞ്ഞു. അയാൾക്ക് ജീവിക്കണമെങ്കിൽ ഇതു വേണം. അയാൾ ഇഷ്ടപ്പെടുന്ന ചിത്രങ്ങളും ശിൽപങ്ങളും രൂപപ്പെടുത്തണമെങ്കിൽ കഠിനമായ അസ്വസ്ഥതകളെ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. ഓരോ വ്യക്തിയെയും കാണുന്നത് പുറത്തു കാണുന്ന രൂപം നോക്കിയല്ല. ആ വ്യക്തിയുടെ ഉള്ളിലേക്ക് നോക്കാനുള്ള സിദ്ധി വേണം.
കഥാകൃത്ത് പറയുന്നതുപോലെ ആത്മവിനാശകരമായ ഒരു നിർമമതയാണ് അയാളുടെ ശക്തി. അയാൾ കണ്ട സ്വപ്നം ഒരു രാജാവ് ജഗന്നാഥന്‍റെ ശിൽപം കൊത്താൻ വിളിക്കുന്നതിനെക്കുറിച്ചാണ്. ശിൽപം നന്നായില്ലെങ്കിൽ കൊന്നുകളയുമെന്നാണ് രാജാവ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ വെല്ലുവിളി ഏറ്റെടുക്കുന്നത് ആത്മബലമുള്ള കലാകാരന്‍റെ ലക്ഷണമാണ്. അവൻ ഏത് സാഹസികതയിലേക്കും കുതിക്കുന്നു. അവന് ഓരോ നിമിഷവും ജീവിച്ചേ മതിയാകൂ. അവന് ജീവിച്ചിരിക്കുന്നതിന് ഒരു നീതീകരണം വേണം. അവന്‍റെ സൃഷ്ടിയാണ് ആ നീതീകരണം. അത് അവനെയാണ് അടയാളപ്പെടുത്തുന്നത്. അവനെ അതിൽ ആലേഖനം ചെയ്യുന്നു. അത് കാലത്തിലേക്ക് പ്രയാണം ചെയ്യുകയാണ്. അവനു പകരം ആ കലാസൃഷ്ടിയാണ് സഞ്ചരിക്കുന്നത്, ഒരേസമയം ഭൂതകാലത്തിലേക്കും ഭാവിയിലേക്കും.
ശിൽപിയുടെ സമനില തെറ്റി
ഇവിടെ ശിൽപി തനിക്ക് അനുഭവിച്ച 42 ദിവസം കൊണ്ട് ശിൽപം പൂർത്തിയാകാനുള്ള ശ്രമത്തിലാണ്. എന്നാൽ കുന്നിന്‍റെ മുകളിലുള്ള ക്ഷേത്രത്തിൽ നിന്ന് ഉച്ചത്തിൽ കേട്ട ശബ്ദം ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്. അവർ കേട്ടത് ശരിയായ ശബ്ദമാണോ അവരുടെ ഉത്ക്കണ്ഠയുടെ ശബ്ദമാണോ എന്ന് തീർച്ചയില്ല. എന്തായാലും ദിവസങ്ങൾ കഴിഞ്ഞുപോകുന്തോറും അവർക്ക് അസ്വസ്ഥത ഇരട്ടിയായി. അവർ രാജാവിനെ വിവരം അറിയിച്ചു. ക്ഷേത്രത്തിലെ മറ്റു ശിൽപങ്ങൾ ആ ശിൽപി തച്ചുതകർക്കുന്നതിന്‍റെ ശബ്ദമാണതെന്ന് രാജാവ് വിചാരിച്ചു. അദ്ദേഹം ആക്രോശിച്ചുകൊണ്ട് വാതിൽ തള്ളിത്തുറന്ന് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. എന്നാൽ ശിൽപി ജഗന്നാഥശിൽപത്തിന്‍റെ പണിയിലായിരുന്നു. അത് പൂർത്തിയായിട്ടില്ല. ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. മറ്റു ശിൽപങ്ങൾക്കോ ക്ഷേത്രത്തിനോ അയാൾ യാതൊരു കേടും വരുത്തിയിട്ടുമില്ല. ഇത് കണ്ടറിഞ്ഞ് രാജാവ് പരുങ്ങലിലായി. തന്‍റെ ഏകാന്തതയെ തകർത്തത് ശിൽപിക്ക് താങ്ങാനായില്ല. അയാൾ നിയന്ത്രണം വിട്ട് താഴ്വാരത്തിലേക്ക് എടുത്ത് ചാടി മരിക്കുകയാണ്.
രാജാവാകട്ടെ തന്‍റെ ചരിത്രപരമായ പ്രശസ്തിക്കും ധർമത്തിനും വേണ്ടി തലയറ്റ് കിടക്കുന്ന ആ വിഗ്രഹത്തെ തന്നെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു. ആ രാജാവാണ് ആ ശിൽപത്തിന്‍റെ തലയും ഉടലും വേർപെടാൻ കാരണക്കാരൻ. ആ രാജാവ് തന്നെയാണ് ശിൽപത്തിന്‍റെ തലയും ഉടലും കൂട്ടിച്ചേർത്ത് പ്രതിഷ്ഠിക്കാൻ ഉത്തരവിടുന്നത്. ഇത് രണ്ടും ചേർത്ത് രാജാവ് കലയോടും കലാകാരനോടും പ്രതിബദ്ധതയുള്ള മഹാനാണെന്ന് ആർക്കും എഴുതിച്ചേർക്കാനാവും.
അതാണ് രാജാവിന്‍റെ നീതിയുടെ മറുപുറം. എന്നാൽ കലാകാരനോ? അയാൾ സ്വപ്നത്തിനു നാശം സംഭവിച്ചതിന്‍റെ വേദനയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. കലാകാരന്‍റേത് ജീവിതത്തിലെ പരിപാവനമായ ഒരു ഉദ്യമമായിരുന്നു. സ്വന്തം ചോര കൊടുത്താണ് ആ വേല അയാൾ തുടങ്ങിയത്.
ഇത് അമ്മയ്ക്ക്, അച്ഛന്
"എല്ലാറ്റിനെയും നിസാരവത്കരിച്ച് സ്ഥലകാല സീമകൾക്കപ്പുറത്ത് ഉദിച്ചു നിന്ന ആ ക്ഷേത്രത്തിൽ വച്ച് വെട്ടിത്തിളങ്ങുന്ന ഉളിയെടുത്ത് അയാൾ തന്‍റെ കാൽമടമ്പിൽ ഒരു വര വരച്ചു. മുറിവ് പൊടുന്നനെ ഒരു കവിൾ രക്തം തുപ്പി. "ഇത് അമ്മയ്ക്ക്'. അയാൾ പിറുപിറുത്തു, ഉളി കൊണ്ട് കല്ലിൽ കൊത്തി. അടുത്ത മുറിവ്. "ഇതച്ഛന്'. കൃഷ്ണശിലയിൽ ചുറ്റിക കൊണ്ട് അയാൾ ആഞ്ഞടിച്ചു. പുതിയ മുറിവുകൾ. "ഇത് നിലാവിന്', "ഇത് സന്ധ്യയ്ക്ക്', "ബാല്യകാല സഖിക്ക്', "മനസ്വിനിക്ക്', "തുമ്പപ്പൂവിന്', "ചാപല്യങ്ങൾക്ക്', "കുഞ്ഞുമകൾക്ക് '... നിരന്തരമായി പൊട്ടിച്ചിതറുന്ന കല്ലിന്‍റ സംഗീതം ഉയർന്നു'.
എത്ര വൈകാരികമാണിത്! സമസ്ത ജൈവചൈതന്യത്തെയും ആവാഹിക്കുന്നതാണ് ശിൽപിയുടെ പ്രവൃത്തി. ഒരു ശിൽപി ഉളിയെടുത്ത് വരയ്ക്കുകയോ കൊത്തുകയോ ചെയ്യുമ്പോൾ അത് തന്‍റെ സർവസ്വവുമായ അറിവുകളുടെ പ്രത്യക്ഷ പ്രകടനമാണ്. അതിന് എല്ലാറ്റിന്‍റെയും ആശിർവാദം വേണം; അതിനാണ് നിശബ്ദത ആവശ്യമായിട്ടുള്ളത്.
പ്രമുഖ കഥാകൃത്ത് കാഫ്ക പറഞ്ഞു, എഴുതാൻ ഒരു ശവത്തിന്‍റെ ഏകാന്തത വേണമെന്ന്! കാഫ്കയുടെ "എ ഹംഗർ ആർട്ടിസ്റ്റ്' എന്ന കഥയിൽ ഒരു കലാകാരൻ കൂടിനകത്ത് കയറിയിരുന്നു ഉപവസിക്കുകയാണ്, ദിവസങ്ങൾ കടന്നു പോകുമ്പോൾ അയാളെ കാണാൻ ആളുകൾ കൂട്ടമായിത്തുകയാണ്. അയാൾ ഒരു കാഴ്ചവസ്തുവായി മാറുന്നു. അതാണ് കലാകാരന്‍റെ വില! എന്നാൽ ആഴ്ചകൾ പിന്നിട്ടതോടെ കാണികൾക്ക് കൗതുകം നഷ്ടമായി. അയാൾ ഒറ്റപ്പെടുന്നു. പിന്നീട് ഒരു സർക്കസ് കമ്പനിയിൽ ചേർന്ന് ഉപവസിക്കുന്നു. അവിടെ അയാളുടെ സ്ഥാനം മൃഗങ്ങൾക്കൊപ്പമാണ്. മരണം വരെ ഉപവസിക്കുന്നു, വേറൊരു മാർഗവുമില്ല. ഉപവസിക്കാനുള്ള തീരുമാനമെടുത്തതോടെ അതിന്‍റെ ഇരയാവുകയാണ്. ഉപവാസം അയാളുടെ തെരഞ്ഞെടുപ്പായിരുന്നു. അതുകൊണ്ട് ആളുകൾ അയാളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഉപവാസമാണ്. ആ ഉപവാസം സഹനമോ ത്യാഗമോ ആയിരിക്കാം. പക്ഷേ അത് ആർക്കും വേണ്ട. അയാൾ തന്‍റെ പ്രയത്നം പാഴാക്കി, വിസ്മൃതിയിൽ ലയിക്കുകയാണ്. കലാകാരന്‍റെ വിധിയാണിത്.
കാഫ്ക അത് മനസിലാക്കിയിരുന്നു. കലാകാരന് തന്‍റെ സൃഷ്ടിപരമായ ഉന്മാദവും അപായക്കളിയും ആർക്കും പറഞ്ഞു കൊടുക്കാനാവില്ല; അതിന്‍റെ ഫലമായി ഒറ്റപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യും.
സത്യത്തിനു ചുറ്റും
ശിവകുമാറിന്‍റെ കഥാപാത്രം കാണുന്ന സ്വപ്നം ആത്മഹത്യാപരമാണ്. ആ കഥാപാത്രം തിരഞ്ഞെടുത്ത മഹത്തായ ശിൽപത്തിന്‍റെ നിർമാണം സ്വന്തം ജീവൻ അപഹരിക്കുകയാണ്. അയാൾ മനസിലാക്കപ്പെടാത്ത ഒരു വസ്തു മാത്രമാണ്. കാഫ്ക എഴുതി: "കല സത്യത്തിനു ചുറ്റും പറക്കുകയാണ്, ഒരിക്കലും കത്തി ചാമ്പലാകരുതെന്ന കണക്കുകൂട്ടലോടെ'. കാരണം കലയുടെ സൗന്ദര്യം തീജ്വാലയാണ്, അത് ഭീകരമാണ്. കലയെ ശൂന്യതയുമായി കൂടിക്കുഴയ്ക്കാനല്ല ശിവകുമാർ "പ്രതിഷ്ഠ' എന്ന കഥയെഴുതിയത്. അതിലുപരി ഈ കഥ കഥാകൃത്തിന്‍റെ വ്യക്തിപരമായ അനുഭവസാക്ഷാത്കാരമാണ്. താൻ സ്വയം സൃഷ്ടിച്ച തടവറയിലാണെന്ന പേടിപ്പെടുത്തുന്ന സ്വപ്നമാണ് അദ്ദേഹത്തെ നയിച്ചതെന്ന് വ്യക്തം. ഈ പ്രപഞ്ചത്തിലെ ഒരു കോണിലിരുന്ന് ഏകാന്തമായി സ്വപ്നം കാണുന്ന ഒരുവന്‍റെ കലാപരമായ അഭിനിവേശങ്ങൾ അപകടകരമായ ജീവിതാവസ്ഥയുടെ തനിപ്പകർപ്പാണെന്ന് കണ്ടെത്തുകയാണ്.
ശിൽപം കൊത്താൻ മലകയറുന്ന ശിൽപിയുടെ അനുഭവം കഥാകൃത്ത് ഇങ്ങനെ വിവരിക്കുന്നു: "അയാളുടെ മനസ് നാഗത്തെപ്പോലെ നിന്നാടി. ക്ഷേത്ര മതിൽക്കെട്ടിനുളളിൽ ഒരു പ്രതിഷ്ഠ പോലെ അയാൾ നിന്നു. നേരെ മുകളിലായി ഒരു ചുവന്ന നക്ഷത്രം നിന്നു കത്തി. ഇപ്പോളയാൾ അഞ്ചരയടി പൊക്കമുള്ള ഒരു ഞരമ്പുരോഗിയല്ല. അനാഥമായ ഗർഭപാത്രങ്ങൾക്കിടയിലെ ഒരു വിഹ്വലബിന്ദുവല്ല. "അയാൾ വീട് പണിയാൻ വായ്പയ്ക്ക് തെണ്ടി നടന്ന പൗരനല്ല; രാജാവാണ്. കടലും കുന്നുകളും അയാൾക്ക് കാവൽ നിൽക്കുകയാണ്. എന്തുകൊണ്ട്? അയാളാണ് അവിടെ പ്രതിഷ്ഠിക്കപ്പെടുന്നത്. അയാളുടെ കലയാണ് അവിടെ വാഴ്ത്തപ്പെടുന്നത്. അത് പൂർണമായി നിർമിക്കാൻ അനുവദിക്കാത്ത ലോകമാണ് തൊട്ടടുത്തുള്ളത് എന്ന വസ്തുത ദഹിക്കാതെ അവശേഷിക്കുന്നു.
രജതരേഖകൾ
1) സിവിക് ചന്ദ്രൻ
പരിരംഭണം ചെയ്ത, വേദനിപ്പിച്ച ഓർമകൾ പിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ, പിരിയാതെന്തു ചെയ്യും? ഓർമകൾ ലോപിച്ചു വന്ന ഈ ശരീരത്തിൽ ബാക്കിയാവുന്നത് സമീപത്തുണ്ടായിരുന്ന ചിലർ മാത്രമോ? സിവിക് ചന്ദ്രൻ എഴുതിയ "സ്മൃതിനാശം' (കലാപൂർണ ഓണപ്പതിപ്പ്) എന്ന കവിതയുടെ ഒടുവിൽ ഇങ്ങനെ സമാധാനിക്കുന്നു:
"പഴയതൊന്നുമൊന്നും ഓർക്കേണ്ടന്നോ?
എല്ലാമെല്ലാമപ്പോളപ്പോൾ
പുഴയോടൊപ്പമൊഴുകിപ്പോയതാണല്ലോ,
എന്നോ? എന്നാലും...
ഓർക്കണമേതെങ്കിലുമൊരു
ഋതുവെങ്കിലുമെങ്കിലിതു തന്നെ,
കൈവിരലിലെണ്ണാവുന്ന മിത്രങ്ങൾ.
കാൽവിരലിലെണ്ണാവുന്ന ബന്ധുക്കളും,
ഏതു കാട്ടിലും കോളിലും
കൈവിടാത്തിവർ തന്നെ ധാരാളം,
ഇവരോട് മിണ്ടിയും പറഞ്ഞും
ഇണങ്ങിയും പിണങ്ങിയുമൊരു
യാമം കൂടെ...
മതിയേ മതി..'
2) കോളമെഴുത്തും എസ്റ്റാബ്ലിഷ്മെന്‍റും
ഏതാനും ദിവസങ്ങൾക്കു മുമ്പ് ബംഗളൂരുവിൽ ബുക്ബ്രഹ്മ സംഘടിപ്പിച്ച തെന്നിന്ത്യൻ ബഹുഭാഷാ സാഹിത്യോത്സവത്തിൽ ഈ ലേഖകൻ പങ്കെടുത്തു. മലയാളത്തിലെ കോളമെഴുത്തിന്‍റെ വർത്തമാനം എന്നതായിരുന്നു വിഷയം. ഒരു കോളമിസ്റ്റെന്ന നിലയിൽ അതിൽ സന്തോഷത്തോടെയാണ് പങ്കുചേർന്നത്. മലയാള സാഹിത്യ എസ്റ്റാബ്ലിഷ്മെന്‍റ് സീരിയസായി തുടരുന്ന കോളത്തെ പൂർണമായി അവഗണിക്കുന്നു എന്നാണ് അവിടെ പറഞ്ഞത്. വായനക്കാർ പിന്തുണയ്ക്കുന്നതാണ് ആശ്വാസം. അന്ന ക്വിന്‍റലിൻ ന്യൂയോർക്ക് ടൈംസിലെഴുതിയ "പബ്ലിക് ആൻഡ് പ്രൈവറ്റ് ' എന്ന സാഹിത്യേതര കോളത്തിന് പുലിറ്റ്സർ പ്രൈസ് ലഭിച്ചു. ഇവിടെ ആയിരുന്നെങ്കിൽ അന്നയുടെ പംക്തിയെ സാഹിത്യ എസ്റ്റാബ്ലിഷ്മെന്‍റ് ചവറ്റുകുട്ടയിൽ എറിഞ്ഞേനെ!
പ്രസ് അക്കാദമി, സാഹിത്യ അക്കാദമി, സാംസ്കാരിക വകുപ്പ് എന്നിവ പതിറ്റാണ്ടുകളായി തുടരുന്ന, ഇന്ത്യയിലെ തന്നെ ഏക സാഹിത്യ പംക്തിയായ "അക്ഷരജാലക'ത്തെ അർഹമായ രീതിയിൽ ആദരിക്കുന്നില്ല എന്നാണ് ആ സെഷനിൽ വ്യക്തമാക്കിയത്. ടിവിയിൽ വാർത്ത വായിക്കുന്നവർക്കു പോലും സർക്കാർ ഇവിടെ അവാർഡ് കൊടുക്കുന്നുണ്ടെന്ന് ആലോചിക്കണം. എന്നാൽ പതിറ്റാണ്ടുകളായി സാഹിത്യത്തെക്കുറിച്ചും കലയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ആഴത്തിൽ പരിശോധിക്കുന്ന "അക്ഷരജാലക'ത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതൊരു ജനാധിപത്യ സമൂഹത്തിനു ചേരുന്നതല്ലെന്ന് അവിടെ അഭിപ്രായപ്പെട്ടു. കലിഗ്രാഫിക്ക് കേരളശ്രീ അവാർഡ് കൊടുത്ത സർക്കാരാണിവിടെയുള്ളത്. ഉമേഷ് രാമൻ മോഡറേറ്ററായിരുന്നു. ജേക്കബ് എബ്രഹാം, ഇന്ദിര ബാലൻ എന്നിവർ പങ്കെടുത്തു. പരിഭാഷകനും എഴുത്തുകാരനുമായ സുധാകരൻ രാമന്തളി ക്യൂറേറ്ററായിരുന്നു.
3) സുധ തെക്കേമഠം
സുധ തെക്കേമഠം എഴുതിയ "തൂനിവ് ' (പ്രസാധകൻ ഓണപ്പതിപ്പ്) സമീപനാളുകളിൽ വായിച്ച നല്ല കഥയാണ്. ഒരു പെൺമനസിന്‍റെ ധൈര്യം കാണിച്ചുതന്നു. "ഭയമാണ് താനുൾപ്പെടെ എല്ലാവരെയും ഭരിക്കുന്നത്. സ്വന്തം കാപട്യത്തിന് നേർക്കുയരുന്ന ചൂണ്ടുവിരലിനെ എല്ലാവരും ഭയക്കുന്നു. തനിനിറം പുറത്തുവരാതിരിക്കാനായി അടിയറവ് പറഞ്ഞ് എന്തിനും വിധേയപ്പെടുന്നു. ആത്മാവിനെ ബന്ധിച്ച് മൗനത്തിലാഴുന്നു'.
മറ്റൊരു ഭാഗം ഇങ്ങനെ: "നീയൊരു പെണ്ണായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എത്രയധികം ആഴത്തിലേക്ക് മണ്ണിട്ട് മൂടിയിട്ടും തോറ്റുപോവാതെ എന്‍റെ മുന്നിലെത്തിയല്ലോ. അതൊരു പെണ്ണിനേ സാധിക്കൂ'. ഈ വാക്യങ്ങളിൽ ഒരു പെണ്ണ് മാത്രമല്ല, എഴുത്തുകാരിയുമുണ്ട്. "കാലഘട്ടങ്ങളുടെ മണ്ണടരുകൾക്കിടയിൽ ജീർണിച്ചു കിടക്കുന്ന ഇരകളുടെ നിലവിളികൾ' ഈ കഥ അനുഭവിപ്പിച്ചു.
4) ശരീരം
നമ്മുടെ ശരീരം ഒരു മഹാനഗരമാണ്! എത്ര കോടി കോശങ്ങൾ, എത്രയെത്ര കോടി ജീവികൾ! തിരക്കു പിടിച്ച ട്രാഫിക്, ട്രാഫിക് കുരുക്കുകൾ, അപകടങ്ങൾ, മരണങ്ങൾ, പ്രാർഥനകൾ, തിരിച്ചുവരവുകൾ, പുനർജനികൾ... ഒരു മഹാപ്രപഞ്ചം ഓരോ ശരീരത്തിലും ആർത്തിരമ്പുന്നു. എന്നാൽ ഒന്നിനെ പോലും നാം തിരിച്ചറിയുന്നില്ല. ഒരു ചലനമോ പ്രകമ്പനമോ നമ്മുടെ നേർക്ക് വരുന്നില്ല. ഒന്നിനെയും അഭിസംബോധന ചെയ്യാനാകുന്നില്ല. നൂറോണുകൾ ക്രമീകരിക്കപ്പെടുന്നതിനനുസരിച്ച് നാം മാറുന്നു, സ്വയം മാറുന്നു, അൽപം പോലും കാൽപനികതയില്ലാതെ.
5) എൽ. തോമസുകുട്ടി
എൽ. തോമസുകുട്ടിയുടെ "എഐ' (തന്മ, ഓഗസ്റ്റ്) കവിതയിൽ ഇങ്ങനെ വായിക്കാം:
"മുറിഞ്ഞുമുറിഞ്ഞുള്ള
കണക്റ്റിവിറ്റി
ഇടയിലിടയിൽ
സ്ഫുരണശീൽക്കാരം
തണുത്ത ഷോക്കുകൾ
നേർത്ത ബസറുകൾ'
തലച്ചോറിലെ ന്യൂറോൺ മായാജാലം മനുഷ്യനെ നേരത്തെ തന്നെ ഒരു എഐ ജീവിയാക്കിയിരിക്കുന്നു!
6) മനുഷ്യനും ചന്ദ്രനും
മനുഷ്യന് ചന്ദ്രനുമായി എന്തോ ബന്ധമുണ്ട്. ചന്ദ്രന്‍റെ രൂപമാറ്റം നമ്മുടെ ജീവിതത്തെയും ജൈവലോകത്തെയും സ്വാധീനിക്കുന്നു. ചന്ദ്രനെക്കുറിച്ച് അമെരിക്കൻ എഴുത്തുകാരി തെഹ്രേ മാഫി എഴുതിയത് ശ്രദ്ധേയമാണ്: "ഓരോ ദിനവും ചന്ദ്രൻ വ്യത്യസ്തമാണ്. ചിലപ്പോൾ ദുർബലം, ചിലപ്പോൾ ശക്തിയുള്ളത്, പ്രകാശമുള്ളത്. ഒരു മനുഷ്യനായിരിക്കുന്നതിന്‍റെ അർഥം എന്താണെന്ന് ചന്ദ്രനറിയാം- അനിശ്ചിതമായ അവസ്ഥ, ഏകാകിത, നിറയെ അപൂർണതകൾ'.