

എഴുത്തുകാരുടെ സെൽഫി
symbolic
അക്ഷരജാലകം |എം.കെ. ഹരികുമാർ
വിമർശനത്തിന് മങ്ങലേറ്റിരിക്കുന്നു എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. ഈ വാദം ഒരു കാഴ്ചപ്പാടിന്‍റെ ഫലമായുണ്ടാകുന്നതാണ്. പുസ്തകങ്ങളെയും രചയിതാക്കളെയും വിമർശിച്ചു ലേഖനങ്ങൾ ഉണ്ടാകുന്നില്ല എന്ന അർഥത്തിലാണ് ഇതു പറയുന്നതെന്നു തോന്നുന്നു. ജോസഫ് മുണ്ടശേരിയും സുകുമാർ അഴീക്കോടും ജി. ശങ്കരക്കുറിപ്പിന്‍റെ കവിതകളെ വിമർശിച്ചതിന്‍റെ ഓർമകൾ ചിലർക്കെങ്കിലും ഉണ്ടായിരിക്കും.
അഴീക്കോട് തന്‍റെ വിമർശനപാതയിൽ "ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന ഒരു പുസ്തകമെഴുതുകയും ചെയ്തു. കാൽപ്പനിക കവിതയുടെ അപചയം എന്ന നിലയിലാണ് ആ വിമർശനമെങ്കിലും അതിനെ പിന്താങ്ങുന്ന തരത്തിൽ മുണ്ടശേരിയും കുട്ടികൃഷ്ണ മാരാരും നിലകൊണ്ടതോടെ അത് ശങ്കരക്കുറുപ്പിനു വലിയ തിരിച്ചടിയായി. അദ്ദേഹത്തിനു ലഭിച്ച ജ്ഞാനപീഠത്തിന്‍റെ യശസിനു മങ്ങലേൽപ്പിക്കാൻ ഈ വിമർശകത്രയത്തിന്‍റെ ഇടപെടൽ കാരണമായി. മൂല്യം, ആസ്വാദനം എന്നീ തലങ്ങളിൽ യോജിക്കാനാവാത്തതിനെ എതിർക്കുന്നത് വിമർശനത്തിന്‍റെ കടമയാണെന്ന കാഴ്ചപ്പാടാണ് അവർക്കുണ്ടായിരുന്നത്.
പഴയ അഭിരുചിയെ എതിർക്കുന്നത് പുതിയ അഭിരുചിയുള്ളതുകൊണ്ടാണ്. പുനർമൂല്യവിചാരണ അത്യാവശ്യമാണ്. സാഹിത്യവിമർശനത്തിൽ വ്യക്തികൾ അത്ര പ്രധാനമല്ലാതായിത്തീരുകയാണ്. വിമർശകത്രയത്തിന്‍റെ മാതൃകയിലുള്ള വിമർശനം ഇപ്പോളില്ല. ഇന്നത്തെ വിമർശന ലേഖനങ്ങൾ ഭൂരിപക്ഷവും വാരികകളുടെ താത്പര്യത്തിനനുസരിച്ച് രൂപപ്പെടുന്നതാണ്. ചില എഴുത്തുകാരുടെ പ്രായം തൊണ്ണൂറ് കടക്കുമ്പോൾ, പുരസ്കാരം കിട്ടുമ്പോൾ എഴുതപ്പെടുന്ന ലേഖനങ്ങളെ വിമർശനത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ല. അതൊക്കെ സ്തുതിയായി കണ്ടാൽ മതി.
നിഷ്കൃഷ്ടമായ വിയോജിപ്പും വിലയിരുത്തലും വിമർശനത്തിൽ പ്രധാനമാണ്. അങ്ങനെയുള്ള വിമർശനങ്ങൾ ഇപ്പോൾ പ്രധാന വാരികകളിൽ കാണാറില്ല. വിമർശകരെ ചില വാരികകളും മാസികകളും പുറത്താക്കിയിരിക്കുകയാണ്. അപ്രിയമായ ശബ്ദങ്ങൾ കേൾക്കാനിഷ്ടപ്പെടാത്ത എഴുത്തുകാർ ഈ പുറത്താക്കലിനെ പ്രോത്സാഹിപ്പിക്കുകയാണ്. അതുകൊണ്ട് വിമർശകസ്വരം ദുർബലമാവുകയാണ്.
സമൂഹമാധ്യമങ്ങളിൽ ചില വിമർശനങ്ങൾ കാണാറുണ്ടെങ്കിലും അതൊന്നും പുസ്തകരൂപത്തിൽ വരുന്നില്ല. പുസ്തകമായാൽ തന്നെ വലിയ പ്രസാധകർ ഏറ്റെടുക്കില്ല. ഇന്നത്തെ സാഹിത്യോത്സവകാലത്ത് സ്തുതിയും ഔദ്യോഗിക ചർച്ചകളും മാത്രമാണുണ്ടാകുന്നത്. അതിനാണ് മാർക്കറ്റ്. ഒരു നോവൽ പ്രസിദ്ധീകരിക്കുമ്പോൾ അതിനുവേണ്ടി പ്രമോഷൻ ചടങ്ങുകൾ സ്വാഭാവികമാണിന്ന്. പതിറ്റാണ്ടുകൾക്ക് മുൻപ് കൃതിയെക്കുറിച്ച് വിമർശകർ എഴുതുമ്പോഴാണ് ആളുകൾ ശ്രദ്ധിച്ചിരുന്നത്. ഇന്നു വിമർശകർ എഴുതിയാലും ഭാവുകത്വം നഷ്ടപ്പെട്ടവർ അത് ഉൾക്കൊള്ളാൻ സാധ്യതയില്ല.
നിലവാരമില്ലാത്ത നോവലിനെക്കുറിച്ച് ലേഖനമെഴുതാൻ മികച്ച വിമർശകർ തയാറാവുകയില്ല. അപ്പോൾ നോവലിസ്റ്റിനു, പ്രസാധകനു മുന്നിലുള്ള വഴി പുസ്തകം വായിച്ചു വിലയിരുത്താൻ ശേഷിയില്ലാത്ത വ്യക്തികളെ അവരുടെ പ്രശസ്തിയുടെ പേരിൽ, സമൂഹത്തിലുള്ള സ്ഥാനത്തിന്‍റെ ബലത്തിൽ സമീപിക്കുക എന്നതാണ്. അവരെക്കൊണ്ട് പുസ്തകത്തെക്കുറിച്ച് വല്ലതും പറയിപ്പിക്കും. വിമർശകരുടെ അഭിരുചിക്ക് ഇണങ്ങാത്ത പുസ്തകം ഇന്ന് പ്രസാധകർ പ്രത്യേക ചടങ്ങുകളിലൂടെ പ്രമോട്ട് ചെയ്യുന്നു. പ്രസാധകർ തന്നെ വാരികകളിൽ കവർ സ്റ്റോറി കൊടുപ്പിക്കും, പുരസ്കാരം നേടിക്കൊടുക്കും. സാഹിത്യോത്സവങ്ങൾ നടത്തുന്നതും പ്രസാധകരാണ്.
ഉള്ളടക്കം റദ്ദ് ചെയ്യപ്പെടുന്നു
അങ്ങനെ ആ ഉത്സവങ്ങൾ പ്രസാധകരുടെ പുസ്തകങ്ങൾക്ക് ജനപ്രീതിയും പ്രശസ്തിയും നേടാനുള്ള അവസരമായി മാറുന്നു. പുസ്തകചർച്ചയിൽ സാഹിത്യാസ്വാദകർ വേണമെന്നില്ല: പ്രസാധകരെ പിന്തുണയ്ക്കുന്നവർ മതി. ഇവർക്ക് പുസ്തകത്തെക്കുറിച്ച് ബാഹ്യമായ വിവരങ്ങൾ ഉണ്ടായാൽ മതി. അതിന്‍റെ പ്രമേയത്തെക്കുറിച്ചോ കലയെക്കുറിച്ചോ പറയാൻ ശേഷിയില്ലാത്തവരുടെ ചർച്ചകളാണ് പ്രസാധകർ പ്രോത്സാഹിപ്പിക്കുന്നത്. ഉള്ളടക്കം റദ്ദ് ചെയ്യപ്പെടുകയും വർണാഭമായ ഒത്തിരിക്കൽ പ്രമുഖമായിത്തീരുകയും ചെയ്യുകയാണ്.
ഒരു ചർച്ച എന്ന് പറയുന്നത് പുസ്തകത്തെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചോ അല്ല; വ്യക്തിപരമായ വർത്തമാനങ്ങളിൽ അത് ഒതുങ്ങിക്കൊള്ളും. ഉള്ളിലേക്ക് കടന്നുചെല്ലുന്ന നിരീക്ഷണങ്ങൾ പലരെയും വിറളി പിടിപ്പിക്കും എന്നുള്ളതുകൊണ്ട് ബുദ്ധിയുള്ളവരെ സാഹിത്യോത്സവങ്ങളിൽ പങ്കെടുപ്പിക്കാതിരിക്കാൻ കമ്മിറ്റിക്കാർ പ്രത്യേകം ശ്രദ്ധിക്കും. ഡോ.വി. രാജകൃഷ്ണൻ, വി.സി. ശ്രീജൻ തുടങ്ങിയവരെ ഫെസ്റ്റിവലുകളിൽ കാണാത്തതിന്‍റെ കാരണം മറ്റൊന്നല്ല.
ഭാവുകത്വത്തിന്‍റെ മരണം
ഭാവുകത്വത്തിന്‍റെ മരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. സൗന്ദര്യബോധത്തിന്‍റെ മഹത്തായ ഒരു വാചകം പോലും സാഹിത്യോത്സവങ്ങളിൽ ഉണ്ടാകാത്തതിന്‍റെ കാരണം ഇപ്പോൾ വ്യക്തമായല്ലോ. അവിടെ അത് ഉദ്ദേശിച്ചിട്ടില്ല. പ്രസാധകർക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വിൽക്കണം. ഒരു പ്രസാധകൻ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളോടും അയാൾക്ക് ഒരേ സമീപനമല്ല. അതിൽ തന്നെ പ്രിയപ്പെട്ടവരുടെ പുസ്തകങ്ങളാണ് ബ്രാഞ്ചുകളിലൂടെ കൂടുതൽ വിറ്റഴിക്കാൻവേണ്ടി ക്രമീകരണം നടത്തുന്നത്. കുറേ എഴുത്തുകാരെയെങ്കിലും ഇല്ലാതാക്കേണ്ടത് ഇതിന്‍റെ അനിവാര്യമായ ലക്ഷ്യമാണ്.
രാഷ്ട്രീയനേതാക്കൾ അറിഞ്ഞോ അറിയാതെയോ ഇതിന് കൂട്ടുചേരുന്നു. നേതാക്കൾ ചർച്ചകൾക്ക് എത്തുകയാണ്. അവരെ സമീപിക്കുന്ന എഴുത്തുകാരുണ്ട്. നേതാവിന് ട്രെയ്നിൽ സഞ്ചരിക്കുമ്പോൾ വായിക്കാൻ പുസ്തകം എത്തിച്ചു കൊടുക്കുന്നവരുണ്ട്. അവർ ട്രെയ്നിലിരുന്ന് വായിക്കുന്നതായി പോസ് ചെയ്യും. ഉടനെ അതിന്‍റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടാമല്ലോ. അതും പ്രമോഷനാണ്. ഒരു വിമർശകൻ എഴുതുന്നതിനേക്കാൾ എഴുത്തുകാരൻ വിലമതിക്കുന്നത് രാഷ്ട്രീയനേതാക്കൾ തന്‍റെ കൃതി വായിച്ചുകൊണ്ടിരിക്കുന്ന പടം പോസ്റ്റ് ചെയ്യുന്നതാണ്. അങ്ങനെ രാഷ്ട്രീയ പാർട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ നോവൽ പ്രസിദ്ധീകരിക്കാനുള്ള വാതിൽ തുറക്കുകയാണ്.
നേതാക്കൾ അറിഞ്ഞോ അറിയാതെയോ ചില പ്രത്യേക എഴുത്തുകാർക്കുവേണ്ടി പ്രചാരണവും ഏറ്റെടുക്കുന്നുണ്ട്. താൻ കഴിഞ്ഞ ദിവസങ്ങളിൽ വായിച്ച ഈ നോവലുകൾ മഹത്തരമാണെന്ന് നേതാവ് പറയുന്നത് പരസ്യത്തിന്‍റെ ഗുണം ചെയ്യുകയാണ്. മികച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്ന ജോലി നേതാക്കൾക്കുമേൽ വന്നുചേരുകയാണ്. ഇക്കാലത്ത് എഴുത്തുകാർ വിമർശനങ്ങളെയല്ല തേടുന്നത്.
കാമ്പില്ലാതെ പുകഴ്ത്തി സംസാരിക്കുന്നവരെയാണ്. പുസ്തകങ്ങൾ വായിക്കുന്നവർ ഇല്ലാതാവുകയും പരസ്യങ്ങൾ മാത്രം ശ്രദ്ധിക്കുന്നവർ വർധിക്കുകയും ചെയ്യുകയാണ്. യഥാർഥ വായനക്കാരൻ എവിടെയോ ഒളിവിലാണ്. അവന്‍റെ നാവ് എവിടെയുമില്ല. അവന്‍റെ ശബ്ദങ്ങൾക്ക് കാതോർക്കുന്നവരില്ല. ഈ നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ ആദ്യത്തെ ക്ലാസിക് നോവൽ എം.ആർ. അനിൽകുമാർ എഴുതിയ "ഏകാന്തതയുടെ മ്യൂസിയ'മാണ്. ഒരു ഉത്തരാധുനിക ക്രാഫ്റ്റാണത്. ഒരു നോവലിനുള്ളിൽ മറ്റൊരു നോവൽ സൃഷ്ടിച്ചിരിക്കുകയാണ്.
കഥാപാത്രങ്ങളിൽ തന്നെ ഒറിജിനലും ഡ്യൂപ്ലിക്കേറ്റുമുണ്ട്. സമീപകാലത്ത് ഇതുപോലൊരു നവ്യമായ അനുഭവം വേറെ കിട്ടിയിട്ടില്ല. ഈ നോവലിനെ ആരും പ്രമോട്ട് ചെയ്യുന്നില്ല. ഒരു ചർച്ച പോലും ഉണ്ടായില്ല. നിർദാക്ഷിണ്യം തഴയപ്പെട്ടു. യഥാർഥമായ വായനയോ രചനയോ വേണ്ടാത്ത കാലമാണിതെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ നേതാക്കളോടുള്ള അടുത്ത ബന്ധവും പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരുമായുള്ള അടുപ്പവുമാണ് എഴുത്തുകാരന്‍റെ ഇന്നത്തെ പ്രധാന ഗുണങ്ങളായി വാഴ്ത്തപ്പെടുന്നത്. നോവൽ എഴുതിക്കഴിഞ്ഞാലുടനെ പാർട്ടി നേതാക്കളെ കണ്ടു വിവരം ധരിപ്പിക്കണം.
കൂട്ടമായിരുന്നു ചിന്തിക്കുന്നവർ
ഒരു സാഹിത്യോത്സവത്തിൽ നിന്ന് അടുത്തതിലേക്ക് ഓടുന്നവരെ അടുത്തിടെ കാണാനിടയായി. ഇവർ എഴുത്തുകാരൻ എന്ന പദവി വിട്ടു നേതാവ്, സംരംഭകൻ, സംഘാടകൻ തുടങ്ങിയ തസ്തികകളിലേക്ക് അതിവേഗം ഓടിക്കയറുകയാണ്. എഴുത്തുകാരന് ഏകാന്തതയാണ് വേണ്ടത്; ഇവിടെ ഏകാന്തതയാണ് വേണ്ടാത്തത്. അവന് എഴുത്തിനോടാണ് ഏറ്റവും വലിയ സത്യസന്ധതയുണ്ടാകേണ്ടത്; ഇവിടെ എഴുത്തിനോടു മാത്രമല്ല, ഒന്നിനോടും സത്യസന്ധതയില്ല. ചിന്തിച്ച് എഴുതാൻ ഒന്നും തന്നെയില്ല. അവർക്ക് ഒറ്റയ്ക്ക് ഇരിക്കേണ്ട ആവശ്യമില്ല.
എഴുത്തുകാർ പരസ്പരം സൗഹൃദം പങ്കിടാനുള്ളവരാണെന്ന ആശയം തന്നെ ആപത്കരമാണ്. കൂട്ടം കൂടിയിരുന്ന് ഒരുപോലെ ചിന്തിക്കുകയാണ്. കേശവദേവ്, സുരാസു, ടി.ആർ. ജയനാരയണൻ, ഉണ്ണികൃഷ്ണൻ തിരുവാഴിയോട് തുടങ്ങിയവർക്ക് സുഹൃത്തുക്കൾ ഇല്ലല്ലോ. ആശയചർച്ചകളേക്കാൾ കൊച്ചുവർത്തമാനം പറയാനും ഫോട്ടോയെടുക്കാനുമാണ് സാഹിത്യോത്സവങ്ങളിൽ തിക്കിത്തിരക്കുന്നത്.
സമ്മേളനസ്ഥലത്തു നിന്ന് ഫെയ്സ്ബുക്ക് പേജിലേക്കുള്ള യാത്രയിൽ എവിടെയോ ആണ് എഴുത്തുകാരന്‍റെ അസ്തിത്വം. അയാൾ സ്വയം അന്വേഷിക്കുകയാണെങ്കിൽ ഭൂമിയിലോ ആകാശത്തിലോ കണ്ടെത്താനാവില്ല. ഇവരുടെ പ്രിയങ്കരരായ റിവ്യൂ എഴുത്തുകാരുണ്ട്. അവരും രാഷ്ട്രീയബന്ധത്തിലൂന്നിയാണ് ഒരു വിഷയത്തെ സമീപിക്കുന്നത്. സ്വന്തമായി അഭിപ്രായം പറയാനില്ലാത്തതുകൊണ്ട് കൂട്ടമായി നിന്ന് ഫോട്ടോയെടുക്കുന്നതിന് ധാരാളം സമയം ചെലവഴിക്കാനാകും.
ഓരോ എഴുത്തുകാരനും ആഭ്യന്തരമായി എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്, ഏത് പ്രശ്നത്തിലാണ് അയാളിലെ നീതിമാൻ ഉണരുന്നത്, ഏത് തിന്മയെയാണ് എതിർക്കുന്നത് തുടങ്ങിയ വസ്തുതകളെ തമസ്കരിക്കുകയാണ് ഇന്നത്തെ സമ്മേളനങ്ങൾ ചെയ്യുന്നത്. എല്ലാവരെയും ഒരേ രീതിയിൽ അളക്കുന്നു, ഒരേ കലപ്പ തോളിലേറ്റുന്നു. നിലം ഉഴുതുമറിക്കാൻ കൊണ്ടുവന്ന കാളകളെപ്പോലെ അവർ മൈതാനത്ത് വൃക്ഷച്ചുവട്ടിൽ വിശ്രമിക്കുന്നുണ്ടാവും. അർഥമില്ലാത്ത വർത്തമാനങ്ങളും ഫോട്ടോസെഷനും കഴിഞ്ഞ് പതിര് മാത്രമായിത്തീരുന്നു.
ലൈബ്രറിയിൽ ഇരുന്നവർ
പതിറ്റാണ്ടുകൾക്ക് മുൻപ് കോളെജ് പഠനകാലത്ത് എഴുതാൻ താത്പര്യമുള്ള, ചിന്തിക്കാൻ ശേഷിയുള്ള കുട്ടികൾ ലൈബ്രറിയിൽ ഒരുമിച്ചിരിക്കുമായിരുന്നു. അവർക്ക് അത് ശുദ്ധവായു പോലെ പ്രിയപ്പെട്ടതാണ്. ഒ.വി.വിജയന്‍റെ "പാറകൾ' എന്ന കഥയെക്കുറിച്ച് പലരെഴുതിയ ലേഖനങ്ങളുടെ സമാഹാരം വായിച്ചുനോക്കുകയും അനൗപചാരികമായ ചർച്ചകളിലേർപ്പെടുകയും ചെയ്യുമായിരുന്നു.
"പതിനൊന്ന് കഥകൾ'ക്ക് നരേന്ദ്രപ്രസാദ് എഴുതിയ അവതാരിക കുട്ടികളിൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടായിരുന്നു. അഭിരുചിയും വായനയും മസ്തകത്തിലേറ്റിയ ആ കാലം ഇപ്പോഴില്ല. ഇപ്പോൾ ഒരുമിച്ചിരിക്കുന്നത് പരിചയപ്പെടാനും കുശലം പറയാനുമാണ്. ആ കൂടിച്ചേരലുകളിൽ സെൽഫിയല്ലാതെ യാതൊന്നും വിടരുകയില്ല. പൂർവകാലത്തെ ഒരെഴുത്തുകാരന്‍റെ പേര് പോലും അബദ്ധവശാൽ ആരും പറഞ്ഞുപോകില്ല.
ഇന്നു എഴുത്തുകാർ രാഷ്ട്രീയ പാർട്ടികളുടെ പിന്നിൽ അനുസരണയോടെ നിന്ന് സ്വന്തം ചിന്ത നഷ്ടപ്പെടുത്തുന്നു. നേതാക്കളും അവരുടെ പ്രസിദ്ധീകരണങ്ങളും നൽകുന്ന തണലിലേക്ക് അവർ എല്ലാ പ്രശ്നങ്ങളെയും ലഘൂകരിച്ച് കൊണ്ടുപോയി നശിപ്പിക്കുന്നു. അവർ ചിന്താക്കുഴപ്പം പരിഹരിച്ചവരാണ്. അവർക്ക് ചിന്തിക്കാൻ ഒന്നുമില്ല. അവർ ആടുകളെ പോലെ നയിക്കപ്പെടുന്നു. അവർ എന്താണ് എഴുതേണ്ടത് ?
ജീവചരിത്രം, ആത്മകഥ ? ഇതു രണ്ടും ചത്ത മാധ്യമങ്ങളാണ്. എന്താണ് ജീവചരിത്രം? എത്രമാത്രം സത്യസന്ധമാണത് ? പ്രതിഭ വറ്റിയവരെല്ലാം ജീവചരിത്രകാരന്മാരാണ്. സ്വന്തമായി ചിന്തിക്കാത്തവർ, ആശയങ്ങളില്ലാത്തവർ ആത്മകഥയെഴുതുന്നതിൽ വിരുതന്മാരാണ്. അവർ തങ്ങളെ തന്നെ ഊതിവീർപ്പിക്കുകയാണ്.
താൻ ഊണ് കഴിച്ചത്, കാല് കഴുകിയത്, ഉറങ്ങിയത് അവർ മതിയാവാതെ എഴുതിവയ്ക്കുകയാണ്. എന്നാൽ പ്രേമിച്ചത് എഴുതുകയില്ല. പ്രേമിക്കാൻ ശേഷിയില്ല. രാഷ്ട്രീയപാർട്ടികളുടെ തണലിൽ ചിന്തിക്കാതെ കഴിയുന്ന ഇന്നത്തെ എഴുത്തുകാരിൽ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കാനില്ല. യാതൊരു അലട്ടലുമില്ലാത്ത ഇവർക്ക് "അരിമ്പാറ'പോലൊരു കഥയെഴുതാനാവുമോ?
രാഷ്ട്രീയത്തിന്‍റെ വലയിൽ
കെ.പി. അപ്പൻ ഒരിക്കൽ എഴുതി: "രാഷ്ട്രീയം മനുഷ്യന്‍റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയാലും ജീവിതത്തെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹാരം കാണാതെ കിടക്കും. രാഷ്ട്രീയസ്വര്‍ഗം നേടിയെടുത്താലും മരണത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകളും വ്യർഥതാബോധവും മുഷിപ്പും മനുഷ്യർ നേരിടുക തന്നെ വേണം. മനുഷ്യന്‍റെ വിഷമാവസ്ഥയ്ക്ക് ആത്യന്തികമായ പരിഹാരം കണ്ടെത്താൻ, വ്യക്തിയുടെ മരണഭീതി ഇല്ലാതാക്കാൻ, പരമമായ സത്യത്തിനുവേണ്ടിയുള്ള മനുഷ്യന്‍റെ തീരാദാഹം ശമിപ്പിക്കാൻ ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കും കഴിയുകയില്ല.'
ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് രാഷ്ട്രീയ,സാമൂഹിക വ്യവസ്ഥയുടെ ചിന്തകളിൽ നിന്ന് വേറിട്ട് വ്യക്തി ഏകാന്തതയിൽ സ്വകാര്യമായ ആകുലതകളും അലട്ടലുകളും കൊണ്ടുനടക്കുന്നതിന്‍റെ ലക്ഷണമാണ്. ഈ കാലം വ്യക്തിബന്ധങ്ങളെയും പ്രണയങ്ങളെയും വിശ്വാസ്യതയെയും കൊന്നുകളയുകയാണ്. രണ്ടുപേർ പ്രേമിക്കുന്നത് ഒറ്റിക്കൊടുക്കാനും പരസ്പരം നശിപ്പിക്കാനുമാണെന്ന പാഠം എഴുതിച്ചേർക്കുകയാണ്. ഇത് മനുഷ്യവ്യക്തിയിൽ നിരാശയും ശൂന്യതയുമാണ് നിറയ്ക്കുന്നത്.
ഏതാനും ചാനൽ പ്രവർത്തകർക്കൊഴികെ, മനുഷ്യത്വമുള്ള ഭൂരിപക്ഷത്തിനും ഇന്നത്തെ വിശ്വാസവഞ്ചനയും ഒറ്റികൊടുക്കലും പരദൂഷണവും അങ്ങേയറ്റത്തെ പിരിമുറുക്കമാണുണ്ടാക്കുന്നത്. ഒരു മനുഷ്യബന്ധത്തിലും വിശ്വസിക്കാനാവാത്ത അവസ്ഥയാണ് ഇതുമൂലം രൂപപ്പെട്ടിരിക്കുന്നത്. ഇങ്ങനെ നമുക്ക് ജീവിക്കാനൊക്കുമോ?
ആരെയെങ്കിലും സ്നേഹിക്കാതെ മനുഷ്യർക്ക് ജീവിക്കാനാകില്ല എന്ന് ടോൾസ്റ്റോയി ഒരു കഥയിൽ പറഞ്ഞതോർക്കുന്നു. എന്നാൽ ആധുനിക നാഗരികതയിൽ പിറവിയെടുത്ത ആർത്തി പിടിച്ച സ്വാർഥത എല്ലാ നന്മകളെയും കൊന്നുകളയുകയാണ്. എവിടേക്ക് ഓടിപ്പോകും? "ദ സൺ ഓൾസോ റൈസസ്' എന്ന നോവലിൽ ഹെമിങ്‌വേ എഴുതി:
"മറ്റൊരു രാജ്യത്തേക്ക് പോയതുകൊണ്ട് ഒരു വ്യത്യാസവുമുണ്ടാകുന്നില്ല. അതൊക്കെ ഞാൻ നോക്കിയതാണ്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളിൽ നിന്ന് രക്ഷപ്പെടാനാവുകയില്ല.'
ശൂന്യതയുടെ പ്രകടനം
സാഹിത്യോത്സവത്തിലെ സാഹിത്യകാരന്മാർ എന്ന ഒരു പുതിയ ഗണം ഉദയം ചെയ്തിരിക്കുകയാണ്. ഇവർ പ്രസാധകർക്കുവേണ്ടി വേദിയിൽ അണിനിരക്കുന്നതായാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇവർ എഴുത്തുകാർക്ക് വേണ്ടി ശബ്ദിക്കുന്നില്ല. എഴുത്തിന്‍റെആശയങ്ങൾ അവരെ സ്പർശിക്കുന്നില്ല. വർഷങ്ങളായി പ്രസാധനം കാത്തുകിടക്കുന്ന, പാവപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളെക്കുറിച്ചോ പതിറ്റാണ്ടുകൾ എഴുതിയിട്ടും ഇടം കിട്ടാത്ത അധ:സ്ഥിതരായ എഴുത്തുകാരെക്കുറിച്ചോ ഇവർ മിണ്ടുന്നില്ല.
ഇവർ സ്വാഭിപ്രായം പറയാറില്ല. വ്യക്തി എന്നതിലുപരി ഒരു ചടങ്ങിന് വേണ്ടിയാണ് സംസാരിക്കുന്നത്. ലോകം ശ്രദ്ധിക്കുന്നത് സാഹിത്യോത്സവങ്ങളിൽ വരുമ്പോഴാണെന്ന തെറ്റായ ധാരണയാണ് ഇവർ പ്രചരിപ്പിക്കുന്നത്. തങ്ങൾ എഴുതിയ കൃതികളിൽ എന്താണോ ഉള്ളത് അതിന്‍റെ മാനവിക നിലവാരം ജീവിതത്തിൽ കാണാനില്ല! ആശയാനന്തര ലോകത്തിന്‍റെ വിചാരശൂന്യതയും സ്വാഭിപ്രായരാഹിത്യവും അരാഷ്ട്രീയതയും ഈ സാഹിത്യകാരന്മാരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ച് കാണിക്കുന്നുണ്ട്.
ഇവർ ചിന്തയുടെ നിലവാരപ്പെടലിലാണ് വിശ്വസിക്കുന്നത്; അല്ലെങ്കിൽ സ്വതന്ത്രമായ ആത്മാവ് എന്ന ആശയം ഇവരിൽ കാണാനില്ല. അവർ അലങ്കാര മത്സ്യങ്ങളെപ്പോലെ ഓടിക്കളിക്കുന്നു. അവർ കാഴ്ചകൾ കാണുകയല്ലാതെ ഒന്നും ഉൾക്കൊള്ളുന്നതായി തെളിവില്ല.
രജതരേഖകൾ
1. ഒരു സാഹിത്യകാരൻ യൂണിവേഴ്സിറ്റി വകുപ്പ് അധ്യക്ഷനോ വൈസ് ചാൻസലറോ ആയതുകൊണ്ട് വലിയ ശമ്പളം കിട്ടുമെന്നല്ലാതെ എഴുത്തുകാരനെന്ന നിലയിൽ ഒരു ഗുണവുമില്ല. സാഹിത്യവാസനയില്ലാത്തവരും ഇത്തരം പദവികളിൽ എത്താറുണ്ടല്ലോ.
2. ഒരിക്കൽപോലും പ്രണയിച്ചിട്ടില്ലാത്തവർക്ക് ഒരു പ്രണയകവിത എഴുതാവുന്നതാണ്!
3. തുമ്പൂർ ലോഹിതാക്ഷൻ പ്രശംസനീയമായ ഒരു പരിഭാഷ നിർവഹിച്ചിരിക്കുന്നു. ഈ വർഷം നോബൽ സമ്മാനം ലഭിച്ച ഹംഗേറിയൻ ക്രാസ്നാ ഹോർക്കെയുടെ "അയാൾ മറക്കാൻ ആഗ്രഹിക്കുന്നു'(കലാപൂർണ, ഡിസംബർ)എന്ന കഥയാണിത്. വിചിത്രമായ വിവരണം ഇതിൽ കാണാം. കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന രീതിയെ തന്നെ കഥാകൃത്ത് അട്ടിമറിച്ചിരിക്കുന്നു. ഒരു ഭാഗം ഇങ്ങനെയാണ്:
"മാനുഷികാവസ്ഥയുടെ സ്വഭാവത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന എല്ലാ കാര്യങ്ങളും നാം ഒരടിസ്ഥാനമായി സ്വീകരിക്കുന്നു. തുടർന്ന് കൃത്യനിഷ്ഠമായ അച്ചടക്കം പാലിച്ചുകൊണ്ട് യാതൊരറിവോ ദിശാബോധമോ ഇല്ലാതെ നാം കടമകൾ ചെയ്യുന്നു. പക്ഷേ വിഷാദത്തിന്‍റെ ചുഴിയിൽ അടിപതറി മനുഷ്യന്‍റെ നിലനിൽപ്പിന്‍റെ സങ്കൽപ്പിക്കാവുന്ന മൊത്തത്തിലുള്ള അവസ്ഥയുടെ ചെളിവെള്ളത്തിൽ നാം വീണ്ടും മുങ്ങിത്താഴുന്നു.'
നാം എങ്ങനെ സ്വയം വഞ്ചിക്കുന്നുവെന്നും കലയെ വിദഗ്ധമായി എങ്ങനെ കൊല്ലുന്നുവെന്നും നിരാശ ബാധിച്ച ഒരു യുവാവിലൂടെ ആവിഷ്കരിക്കുകയാണ്. ഈ കാലത്തിന്‍റെ ആത്മാവിലേക്ക് സത്യസന്ധമായി നോക്കാൻ സഹായിച്ച കഥയാണിത്.
4. ഗാർഹിക പീഡനവും പ്രണയനൈരാശ്യവും എഴുതിയതുകൊണ്ട് ഇനി നല്ല സാഹിത്യമുണ്ടാകുമെന്ന് തോന്നുന്നില്ല. ഉറച്ചുപോയ ധാരണകളെ, ചരിത്രത്തെ, കലയെ അപനിർമിച്ചുകൊണ്ട് പുതിയൊരു പാതയാണ് ഇനി വെട്ടിത്തുറക്കേണ്ടത്. നമുക്ക് ലഭിച്ചിരിക്കുന്ന അർഥത്തെ നിരാകരിച്ചുകൊണ്ട് നമുക്ക് അന്യമായ സംസാരത്തെ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്.
5. പള്ളിപ്പറമ്പിൽ നിൽക്കുമ്പോൾ ഓർമകൾ എങ്ങനെയെല്ലാം വലിഞ്ഞുമുറുകുന്നു എന്ന് എഴുതുകയാണ് സുറാബ് "സന്ദർശനം'(പ്രഭാതരശ്മി) എന്ന കവിതയിൽ.
"വാങ്ക് മുഴങ്ങുന്നു
പ്രാവുകൾ ചിറകിട്ടടിക്കുന്നു
പള്ളിക്കൂടം അനങ്ങുന്നു
ആരൊക്കെയോ കുളിക്കുന്നു
പള്ളിയിൽ എല്ലാമുണ്ട്.
പ്രാർഥനയും പശ്ചാത്താപവും.
മയ്യത്തുകട്ടിൽ കരയുന്നു.
എല്ലാവരും എന്നിലൂടെയാണല്ലോ
ഇങ്ങോട്ട് വരുന്നത്.
മരണം ദുർബലം
മറവി മഹാനുഗ്രഹം.'
ഓർമകളിൽ അസ്വസ്ഥരായി മറവിയിലേക്ക് പിൻവാങ്ങുന്നതെങ്ങനെയെന്ന്, സ്വയം നഷ്ടപ്പെട്ടുകൊണ്ട് എഴുതുകയാണ് കവി.
6. ചങ്ങമ്പുഴയുടെ "വാഴക്കുല'യുടെ കാലത്തെ ഒരു സംഭവം ഭാവന ചെയ്യുകയാണ് എസ്. കലേഷ് "കിഴക്കത്തി'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 7 -13) എന്ന കവിതയിൽ. കിഴക്കത്തി നല്ലപോലെ അധ്വാനിച്ചു. അതിന്‍റെ ഫലം മറ്റുള്ളവർക്കാണ് കിട്ടിയത്.
"കിഴക്ക് നിന്ന്
പടിഞ്ഞാറേക്ക്
നടന്നുനടന്നുനടന്ന്
കൊയ്യാൻ വന്നവളേ,
വിത്തിൽ വിയർക്കാത്തവരുടെ
അറകളിൽ സ്വർണം നിറച്ചവളേ.'
ഇതൊക്കെ പലതവണ പലരും എഴുതിയ വിഷയമാണ്. വിഷയദാരിദ്ര്യം ഉണ്ടെങ്കിൽ പറയണം. ഇതെല്ലാം വായനക്കാർക്ക് അറിയാം. ഒരു ഫീച്ചറെഴുതാൻ പറ്റിയ വിഷയമാണ്. പക്ഷേ ഇതിന് കവിതയിൽ പ്രസക്തിയില്ല. അറിയുന്ന വിഷയത്തെക്കുറിച്ച് എഴുതുന്നത് റിപ്പോർട്ടാണ്. അറിയാത്തത്, ആകുലപ്പെടുത്തിയത് എഴുതണം. അതിനാണ് പ്രതിഭ വേണ്ടത്. അപ്പോഴാണ് കവിതയുടെ വാതിൽ തുറക്കുന്നത്.
7.അമെരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി പറഞ്ഞു:
"ഒരു എഴുത്തുകാരന്‍റെ കൃതികളാണ് അയാളുടെ ആകെത്തുക. അയാളുടെ ജീവചരിത്രം അസത്യവും അപ്രധാനവുമാണ്. "
എം.ടിയുടെ കഥകളും നോവലുകളുമാണ് എം.ടിയെ സൃഷ്ടിക്കുന്നത്. എം.ടിയുടെ ജീവചരിത്രം മറ്റൊന്നാണ്.
8. ബാലാമണിയമ്മയുടെ കവിതയും മകൾ മാധവിക്കുട്ടിയുടെ കവിതയും തമ്മിൽ ഒരു താരതമ്യം സാധ്യമല്ല. ബാലാമണിയമ്മ മനുഷ്യവിഷാദത്തെ നമ്മുടെ സമൂഹത്തിന്‍റെ ഓർമകൾക്ക് സ്വീകാര്യമായ വിധം അടുക്കിവച്ചു. മാധവിക്കുട്ടി വ്യക്തിയെന്ന നിലയിൽ തന്‍റെ സ്വാതന്ത്ര്യത്തെയും കലയെയും കണ്ടെത്താൻ വേണ്ടി എഴുതി. എഴുതിയപ്പോളാണ് എന്താണ് താൻ ചിന്തിച്ചതെന്ന് അവർക്ക് മനസിലായത്.
9. ഇംഗ്ലിഷ് എഴുത്തുകാരി വിർജിനിയ വുൾഫ് എഴുതി:
'പ്രേമം ഒരു വെളിപാടാണ്. അത് ജീവിതത്തിന്‍റെ അന്തഃസത്ത തുറന്നു കാണിക്കുന്നു.'
mkharikumar33@gmail.com
9995312097