ഭൂ​ത​കാ​ല​ത്തി​ന്‍റെ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ

ദുഃഖത്തിൽ നിന്നു രക്ഷപ്പെടാനോ, അതിനെ യുക്തിപൂർവം വിശകലനം ചെയ്യാനോ, ഒരഭിപ്രായം രൂപീകരിക്കാനോ അല്ല; ആ വസ്തുതയെ പൂർണമായി ഉൾക്കൊണ്ട് ജീവിക്കുന്നതിനാണ്
ഭൂ​ത​കാ​ല​ത്തി​ന്‍റെ 
ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ

എണ്ണമറ്റ നക്ഷത്രങ്ങളും രാത്രികളും പകലുകളും എന്താണ് നമ്മളോട് സംസാരിക്കുന്നത് ?നമ്മുടെ ജീവിതത്തെ നക്ഷത്രങ്ങൾ സ്വാധീനിക്കുന്നുണ്ടോ? മരണാനന്തരജീവിതവും നക്ഷത്രങ്ങളും തമ്മിൽ ബന്ധമുണ്ടോ ? എണ്ണമറ്റ സൗരയൂഥങ്ങൾ എന്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്? മനുഷ്യൻ അല്ലെങ്കിൽ ജീവൻ എന്തിന്‍റെ സൂചനയാണ് ? മനുഷ്യൻ യാഥാർഥ്യമാണെങ്കിൽ വളരെ ഹ്രസ്വമായ ഒരു കാലയളവിൽ ജീവിക്കുകയും പിന്നീട് യാതൊരു അടയാളവും അവശേഷിപ്പിക്കാതെ കടന്നുകളയുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് ?മരണമാണോ ജനനമാണോ യഥാർഥസമസ്യ? ഇതെല്ലാം നമ്മെ എന്നും കുഴയ്ക്കുന്ന പ്രശ്നങ്ങൾ തന്നെയാണ്. എന്നാൽ ഇതെല്ലാം ഭൗതികജീവിതം നയിക്കുന്ന നമ്മുടെയെല്ലാം അതീതമായ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളാകയാൽ ശരിയായ ഉത്തരം ലഭിക്കില്ല. മനുഷ്യന് ചിന്തകൊണ്ടാണ് ഭ്രാന്ത് പിടിക്കുന്നത്. ചിന്തകൾ ഒരിടത്തും അവസാനിക്കുകയില്ല. ചിന്തിക്കുന്നതുകൊണ്ടാണല്ലോ നാം ജീവിക്കുന്നത്. ചിന്തിക്കുന്നില്ലെങ്കിലോ? ഓരോ ചിന്താവിഷയവും അനേകം നൂലാമാലകളിലേക്കാണ് നയിക്കുന്നത്.

ഇവിടെ ഒരു കവിയോ കഥാകൃത്തോ ഒന്നിനും ഉത്തരം കണ്ടുപിടിക്കേണ്ടതില്ല; കണ്ടുപിടിക്കരുത്. അന്വേഷണത്തിന്‍റെ ലഹരിയിൽ മുഴുകിയാൽ മതി. പലതരം ഭാവനകൾ ചേർന്ന് നെയ്തുണ്ടാക്കുന്ന ഒരു വസ്തുവാണ് നമ്മൾ ജീവിതമായി ധരിക്കുന്നത്. കിട്ടാവുന്നതിൽ നല്ലത് എന്ന നിലയിലാണ് നമ്മുടെ യാഥാർഥ്യങ്ങൾക്ക് പ്രസക്തി ലഭിക്കുന്നത്. നൈമിഷികതയുടെ ആലക്തിക ഭംഗിയിൽ നീങ്ങുന്ന ഒരു ശലഭത്തെ നോക്കൂ .എത്ര ഉദാരമാണതിന്‍റെ പ്രത്യക്ഷത. സത്യത്തിൽ, ദൈവം ഒരു ജീവിയുടെ മഹത്വത്തെയും വിനയത്തെയും ഭാരക്കുറവിനെയും വളരെയധികം സ്പഷ്ടമാക്കാനാഗ്രഹിക്കുന്നു എന്നതിന്‍റെ തെളിവല്ലേ ആ ശലഭത്തിന്‍റെ ചിറകിലെ വർണ്ണങ്ങളും അപ്രവചനീയമായ ആ പറക്കലും?. ജീവിതം നമ്മുടെ ഒരു സ്വപ്നമാണെങ്കിൽ, അതിൽ തന്നെയാണ് വേദനയും മറവിയുമുള്ളത്. മഹാനായ തത്ത്വചിന്തകൻ ജിദ്ദു കൃഷ്ണമൂർത്തിയുടെ 'ബുക്ക് ഓഫ് ലൈഫ്' ഇതുപോലുള്ള അന്വേഷണങ്ങളുടെയുള്ളിലെ സൂര്യന്മാരെ കാണിച്ചുതരുകയാണ്.

വിഷാദത്തെ മറികടക്കാൻ

നിശ്ചയമായും ഈ കൃതി ലോകത്തിലെ ഏത് ജ്ഞാനിയുടെ ചിന്തകളോടും ഒപ്പം നിൽക്കുന്നതാണ്. പ്ളേറ്റോ, മാർക്കസ് ഒറേലിയസ്‌, ജോൺ ഡൺ, ഷോപ്പനോർ, നിഷേ തുടങ്ങിയവരെപോലെ കൃഷ്ണമൂർത്തി എല്ലാ ഭൂതകാലങ്ങളെയും തന്നിൽ നിന്നിറക്കി നിമിഷങ്ങളുടെയുള്ളിലെ ആകാശങ്ങളിലൂടെ സഞ്ചരിക്കുകയാണ്. എന്തുകൊണ്ടാണ് വിഷാദം ഉണ്ടാകുന്നതെന്ന് സ്വയം ചോദിച്ചുകൊണ്ട് ഈ പുസ്തകത്തിൽ കൃഷ്ണമൂർത്തി, തന്നെ കേൾക്കുന്നവരോടായി ഇങ്ങനെ പറഞ്ഞു :'ഞാൻ സംസാരിക്കുന്നത് ദുഃഖത്തിന്‍റെ അവസാനത്തെക്കുറിച്ചാണ്. അറിവുകൾ ദുഃഖത്തെ അവസാനിപ്പിക്കില്ല. ദുഃഖം അവസാനിക്കുന്നത് ചില മനഃശാസ്ത്ര വസ്തുതകളിലേക്ക് ശ്രദ്ധയാകർഷിക്കുന്നുണ്ട് .

നമ്മുടെയുള്ളിൽ തന്നെ അത് നിമിഷംതോറും നിരീക്ഷിക്കേണ്ടതാണ്. ദുഃഖത്തിൽ നിന്നു രക്ഷപ്പെടാനോ, അതിനെ യുക്തിപൂർവം വിശകലനം ചെയ്യാനോ, ഒരഭിപ്രായം രൂപീകരിക്കാനോ അല്ല; ആ വസ്തുതയെ പൂർണമായി ഉൾക്കൊണ്ട് ജീവിക്കുന്നതിനാണ്. കൃഷ്ണമൂർത്തി പറയുന്നത് മന:ശാസ്ത്രപരമായ ഒരു സത്യമാണ്. പർവതങ്ങളും അരുവികളും നിഴലുകളും നാം നിത്യവും കാണുകയാണെങ്കിൽ, അവ സുന്ദരമാണെങ്കിൽ തന്നെ, അവയെ വെറുതെ കടന്നു പോവുക മാത്രമാണ് ചെയ്യുക. കാഴ്ചകൾ, അറിവുകൾ നിങ്ങളുടെ മനസിനെ മുഷിപ്പിക്കാതിരിക്കണം. അപ്പോഴാണ് അതിനെ അതിജീവിക്കാനാകുന്നത്. അതുപോലെയാണ് ദുഃഖവും. ദു:ഖത്തോടൊപ്പം ജീവിക്കാം; മനസിലാക്കാം. എന്നാൽ അതിനെ ആഴത്തിൽ മനസിലാക്കാൻ പോകരുത്. ദുഃഖം അവിടെയുണ്ടെന്ന് അറിഞ്ഞാൽ മതി ;അത് ഒരു വസ്തുതയാണ്. അതിൽ കൂടുതൽ തിരയേണ്ട. നിങ്ങൾക്ക് ജീവിക്കേണ്ടതുണ്ട്.

ഒരു പ്രശ്നത്തെക്കുറിച്ചുള്ള നമ്മുടെ പ്രതികരണം കണ്ടീഷൻ ചെയ്യപ്പെട്ടതാണെന്ന് കൃഷ്ണമൂർത്തി പറയുന്നു. നമ്മൾ ഓരോ അനുഭവത്തെയും നോക്കുന്നത് പഴയ ഓർമകളുമായാണ്. അതുകൊണ്ടുതന്നെ പുതിയതിനെ പുതിയതായി കണ്ടുമുട്ടുന്നില്ല. എപ്പോഴും പഴയതിന്‍റെ സ്ക്രീനിലൂടെയാണ് കാണുന്നത്. അതുകൊണ്ടാണ് നമ്മുടെ പ്രതികരണങ്ങൾ പരിമിതവും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതുമാണെന്ന് പറയുന്നത്.

ജ്ഞാനം അനന്തം

അറിവ് പ്രധാനമാണല്ലോ. അറിവ് നേടുന്തോറും നമുക്ക് സ്നേഹം കുറയുന്നുണ്ടോ ? കൃഷ്ണമൂർത്തി പറയുന്നു, നമുക്ക് സ്നേഹം നഷ്ടപ്പെടുകയാണ്. നമ്മൾ കൂടുതൽ കൂടുതൽ വിഷയകേന്ദ്രീകൃതമാകുന്നു. വിവിധങ്ങളായ വസ്തുതകളെ സമന്വയിപ്പിക്കാനുള്ള സിദ്ധി ഇല്ലാതാവുന്നു. എന്നാൽ ജ്ഞാനം വേറെയാണ്. ജ്ഞാനത്തിനു പകരമായി അറിവിനെ വയ്ക്കാനാവില്ല.

'ജ്ഞാനം മനുഷ്യനെ യാതനയിൽ നിന്ന് രക്ഷിക്കുന്നു. വിവരശേഖരണമില്ല. വിശദീകരണങ്ങളില്ല .അറിവ് ആവശ്യമാണ്.ശാസ്ത്രത്തിനു അതിന്‍റെ സ്ഥാനമുണ്ട്. എന്നാൽ മനസും ഹൃദയവും അറിവിനാൽ വലയുകയാണെങ്കിൽ, യാതനയുടെ കാരണം വ്യാഖ്യാനിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ജീവിതം അർഥശൂന്യമായി തീരുന്നു.' കൃഷ്ണമൂർത്തി അറിയിക്കുന്നു.

അറിവ് നിരന്തരം പെരുകുകയാണ്; എന്നാൽ അതിനു പരിമിതിയുണ്ട്. ജ്ഞാനമാകട്ടെ അനന്തമാണ്. അതിൽ അറിവും അതിന്‍റെ പ്രവർത്തനരീതികളുമുണ്ട് .എന്നാൽ നമ്മൾ ഒരു ശാഖ മാത്രം ശ്രദ്ധിച്ച ശേഷം അതാണ് വൃക്ഷമെന്ന് ചിന്തിക്കുന്നു. ഒരു തുണ്ടിന്‍റെ അറിവിലൂടെ നമുക്ക് സമഗ്രതയുടെ ആനന്ദം സാക്ഷാത്കരിക്കാനാവില്ല.

മനസ് ഒരു ഘടനയ്ക്കുള്ളിൽ തളയ്ക്കപ്പെട്ടിരിക്കുകയാണത്രേ. അത് ഭൂതകാലമോ ഭാവികാലമോ ആകാം. അത് നമുക്ക് പരിചിതമാണ്. ഈ പഴയ ഘടന പൊളിക്കാതെ പുതിയൊരു ചുവടുവെക്കാനാവില്ല. നിങ്ങൾ ഒരു പുതിയ ലോകം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറയുന്നു. അത് അസാധ്യമാണ്. മനസിന്‍റെ പഴയതും പുതിയതുമായ ഘടനകളിൽ നിന്ന് സ്വതന്ത്രമാകുമ്പോഴാണ് നമുക്ക് 'ഇന്നി'ൽ ജീവിക്കാനാകുന്നത്. കൃഷ്ണമൂർത്തി പറയുന്നു, ജീവിക്കുക എന്നാൽ യാതൊരു പ്രതീക്ഷയുടെയും ബാധ്യതയില്ലാതെ, നാളെയുടെ ഭാരമില്ലാതെ കഴിയുക എന്നാണെന്ന്.

അത് പ്രതീക്ഷയറ്റ ജീവിതമല്ല. നമ്മൾ പലപ്പോഴും ജീവിക്കുന്നില്ലല്ലോ; മരണത്തെയാണ് പിന്തുടരുന്നത്; അല്ലെങ്കിൽ ഭൂതകാലത്തെ, ഭാവി കാലത്തെ. ജീവിക്കുന്നതാണ് ഏറ്റവും വലിയ വിപ്ലവം. ജീവിക്കുന്നതിനു പൂർവ്വ നിശ്ചിതമായ ഘടനയില്ല. എന്നാൽ മരണത്തിന് അതുണ്ട്; ഭൂതകാലത്തിനും ഭാവികാലത്തിനുമുണ്ട്. ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ ,പഴയ കാര്യങ്ങളെക്കുറിച്ച് തർക്കിക്കാനാണ് ജീവിക്കുന്നതെങ്കിൽ നിങ്ങൾ മരണത്തെയാണ് ക്ഷണിക്കുന്നത്,ജീവിതത്തെയല്ല.

ജീവിക്കാതെ എഴുതുന്നവർ

നമ്മുടെ സാഹിത്യത്തിലും കലയിലുമൊക്കെ മുഴങ്ങി കേൾക്കുന്നതെന്താണ്? പഴയകാലത്തിന്‍റെ കണക്കെടുപ്പ് ഇതുവരെയും തീർന്നിട്ടില്ല. ചിലർ വ്യാസനെയും അദ്ദേഹത്തിന്‍റെ പിതാവിനെയും വരെ തെറി വിളിച്ചു പ്രസംഗിക്കുന്നതു കേട്ടു . പൂർവ്വകാലങ്ങളെക്കുറിച്ച്, അതിന്‍റെ വിചാരങ്ങളെക്കുറിച്ച്, തർക്കങ്ങളെക്കുറിച്ച് , വസ്തുതകളെക്കുറിച്ച്, രാഷ്‌ട്രീയത്തെക്കുറിച്ച്, വിവക്ഷകളെക്കുറിച്ച് ഒരു തീർപ്പുണ്ടാകുന്നതുവരെ നമുക്ക് ഉറക്കമില്ല. ഭൂതകാലത്തെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഫോറൻസിക് വിദഗ്ധന്മാരാണ് ഇന്നത്തെ പ്രഭാഷകന്മാരും എഴുത്തുകാരും. അവർ സ്വന്തം ജീവിതത്തിന്‍റെ ഭൂതകാലത്തിന്‍റെ ജൈവ ,രാസ ഘടകങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രീയമായ നിജസ്ഥിതിയറിയാൻ വൃഥാ ശ്രമിക്കുന്നു.

അവരാരും ജീവിക്കുന്നില്ല. ജീവിക്കുന്ന ഒരു നിമിഷമോ അതിന്‍റെ പതഞ്ഞുയരുന്ന ലഹരിയോ ജ്ഞാനമോ സ്വാതന്ത്ര്യമോ അവരറിയുന്നില്ല. കെട്ടുപാടുകളില്ലാതെ, സ്വതന്ത്രമായ ഒരു പട്ടമാകാൻ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? നമ്മൾ ഓർമകളുടെ ഭൂതകാലത്തിന്‍റെ ഭാരം ചുമന്ന് ജീവിതത്തെ മറന്നിരിക്കുന്നു. സർക്കസിൽ ട്രപ്പീസിൽ ആടുന്നവരിൽ നഷ്ടപ്പെടാത്ത വർത്തമാന നിമിഷമുണ്ട്. ട്രപ്പീസ് ആടുമ്പോൾ, എതിരെ ആടി വരുന്നയാളിന്‍റെ കൈയോ കാലോ കിട്ടണമല്ലോ. അതാണ് നിമിഷം. ജീവിതം അവിടെയുണ്ട്. ആ ജീവിതത്തെ ഒരു സമ്പൂർണാനുഭവമാക്കുമ്പോഴാണ് ഇതുവരെ നഷ്ടപ്പെട്ട ജീവിതമെന്താണെന്ന് മനസിലാകുന്നത്. അസംഭവ്യമായ കാര്യങ്ങളുടെ പിന്നാലെ നടക്കുന്ന നമ്മൾ ഓരോ നിമിഷത്തെയും മരണത്തെയും മുന്നിൽ കാണുകയാണെങ്കിൽ ,അത് ജീവിതത്തിന്‍റെ റിവേഴ്സ് ഗിയറാണ്.

കാലമാണ് ഭീതിയുണ്ടാക്കുന്നതെന്ന് കൃഷ്ണമൂർത്തി കണ്ടെത്തുന്നു. ചിന്തയുടെ ഒരു സ്വഭാവമാണ് കാലം. ചിന്ത തന്നെയാണ് കാലം .കാലം ഭയത്തിന്‍റെ ഒരു വസ്തുതയാണ്. ക്ലോക്കിലെ സമയമല്ല ഇത്; മനസിലെ കാലമാണ്. കാലമാണ് ചിന്ത. അത് ഭയമുണ്ടാക്കുന്നു. കാലമാണ് സംഘർഷവും മോഹഭംഗവുമുണ്ടാക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com