
ലഖ്നൗ: ഇന്ത്യ-ന്യൂസിലന്‍ഡ് ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ലഖ്നൗവിലാണ് മത്സരം. ആദ്യ മത്സരത്തില്‍ 21 റണ്‍സിന്റെ ജയം നേടിയ ന്യൂസിലന്‍ഡ് മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര പോക്കറ്റിലാക്കാന്‍ ന്യൂസിലന്‍ഡിറങ്ങുമ്പോള്‍ പരമ്പരയില്‍ ഒപ്പമെത്താനുറച്ചാവും ഇന്ത്യയിറങ്ങുക.രാത്രി 7ന് നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ടിവിയിലും തത്സമയം കാണാനാവും.
ആദ്യ മത്സരത്തിലെ ജയത്തോടെ കിവീസ് വലിയ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയാകട്ടെ, താരതമ്യേന മികടക്കാവുന്ന അച്ചടക്കമുള്ള ബൗളിങ്ങിലൂടെയാണ് കിവീസ് ആദ്യ മത്സരം ജയിച്ചത്. ഇന്ത്യയുടെ ബാറ്റിങ് നിര കളി മറന്നതാണ് ഒന്നാം ടി20യില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ടി20യില്‍ ഇന്ത്യക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും മെച്ചപ്പെടാനാവാത്ത പക്ഷം പരമ്പര ഇന്ത്യ കൈവിടുമെന്ന കാര്യം ഉറപ്പാണ്.
ഇന്ത്യയെ സംബന്ധിച്ച് എന്ത് വിലകൊടുത്തും പരമ്പര പിടിക്കാനാവാത്ത പക്ഷം വലിയ നാണക്കേടായി അത് മാറും.ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. നിലവിലെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ശുഭ്മാന്‍ ഗില്ലും ഇഷാന് കിഷനുമാണ്. രണ്ട് പേരും മോശം ഫോമിലാണ്. വിക്കറ്റ് കീപ്പറായ ഇഷാന്റെ അവസാന 12 ടി20 ഇന്നിങ്സിലെ ശരാശരി 15 മാത്രമാണ്.ശുഭ്മാന്‍ ഗില്ലിന് നാല് ടി20യിലാണ് ഇന്ത്യ ഇതുവരെ അവസരം നല്‍കിയത്. നാലിലും താരത്തിന് തിളങ്ങാനായില്ലെന്ന് പറയാം. ഏകദിനത്തില്‍ മികച്ചവനാണെങ്കിലും ടി20യില്‍ ഗില്ലിന് ഇനിയും മുന്നോട്ട് പോകേണ്ടതായുണ്ട്.അതുകൊണ്ട് തന്നെ ഈ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വേണം. ഇഷാന് കിഷനെ ഇന്ത്യ പുറത്തിരുത്തി ശുഭ്മാന്‍ ഗില്ലിനെ കളിപ്പിച്ചേക്കും. അങ്ങനെ വന്നാല്‍ ശുബ്മാന്-പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇന്ത്യ ലഖ്നൗവില്‍ പരീക്ഷിച്ചേക്കും.ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനം മെച്ചപ്പെടേണ്ടതും അത്യാവശ്യമാണ്. അര്‍ഷദീപ് സിങ്ങും ഉമ്രാന് മാലിക്കും ശിവം മാവിയും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നില്ല. ഹര്‍ദിക് പാണ്ഡ്യയും ആദ്യ മത്സരത്തില്‍ തല്ലുകൊണ്ടു.ഈ സാഹചര്യത്തില്‍ പേസ് നിരയുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതായുണ്ട്.
ഉമ്രാന് മാലിക്, അര്‍ഷദീപ് സിങ് എന്നിവരിലൊരാളെ ഇന്ത്യ പുറത്തിരുത്തിയേക്കും. ഇടം കൈയനെന്ന നിലയില്‍ അര്‍ഷദീപ് സ്ഥാനം നിലനിര്‍ത്തിയേക്കും. അങ്ങനെ വന്നാല്‍ ഉമ്രാനെ പുറത്തിരുത്താനാണ് സാധ്യത കൂടുതല്‍.ആദ്യ മത്സരത്തിലേതുപോലെ തന്നെ രണ്ടാം മത്സരത്തിലും സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ലഖ്നൗവിലെ പിച്ച് സ്പിന്നിനെ തുണക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും മികവ് കാട്ടിയിരുന്നു. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയില്‍ ദീപക് ഹൂഡയും തിളങ്ങി.കിവീസ് സ്പിന്നര്‍മാരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ മത്സരത്തില്‍ മിച്ചല്‍ സാന്റ്നറും മിച്ചല്‍ ബ്രെസ്വെലും ഇഷ് സോധിയുമെല്ലാം ഇന്ത്യന്‍ ബാറ്റിങ് നിരയെ വട്ടം കറക്കി.
ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഇന്ത്യയുടെ ഡെത്ത് ഓവറിലെ പ്രകടനം വളരെ നിര്‍ണായകമാണ്. ഇന്ത്യയുടെ ബൗളിങ് നിര ഡെത്ത് ഓവറില്‍ നന്നായി തല്ലുകൊണ്ടു. അവസാന ഓവറില്‍ അര്‍ഷദീപ് സിങ്ങെല്ലാം തല്ലുവാങ്ങിക്കൂട്ടി. ഇതിന് മാറ്റം വരുത്തേണ്ടത് വളരെ അത്യാവശ്യം.പവര്‍പ്ലേയില്‍ ഹര്‍ദിക് പാണ്ഡ്യ കൂടുതല്‍ പന്തെറിയാതെ ശിവം മാവിക്ക് കൂടുതല്‍ അവസരം നല്കുന്നതാവും നന്നാവുക. മാവിയുടെ ഡെത്ത് ഓവറിലെ ബൗളിങ് പ്രകടനം അത്ര മികച്ചതല്ല. എന്നാല്‍ ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താന്‍ മാവിക്ക് കഴിവുണ്ട്.
സാധ്യതാ ടീം
ഇന്ത്യ-ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, ജിതേഷ് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ (ര), വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, മുകേഷ് കുമാര്‍
ന്യൂസിലന്‍ഡ്-ഫിന് അലന്, ഡെവോണ്‍ കോണ്‍വെ, മാര്‍ക്ക് ചാപ്മാന്, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, മിച്ചല്‍ ബ്രേസ്വെല്, മിച്ചല്‍ സാന്റ്നര്‍ (ര), ഇഷ് സോധി, ലോക്കി ഫെര്ഗൂസന്, ജേക്കബ് ഡഫി, ബ്ലയിര്‍ ടിക്കനര്‍