''നിന്‍റെ ഭാഗത്താണ് ന്യായം, നിന്‍റെ ത്യാഗത്തിനു കൂലി കിട്ടും'', വിമത നീക്കം തടഞ്ഞ് കെസിയുടെ വൈകാരിക നീക്കം | Video

പുനലൂരിൽ വിമത നീക്കം ത‌ടഞ്ഞ് കെ.സി. വേണുഗോപാലിന്‍റെ വൈകാരിക നീക്കം.

അടൂർ: വിമത നീക്കം ഉപേക്ഷിച്ച് തിരിച്ചെത്തിയ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ ചേർത്തു നിർത്തി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. പുനലൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വിമത സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങിയിരുന്ന അഡ്വ. എസ്.ഇ. സഞ്ജയ് ഖാനെയും അദ്ദേഹത്തോടൊപ്പം നിന്ന പ്രവർത്തകരെയും വീണ്ടും യുഡിഎഫ് പാളയത്തിലേക്ക് തിരികെ കൊണ്ടുവരാൻ കെ. സി വേണുഗോപാലിന്‍റെ ഇടപെടലാണ് നിർണായകമായത്.

സഞ്ജയ് ഖാനെ പ്രവർത്തകരോടൊപ്പം ചേർത്തുപിടിച്ച കെ.സി. വേണുഗോപാലിന്‍റെ നടപടി, അതീവ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി. ഐക്യവും ഉൾക്കൊള്ളലും ആണ് കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ ശക്തിയെന്ന് വീണ്ടും തെളിയിക്കുന്ന ഈ നടപടി, പ്രവർത്തകർക്കും നേതൃത്വത്തിനും ഇടയിലെ വിശ്വാസബന്ധം കൂടുതൽ ഉറപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

ഇത് നിർണായക ഇലക്ഷൻ ആണെന്നും നീ ചെയ്ത ത്യാഗത്തിന് കൃത്യമായ കൂലി ലഭിക്കുമെന്നും കെസി വ്യക്തമാക്കി. സഞ്ജയ് ഏറ്റവും നല്ല സ്ഥാനാർഥിയായിരുന്നു, മത്സരിച്ചിരുന്നെങ്കിൽ ഉറപ്പായും വിജയം ഉണ്ടായേനെ. നിന്‍റെ സ്ഥാനാർഥിത്വത്തിന് വേണ്ടി ഞാൻ അടക്കം നിരവധി പേർ ശ്രമിച്ചതാണ്. ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്, സഞ്ജയ് ചെയ്ത ത്യാഗം വിലകുറഞ്ഞതാവില്ലെന്നും കെസി ഉറപ്പുനൽകി. ഹൃദയത്തിൽ പാർട്ടി ഉള്ളിടത്തോളം ഈ പോരാട്ടത്തിൽ കൂടെയുണ്ടാകണമെന്നും കെസി ആവശ്യപ്പെട്ടു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സഞ്ജയ് ചെയ്ത ത്യാഗത്തിന് കൂലി ലഭിക്കുമെന്നും കെസി ഉറപ്പുനൽകി. സഞ്ജയ്ക്കും പ്രവർത്തകർക്കും ഉണ്ടായ വിഷമം കൃത്യമായി മനസ്സിലാകുന്നതാണെന്നും അതിനു വാദിച്ചു നിൽക്കാൻ സമയമില്ലെന്നും, പാർട്ടിക്കൊപ്പം നിൽക്കണമെന്നുമാണ് അഭിപ്രായമെന്ന് കെസി പറഞ്ഞു. 'പാർട്ടിയുടെ സ്വത്തായ നിന്നെ ഞങ്ങൾ ഒരിക്കലും കൈവിടില്ല,' എന്നും അദ്ദേഹം പറഞ്ഞു. വാർത്ത അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തി സഞ്ജയ്‌യെ കണ്ടതും അതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'നിന്‍റെ രാഷ്ട്രീയ നിലപാടിനും മാന്യതയ്ക്കും അനുസരിച്ച് പാർട്ടി നിന്നെ സംരക്ഷിക്കും. തല ഉയർത്തി നടക്കാൻ വേണ്ട എല്ലാ അവസരവും ഒരുക്കും', കെസി ഉറപ്പ് നൽകി.

വൈകാരികമായി പ്രതികരിച്ച സഞ്ജയ് ഖാൻ, 'ഈ പാർട്ടിയാണ് എന്‍റെ ജീവൻ,' എന്ന് പറഞ്ഞു. തന്‍റെ വ്യക്തിപരമായ ബന്ധങ്ങളെയും ഓർമിപ്പിച്ചുകൊണ്ട്, 'എന്‍റെ പേര് സഞ്ജയ് ഖാൻ… എന്‍റെ സഹോദരിയുടെ പേര് സോണിയ…', അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എന്‍റെ രക്തമാണ്, എന്‍റെ കുടുംബത്തെ പോലെ ഞാനെന്‍റെ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നു... എന്‍റെ പ്രസ്ഥാനത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ ഞാന്‍ കാരണക്കാരനാകില്ല.....

സംസ്ഥാനത്ത് പിണറായി സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിന് കരുത്തുപകരും. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എന്നെ കെട്ടിപ്പുണര്‍ന്ന് ഹൃദയത്തിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും ബഹുമാന്യനായ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അതുമതി ജീവിതകാലം മുഴുവന്‍ ഒരു പോസ്റ്റും ഇല്ലാതെ പാര്‍ട്ടിയെ സ്‌നേഹിക്കുവാന്‍.

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി നിർണയമുൾപ്പടെ നിരവധി അസ്വാരസ്യങ്ങൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നിരുന്നെങ്കിലും എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ നേതാക്കൾക്കൊപ്പം ചേർന്ന് കെ.സി. വേണുഗോപാൽ എംപി നടത്തിയ നീക്കങ്ങളാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഇതോടൊപ്പ സംസ്ഥാനതലത്തിൽ വരെ വാർത്തയായി മാറിയ സഞ്ജയ് ഖാന്‍റെ വിമത നീക്കത്തെ അവസാനിപ്പിച്ച ചേർത്തു നിറുത്തിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനും വീണ്ടും കൈയ്യടി ലഭിക്കുകയാണ്. ഒരു പരിധിവരെ വിമതനീക്കങ്ങളും അസ്വാരസ്യങ്ങളും കുറച്ചുകൊണ്ടുവന്ന് ശക്തമായ നേതൃനിരയോടെയാണ് ടീം യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com