ആരാകും മുഖ്യമന്ത്രി: കോൺഗ്രസിൽ പോര് കടുത്തു

മുഖ്യമന്ത്രി സ്ഥാനത്തിനായി രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ അനുകൂലികൾ സോഷ്യൽ മീഡിയയിൽ കടുത്ത പ്രചാരണയുദ്ധത്തിൽ
Congress fight over Chief Minister post

യുഡിഎഫിനു ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ വിവാദമാകുന്നതിനിടെ, സെക്രട്ടറിയേറ്റിനു മുന്നിൽ ദളിത് കോൺഗ്രസ് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു മടങ്ങുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കാൽ തൊട്ടു വണങ്ങുന്ന പ്രവർത്തക. അവരെ അദ്ദേഹം തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതാണ് വലത്ത്.

കെ.ബി. ജയചന്ദ്രൻ

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: വോട്ടെണ്ണും മുൻപേ കോൺഗ്രസിൽ വിവാദമായ മുഖ്യമന്ത്രി ചർച്ചകളിൽ ഹൈക്കമാൻഡ് ഇടപെട്ടതോടെ മുതിർന്ന നേതാക്കൾ പിന്തിരിഞ്ഞെങ്കിലും സമൂഹ മാധ്യമങ്ങളിൽ അണികളുടെ ചേരിതിരിഞ്ഞ പോര് തുടരുന്നു. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചരടുവലി സജീവമെങ്കിലും, പരസ്യമായി പ്രതികരിക്കേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ തീരുമാനം.

സമൂഹ മാധ്യമങ്ങളിൽ നേതാക്കളെ നേരിട്ട് ആക്രമിക്കരുതെന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയെങ്കിലും പിന്തുണച്ചുള്ള കുറിപ്പുകൾ കണ്ടാൽ ആ അനുയായികളെ കമന്‍റുകളിലൂടെ ആക്രമിച്ച് തങ്ങളുടെ നേതാവിനായി പ്രതിരോധം തീർക്കണമെന്നുമാണ് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് അടക്കം ലഭിച്ചിരിക്കുന്ന നിർദേശം.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്‍റെ വിവാഹ വാർഷികം സംബന്ധിച്ച് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലും ചെന്നിത്തലയുടെ പരിപാടികളിലും മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി അണികളും പ്രവർത്തകരും കൂട്ടമായി രംഗത്തെത്തുകയാണ്. കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാർഥി പി.ടി. അജയ് മോഹൻ ചെന്നിത്തലയെ അനുകൂലിച്ചെത്തിയപ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്കായി മുതിർന്ന നേതാവ് അജയ് തറയിലും റോജി എം. ജോൺ എംഎൽഎയുമടക്കം അടുത്ത ദിവസങ്ങളിലും രംഗത്തെത്തി. അതേസമയം, പ്രവർത്തകരിൽ വലിയൊരു വിഭാഗം വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമാണ് മുന്നോട്ടുവയ്ക്കുന്നത്.

ഓരോ നേതാക്കളുടെയും അനുഭാവികൾ എതിർപക്ഷത്തിനെതിരേ പോസ്റ്റുകളിൽ കമന്‍റിട്ടും അധിക്ഷേപിച്ചും ചേരി തിരിഞ്ഞ് പോരടിക്കുമ്പോൾ മൂന്നു നേതാക്കളും കളം പിടിക്കാനുള്ള ശ്രമത്തിലാണ്. രമേശ് ചെന്നിത്തലയുടെ ജീവചരിത്രം പറഞ്ഞുകൊണ്ട് അനുയായികൾ തയാറാക്കിയ ജനനായകൻ വിഡീയൊ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ് പ്രസംഗങ്ങൾ ഉൾപ്പടെ നിറച്ചാണ് ''ഒസിക്കു ശേഷം ആർസി നയിക്കട്ടെ'' എന്ന നിലയിൽ റീലുകളും പോസ്റ്റുകളും പ്രചരിക്കുന്നത്.

വേണുഗോപാലിനായി ഡോക്യുമെന്‍ററി ചിത്രീകരണം ആലപ്പുഴയിലും കണ്ണൂരിലും പുരോഗമിക്കുമ്പോൾ, സതീശനു വേണ്ടിയും ജീവചരിത്രം ഒരുങ്ങുന്നുണ്ട്. സതീശന്‍റെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ എന്ന കൃതിയാണ് ഡിസി ബുക്സ് പുറത്തിറക്കുന്നത്. വേണുഗോപാലിന്‍റെ നിയമസഭാ, പാർലമെന്‍റ് പ്രസംഗങ്ങൾ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു.

അതിനിടെ, പെട്ടി പൊട്ടിക്കും മുൻപേയുള്ള കോൺഗ്രസിലെ തർക്കങ്ങളിൽ മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖ്അലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും അടക്കമുള്ള നേതാക്കൾ പങ്കെടുത്ത മലപ്പുറം ജില്ലാ കമ്മിറ്റി യോഗം കടുത്ത വിമർശനം ഉന്നയിച്ചു. എങ്കിലും സ്വന്തം അണികളെ ഉപയോഗപ്പെടുത്തി പിന്തുണ ഉറപ്പിക്കാനാണ് മൂന്നു നേതാക്കളുടെയും നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com