ബംഗാൾ മുഖ്യമന്ത്രിയാകുമോ പഴയ 'പാഞ്ചാലി'?

സിനിമയിലെ പോരാട്ടവീര്യം രാഷ്ട്രീയ വേദിയിലേക്ക്; രൂപ ഗാംഗുലി പശ്ചിമ ബംഗാൾ മന്ത്രിസഭയിലെത്തും
Actress Roopa Ganguly West Bengal CM contender

രൂപ ഗാംഗുലി

Updated on

കൊൽക്കത്ത: മാറ്റത്തിന്‍റെ കാറ്റ് വീശുന്ന ബംഗാൾ രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി ബിജെപി നേതാവും നടിയുമായ രൂപ ഗാംഗുലി. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സോനാർപൂർ ദക്ഷിൺ മണ്ഡലത്തിൽ നിന്നു ജയിച്ച രൂപ, തൃണമൂൽ കോൺഗ്രസിന്‍റെ അരുന്ധതി (ലവ്‌ലി) മൈത്രയെയാണ് കീഴടക്കിയത്. ബിജെപി അധികാരത്തിലെത്തിയതോടെ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിലൊന്ന് രൂപ ഗാംഗുലിയുടേതാണ്.

1988ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ബി.ആർ. ചോപ്രയുടെ വിഖ്യാത പരമ്പരയായ 'മഹാഭാരത'ത്തിലെ ദ്രൗപതി എന്ന കഥാപാത്രത്തിലൂടെയാണ് രൂപ ഗാംഗുലി ഇന്ത്യയിലുടനീളം പ്രശസ്തയായത്. ഗണദേവത, ചന്ദ്രകാന്ത, കാനൂൻ, കസ്തൂരി, അഗ്‌ലേ ജനം മോഹെ ബിറ്റിയ ഹി കീജോ തുടങ്ങിയ നിരവധി ബംഗാളി, ഹിന്ദി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

ചലച്ചിത്ര-സീരിയൽ രംഗങ്ങളിൽ മികച്ച കരിയർ കെട്ടിപ്പടുത്ത അവർ 2010 മുതൽ സജീവ രാഷ്ട്രീയത്തിലുണ്ട്. 2015-ലാണ് ഔദ്യോഗികമായി ബിജെപിയിൽ ചേരുന്നത്. 2015 മുതൽ 2017 വരെ ബംഗാൾ ബിജെപി മഹിളാ മോർച്ചയുടെ അധ്യക്ഷയായിരുന്നു.

2016-ൽ നവജ്യോത് സിങ് സിദ്ദുവിന്‍റെ ഒഴിവിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അവർ 2022 ഏപ്രിൽ വരെ എംപിയായിരുന്നു.

സിനിമയിലെ ദ്രൗപതിയുടെ പോരാട്ടവീര്യം രാഷ്ട്രീയത്തിലും പ്രകടിപ്പിക്കുന്ന രൂപ ഗാംഗുലിക്ക്, ഈ നിയമസഭാ തെരഞ്ഞെടുപ്പ് തന്‍റെ കരിയറിലെ ഏറ്റവും നിർണായകമായ നാഴികക്കല്ലാണ്.

logo
Metro Vaartha
www.metrovaartha.com