

പണ്ട് എവിടെയോ നഷ്ടമായ എന്‍റെ അണ്ണൻ: അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി
file photo
കൊച്ചി: എറണാകുളം തൃക്കാക്കര നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരെക്കുറിച്ച് ഭാര്യ രാജലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാക്കുകൾ വൈറലായി. ""പണ്ട് എവിടെയോ നഷ്ടമായ എന്‍റെ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനം മാത്രം'' എന്നാണ് അഖിൽ മാരാരുടെ പോസ്റ്ററിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് രാജലക്ഷ്മി കുറിച്ചത്.
പോസ്റ്റിനു താഴെ അഖിൽ മാരാരും മറുപടിയായി കമന്‍റ് ചെയ്തിട്ടുണ്ട്. ""ജീവിതത്തിൽ ഒരു പാട് തോറ്റവനെ ഈശ്വരൻ ജയിപ്പിച്ചു തുടങ്ങി... ഇനി തോൽക്കില്ല... നമ്മൾ ജയിക്കും'' എന്നാണ് അഖിലിന്‍റെ കമന്‍റ്. അഖിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് പോസ്റ്റിൽ വരുന്നത്.
അഖിലിനെ രാഷ്‌ട്രീയപ്രവർത്തകനായി കാണാൻ തനിക്ക് ഇഷ്ടമാണെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ രാജലക്ഷ്മി പറഞ്ഞിരുന്നു. ""അണ്ണൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എനിക്ക് ഇഷ്ടമാണ്. ധൈര്യമുണ്ട്. മാൻലി ആറ്റിറ്റ്യൂഡുള്ളയാളാണ്. സംസാരത്തിലും പ്രവൃത്തിയിലും സ്ട്രെയ്റ്റ് ഫോർവേഡാണ്. തെറ്റു ചൂണ്ടിക്കാണിക്കാനൊന്നും മടിയില്ല. മറ്റുള്ളവർ എന്തു വിചാരിക്കും എന്നൊന്നും ചിന്തിക്കില്ല'', എന്നായിരുന്നു രാജലക്ഷ്മിയുടെ പ്രതികരണം.
നിരവധി സെലിബ്രിറ്റികളുള്ള ട്വന്‍റി 20- എൻഡിഎ സ്ഥാനാർഥി പട്ടികയിൽ ആദ്യം ഇടംപിടിച്ച ആളാണ് അഖിൽ മാരാർ. അഖിലിനൊപ്പം ഭാര്യ രാജലക്ഷ്മിയും പ്രചാരണരംഗത്തുണ്ട്. നിരവധി സെലിബ്രിറ്റികളാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഘടകക്ഷിയായ ട്വന്‍റി20യുടെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്.
അതിലൊരാൾ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർഥിയായ അഖിൽ മാരാർ ആയിരുന്നു. കൊട്ടാരക്കരയിലോ പത്തനാപുരത്തോ തൃപ്പൂണിത്തുറയിലോ മത്സരിച്ചേക്കും എന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ തൃക്കാക്കര പോലെയുള്ള ന്യൂജെൻ മണ്ഡലത്തിലേക്ക് നിയോഗിക്കുകയായിരുന്നു.
നടി അഞ്ജലി നായര്‍ (തൃപ്പൂണിത്തുറ), സംഗീതജ്ഞയും നർത്തകിയും അധ്യാപികയുമായ ആതിര ഡി. നായര്‍ (ഏറ്റുമാനൂര്‍), സോഷ്യൽ മീഡിയ താരവും ബിസിനസുകാരനുമായ പ്രോമി കുര്യാക്കോസ് (അങ്കമാലി), പ്രമുഖ സാമൂഹ്യനിരീക്ഷകനും വിദ്യാഭ്യാസ പ്രവർത്തകനും മനഃശാസ്ത്ര കൗൺസിലറുമൊക്കെയായ അഡ്വ. ചാർളി പോൾ തുടങ്ങിയവരെയും ട്വന്‍റി20 രംഗത്തിറക്കിയിട്ടുണ്ട്.