ഒന്നുമില്ലായ്മയുടെ ബാലറ്റ് പെട്ടികൾ

മുദ്രാവാക്യങ്ങളോ, പ്ലാസ്റ്റിക് ചിരികളോ, നാടകീയമായ രോഷപ്രകടനങ്ങളോ ഇല്ലാത്ത ഒരു ദിവസത്തിനു ശേഷം വോട്ടർ പോളിങ് ബൂത്തിലെത്തി
Ballot boxes of nothingness

ഒന്നുമില്ലായ്മയുടെ ബാലറ്റ് പെട്ടികൾ

file photo

Updated on

360 ഡിഗ്രി കോളം| അജയൻ

ചന്തയിലെ വിലപേശൽ പോലെ ബഹളമയമായിരുന്നു ഈ ചുരുങ്ങിയ പ്രചാരണകാലം. എല്ലാ മുന്നണികളും തൊണ്ടപൊട്ടി ആർത്തുവിളിച്ചെങ്കിലും ആരും സത്യം പറയാൻ തയാറായിരുന്നില്ല.

പ്രചാരണപ്പന്തലുകൾ അഴിച്ചുമാറ്റിക്കഴിഞ്ഞു, ഉച്ചഭാഷിണികൾ നിശബ്ദമായിരിക്കുന്നു. മുദ്രാവാക്യങ്ങളോ, പ്ലാസ്റ്റിക് ചിരികളോ, നാടകീയമായ രോഷപ്രകടനങ്ങളോ ഇല്ലാത്ത ഒരു ദിവസത്തിനു ശേഷം വോട്ടർ പോളിങ് ബൂത്തിലെത്തിക്കഴിഞ്ഞു. കേട്ട കാര്യങ്ങളുടെയും, അതിനെക്കാളുപരി കേൾക്കാതെ പോയവയുടെയും മാറ്റൊലികൾ മാത്രമാണ് അവിടെ മുഴങ്ങുന്നത്; സങ്കീർണമായ ചിന്തകളുടെ, അസ്വസ്ഥതയുണർത്തുന്ന ഘട്ടം.

ദർശനങ്ങൾ എന്ന വ്യാജേന നിരത്തിയ അർധ സത്യങ്ങളും, കാപട്യത്തിൽ നിന്നും നിരാശയിൽ നിന്നും പിറന്ന വാഗ്ദാനങ്ങളും വോട്ടർ വിശകലനം ചെയ്യേണ്ടതുണ്ട്. ഒന്നു പുരികം ചുളിച്ചാൽ തകർന്നു വീഴുന്നവയാണ് ഉറപ്പുകൾ പലതും. വശീകരണത്തിന്‍റെ കയ്ക്കുന്ന ശേഷിപ്പുകളും, കൈയടിക്കായി പണയം വച്ച അന്തസും, പാതാളത്തോളം താഴ്ന്ന ചെളിവാരിയെറിയലും മാത്രമാണ് ബാക്കി കിടക്കുന്നത്. ആർക്ക് വോട്ട് നൽകണം എന്നതിലുപരി, ആരെല്ലാമാണ് ഇതിനകം അയോഗ്യരായത് എന്ന കാര്യത്തിൽ വ്യക്തമായ ബോധ്യത്തോടെയാവും വോട്ടിങ് മെഷീനു മുന്നിൽ സാധാരണ വോട്ടർ നിന്നിട്ടുണ്ടാവുക.

മൂന്ന് കാര്യങ്ങളാണ് ഇവിടെ തെളിഞ്ഞു നിൽക്കുന്നത്: സത്യത്തെ വെറും അക്ഷരത്തെറ്റായി കാണുന്ന, അവസാന നിമിഷം തിരുത്തിയെഴുതിയ, വ്യാജ വാഗ്ദാനങ്ങൾ നിറഞ്ഞ പ്രകടനപത്രികകൾ; മുഖ്യമന്ത്രിയെ തന്നെ ഒരു 'മണ്ണുമാന്തി യന്ത്രമാക്കി' മാറ്റിയ, ആനന്ദത്തോടെയുള്ള ചെളിവാരിയെറിയൽ; പിന്നെ കോൺഗ്രസിനോടുള്ള വിരോധം മാത്രം കൈമുതലാക്കി ബദ്ധവൈരികൾ പങ്കാളികളാകുന്ന ആ പഴയ "ഡീൽ" എന്ന രഹസ്യബാന്ധവം.

നയങ്ങൾ എന്നത് ഉപരിപ്ലവമായൊരു കാര്യം മാത്രമാണെന്ന മട്ടിൽ അവസാന നിമിഷം തുന്നിക്കൂട്ടിയവയാണ് ഈ പ്രകടനപത്രികകൾ. സാധാരണക്കാരന്‍റെ ശബ്ദമോ അണികളുടെ ചർച്ചകളോ അതിലില്ല; എങ്ങനെ നടപ്പാക്കുമെന്ന് യാതൊരു നിശ്ചയവുമില്ലാത്ത, തിളങ്ങുന്ന വാഗ്ദാനങ്ങൾ മാത്രം. കടം വാങ്ങി ശ്വാസം മുട്ടുന്ന ഖജനാവിനെ വിസ്മരിച്ച് എല്ലാവരും ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന് ആണയിടുന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന പ്രഖ്യാപനം, ഓട്ട വീണ കപ്പലിൽ അമിത ഭാരം കയറ്റി നേരത്തേ മുക്കുന്നതുപോലെയാണ്.

മിഠായിയോ അപ്പമോ പോലെയാണ് മെട്രൊ സ്വപ്നങ്ങൾ വിൽക്കപ്പെടുന്നത്. ശബരി റെയ്‌ൽ ഉൾപ്പെടെ കാലങ്ങളായി കേൾക്കുന്ന റെയ്‌ൽ പദ്ധതികൾ ഇന്നും മരീചികയായി തുടരുന്നു. കേന്ദ്രത്തിന്‍റെ അവഗണന പഴയ വാർത്തയാണ്, എങ്കിലും വെറും ആഗ്രഹങ്ങൾ കൊണ്ട് റെയ്‌ൽ പാളങ്ങൾ മുളച്ചു വരുമെന്ന മട്ടിലാണ് വാഗ്ദാനങ്ങൾ. സിൽവർലൈൻ വിരുദ്ധ വികാരം ഇന്നും നിലനിൽക്കെ, എൽഡിഎഫ് ആ പദ്ധതിയെ പുതിയ പേരിൽ അവതരിപ്പിക്കുന്നു. ജനങ്ങളുടെ തിരസ്കാരം എന്നതൊരു പാഠമല്ല, മറിച്ച് പേരുമാറ്റാനുള്ള അവസരം മാത്രമാണെന്ന് വീണ്ടും തെളിയുന്നു.

പ്രകൃതി സംരക്ഷണത്തിനല്ല, തെരഞ്ഞെടുപ്പ് വിജയത്തിനായി എൽഡിഎഫ് പരിസ്ഥിതി ലോല മേഖലകളുടെ (ബഫർ സോൺ) അതിരുകൾ പോലും മാറ്റിവരച്ചു. വനത്തെക്കാൾ ആയുസ് വോട്ടിനാണെന്ന് അവർക്കറിയാം. 2018-ലെ പ്രളയം മഴയെക്കാളുപരി മനുഷ്യന്‍റെ ആസൂത്രണ പിഴവാണെന്ന് സൂചിപ്പിക്കുന്ന മന്ത്രിയുടെ ഫോൺ കോൾ ചോർന്നതോടെ ചിത്രം വ്യക്തമാണ്; ഇതൊരു പ്രകൃതിദുരന്തമായിരുന്നില്ല, ഈ ദുരന്തം മനുഷ്യനിർമിതമായിരുന്നു- മാധവ് ഗാഡ്ഗിൽ അതു മുൻപേ പറഞ്ഞിട്ടുള്ളതാണ്.

വാഗ്ദാനങ്ങൾ 'പാലിച്ചു' എന്ന അവകാശവാദവുമായി വിജയയാത്ര നടത്തി. എന്നാൽ, ഏറെ കൊട്ടിഘോഷിച്ച "റൂം ഫോർ റിവർ" പദ്ധതി അവ്യക്തത മാത്രമായി അവശേഷിക്കുന്നു. ലോകം ചുറ്റിയുള്ള നിക്ഷേപക സംഗമങ്ങൾ കൊണ്ട് വിമാനക്കമ്പനികൾക്ക് ലാഭമുണ്ടായതല്ലാതെ നാട്ടിൽ കാര്യമായൊന്നും സംഭവിച്ചില്ല. വികസനം എന്ന മുദ്രാവാക്യം മാത്രം എത്തിച്ചേർന്ന ഒരു പതിറ്റാണ്ട്; ബാക്കിയെല്ലാം ട്രെയിൻ കിട്ടാത്ത യാത്രികരെപ്പോലെ എവിടെയോ കുടുങ്ങിക്കിടക്കുന്നു.

വിദ്വേഷം വമിക്കുന്ന വാക്കുകളുടെയും അഹങ്കാരത്തിന്‍റെയും കാര്യത്തിൽ പിണറായി വിജയൻ തന്‍റേതായ ഒരു ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പരുക്കൻ ശൈലിയിൽ നാട്ടുനന്മയല്ല, ക്രൂരമായ പുച്ഛമാണുള്ളത്. പഴയ സഹപ്രവർത്തകരെ നിസാരമായി അധിക്ഷേപിക്കുന്നു, ചോദ്യം ചോദിക്കുന്നവരെ പരിഹസിച്ചു വീട്ടിലിരുത്തുന്നു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് നേരെ പോലും തറഭാഷ പ്രയോഗിച്ച് പൊതുസംവാദങ്ങളെ അഴുക്കുചാലിലേക്ക് വലിച്ചിഴയ്ക്കുന്നു. ഇത് വെട്ടിത്തുറന്ന് പറയുന്ന ശൈലിയാണെങ്കിൽ, തൊടുന്നതിനെയെല്ലാം ദ്രവിപ്പിക്കുന്ന തരം ശൈലിയാണത്.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാകട്ടെ, "ഡീൽ" എന്ന അടക്കംപറച്ചിലുകൾക്ക് ശക്തി കൂട്ടുകയാണ് ചെയ്യുന്നത്. തങ്ങളുടെ സ്വാധീനമേഖലകളിൽ പോലും തപ്പിത്തടയുന്ന അവർ, രാഷ്ട്രീയ പ്രസക്തിയില്ലാത്ത സംഘടനകളെ കൂട്ടുപിടിച്ച് സ്വന്തം വിജയസാധ്യതകൾ തന്നെ ഇല്ലാതാക്കുന്നു. അവരുടെ വികസന വാഗ്ദാനങ്ങൾ എൽഡിഎഫിന്‍റെ പകർപ്പ് പോലെ തോന്നിക്കുന്നു.

ഇതാ വോട്ടർ നിൽക്കുന്നു - എല്ലാ ദിശകളിൽ നിന്നും എടുത്തെറിയപ്പെട്ട ശൂന്യവും ആവർത്തനവിരസവുമായ വാഗ്ദാനങ്ങളുടെ കൂമ്പാരത്തിനു മുന്നിൽ. വോട്ടെടുപ്പ് ദിവസം നെല്ലും പതിരും വേർതിരിക്കപ്പെടുന്നു. പക്ഷേ, പ്രശ്നം എന്തെന്നാൽ, അവിടെ ശുഭസൂചനകൾ അവശേഷിക്കുന്നില്ല എന്നതാണ്. എങ്കിലും സംസ്ഥാനത്തെ രക്ഷിക്കാൻ ഈ തീരുമാനം നിർണായകമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com