

അനിൽ അക്കരയെ കൈവിടാതെ അടാട്ട്, ഉജ്ജ്വല വിജയം
തൃശൂർ: മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കരയ്ക്ക് ഉജ്ജ്വല വിജയം. അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡായ സംസ്കൃതം കോളജിൽ നിന്നാണ് അനിൽ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് അനിൽ അക്കരയുടെ മിന്നും വിജയം.
അനിൽ അക്കരയ്ക്ക് 363 വോട്ടുകളാണ് ലഭിച്ചത്. സിപിഎമ്മിന്റെ കെ.ബി. തിലകന് 149 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർഥി ഹരീഷിന് 49 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം അടാട്ട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടപ്പെടാനാണ് സാധ്യത. 9 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. എൽഡിഎഫ് 8 സീറ്റുകളിലും എൻഡിഎ 4 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 2020ലാണ് വർഷങ്ങൾ നീണ്ട കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് എൽഡിഎഫ് അടാട്ട് പിടിച്ചെടുത്തത്.
15 വർഷത്തിന് ശേഷമാണ്അനിൽ അക്കര അടാട്ട് പഞ്ചായത്തിൽ മത്സരിക്കുന്നത്. 2000ൽ കോളജ് പഠന കാലത്താണ് അനിൽ അക്കരെ ആദ്യമായി പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. തുടർന്ന് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികളിൽ അനിൽ അടാട്ടിനെ നയിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ച് ജയിച്ചാണ് അനിൽ അക്കര നിയമസഭയിലെത്തുന്നത്. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ അനിൽ അക്കര പരാജയപ്പെടുകയായിരുന്നു.