

വിജയ്
നമിത മോഹനൻ
എക്സിറ്റ്പോൾ ഫലങ്ങൾ വിശ്വസിച്ച് പ്രതീക്ഷയും നിരാശയും വച്ചുപുലർത്തുന്നവരുണ്ട്. വിജയ പ്രതീക്ഷയുള്ളവർക്ക് ആത്മവിശ്വാസം കൂട്ടുന്ന ഫലങ്ങൾ പലപ്പോഴും യാഥാർഥ്യവുമായി അടുത്തു നിൽക്കാറുമുണ്ട്. ഇത്തവണ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഏറെക്കുറെ കൃത്യമായിരുന്നു താനും. എന്നാൽ, തമിഴ്നാട്ടിൽ കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. എക്സിറ്റ് പോളുകളെല്ലാം ഡിഎംകെയുടെ തുടർഭരണമാണ് പ്രവചിച്ചത്. വിജയ്‌യുടെ ടിവികെ മൂന്നാം സ്ഥാനത്തായിരിക്കുമെന്നും വിലയിരുത്തപ്പെട്ടു. എന്നാൽ, എക്സിറ്റ് പോളിനെ സമർഥമായി പറ്റിച്ചു കഴിഞ്ഞു തമിഴ്നാട്ടുകാരുടെ യഥാർഥ ജനവിധി.
പ്രാദേശിക പോളുകളടക്കം പുറത്തുവന്ന സർവെകളിൽ ഏഴും ഡിഎംകെയ്ക്ക് തുടർ ഭരണം പ്രവചിക്കുമ്പോൾ രണ്ട് സർവെകൾ പറഞ്ഞത് അണ്ണാ എഡിഎംകെ സഖ്യം അധികാരത്തിൽ എത്തും എന്നായിരുന്നു. ഡിഎംകെ വിജയിക്കുമെന്നും അണ്ണാ ഡിഎംകെ പ്രതിപഷമായി തുടരുമെന്നും, വിജയ്‌യുടെ ടിവികെ മൂന്നാസ്ഥാനത്തെത്തുമെന്നുമായിരുന്നു പ്രവചനം.
പീപ്പിൾസ് പൾസും പി മാർക്കും ഡിഎംകെ സഖ്യത്തിന് 125-145 സീറ്റുകളും, പ്രജ പോൾ 148-168 സീറ്റുകളും പ്രവചിച്ചിരുന്നു. മാട്രിസിന്‍റെ എക്സിറ്റ് പോൾ പ്രകാരം 122 - 132 സീറ്റുകൾ ഡിഎംകെ സഖ്യത്തിനു കിട്ടേണ്ടതായിരുന്നു. അണ്ണാ ഡിഎംകെയ്ക്ക് 87 - 100 സീറ്റുകളാണ് മാട്രിസ് പ്രവചിച്ചത്. 10 -12 സീറ്റുകളാണ് ടിവികെയ്ക്ക് പറഞ്ഞിരുന്നത്.
അതേസമയം, ടൈംസ് നൗ സർവേ 128 - 147 സീറ്റുകൾ നേടി എൻഡിഎ നേതൃത്വം നൽകുന്ന അണ്ണാ ഡിഎംകെ സഖ്യം അധികാരത്തിൽ വരുമെന്നാണു പറഞ്ഞത്. സിഎൻഎന്നിന്‍റെ സർവേ പ്രവചിച്ചത് 114 - 124 സീറ്റുകൾ നേടി അണ്ണാ ഡിഎംകെ ഭരണം പിടിക്കുമെന്നാണ്.
ഇത്രധികം എക്സിറ്റ് പോളുകൾ കൈയൊഴിഞ്ഞപ്പോഴും ടിവികെയുടെ വിജയം പ്രവചിച്ച് ഒരു സർവേ ഫലം മാത്രം വ്യത്യസ്തമായി. ആക്സിസ് മൈ ഇന്ത്യ സർവേയാണ് ഇത്തരമൊരു ഫലം പറയാൻ ധൈര്യം കാണിച്ചത്. നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം നടത്തുമെന്നും, ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും, 98 മുതൽ 120 സീറ്റുകൾ വരെ നേടി ഡിഎംകെയെ അട്ടിമറിക്കുമെന്നും ആക്സിസ് മൈ ഇന്ത്യ പറഞ്ഞു.
ഇപ്പോഴിതാ അവരുടെ കണക്കുകൾ ശരിവയ്ക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. തമിഴ്നാട്ടിൽ ടിവികെ തരംഗമാണ് കാണുന്നത്. മത്സരിച്ച 2 മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയ് വിജയം ഉറപ്പിച്ചു. ഭരണ കക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്ത് ഒതുക്കി അട്ടിമറി വിജയത്തിലേക്കാണ് ടിവികെ കടന്നത്.