

ചിരാഗ് പാസ്വാൻ, നിതീഷ് കുമാർ
പറ്റ്ന: എൻഡിഎയുടെ വിജയം തെരഞ്ഞെടുപ്പു കമ്മിഷന്‍റെ സഹായത്തോടെയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. സദ്ഭരണത്തിനു ജനങ്ങൾ നൽകിയ അംഗീകാരമെന്ന് എൻഡിഎ നേതൃത്വം പറയുന്നു. എന്നാൽ, സഖ്യകക്ഷികളെ കൃത്യമായി ഉപയോഗിച്ചും ഏകോപിപ്പിച്ചും സമവാക്യം സൃഷ്ടിച്ച് വോട്ടുയർത്തിയ എൻഡിഎ നേതൃത്വത്തിന്‍റെ തന്ത്രപരമായ മികവാണ് ഫലത്തെ സ്വാധീനിച്ചതെന്നാണു പ്രാഥമിക വിലയിരുത്തൽ. മല്ല സമുദായത്തിന്‍റെ വികാസ് ശീൽ ഇൻസാൻ പാർട്ടിയെയും തന്തി പാൻ വിഭാഗത്തിന്‍റെ ഇന്ത്യൻ ഇൻക്ലുസീവ് പാർട്ടിയെയും ഇത്തവണ സഖ്യത്തിലെടുത്തിട്ടും 2020ലെ 37.23 ശതമാനം വോട്ട് വിഹിതത്തിൽ നിന്നു മുന്നോട്ടുപോകാൻ ആർജെഡി- കോൺഗ്രസ് സഖ്യത്തിന് സാധിച്ചില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
മറുവശത്ത് എൻഡിഎയ്ക്ക് 10 ശതമാനത്തിലേറെ വോട്ട് വിഹിതം വർധിപ്പിക്കാൻ കഴിഞ്ഞു. ചിരാഗ് പാസ്വാന്‍റെ ലോക്ജനശക്തി പാർട്ടി (റാംവിലാസ്)യാണ് ഇതിൽ 5.5 ശതമാനം വോട്ട് സംഭാവന ചെയ്തത്. ബിജെപിക്ക് ഒന്നര ശതമാനവും ജെഡിയുവിനു മൂന്നു ശതമാനവും വോട്ട് വിഹിതം വർധിപ്പിക്കാനും കഴിഞ്ഞു. 2020ൽ ജെഡിയുവിന്‍റെ സീറ്റുകളിൽ തനിച്ചു മത്സരിക്കുകയായിരുന്നു എൽജെപി. ഇത്തവണ ഇവരുടെ അഞ്ചര ശതമാനം വോട്ട് ജെഡിയുവിലേക്കെത്തിയപ്പോൽ നിതീഷിന്‍റെ പാർട്ടി അതിന്‍റെ തട്ടകങ്ങൾ തിരിച്ചുപിടിക്കുന്നതാണു കണ്ടത്. ഇതിനൊപ്പമാണു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികളുണ്ടാക്കിയ തരംഗം.
ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം വോട്ട് വിഹിതത്തിലെ നേരിയ വർധന പോലും നിർണായകമായി. ഇതിനു പുറമേയാണ് പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും വോട്ടർമാരിലുണ്ടാക്കിയ ഭിന്നിപ്പ്. മൂന്നര ശതമാനത്തോളം വോട്ട് നേടി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം. സീമാഞ്ചൽ മേഖലയിലെ ന്യൂനപക്ഷ മേഖലകളിൽ ഭരണവിരുദ്ധ വോട്ടുകളിൽ ഒരു ഭാഗം ഇവർ ചോർത്തിയത് എൻഡിഎയ്ക്ക് നിർണായകമായി. എൻഡിഎയും മഹാസഖ്യവും നേരിട്ട് ഏറ്റുമുട്ടിയ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 40.1 ശതമാനം വോട്ട് ലഭിച്ചിരുന്നു ആർജെഡി- കോൺഗ്രസ് മുന്നണിക്ക്. എന്നാൽ, ഇത്തവണ ഇത് 37.3ലേക്ക് താഴ്ന്നു. ജൻ സുരാജ് പാർട്ടി സ്വന്തമാക്കിയ 2.8 ശതമാനത്തോളം വോട്ടുകൾ പോയത് മഹാസഖ്യത്തിന്‍റെ കിറ്റിൽ നിന്നായി.
മഹാസഖ്യം പ്രധാനമായും യാദവരിലും മുസ്‌ലിംകളിലും കേന്ദ്രീകരിച്ചപ്പോൾ മറ്റെല്ലാ സമുദായങ്ങളെയും കോർത്തിണക്കുന്നതിൽ എൻഡിഎ കക്ഷികൾ പുലർത്തിയ മികവ് ഭാവിയിലും പ്രതിപക്ഷത്തിന് മുന്നറിയിപ്പാണ്. ബിജെപി മുന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ഏകീകരിച്ചു. ജെഡിയു യാദവേതര ഒബിസി, അതിപിന്നാക്ക വിഭാഗം (ഇബിസി), മഹാദളിത് എന്നിവരിലേക്ക് വ്യാപിച്ചതിനൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതിച്ഛായ ജാതി- മതഭേദമില്ലാതെ സ്ത്രീ വോട്ടർമാരിൽ തരംഗമുണ്ടാക്കി. പാസി, ദളിത് വിഭാഗങ്ങളെ പൂർണമായി ഒപ്പം നിർത്താൻ ചിരാഗ് പാസ്വാനു കഴിഞ്ഞു. ഹിന്ദുസ്ഥാൻ അവാം മോർച്ചയും രാഷ്‌ട്രീയ ലോക് മോർച്ചയും ദളിക്, കൊയെരി വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുക കൂടി ചെയ്തപ്പോൾ വിശാലമായ സാമുദായിക സമവാക്യത്തിന്‍റെ പിന്തുണയായി എൻഡിഎയ്ക്ക്. പ്രതിപക്ഷത്ത് ആർജെഡി യാദവരിലും മുസ്‌ലിംകളിലും കേന്ദ്രീകരിച്ചപ്പോൾ കോൺഗ്രസിന്‍റെയും ഇടതുപാർട്ടികളുടെയും പ്രചാരണം പ്രധാനമായും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടായിരുന്നു. ഈ വോട്ടിലാണ് എഐഎംഐഎം കൂടി കടന്നുകയറിയത്.