

ബിഹാറിൽ വിധിയെഴുത്ത്
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിനുളള പരസ്യപ്രചാരണം ബുധനാഴ്ച വൈകിട്ടോടെ അവസാനിക്കും. പറ്റ്ന അടക്കം 18 ജില്ലകളിലെ 121 സീറ്റുകളിലാണ് വ്യാഴാഴ്ച വിധിയെഴുതുന്നത്. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഇക്കുറി തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ഉണ്ടെന്നാണ് വിലയിരുത്തൽ. ബിഹാറിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്നുളള സർവെ ഫലങ്ങളും പുറത്തുവരുന്നുണ്ടെങ്കിലും തേജസ്വി യാദവിനുളള ജനപിന്തുണ തള്ളിക്കളയാൻ ആകില്ല.
2020ൽ 121ൽ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. പരസ്യപ്രചാരണത്തിന് കൊഴുപ്പ് കൂട്ടാൻ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ബിഹാറിലെത്തിയിട്ടുണ്ട്. നിരവധി തെരഞ്ഞെടുപ്പ് യോഗങ്ങളിലും ഇരുനേതാക്കളും പങ്കെടുക്കും. അതേസമയം ബിജെപിയുടെ പ്രചാരണത്തിനായി അമിത് ഷായും, ജെ.പി. നദ്ദയും ബിഹാറിലെത്തിയിട്ടുണ്ട്.
243 അംഗ നിയമസഭയിൽ 18 ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ടത്തിൽ 122 സീറ്റുകളിൽ 11നാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ ഈമാസം14ന് നടക്കും. മഹാസഖ്യത്തിന്റെ പ്രധാന പ്രചാരകനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവിന് ദിവസങ്ങളായി വിശ്രമമില്ലാത്ത പരിപാടികളാണ്. എഐഎംഐഎം, ജൻശക്തി ജനതാദൾ, ജൻസുരാജ് പാർട്ടി എന്നിവയുടെ നേതാക്കളും പ്രചാരണത്തിൽ സജീവമാണ്.