മൂന്നാം സ്ഥാനവും കൈവിട്ട് ബിജെപി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ഉപതെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തേക്കു പതിച്ചു
BJP 4th in Nilambur byelection

മോഹൻ ജോർജ്

Updated on

നിലമ്പൂർ: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നിലമ്പൂർ മണ്ഡലത്തിൽ നേടിയ മൂന്നാം സ്ഥാനം ഉപതെരഞ്ഞെടുപ്പിൽ നിലനിർത്താൻ സാധിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.കെ. അശോക് കുമാർ 8500 വോട്ടുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. 4.96 ശതമാനമായിരുന്നു വോട്ട് വിഹിതം. ഇത്തവണ ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് നാലാം സ്ഥാനത്തായി. നേടിയത് 8648 വോട്ട്. വോട്ട് വിഹിതം 4.91 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ തവണ എൽഡിഎഫും യുഡിഎഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമായിരുന്നു മണ്ഡലത്തിൽ. അന്ന് 2700 വോട്ടിനു ജയിച്ച പി.വി. അൻവർ ഇത്തവണ ത്രികോണ മത്സരം ഉറപ്പാക്കി; മൂന്നാം സ്ഥാനവും നേടി. ഇതോടെയാണ് ബിജെപി സ്ഥാനാർഥി പൂർണമായും അപ്രസക്തനായിപ്പോയത്.

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനായ ശേഷം വന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. അഞ്ച് ശതമാനം വോട്ട് വിഹിതം പോലുമില്ലാത്ത മണ്ഡലത്തിൽ ഇത്തവണ മത്സരിക്കേണ്ടതില്ല എന്ന രീതിയിൽ പോലും ആലോചനകളുണ്ടായി.

സഖ്യകക്ഷിയായ ബിഡിജെഎസിനു മണ്ഡലം കൈമാറാനുള്ള സാധ്യത ഉയർന്നു വന്നപ്പോൾ തന്നെ അവരത് നിരസിച്ചു. അങ്ങനെയാണ് ഒടുവിൽ പാർട്ടി അംഗം പോലുമല്ലാതിരുന്ന, കേരള കോൺഗ്രസുകാരനായിരുന്ന, മോഹൻ ജോർജിനെ ബിജെപി ഇവിടെ സ്ഥാനാർഥിയാക്കുന്നത്.

മണ്ഡലത്തിൽ ക്രിസ്ത്യൻ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാൻ വി.എസ്. ജോയിയെ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്ന പി.വി. അൻവറിന്‍റെ നിലപാടിന് അനുസൃതമായിരുന്നു യഥാർഥത്തിൽ ബിജെപിയുടെ സ്ഥാനാർഥി നിർണയം. വോട്ടെണ്ണം നേരിയ തോതിൽ വർധിപ്പിക്കാൻ സാധിച്ചെങ്കിലും, മണ്ഡലത്തിൽ കാര്യമായ ചലനമൊന്നുമുണ്ടാക്കാൻ പക്ഷേ, മോഹൻ ജോർജിനു സാധിച്ചതുമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com