

തൃശൂരിൽ വീണ്ടും കിറ്റ് വിതരണം; ഗോഡൗണിൽ ബിജെപി ഉപധ്യക്ഷൻ ദേവനും, ഒരാൾ കസ്റ്റഡിയിൽ
തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂര്‍ വാടാനപ്പള്ളിയിലും കിറ്റ് വിതരണ വിവാദം. കിറ്റ് വിതരണം കോൺഗ്രസ് - സിപിഎം പ്രവർത്തകർ തടഞ്ഞു. വിതരണത്തിനായി എത്തിച്ച 2,000 ത്തോളം കിറ്റുകൾ ഇലക്ഷൻ സ്ക്വാഡ് സീൽ ചെയ്തിട്ടുണ്ട്.
ബിജെപിയാണ് ഇതിന് പിന്നിലെന്നാണ് ഇരു മുന്നണികളു ആരോപിക്കുന്നത്. കിറ്റുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന്‍റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഉള്ളത്.
ഗോഡൗണിന് മുകളിലെ നിലയിൽ നിന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റും നടനുമായ ദേവൻ പുറത്തേക്ക് വന്നതോടെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായെത്തി. ബഗീഷ് പൂരാടനൊപ്പമാണ് ദേവൻ ബാൽക്കണിയിലേക്ക് വന്നത്. കൈവീശി ദേവൻ നേതാക്കളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇത് ബിജെപിയുടെ കിറ്റാണെന്നതിന്‍റെ തെളിവാണ് ദേവന്‍റെ സാന്നിധ്യമെന്നാണ് ഇരു മുന്നണികളും ആവർത്തിക്കുന്നത്.
എന്നാൽ കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ദേവൻ പ്രതികരിച്ചു. ഗോഡൗൺ ഉടമയുമായി പരിചയമുണ്ടെന്നും അദ്ദേഹത്തെ കാണാനെത്തിയതാണെന്നുമാണ് വിശദീകരണം. ഗോഡൗൺ ഉടമയ്ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും ദേവൻ പറയുന്നു.