ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

തമിഴ്നാട്ടിൽ വിജയ് അധികാരത്തിലെത്തിയശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് അടുത്തമാസം നടക്കുന്നത്.
By-elections on October 6; Tamil Nadu, West Bengal, and Puducherry to cast their votes

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

Representative image
Updated on

ന്യൂഡൽഹി: അസമിലെ നഗാവ് ലോക്സഭാ മണ്ഡലത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പുതുച്ചേരിയിലുമായി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഒക്റ്റോബർ ആറിന് ഉപതെരഞ്ഞെടുപ്പ്. ഒക്റ്റോബർ ഒമ്പതിനു ഫലപ്രഖ്യാപനം. തമിഴ്നാട്ടിൽ വിജയ്‌യും പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയും അധികാരത്തിലേറിയശേഷമുള്ള ആദ്യ "ലിറ്റ്മസ് പരിശോധന'യായി മാറുന്നതാണ് ഉപതെരഞ്ഞെടുപ്പ്. ചൊവ്വാഴ്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു സമയക്രമം പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ. 16 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 17ന് സൂക്ഷ്മ പരിശോധന. 19 വരെ പത്രിക പിൻവലിക്കാം. വിവിപാറ്റ് സംവിധാനത്തോടെയുള്ള വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചാകും വോട്ടെടുപ്പ്.

പശ്ചിമ ബംഗാളിൽ രണ്ടിടത്തു വീതം മത്സരിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവച്ച നന്ദിഗ്രാമിലും എജെയുപി നേതാവ് ഹുമയൂൺ കബീറിന്‍റെ റെജിനഗറിലുമാണു തെരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ തട്ടകമായ ഭവാനിപുരിലും നന്ദിഗ്രാമിലുമാണു സുവേന്ദു മത്സരിച്ചത്. മമതയെ പരാജയപ്പെടുത്തിയ ഭവാനിപുർ നിലനിർത്തിയ സുവേന്ദു സ്വന്തം തട്ടകമായ നന്ദിഗ്രാമിൽ നിന്നു രാജിവച്ചു. അധികാരി കുടുംബത്തിന്‍റെ ശക്തികേന്ദ്രമായതിനാൽ ഇവിടെ ഉപതെരഞ്ഞെടുപ്പിൽ താരതമ്യേന ഭീഷണി കുറവാണ് ബിജെപിക്ക്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മമത ബാനർജി നന്ദിഗ്രാമിൽ ബലപരീക്ഷണത്തിനിറങ്ങുമോ എന്ന ആകാംക്ഷ നിലനിൽക്കുന്നുണ്ട്. 2021ൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്കെതിരേ മത്സരിച്ചെങ്കിലും മമത പരാജയപ്പെട്ടിരുന്നു. അന്നു ഭവാനിപുരിലെ എംഎൽഎയെ രാജിവയ്പ്പിച്ചശേഷം ഉപതെരഞ്ഞെടുപ്പിലാണു മമത വീണ്ടും നിയമസഭയിലെത്തിയത്. നവാഡയിൽ കൂടി വിജയിച്ചതിനാലാണ് ഹുമയൂൺ കബീർ റെജിനഗറിൽ നിന്നു രാജിവച്ചത്.

തമിഴ്നാട്ടിൽ വിജയ് അധികാരത്തിലെത്തിയശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് അടുത്തമാസം നടക്കുന്നത്. അണ്ണാ ഡിഎംകെയുടെ മരഗതം കുമാരവേൽ, പി. സത്യഭാമ എന്നിവർ ടിവികെയിൽ ചേർന്നതിനെത്തുടർന്നു രാജിവച്ച ഒഴിവിൽ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. രണ്ടിടത്തും വിജയിക്കേണ്ടത് വിജയ്ക്ക് നിർണായകം. പുതുച്ചേരിയിൽ രണ്ടിടത്തു വിജയിച്ച മുഖ്യമന്ത്രി എൻ. രംഗസ്വാമി ഒഴിഞ്ഞ തട്ടാഞ്ചാവടിയിലാണ് ഉപതെരഞ്ഞെടുപ്പ്.

തമിഴ്നാട്ടിൽ രണ്ടിടത്തു വിജയിച്ച മുഖ്യമന്ത്രി വിജയ്, പെരമ്പൂർ നിലനിർത്തി തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്നു രാജിവച്ചിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഹർജികൾ നിലനിൽക്കുന്നതിനാൽ തിരുച്ചിറപ്പള്ളി ഉൾപ്പെടെ അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

അസമിൽ കോൺഗ്രസ് നേതാവ് പ്രദ്യുത് ബർദലോയ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയിൽ ചേർന്നതോടെ എംപി സ്ഥാനം രാജിവച്ചതാണ് നഗാവ് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ദിസ്പുരിൽ നിന്നു മത്സരിച്ച ബർദലോയ് വിജയിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com