
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ബുധനാഴ്ച സമാപിക്കും. 17നാണ് സംസ്ഥാനത്തെ 230 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്‌രയും അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു നടന്നത്.
ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന മൊബൈൽ ഫോണുകൾ ചൈനയിൽ നിർമിച്ചതാണെന്ന രാഹുലിന്‍റെ വിമർശനത്തിനു മറുപടി നൽകിയായിരുന്നു മോദിയുടെ ഇന്നലത്തെ പ്രചാരണ പരിപാടികൾ. ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം കോടിയുടെ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നു പറഞ്ഞ മോദി ആരോപണമുന്നയിച്ച നേതാവിന്‍റെ മാനസിക നില പരിശോധിക്കണമെന്നു പരിഹസിച്ചു. രാഹുലിനെ പരാമർശിച്ച് ഏതു ലോകത്താണ് ഈ വിഡ്ഢികളുടെ രാജാവ് ജീവിക്കുന്നതെന്നും ബേതുലിൽ തെരഞ്ഞെടുപ്പു റാലിയിൽ മോദി ചോദിച്ചു.
അതേസമയം, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നു വിദിശയിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു റാലിയിൽ രാഹുൽ പറഞ്ഞു. കോണ്‍ഗ്രസിന് ഇത്തവണ 145-150 സീറ്റുകള്‍ ലഭിക്കും. മധ്യപ്രദേശില്‍ വരാനിരിക്കുന്നത് കോണ്‍ഗ്രസിന്‍റെ സുനാമിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെയാണ് തെരഞ്ഞെടുത്തത്. എന്നാൽ, ബിജെപി അട്ടിമറി നടത്തുകയായിരുന്നെന്നും അദ്ദേഹം.