സ്ഥാനാർഥി നിർണയം; യുഡിഎഫിൽ അതൃപ്തി

തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്കു വിട്ടു നല്‍കാനുള്ള നീക്കത്തിനെതിരേ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍.
Candidate selection; Dissatisfaction in UDF

സ്ഥാനാർഥി നിർണയം; യുഡിഎഫിൽ അതൃപ്തി

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിൽ അതൃപ്തി പുകയുന്നു. കൊല്ലം ഇരവിപുരം സീറ്റിലായിരുന്നു ആദ്യം തർക്കം തുടങ്ങിയതെങ്കിൽ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്കു വിട്ടു നല്‍കാനുള്ള നീക്കത്തിനെതിരേ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് തലസ്ഥാനത്തും നേതൃത്വത്തിന് തലവേദനയായി.

സീറ്റ് സിഎംപിക്കു നല്‍കിയാല്‍ മണ്ഡലത്തില്‍ ബിജെപി വിജയിക്കുമെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. സിഎംപി നേതാവ് സി.പി. ജോണിന് തിരുവനന്തപുരം സെന്‍ട്രല്‍ അല്ലെങ്കില്‍ കോഴിക്കോട് തിരുവമ്പാടി സീറ്റ് നല്‍കാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. ഇതിനിടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ഡിസിസി ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്‍റുമാരും 12 മണ്ഡലം പ്രസിഡന്‍റുമാരും ചേര്‍ന്ന് സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയിരിക്കുന്നത്. ഒരിക്കലും ഇത്തരമൊരു തീരുമാനം എടുക്കരുതെന്നു കത്തില്‍ പറയുന്നു.

ജില്ലയില്‍ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലം ഒരു സ്വാധീനവുമില്ലാത്ത വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ പോലുമില്ലാത്ത സിഎംപിക്കു നല്‍കുന്നത് ആത്മഹത്യാപരമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമായിരുന്ന നേമം മണ്ഡലം ഘടകകക്ഷിക്കു വിട്ടുകൊടുത്തതാണ് ഉദാഹരണമായി പറയുന്നത്. 2016ല്‍ നേമം ജെഡിയുവിന് നല്‍കുകയും സുരേന്ദ്രന്‍ പിള്ള മത്സരിക്കുകയും ചെയ്തപ്പോള്‍ കിട്ടിയത് വെറും 13,000 വോട്ടു മാത്രമാണ്. അന്ന് ബിജെപിയിലെ ഒ. രാജഗോപാല്‍ ആദ്യമായി നിയമസഭയില്‍ എത്തി. 2021ല്‍ കെ. മുരളീധരന്‍ മത്സരിച്ചപ്പോള്‍ 37,000 വോട്ടു കിട്ടിയെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ്, നേമം, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ തിരുവനന്തപുരത്ത് ഡോ. ശശി തരൂരിനു ഭൂരിപക്ഷം ലഭിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ഘടകകക്ഷിക്കു കൊടുത്താല്‍ നേമത്തെ പോലെ ഒരിക്കലും തിരിച്ചുകിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും ജില്ലാ നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൂടാതെ ആറന്മുളയിൽ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെ നിയോഗിച്ചതിനെതിരെ പത്തനംതിട്ടയിൽ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. അടൂരിൽ രമ്യാ ഹരിദാസിനെ ഇറക്കാനുള്ള തീരുമാനത്തിലും പാർട്ടിയിൽ എതിർപ്പുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com