

വൈഷ്ണ സുരേഷ്
തിരുവനന്തപുരം: വോട്ടർപ്പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മിന്നും വിജയം. തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ നിന്ന് 132 വോട്ടുകൾക്കാണ് വൈഷ്ണ വിജയിച്ചത്. 363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ.
വൈഷ്ണയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിയുന്നത്. ഇതോടെ പരാതിയുമായി സിപിഎം രംഗത്തെത്തിയതോടെ വൈഷ്ണയുടെ പേര് തെരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കുകയായിരുന്നു.
തുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സാങ്കേതികത്വം പറഞ്ഞ് 24കാരിക്ക് മത്സരിക്കാൻ അവസരം നിഷേധിക്കുന്നത് അനീതിയാണ് എന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ജില്ലാ കളക്‌ടറോട് നടപടിയെടുക്കാനും നിർദേശിച്ചു. തുടർന്ന് ഹിയറിങ് നടത്തിയാണ് വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും ജില്ലാ കലക്‌ടറും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കുകയായിരുന്നു.