

സ്വർണപ്പാളിക്കേസിൽ ഉലഞ്ഞിട്ടും തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ സിപിഎം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കേസില്‍ ജില്ലാ കമ്മിറ്റി അംഗം എ. പദ്മകുമാർ അറസ്റ്റിലായെങ്കിലും വിവാദങ്ങളിൽ പിടികൊടുക്കാതെ സർക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം മുന്നോട്ടു കൊണ്ടുപോകാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. കീഴ്ഘടകങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിർദേശം നല്‍കി. സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളും സമൂഹ്യ സുരക്ഷാ പെൻഷൻ വിതരണവും ഉൾപ്പെടെ ഉയർത്തിക്കാട്ടി വോട്ട് അഭ്യർഥിക്കാനാണു നിർദേശം.
മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പദ്മകുമാറിന്‍റെ അറസ്റ്റിൽ പാർട്ടി വെട്ടിലായെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത് ഇതിന്‍റെ പേരില്‍ പ്രതിരോധത്തിലേയ്ക്ക് പോയാല്‍ അത് വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്നാണ് നേതൃത്വത്തിന്‍റെ അഭിപ്രായം. അതുകൊണ്ട് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നവരെ അതേ നാണയത്തില്‍ നേരിടണമെന്നാണ് പൊതുവില്‍ അഭിപ്രായം.
ശബരിമലയില്‍ യുഡിഎഫിന്‍റെയും മറ്റും കാലത്ത് നടന്ന തട്ടിപ്പുകളും വെട്ടിപ്പുകളും ഉള്‍പ്പെടെ ഉയര്‍ത്തി പൊതുമധ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉടൻ തുടങ്ങും.അതിനൊപ്പം സ്വർണക്കൊള്ളയിൽ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുമെന്ന് പദ്മകുമാറിന്‍റെ അറസ്റ്റിനെ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തും.
ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളില്‍ മന്ത്രിക്കോ സര്‍ക്കാരിനോ ഇടപെടാനാവില്ലെന്നത് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാമെന്നാണ് നേതാക്കൾ ഉയര്‍ത്തുന്ന വാദം. ദേവസ്വം പ്രസിഡന്‍റ് എന്ന നിലയില്‍ പദ്മകുമാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അന്നുതന്നെ പല ഘടകകക്ഷികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. യുവതീപ്രവേശന വിധിയുടെ പേരിലുണ്ടായ പ്രക്ഷോഭങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പദ്മകുമാറിനെ നേരത്തെ തിരിച്ചറിയേണ്ടതായിരുന്നെന്നും വിമർശനമുണ്ട്. അതേസമയം, കേസിന്‍റെ തുടർനടപടികൾ പരിശോധിച്ച് നേതാക്കൾക്കെതിരെ നടപടി മതിയെന്ന നിലപാടാണ് സെക്രട്ടേറിയറ്റിൽ നേതാക്കൾ മുന്നോട്ടുവച്ചത്.