

ന്യൂഡൽഹി: അഞ്ചു വർഷം മുൻപ് 52 പേരുടെ ജീവനെടുത്ത കലാപമുണ്ടായ വടക്കുകിഴക്കൻ ഡൽഹിയിലെ ആറു സീറ്റുകൾ ബിജെപിയും എഎപിയും തുല്യമായി പങ്കിട്ടു. സീലംപുർ, ബാബർപുർ, ഗോകൽപുർ സീറ്റുകളിലാണ് എഎപി ജയിച്ചത്. മുസ്തഫാബാദ്, കരാവൽ നഗർ, ഘോണ്ഡ എന്നിവിടങ്ങളിൽ ബിജെപി വിജയിച്ചു. തെരഞ്ഞെടുപ്പിനു മുൻപ് കൂറുമാറിയവരിൽ ഭൂരിപക്ഷവും വിജയിക്കുന്നതും തെരഞ്ഞെടുപ്പിൽ കണ്ടു. അന്തരിച്ച കോൺഗ്രസ് നേതാവ് ഷീല ദീക്ഷിതിന്‍റെ മന്ത്രിസഭയിൽ അംഗമായിരുന്ന അർവീന്ദർ സിങ് ലവ്‌ലി ഇത്തവണ ബിജെപി ടിക്കറ്റിൽ ഗാന്ധിനഗറിൽ വിജയിച്ചു.
മുൻ കോൺഗ്രസ് മന്ത്രി രാജ്കുമാർ ചൗഹാനാണ് മംഗോൾപുരിയിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചത്. മുൻ കോൺഗ്രസ് നേതാവ് നീരജ് ബസോയ, മുൻ എഎപി നേതാക്കളായ കൈലാഷ് ഗെഹ്‌ലോട്ട്, കർത്താർ സിങ് തൻവാർ എന്നിവരും ബിജെപി ടിക്കറ്റിൽ വിജയിച്ചു.
അതേസമയം, ബിജെപിയിൽ നിന്ന് എഎപിയിലേക്കു മാറിയ അനിൽ ഝാ, പർവേഷ് രത്തൻ, കോൺഗ്രസിൽ നിന്ന് എഎപിയിലേക്കെത്തിയ വീർ സിങ് ധിംഗൻ, ചൗധരി സുബൈർ അഹമ്മദ് എന്നിവരും വിജയം നേടി.