

"വിജയത്തിൽ മതിമറക്കരുത്"; പ്രാദേശിക കക്ഷികളെ ഒപ്പം നിർത്താൻ യുഡിഎഫ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വൻ വിജയത്തിന് പിന്നാലെ മുന്നണി വിപുലീകരണത്തിനൊരുങ്ങുകയാണ് യുഡിഎഫ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഗ്രാമപഞ്ചായത്തുകളിലടക്കം ഉണ്ടായിട്ടുള്ള തിരിച്ചുവരവ് ഭരണം പിടിക്കാനുള്ള പ്രാഥമിക ഒരുക്കമായാണ് മുന്നണി കാണുന്നത്. വിജയം കണ്ട് മതിമറന്നിരിക്കാതെ അടിത്തട്ടിലിറങ്ങി പ്രവർത്തിക്കാനും കൂടുതൽ പ്രാദേശിക കക്ഷികളെ ഒപ്പം നിറുത്താനുമാണ് ഡിസിസികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
എൻഡിഎയിലെ ഒരു ഘടകകക്ഷിയെ ഉൾപ്പടെ നോട്ടമിട്ടാണ് യുഡിഎഫിന്‍റെ നീക്കങ്ങളെന്നാണ് വിവരം. ഒപ്പം കേരള കോൺഗ്രസ് എം, ആർജെഡി എന്നിവരുമായും വരും ദിവസങ്ങളിൽ ചർച്ച നടത്താനും ആലോചനകളുണ്ട്. മുന്നണി വിട്ടു പോയവർ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
മധ്യകേരളത്തിൽ മുന്നേറ്റമുണ്ടാക്കാനായെങ്കിലും മലയോരങ്ങളിൽ കേരള കോൺഗ്രസ് എം നിർണായക ശക്തിയായതിനാൽ അവരെ വീണ്ടും ഒപ്പമെത്തിക്കാനാണ് നീക്കം. മന്ത്രിസ്ഥാനം നൽകാത്തതിനാൽ അതൃപ്തിയിലുള്ള ആർജെഡിയേയും കൂടെക്കൂട്ടും. തെക്കൻ കേരളത്തിൽ നിർണായക ശക്തിയായ എൻഡിഎയിലെ കക്ഷിയേയും നോട്ടമിട്ടിട്ടുണ്ട്.
അൻവർ - യുഡിഎഫ് ബന്ധം ഉറപ്പിച്ചെന്നും അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ ഇനി സാങ്കേതികത്വം മാത്രമാണുള്ളതെന്നും കെപിസിസി അധ്യക്ഷൻ പറയുന്നു. അൻവറിന്‍റെ പാർട്ടി യുഡിഎഫിന്‍റെ അസോഷ്യേറ്റ് അംഗമാകും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസ് മുന്നണിയിലേക്കെത്തുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തിരിച്ചുവരുന്നതിൽ തീരുമാനം എടുക്കേണ്ടത് കേരള കോൺഗ്രസാണെന്നാണ് സണ്ണി ജോസഫിന്‍റെ പ്രതികരണം. കോഴിക്കോട് ചെറിയ നോട്ടപിശക് സംഭവിച്ചു. അതേസമയം, കൊല്ലം അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. ആര്‍ക്കെതിരെയും ഞങ്ങള്‍ കതക് അടച്ചിട്ടില്ലെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിന് ഒപ്പം ചേരണമെന്നാണ് ആഗ്രഹം. ജനാധിപത്യശക്തികളുടെ കേന്ദ്രീകരണമാണ് വേണ്ടത്. ജനഹിതം അറിഞ്ഞ് പോസിറ്റീവ് പൊളിറ്റിക്സിനെ സ്വീകരിക്കണം. യുഡിഎഫ് ദുര്‍ബലമായതു കൊണ്ടല്ല കേരള കോണ്‍ഗ്രസിനെ ക്ഷണിക്കുന്നത്. മുന്നണി ശക്തമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. ഇത് കണക്കിലെടുത്ത് ഭരണം പിടിക്കാൻ പ്രകടന പത്രിക തയാറാക്കാനൊരുങ്ങുകയാണ് നേതാക്കൾ. തകര്‍ന്ന സമ്പദ് വ്യവസ്ഥ നന്നാക്കാനുള്ള ബദല്‍ പദ്ധതി, കാര്‍ഷക രംഗത്തും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും പട്ടികജാതി വര്‍ഗ രംഗത്തും കാര്‍ഷിക പ്രശ്‌നങ്ങളിലും തീരദേശത്തെ സങ്കടങ്ങള്‍ക്കും കൃത്യമായ ബദല്‍ പദ്ധതികള്‍ യുഡിഎഫ് തയാറാക്കും. കേരളത്തില്‍ വലിയൊരു മാറ്റമുണ്ടാക്കുകയും എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും അക്കൗണ്ടബിലിറ്റിയും അടിസ്ഥനപരമായ മാറ്റവും ഉണ്ടാക്കുന്ന പദ്ധതി ജനുവരിയില്‍ അവതരിപ്പിക്കും.